പൊടിക്കൈ
- ഫാ. ജോസ് വെട്ടിക്കാട്ട്

- Jul 10
- 2 min read

ഒരു സ്വകാര്യാവശ്യത്തിനു പോയിട്ടു തിരികെവരുന്നവഴിയായിരുന്നു. എനിക്കു പോകാനുള്ള റൂട്ടില്‍ ഒരു പ്രൈവറ്റ് ബസ്സ് കിടപ്പുണ്ടായിരുന്നു. മൂന്നുമണികഴിഞ്ഞ സമയമായിരുന്നതുകൊണ്ട് വലിയ തിരക്കില്ലായിരുന്നെങ്കിലും ഞാന്‍ ബസ്സില്‍ കയറുമ്പോഴേക്കും മിക്കവാറും സീറ്റുകള്‍ നിറഞ്ഞിരുന്നു. പിന്നിലത്തെ ഡോറിനെതിര്‍വശത്തായി മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടു സ്കൂള്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെയടുത്തിരുന്നു. കണ്ടക്ടര്‍ മുന്‍ഭാഗത്തുനിന്നും ടിക്കറ്റുകൊടുത്ത് പിന്നിലെത്തി. ഞാന്‍ ടിക്കറ്റെടുത്തു. എന്‍റെയടുത്തിരുന്ന കുട്ടികളോടു കണ്ടക്ടര്‍ പറഞ്ഞു:
'ബസ്സുപോകാന്നേരത്തു സീറ്റുണ്ടെങ്കിലെ ഇരിക്കാവൂന്നു കുട്ടികളോടു പറഞ്ഞിട്ടുള്ളതല്ലേ?'
'അതു കണ്‍സഷന്‍ ചോദിച്ചെങ്കിലല്ലേ, ഞങ്ങളു തന്നോടു കണ്‍സഷന്‍ ചോദിച്ചില്ലല്ലോ.'
'എന്നാപ്പിന്നെ എങ്ങോട്ടാണാവോ സാറന്മാര്‍ക്കു ഫുള്‍ടിക്കറ്റ്?'
അവര്‍ പത്തുപന്ത്രണ്ടു കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിന്‍റെ പേരുപറഞ്ഞു.
'വീട്ടിലോ സ്കൂളിലോ എങ്ങാനും പറഞ്ഞേച്ചാണോടാ മക്കളെ ഈ വൈകുന്നേരം ടൗണിലേക്ക്?'
ടിക്കറ്റിന്‍റെ ബാക്കി കൊടുത്തുകൊണ്ട് കണ്ടക്ടര്‍ ചോദിച്ചു.
'അതിപ്പൊ തന്നോടു പറയണ്ടകാര്യമില്ലല്ലോ. എടോ കണ്ടക്ടറേ, കണ്ടക്ടറു കണ്ടക്ടറുടെ പണിചെയ്താല്‍ മതി. ഹെഡ്മാസ്റ്ററു കളിക്കണ്ട.'
'ഓ സോറി പിള്ളേരെ. അറിയാതെ ചോദിച്ചുപോയതാ. അപ്പനുമമ്മയും മക്കളെ വഴക്കു പറഞ്ഞാപ്പോലും പിടിച്ചു ജയിലിലിടുന്ന കാലമാ. ജനിച്ചിച്ചുവളര്‍ത്തി ഇത്രേമൊക്കയാക്കാന്‍ അപ്പനുമമ്മയും വേണം. അതുകഴിഞ്ഞാല്‍പ്പിന്നെ അവരുടെ പാട്ടിനു വിടണംപോലും. അമേരിക്കയിലും വിദേശത്തുമൊക്കെ അങ്ങനെയൊണുപോലും. അതിന്‍റെയൊക്കെ ഗുണം കണ്ടില്ലേ? അവിടെയൊക്കെ സ്കൂളുകളില്‍ വെടിയും കൊലയും മിക്കപ്പൊഴും പത്രത്തില്‍ വായിക്കാറില്ലേ. നമ്മുടെ നാട്ടില്‍ത്തന്നെ കഞ്ചാവും മയക്കുമരുന്നും പള്ളിക്കൂടങ്ങള്‍ക്ക് ചുറ്റുമല്ലേ കൂടുതല്‍. അതൊക്കെ അടിച്ചാല്‍പ്പിന്നെ എന്തൊക്കെ പേക്കൂത്തുകളാ.'
ബാക്കിയുള്ളവര്‍ക്കു ടിക്കറ്റുകൊടുക്കുന്നതിനിടയില്‍ കണ്ടക്ടര്‍ അടുത്തകാലത്തുണ്ടായ ചില ദുരന്തങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ യാത്രക്കാരുടെയെല്ലാം സംസാരം പിന്നെ അതിനെപ്പറ്റിയൊക്കെയായി.
