top of page

ഭക്ഷണം

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jul 10
  • 1 min read
 Sliced ​​bread with a brown crust is piled on a tray.

ഭക്ഷണകാര്യങ്ങളിൽ മനുഷ്യർ പൊതുവേ വളരെ ചൂസി ആണ്. എന്തുഭക്ഷിക്കുന്നു എന്നതുമാത്രമല്ല, എങ്ങനെ ഭക്ഷിക്കുന്നു എന്നതും മിക്കവർക്കും പ്രധാനമാണ്. ബാല്യത്തിൽ ശീലിച്ച രുചികളാണ് മിക്കവരും ജീവിതാന്ത്യംവരെ കൊണ്ടാടുന്നത്. തങ്ങൾ ശീലിച്ച രുചികളിൽനിന്ന് വ്യത്യസ്തമായത് പലരും ഇഷ്ടപ്പെടുന്നില്ല എന്നതുമാത്രമല്ല, വ്യത്യസ്തമായത് പരീക്ഷിക്കാൻ പോലും താൽപര്യപ്പെടാത്തവരുമുണ്ട്.


ലോകത്തിൽ ഇന്ന് ഏറ്റവും കാഴ്ചക്കാരുള്ളത് ടിവിയിലെ കുക്കറി ഷോകൾക്കും കോൺടെസ്റ്റുകൾക്കുമാണ്. മധുരം, പുളി, എരിവ്, ഉപ്പ്, കയ്പ്, ചവർപ്പ് എന്നീ അടിസ്ഥാന രൂപങ്ങളിൽനിന്ന് രുചികൾ അതീവ മൃദുവും സങ്കീർണ്ണതകളോടെ കൂടിക്കുഴഞ്ഞതുമായ രുചിക്കൂട്ടുകളിലേക്ക് സംക്രമിക്കുകയും വർണ്ണവൈവിധ്യം, ഗന്ധസുഭഗത, രൂപസൗകുമാര്യം, അവതരണപടുത്വം എന്നിവയുമായി സമ്മേളിക്കുകയും ചെയ്യുന്നിടത്താണ് സമകാലിക പാചക കലയുടെ മർമ്മമുള്ളത്. അങ്ങനെ മനുഷ്യർ ഭക്ഷണ താൽപര്യങ്ങളിൽ കൂടുതൽ കൂടുതൽ സൂക്ഷ്മവും സാർവ്വദേശീയവുമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്.


യേശു തൻ്റെ എഴുപത്തിരണ്ട് ശിഷ്യരെ താൻ ചെയ്യുന്ന ശുശ്രൂഷകൾ നിർവ്വഹിക്കുന്നതിനായി ഈരണ്ടു പേരായി അയക്കുന്ന ആഖ്യാനമുണ്ട് സുവിശേഷങ്ങളിൽ. അങ്ങനെ അവരെ അയക്കുമ്പോൾ ഏതാനും ദൗത്യ നിർദ്ദേശങ്ങളും ചില യാത്രാ നിർദ്ദേശങ്ങളും അവർക്ക് നല്കുന്നുണ്ട് യേശു. ചില സംഭവ്യസാധ്യതകളും അവിടന്ന് അവരോട് പറയുന്നുണ്ട്. അവൻ നല്കുന്ന

യാത്രാ നിർദ്ദേശങ്ങളിൽ ഒന്ന് ഇങ്ങനെയാണ്: "ഏതെങ്കിലും നഗരത്തിൽ നിങ്ങൾ പ്രവേശിക്കുകയും അവർ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾക്കുമുന്നിൽ വിളമ്പുന്നത് ഭക്ഷിക്കുവിൻ."


അസ്സീസിയിലെ ഒരു ധനികനായ പീറ്റർ ബർണദോനെയുടെ മൂത്തമകനായിരുന്നു ഫ്രാൻസിസ്. വീടുവിട്ട് സന്ന്യാസ വഴിയിലേക്കിറങ്ങിയ ഫ്രാൻസിസിന് അനുയായികളുണ്ടായി. ദരിദ്രജീവിതം കഴിക്കുന്ന ഫ്രാൻസിസ് സഹോദരൻ മസ്സെയോയോടൊപ്പം ഒരിക്കൽ ഭിക്ഷയാചിക്കുകയായിരുന്നു. ഏതാനും അപ്പക്കഷണങ്ങളും മറ്റുമാണ് അവർക്ക് ലഭിച്ചത്. ലഭിച്ച ഭക്ഷണ സാധനങ്ങളുമായി അവർ നിരപ്പുള്ള ഒരു പാറപ്പുറത്തിരുന്നു. സംഭാവന സ്വീകരിച്ച അതേ തുണിക്കഷണത്തിൽ അദ്ദേഹം അത് പാറപ്പുറത്ത് നിരത്തി. ദൈവത്തിന് കൃതജ്ഞതയർപ്പിച്ച ശേഷം ഫ്രാൻസിസ് കൂടെയുള്ള സഹോദരനോട് പറഞ്ഞു.

"ഓ സഹോദരൻ മസ്സെയോ, ഇത്രയും അമൂല്യമായ നിധി നാം അർഹിക്കുന്നില്ല".


സെമിനാരിയിൽ പ്രവേശിച്ച കാലത്ത് ചില ഭക്ഷണങ്ങൾ ഞങ്ങൾക്ക് തീരേ ഇഷ്‌ടമുണ്ടായിരുന്നില്ല. അന്ന് ഗുരുക്കന്മാർ പറയും: എല്ലാ ഭക്ഷണവും കഴിക്കാൻ ശീലിക്കണം. നമ്മൾ ഫ്രാൻസിസ്കൻസ് ആണ്. 'ഫ്രാൻസിസ്കൻ ആയ ഒരാൾക്ക് സാർവ്വലൗകികമായ ഉദരം വേണം' (A Franciscan should have a universal stomach). നിങ്ങൾക്ക് വിളമ്പുന്നത് കഴിക്കുക എന്നാണ് യേശു പറഞ്ഞിരിക്കുന്നത്!


അതൊരു അടിസ്ഥാന പാഠമായിരുന്നു. ഏതു നാട്ടിൽ പോയാലും ഏതു ഭക്ഷണം ലഭിച്ചാലും പരാതിയില്ല എന്നുമാത്രമല്ല, ഏതും ആസ്വദിക്കാനും ഉൾക്കൊള്ളാനും ഉള്ള മനോഭാവവും അതോടെ രൂപപ്പെടുകയാവും. 'ഞങ്ങളുടേതാണ് ഏറ്റവും നല്ലത് ' എന്ന പുരാതനത്വത്തിൻ്റെ മനോഭാവത്തിൽ നിന്ന് അതോടെ നാം പുറത്തുകടക്കും. ഇതര ജനതകളെ ആദരിക്കാനും അവരുടെ രുചിതാല്പര്യങ്ങളയും ഭക്ഷണശീലങ്ങളെയും അവരുടെ സംസ്കാരങ്ങളോടൊപ്പം അംഗീകരിക്കാനും അഭിനന്ദിക്കാനും നാം ശീലിക്കും.


ഒരുപടികൂടി കടന്ന്, ദൈവം ജീവിതത്തിൽ നമുക്കുമുന്നിൽ വിളമ്പുന്നതെന്തും കൃതജ്ഞതയോടെ സ്വീകരിക്കുന്നതിലേക്കും ഉൾക്കൊള്ളുന്നതിലേക്കും നമ്മെ നയിക്കാൻ പോലും ആ ഒരൊറ്റ വചനം മതി!

bottom of page