top of page

നുറുങ്ങ് നോമ്പ്

Mar 8

1 min read



image of fast and pray

ഒരാള്‍ : ഈ നോമ്പിന് ഞാന്‍ ഇറച്ചി, മുട്ട, മീന്‍ ഉപേക്ഷിക്കുവാ... നീ എന്നാ ഉപേക്ഷിക്കുന്നേ?

മറ്റൊരാള്‍ : അതിലെ 'ഞാന്‍'.

***


വിശ്വാസി : അച്ചാ നോമ്പിനെ എങ്ങനെ മനസ്സിലാക്കണം?

അച്ചന്‍ : എന്താ ഉദ്ദേശിച്ചേ?

വിശ്വാസി : അച്ചാ ഇതു വെറും സ്പീഡ് ബ്രേക്കല്ലേ? റോഡില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍വച്ചിരിക്കുന്ന ബമ്പ് പോലല്ലേ?

അച്ചന്‍ : ആവാം, എന്നാലും നീ ശരിയായ ദിശയിലാണ് യാത്രചെയ്യുന്നത് എന്നുറപ്പിക്കുന്ന ദിശാബോര്‍ഡായിരിക്കും അത്... എന്നുപറഞ്ഞാല്‍ എങ്ങനെ യാത്ര ചെയ്യുന്നുവെന്നും എന്തിനു യാത്ര ചെയ്യുന്നുവെന്നും വ്യത്യാസമുള്ളപോലെ...

***


ശിഷ്യന്‍ : നോമ്പ് ഉപേക്ഷിക്കലാണോ?

ഗുരൂ : അല്ല, നീ നിന്നെ തിരിച്ചറിയുകയും സ്വന്തമാക്കുകയും ചെയ്യുന്നതാണത്.

ശിഷ്യന്‍ : അതെങ്ങനെ?

ഗുരൂ : യേശുവിനുള്ളില്‍ ക്രിസ്തുവുണ്ടെന്നും ക്രിസ്തുവിനെ പൊതിഞ്ഞൊരു യേശുവുണ്ടെന്നും മനസ്സിലാക്കുക.

***


വിശ്വാസി : അച്ചാ, നോമ്പിന് അമ്പതു ദിവസം കഠിനമാണ് കേട്ടോ?

അച്ചന്‍ : എത്ര ദിവസമാണ് നല്ലത്?

വിശ്വാസി : അതു പിന്നെ.... ഒരു പത്തു ദിവസമൊക്കെ ഓക്കെയാ...

അച്ചന്‍ : ഒരായുസ്സു മുഴുവനെടുത്തിട്ടും അഹത്തെ തോല്‍പിക്കാനാകുന്നില്ല, അപ്പഴാ പത്തുദിവസം?

***


ശിഷ്യന്‍ : എല്ലാ നോമ്പിലും എനിക്കെന്നെ വര്‍ജ്ജിക്കാനാവുന്നില്ല...

ഗുരൂ : എങ്കില്‍ ഈ നോമ്പില്‍ അപരനെ സ്നേഹിച്ചാലോ....

ശിഷ്യന്‍ : അതെങ്ങനെ ശരിയാകും?

ഗുരൂ : സ്നേഹിക്കുമ്പോള്‍ നീ മരിക്കുകയല്ലേ?

***


കഠിന വിശ്വാസി : നോമ്പിലെ ഉപവാസത്തിന് വലിയ ആത്മീയ പവറാ കേട്ടോ...

സാധാ വിശ്വാസി : നീ എന്താ ചെയ്യുന്നെ അത് കിട്ടാന്‍?

ക. വി. : ഭക്ഷണം, ചെരുപ്പ്, ആര്‍ഭാടം, തുടങ്ങിയവ ഉപേക്ഷിക്കുക; അപ്പോള്‍ നമ്മള്‍ ദൈവത്തെ നേടും...

സാ. വി. : അതൊക്കെ ദൈവം തന്നെ തന്നതല്ലേ?

ക. വി. : അതെ, ദൈവസ്നേഹത്തെപ്രതി അങ്ങനെ ചെയ്താല്‍ ദൈവം പ്രസാദിക്കും...

സാ. വി. : സംശയമാ... വിശക്കുന്നവന് അന്നമാകണമെന്നും, ദരിദ്രന് വസ്ത്രമാകണമെന്നും അനാഥന് തുണയാകണമെന്നും ദൈവം പറഞ്ഞതു തന്നെയല്ലേ...

ക. വി. : നീ എന്നാ പറഞ്ഞുവരുന്നേ...

സാ. വി. : പരസ്നേഹമാകാത്ത ഉപവാസം ദൈവസ്നേഹമല്ല...

0

0

Featured Posts