top of page

അവബോധപ്പെട്ടവർ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jul 9
  • 1 min read
Two hand emojis with an open palm

ഇന്നലെ ക്ലാരിസ്റ്റ് സന്ന്യാസ സമൂഹത്തിൻ്റെ കേരളത്തിലെ നോവിഷ്യേറ്റ് സന്ദർശിക്കാനിടയായി. കേരളത്തിലെ വിവിധ പ്രോവിൻസുകളിൽ നിന്നായി പതിന്നാല് സന്ന്യാസ അർത്ഥിനികൾ അവിടെ ഉണ്ടായിരുന്നു.


അതീവ ഹ്രസ്വമായ പ്രസ്തുത സന്ദർശനത്തിനുശേഷം അവിടെനിന്ന് തിരിക്കുമ്പോൾ ക്രൈസ്‌തവ സന്ന്യാസത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സുനിറയെ.


സന്ന്യാസം അവസാനിക്കാറായോ, അതിന് സാംഗത്യം ഇല്ലാതായോ എന്നുംമറ്റുമുള്ള ചർച്ചകൾ ചിലപ്പോഴെങ്കിലും കേട്ടിട്ടുണ്ട്. ലോകം ആധുനികോത്തരമായി; ശാസ്‌ത്രം പുരോഗമിച്ച് അവയവങ്ങൾ മാത്രമല്ല, കൃത്രിമമായി ജീവൻ പോലും ഉണ്ടാക്കാൻ മാത്രം വളർന്നു. പഴയ കാലത്തെ മണ്ടൻ പരിപാടികൾക്ക് ഇനിയുള്ള കാലത്ത് ചെറുപ്പക്കാരെ കിട്ടില്ല. അവിടങ്ങളിൽ ഇപ്പോഴുള്ളവർ മരിച്ചുതീരുന്ന മുറയ്ക്ക് സന്ന്യാസംതന്നെ അവസാനിക്കും എന്നും മറ്റും ചിന്താശീലമുള്ളവർ പറഞ്ഞേക്കാം. സന്ന്യാസ വഴിയേ പിച്ചവെക്കാൻ തുടങ്ങുന്ന ഒരുശിശു എന്ന നിലയിൽ ഏതായാലും എനിക്കങ്ങനെ തോന്നുന്നില്ല.


എന്തുകൊണ്ട് ഞാൻ അത്തരത്തിൽ പ്രത്യാശിക്കുന്നു എന്ന് ഒരുപക്ഷേ മറ്റുള്ളവർ കൗതുകം കൊണ്ടേക്കാം. സന്ന്യാസത്തിന് മൂന്ന് തലങ്ങളുള്ളതായാണ് ഞാൻ കാണുന്നത്. അതിനാൽ, മൂന്നേമൂന്ന് വാക്യങ്ങളിൽ അത് പറയാൻ കഴിയും. ഭൂമിയിൽ ഏതെങ്കിലും കുറച്ചുപേരിൽ ദൈവവിശ്വാസം അവശേഷിക്കുന്നുണ്ടെന്നുവരികിൽ, ആ ദൈവത്തെ എങ്ങനെ കൂടുതൽ അനുഭവിക്കാൻ കഴിയും എന്ന് അവരിൽ ഏതാനുംപേർ അന്വേഷിച്ചുകൊണ്ടിരിക്കും.


ഭൂമിയിലെ മനുഷ്യർ ധാർമ്മികവും മാനസികവുമായ തങ്ങളുടെ പൂർണ്ണതയെ പ്രാപിക്കാത്തിടത്തോളംകാലം കുറേപ്പേർ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കും.


സ്‌നേഹം നല്കാനും സ്വീകരിക്കാനും കഴിവുള്ള മനുഷ്യർ ഈ ഭൂമിയിൽ അവശേഷിക്കുന്നിടത്തോളംകാലം, പ്രത്യേകിച്ച് ഏതെങ്കിലും തരത്തിൽ ദുർബലരോ മുറിവേറ്റവരോ നിരാലംബരോ ആയ മനുഷ്യർ ഈ ഭൂമിയിൽ ഉള്ളിടത്തോളംകാലം, ചിലർ ഉള്ളം തപിച്ച് അപരർക്കായി സ്വയം നല്കിക്കൊണ്ടിരിക്കും.


അത്രയും ലളിതമാണത് എന്നുതോന്നുന്നു!

bottom of page