കുട്ടികളുരണ്ടും സ്വകാര്യത്തില്‍ തമ്മിലെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒന്നിലും ശ്രദ്ധിക്കാത്തമട്ടിലിരുന്നിട്ട് കുറച്ചുകഴിഞ്ഞപ്പോള്‍ ഞാനവരോടു പേരെന്താണെന്നും പഠിക്കുന്ന ക്ലാസ്സിനെപ്പറ്റിയും സ്കൂളിനെപ്പറ്റിയുമൊക്കെ ചോദിച്ചു.
'മോന്‍റെ അപ്പന്‍റെ പേരെന്താ?'
തൊട്ടടുത്തിരുന്ന കുട്ടിയോടു ഞാന്‍ ചോദിച്ചു.
'മാത്യു'
'നാട്ടുകാരാക്കെ വിളിക്കുന്നതോ?'
'മാത്തുക്കുട്ടിന്ന്.'
'മോനും അപ്പനെ വിളിക്കുന്നത്, എടോ മാത്തുക്കുട്ടിന്നായിരിക്കുമല്ലോ.'
ഞാന്‍ ചോദിച്ചതു മനസ്സിലാകാതെ അവനെന്നെ വല്ലാതെ നോക്കി.
'നിങ്ങളുടെ അപ്പന്മാരെക്കാള്‍ പ്രായക്കൂടുതലുള്ളയാളല്ലെ ആ കണ്ടക്ടര്‍. അങ്ങേരെ എടോ, താന്‍ എന്നൊക്കെ നിങ്ങളു വിളിച്ചതു കേട്ടതുകൊണ്ടു ചോദിച്ചതാ.' അവരൊന്നും പറയാതെ അല്പം മാറിയിരുന്നു.
'നിങ്ങളു പിണങ്ങാന്‍ പറഞ്ഞതല്ല. അയാള്‍ക്കും നിങ്ങളുടെ പ്രായമുള്ള മക്കള്‍ കാണും. അവര്‍ നിങ്ങളുടെ അപ്പനെ എടോ, താന്‍ എന്നൊക്കെ വിളിച്ചാല്‍ നിങ്ങള്‍ക്കതു സഹിക്കുമോ? അതൊന്ന് ഓര്‍പ്പിക്കാന്‍ ചോദിച്ചതാ.'
'വീട്ടിലിരുന്നാലും, സ്കൂളില്‍ച്ചെന്നാലും, പള്ളിയില്‍ പോയാലും, ബസ്സില്‍ കയറിയാലും എല്ലാവരുമെന്തിനാ ഞങ്ങടെ നേരെ വഴക്കിടുന്നത്? കഴിഞ്ഞ തിങ്കളാഴ്ച അസംബ്ലിയില്‍വെച്ച് പ്രിന്‍സിപ്പല്‍ സാര്‍ എവിടെയോ ആരാണ്ടു കുട്ടികള്‍ അവരെ വഴക്കുപറഞ്ഞതിന് അവരുടെ അപ്പനേം അമ്മേം ജയിലില്‍ കയറ്റിയെന്നും പറഞ്ഞായിരുന്നു വഴക്ക്. ഞായറാഴ്ച വേദപാഠത്തിനുചെന്നപ്പോള്‍ ഞങ്ങളെല്ലാം തലതിരിഞ്ഞവരാണെന്നും പറഞ്ഞ് വികാരിയച്ചന്‍ വഴക്ക്. വീട്ടിലാണെങ്കില്‍ എന്‍റെയപ്പന്‍ എന്നും അമ്മയുമായിട്ടടിയാ. ഇപ്പൊ അപ്പന്‍ അമ്മക്കെതിരെ കേസും കൊടുത്തിരിക്കുവാ. എന്‍റെ വീടിനടുത്താ ഇവന്‍റേം വീട്.
ഇവന്‍റെയമ്മയാണെങ്കില്‍ ഇവനെക്കൊണ്ട് ഒരു പ്രാവശ്യം വീട്ടിന്നിറങ്ങിപ്പോയതാ. ഞങ്ങളുരണ്ടും പ്ലസ് വണ്ണിനു പഠിക്കുവാണെന്നു പറഞ്ഞല്ലോ. അപ്പനുംഅമ്മയും തമ്മില്‍ അടിക്കാത്തപ്പോള്‍ പഠിക്കാന്‍ പറഞ്ഞ് എപ്പൊഴും ഞങ്ങളോടു വഴക്ക്. തിരിച്ചു രണ്ടെണ്ണം പറയാന്‍ തുടങ്ങിയപ്പോള്‍ കുറച്ചു കുറവുണ്ട്.'
അവന്‍ പറഞ്ഞതൊന്നും കേള്‍ക്കാത്തമട്ടില്‍ ഞാന്‍ ചോദിച്ചു.
'നിങ്ങളിപ്പോള്‍ ഫുള്‍ടിക്കറ്റുമെടുത്ത് ടൗണിലെന്തിനു പോകുവാ?'
