top of page

തിരുത്തുക തിരിയുക

  • Writer: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
    ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
  • Jul 10
  • 2 min read
A Person Sitting in a field

ജീവിതം ഒരു യാത്രയാണ്. പുണ്യപാപങ്ങളുടെ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടുള്ള യാത്ര. വീഴ്ചകളും വിജയങ്ങളും ഈ യാത്രയ്ക്കിടയില്‍ ഉണ്ടാകും. പരാജയം കണ്ടു തളരാതെയും വിജയം കണ്ട് അഹങ്കരിക്കാതെയും നാം യാത്ര തുടരണം. ചില സന്തോഷകരമായ അനുഭവങ്ങളില്‍ അവിടെത്തന്നെ നില്‍ക്കാമെന്ന് കരുതരുത്. എല്ലാം കടന്നുപോകുമെന്നുള്ള ചിന്ത നമ്മില്‍ ഉയര്‍ന്നുവരണം. എപ്പോഴും മാറ്റത്തിലേക്കു നീങ്ങണം. എനിക്ക് തിരുത്തലൊന്നും വേണ്ടായെന്നുള്ള ചിന്ത നമ്മെ അഹങ്കാരത്തിലേക്കു നയിക്കും. ഒറ്റയ്ക്കിരുന്ന് ജീവിതത്തെ ധ്യാനവിഷയമാക്കണം. അവിടെ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കും. സുവിശേഷത്തില്‍ താപസവര്യനായ സ്നാപകയോഹന്നാന്‍ ഈ മാറ്റത്തിലേക്ക് ജനത്തെ നയിക്കുന്നതായി കാണാം. ലൂക്കാ സുവിശേഷത്തിലെ മൂന്നാമദ്ധ്യായത്തില്‍ നമ്മില്‍ വരേണ്ട വ്യതിയാനങ്ങളെക്കുറിച്ചു വിവരിക്കുന്നു.


മനുഷ്യരില്‍ അടിസ്ഥാനപരമായി വരേണ്ട നാലു മാറ്റങ്ങളുണ്ട്. ഈ നാലു മാറ്റങ്ങളില്‍ ജീവിതം മാറിവരും. ഇന്നുവരെ കാണാത്ത പുതിയ ലോകത്തിലേക്ക് നാം ചുവടുവച്ചു നീങ്ങും. ധ്യാനപൂര്‍വ്വം ഈ മാറ്റങ്ങളിലേയ്ക്ക് ശ്രദ്ധിക്കാം.


ജീവിതത്തിലെ കുന്നുകളും മലകളും നിരത്തണം. കുന്നുകള്‍ എന്നു പറയുന്നത് അഹങ്കാരമാണ്. പല വിധത്തിലുള്ള അഹങ്കാരങ്ങള്‍ നമ്മളിലുണ്ട്. പാരമ്പര്യത്തിന്‍റെ അഹങ്കാരം, അറിവിന്‍റെ അഹങ്കാരം, അധികാരത്തിന്‍റെ അഹങ്കാരം എന്നിവ നമ്മിലുണ്ട്. ഹൃദയത്തില്‍ അഹങ്കരിക്കുന്നവരെ ദൈവം ചിതറിക്കുമെന്ന് പരിശുദ്ധ അമ്മ വരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അഹങ്കാരത്തിനു പിന്നാലെ അപമാനമുണ്ടാകുമെന്ന് വിശുദ്ധഗ്രന്ഥം പറയുന്നു. എളിമയിലേക്കു വളരുവാന്‍ എനിക്കു കഴിയുമ്പോള്‍ ഞാന്‍ വിജയിച്ചുതുടങ്ങും. തെറ്റിദ്ധരിക്കപ്പെടുമ്പോഴും അനാവശ്യമായി വിമര്‍ശിക്കപ്പെടുമ്പോഴും താഴ്മയോടെ നിന്നുകൊടുക്കണം. അങ്ങനെയുള്ള എളിമപ്പെടലില്‍ ദൈവം പ്രവര്‍ത്തിച്ചുതുടങ്ങും. വിനീതരെ ഉയര്‍ത്തുന്ന ദൈവത്തെയാണ് തിരുവചനം നമുക്കു കാണിച്ചു തരുന്നത്. മലകള്‍ എന്നു പറഞ്ഞാല്‍ നമ്മള്‍ നടത്തുന്ന സ്വയം നീതീകരണങ്ങളാണ്. എന്തെല്ലാം തെറ്റുകള്‍ സംഭവിച്ചാലും അതിന് നീതീകരണം നടത്തുന്ന മനോഭാവം നമ്മിലുണ്ടോ? മറ്റുള്ളവരുടെ തെറ്റുകളുമായി എന്‍റെ തെറ്റുകളെ താരതമ്യം ചെയ്യും. അവര്‍ക്കൊക്കെ അങ്ങനെ ചെയ്യാമെങ്കില്‍ എനിക്കും ചെയ്തുകൂടെ? ഈ മനോഭാവത്തില്‍ നിന്നും ഞാന്‍ പിന്മാറണം.


