വിഭജിതർ


ക്രിസ്‌തീയ മൂല്യങ്ങൾ വൈയക്തികമായ ആചരണത്തിനു മാത്രമേ ഉപകരിക്കൂ എന്ന് വാദിക്കുന്ന ധാരാളം മനുഷ്യരുണ്ട്. അവരിൽ ക്രൈസ്‌തവരുണ്ട്, ഇതര മതസ്തരുമുണ്ട്. ആത്മീയത എന്നത് വളരെ വൈയക്തികമായ സാധനം മാത്രമാണ് എന്നുകരുതുന്ന, വൈയക്തികമാണ് സ്വർഗ്ഗപ്രാപ്തി എന്ന് വിശ്വസിക്കുന്ന ധാരാളം കത്തോലിക്കാ പുരോഹിതർ പോലുമുണ്ട്. അവർ യാഗബലികളിൽ വിശ്വസിക്കും; ഭക്തി പ്രചരിപ്പിക്കും. അവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന് സാമൂഹിക മാനങ്ങളുണ്ടാവണമെന്നില്ല. ലോകത്ത് കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടന്നാലോ, സ്വന്തനാട്ടിൽത്തന്നെ ലക്ഷക്കണക്കിന് മനുഷ്യർ അപമാനവീകരിക്കപ്പെട്ടാലോ, പ്രകൃതിയും ഭൂമിയും അതീവ ഗുരുതരമാം വിധം ചൂഷണം ചെയ്യപ്പെട്ടാലോ അതൊന്നും അവരെ ബാധിക്കില്ല. കാരണം അതൊക്കെ രാഷ്ട്രീയക്കാരുടെ പ്രശ്നങ്ങളാണ്. ഞാനും എൻ്റെ ദൈവവും തമ്മിലുള്ള ബന്ധത്തിന് അവയൊന്നും ഒരു കുറവും ഉണ്ടാക്കില്ല!
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്രൈസ്തവ ദർശനങ്ങൾ സാമൂഹികമായി പ്രായോഗികമല്ല എന്നാണ് അവർ കരുതുന്നത്. അതുകൊണ്ടുതന്നെ അവരിൽ ഇരട്ട വിധേയത്വം കാണാനും കഴിഞ്ഞേക്കും. രക്ഷ ആത്യന്തികമായി സാമൂഹികമാണ് എന്നാണ് സഭയുടെ വിശ്വാസം. അതുകൊണ്ടാണ് സഭക്ക് സാമൂഹിക പ്രബോധനങ്ങളും ഉള്ളത്. സ്‌നേഹം, ഐക്യം, ഒരുമ എന്നിവയാണ് അന്ത്യ അത്താഴ വേളയിലെ യേശുവിൻ്റെ "മുഖ്യപുരോഹിത" പ്രാർത്ഥനയുടെ പ്രമേയങ്ങൾ! "സഭക്കുപുറമേ രക്ഷയില്ല" എന്നത് വളരെ സങ്കുചിതമായ അർത്ഥങ്ങളിലേക്ക് വ്യാഖ്യാനിക്കപ്പെട്ടു പോയിട്ടുണ്ടെങ്കിലും, ഒറ്റക്ക് ആരും രക്ഷപെടുന്നില്ല എന്നതായിരുന്നു ആ പ്രസ്താവത്തിൻ്റെ പോലും ആദിമരൂപം!
വിശ്വാസത്തിൻ്റെ സാമൂഹിക മാനങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവർ 'ആന്തരികമായി' ക്രിസ്ത്യാനികളായിരിക്കുകയും 'ബാഹ്യമായി' രാഷ്ട്രീയ സ്തുതിപാടകർ - അഥവാ, ഹേറോദേസ് പക്ഷക്കാരായിരിക്കുകയും ചെയ്യും. ഒരുതരം ഇരട്ട വിധേയത്വം അവരിൽ കണ്ടേക്കും!
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രസിദ്ധ ആംഗലേയ എഴുത്തുകാരനും വിശ്വാസ സംരക്ഷകനുമായിരുന്ന ജി.കെ. ചെസ്റ്റർട്ടൻ്റെ പ്രസിദ്ധമായ ഒരു ഉദ്ധരണി ഇങ്ങനെയാണ്:
"ക്രിസ്തീയ ആദർശ തത്ത്വങ്ങൾ പരീക്ഷിക്കപ്പെട്ടിട്ടില്ല; അതിനാൽത്തന്നെ ന്യൂനതയുള്ളതായി കണ്ടിട്ടുമില്ല. അത് ബുദ്ധിമുട്ടുള്ളതായി കരുതപ്പെട്ടിട്ടുണ്ട്; ആയതിനാൽ പരീക്ഷിക്കപ്പെടാതെ പോയിട്ടുമുണ്ട്."
















































































