'ഞങ്ങളു ക്രിസ്മസ് കാര്‍ഡു വാങ്ങാന്‍ പോകുവാ. വീട്ടില്‍നിന്നു സമ്മതിച്ചിട്ടാ. സന്ധ്യയ്ക്കുമുമ്പ് തിരിച്ചുചെല്ലണമെന്നു പറഞ്ഞിട്ടുണ്ട്.'
'അപ്പനുമമ്മേം തമ്മിതല്ലുമ്പോള്‍ അമ്മ അപ്പനെ വിളിക്കുന്നതായിരിക്കും എടോ പോടോന്നൊക്കെയല്ലേ?'
അതുവരെ വലിയ ടെന്‍ഷലായിരുന്ന രണ്ടുപേരും ചിരിച്ചുപോയി.
'അതുശരി, അപ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാനറിയാം. ഇതുതന്നെയാ ഏറ്റവും നല്ല ശിക്ഷ. അപ്പനേമമ്മേം ജയിലില്‍ പിടിച്ചിടാനൊന്നും പോകണ്ട. അവരടിപിടികൂടി മുത്തു വരുമ്പോള്‍ നിങ്ങളൊറ്റചിരിയങ്ങു പാസ്സാക്കണം. നല്ല ഉറക്കെ. അടികിട്ടാതെ മാറിനിന്നുകൊണ്ടേ ഈ അഭ്യാസം ഇറക്കാവൂ.'
'അവരു ഞങ്ങളെ അടിക്കാറൊന്നുമില്ല.'
'അപ്പോള്‍ അവര്‍ക്കു മക്കളോടു സ്നേഹമുണ്ടെന്നുറപ്പ്.'
അവരൊന്നും മിണ്ടിയില്ല.
'ടിവിയിലെ സീരിയലില്‍ കാണുന്ന സ്റ്റണ്ടിനേക്കാള്‍ രസം വീട്ടിലെ അവരുടെ അടിപിടിയാ. അപ്പോഴങ്ങു ചിരിക്കണം. അങ്ങനെയൊരു അഞ്ചാറു പ്രാവശ്യത്തെ ചിരിചികിത്സ കഴിയുമ്പോള്‍ സാധാരണ അപ്പനുമമ്മേം കുറെക്കൂടി ശ്രദ്ധിക്കാനും അലമ്പു കുറയ്ക്കാനും തുടങ്ങും. അടിപിടി കുറയുകയും ചെയ്യും. ഇതുഫലിച്ചില്ലേല്‍ വേറൊരു മരുന്നുണ്ട്. തല്‍ക്കാലം ഇതുമതി.'
അവര്‍ക്കും ചിരിവന്നു. എന്തായാലും ഞാനാരാണെന്നും ഇനി എങ്ങനെയാ കാണുന്നതെന്നോ ഒന്നുംഅവരു ചോദിച്ചില്ല.
'അപ്പനുമമ്മേം ഒന്നും നിങ്ങളാദ്യം പറഞ്ഞപോലെ അത്ര മോശക്കാരൊന്നുമല്ല. മക്കളു ഞാന്‍ പറഞ്ഞുതന്നതുപോലുള്ള ചില്ലറ മരുന്നൊക്കെ വല്ലപ്പോഴും അവര്‍ക്കൊന്നു കൊടുത്താല്‍ മതി. എന്നിട്ടിതെല്ലാം ക്ലാസ്സില്‍ച്ചെന്നു കൂട്ടുകാരോടു പറയുകയൊന്നും വേണ്ട. പിന്നെ, വണ്ടിയില്‍ നിന്നു നിങ്ങളിറങ്ങുമ്പോള്‍ ആ കണ്ടക്ടറോട് 'ഞങ്ങളു ചുമ്മാതെ വഴക്കുണ്ടാക്കിയതാ. സോറി'ന്നുംകൂടെ ഒന്നുപറഞ്ഞാല്‍ നിങ്ങള്‍ക്കുള്ള മരുന്നും ആകും. എന്തു പറയുന്നു?'
'കണ്ടെങ്കി പറയാം.'
ഏതായാലും ടൗണിലെത്തിയപ്പോള്‍ എനിക്കൊരു നന്ദിയുംപറഞ്ഞ് അവരിറങ്ങി. വാതില്‍ക്കലുണ്ടായിരുന്ന കണ്ടക്ടറോട് അവരെന്തോ പറയുന്നതും അയാള്‍ ചിരിക്കുന്നതും കണ്ടു.
പൊടിക്കൈ
ഫാ. ജോസ് വെട്ടിക്കാട്ട്
അസ്സീസി മാസിക ജൂലൈ 2026













































































