ജീവിതത്തിലുണ്ടാകുന്ന താഴ്വരകളെ നമ്മള്‍ നികത്തണം. വിശുദ്ധ ബൈബിളില്‍ താഴ്വരയെന്നു പറയുന്നത് മനുഷ്യാത്മാവിന്‍റെ പാപാവസ്ഥയാണ്. പലതരം കുഴികള്‍ ജീവിതത്തില്‍ വന്നു പെടാം. മദ്യപാനത്തിന്‍റെ കുഴി, ദ്രവ്യാസക്തിയുടെ കുഴി, വിഷയാസക്തിയുടെ കുഴി - ഇവയെല്ലാം നികത്തപ്പെടണം. ചൂണ്ടയില്‍ കൊത്തിയ മത്സ്യത്തിന്‍റെ അവസ്ഥയിലാണ് മനുഷ്യന്‍. ഒരിക്കല്‍ കൊത്തിയാല്‍ പിന്നെ രക്ഷപ്പെടുക പ്രയാസകരമാണ്. മദ്യം, മയക്കുമരുന്ന്, പുകവലി, ബ്ലൂഫിലിം, മൊബൈല്‍ അഡിക്ഷന്‍ എന്നിവയെല്ലാം ചതിയുടെ കുഴികളാണ്. സെക്സിന്‍റെ വലയത്തില്‍ വീണുപോകുന്നതാണ് മറ്റൊരു കുഴി. "അഗാധത്തില്‍ നിന്നു ഞാന്‍ നിലവിളിക്കുന്നു" എന്ന സങ്കീര്‍ത്തകന്‍റെ രോദനം നാം ശ്രദ്ധിക്കണം. പടിപടിയായി ഈ താഴ്വരകളില്‍ നിന്നു ഞാന്‍ കയറിത്തുടങ്ങണം. ധൂര്‍ത്തപുത്രന്‍ പന്നിക്കുഴിയില്‍ നിന്നും കയറിവന്നതുപോലെ ഞാന്‍ കയറിത്തുടങങുന്നു: സുബോധത്തോടെയുള്ള ഒരു തിരിച്ചുവരവ് എന്നില്‍ സംഭവിക്കണം. ഉപവാസവും പ്രാര്‍ഥനയും വഴി പാപത്തിന്‍റെ താഴ്വരകളെ നികത്താം. ദാനധര്‍മ്മങ്ങള്‍ വഴി ഈ കുഴികള്‍ അടക്കാം. വചനവായനയും ധ്യാനവും, തീക്ഷ്ണമായ പ്രാര്‍ത്ഥനയും വഴി പാപത്തിന്‍റെ താഴ്വരകളെ നികത്താം.


വളഞ്ഞ വഴികള്‍ നേരെയാക്കേണ്ടതുണ്ട്. ദ്വയാര്‍ത്ഥം വച്ചുള്ള സംസാരങ്ങള്‍, വളഞ്ഞ ഫോണ്‍വിളികള്‍, വളഞ്ഞ ബന്ധങ്ങള്‍ എന്നിവയെല്ലാം നേരേയാക്കണം. അകത്ത് കത്തിയും പുറത്തു പത്തിയും കാണിക്കുന്ന വഴികളോട് വിട പറയണം. ഉല്‍പത്തി 2: 25 ല്‍ പറയുന്നു: "പുരുഷനും സ്ത്രീയും നഗ്നരായിരുന്നു. എങ്കിലും ലജ്ജ തോന്നിയിരുന്നില്ല". ഒളിക്കുവാനും മറയ്ക്കുവാനും ഒന്നുമില്ലാത്ത മനുഷ്യരായിരിക്കണം. മനസ്സില്‍ ഒന്നും വച്ചുകൊണ്ടിരിക്കരുത്. ഒളിക്കുന്നവര്‍ക്ക് ഭയമുണ്ടാവും, എന്നെങ്കിലും സത്യം വെളിപ്പെടുമോ എന്നുള്ള ഭയം. അങ്ങനെയുള്ള ഭയങ്ങള്‍ നമ്മെ അടിമപ്പെടുത്തരുത്. 'നേരേ വാ, നേരേ പോ' എന്ന നിലപാട് നമ്മില്‍ ഉയര്‍ന്നുവരണം.


പരുഷമായ സംസാരങ്ങളും പെരുമാറ്റങ്ങളും എന്നില്‍ നിന്ന് പിഴുതുമാറ്റണം. ചെയ്തു പരിചയിച്ച പല കാര്യങ്ങളുണ്ട്. സംസാരിച്ചു സ്വന്തമാക്കിയ ശൈലികളുണ്ട്. അവയെല്ലാം എന്‍റെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുണ്ടോ? ഞാന്‍ ഒറ്റയ്ക്കിരുന്നു ധ്യാനിക്കണം. ദൈവം എന്നെക്കുറിച്ച് എന്തു പറയും?

എന്‍റെ കൂടെ ജീവിക്കുന്നവരും എന്നെ അറിയുന്നവരും എന്തു പറയും? സ്വയം നടത്തുന്ന ആത്മശോധനയില്‍ നിന്നും ഒരു പുതിയ മനുഷ്യനായി ഞാന്‍ മാറണം. പരുഷമായ സംസാരത്തില്‍ സാവധാനം ഒരു ശാന്തത കൊണ്ടുവരണം. പൊട്ടിത്തെറിക്കുന്ന സ്വഭാവത്തില്‍ മാറ്റം വരുത്തണം. മറ്റു മനുഷ്യര്‍ക്ക് സമാധാനത്തോടെ സംസാരിക്കാനും ബന്ധപ്പെടുവാനുമുള്ള ഒരന്തരീക്ഷം ഞാന്‍ സ്ഥാപിക്കണം. ശാന്തസ്വഭാവമുള്ള ഒരു വ്യക്തിയായി മറ്റുള്ളവര്‍ എന്നെ വിലയിരുത്തണം.

തിരുത്തുക തിരിയുക

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

അസ്സീസി മാസിക ജൂലൈ 2026

bottom of page