top of page

കണ്ണാടി കാണ്മോളവും

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jul 4
  • 2 min read
A Tree with green leaves

നമ്മെ നെഗറ്റിവിറ്റിയുള്ള മനുഷ്യരാക്കുന്ന താരതമ്യം ചെയ്യൽ (comparing), മത്സരിക്കൽ (competing), മോഹിക്കൽ (coveting), പരാതിപറയൽ (complaining), വിമർശിക്കൽ (criticizing) എന്നിവയെക്കുറിച്ചുള്ള ഒരു രൂപരേഖയും അവയിൽ മൂന്നാമത്തേതായ മോഹിക്കലിന് (coveting) എങ്ങനെ മറുമരുന്നിടാം എന്നും ഇന്നലെ കുറിച്ചിരുന്നു. നമ്മിലെ മറ്റ് നാല് 'C' പെരുമാറ്റങ്ങളെ എങ്ങനെ ചികിത്സിക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത് എന്നും പരിശോധിക്കേണ്ടതുണ്ടല്ലോ.


താരതമ്യം ചെയ്യലാണല്ലോ ഒന്നാമത്തേത്. അഹം കേന്ദ്രിതത്വമാണ് അതിൻ്റെ ആധാരം. സ്വന്തം അപകർഷതയോ അധീശത്വമോ നിശ്ചയിക്കുന്നതിന് അന്യരുമായി സ്വയം താരതമ്യം ചെയ്യലാണ് രീതി. സ്വന്തം വ്യക്തിത്വമോ കഴിവുകളോ വസ്തുവകകളോ - അങ്ങനെ എന്തും ഈ താരതമ്യം ചെയ്യലിൽ വരാം. ഞാനടക്കം നമ്മിലാരെങ്കിലും ഈ സ്വഭാവത്തിൽനിന്ന് മുക്തരാണോ എന്നറിയില്ല.


പുറത്തുകടക്കാൻ എന്താണ് പോംവഴി?

ഏതൊരു താരതമ്യത്തിലും സത്യതയില്ല; കഴമ്പില്ല എന്ന് അംഗീകരിക്കുകയാണ് ആദ്യം സംഭവിക്കേണ്ടത്. മനുഷ്യരെല്ലാം വ്യത്യസ്തകളോടെ സൃഷ്‌ടിക്കപ്പെട്ടവരാണ്. വ്യത്യസ്ത സാഹചര്യങ്ങളിലാണ് ജന്മമെടുക്കുന്നതും വളരുന്നതും. പ്രകൃതിയിൽ ഓരോന്നിനും എന്നപോലെ സൃഷ്‌ടിയിൽ ഓരോരുത്തർക്കും വ്യത്യസ്ത ധർമ്മങ്ങളാണുളളത്. അതുകൊണ്ടുതന്നെ താരതമ്യം ചെയ്യുക എന്നത് ശുദ്ധ ഭോഷ്ക് ആണ്.


'മത്സരിക്കൽ' ആണ് രണ്ടാമത്തെ പെരുമാറ്റദൂഷ്യം.

ദൗർലഭ്യചിന്തയാണ് ആധാരം. തീരേ കുറഞ്ഞയളവിൽ മത്സരചിന്ത നല്ലതായിരിക്കാമെങ്കിലും നമ്മുടെ ഈ കാലത്ത് നമ്മിലെല്ലാം ഈ ടോക്സിസിറ്റി വലിയ അനുപാതത്തിൽത്തന്നെ കടന്നുകൂടിയിട്ടുണ്ട്.

ഈ ലോകത്ത് കുറച്ചുപേർക്കേ വിജയിക്കാനാവൂ; കുറച്ചുപേർക്കേ സ്നേഹം ലഭിക്കൂ; കുറച്ചുപേർക്കുള്ള വിഭവങ്ങളേ ഉള്ളൂ എന്നിങ്ങനെയുള്ള ദൗർലഭ്യ ചിന്തയാൽ, കൂടെയുള്ളവരോട് ഇടിച്ചിടിച്ച് മത്സരിച്ചു കൊണ്ടിരിക്കലാണ് സ്വഭാവം. മത്സരം നമ്മിൽ ഒരു ഭ്രാന്താക്കി വളർത്താൻ നമ്മുടെ സമൂഹവും പാഠ്യപദ്ധതിയും വലിയൊരളവ് ബുദ്ധിമുട്ടുന്നുണ്ട്. ജനസംഖ്യ കൂടുതലുള്ള നാടുകളിൽ ഇത്തരം മനോഭാവം കൂടുതലായിരിക്കാൻ ഇട കൂടുതലുമുണ്ട്.


സത്യത്തിൽ സ്വന്തം ഇടം കണ്ടെത്തിയാൽ എല്ലാവർക്കും വിജയിക്കാനാവും. എല്ലാവർക്കും സ്‌നേഹം ലഭ്യമാണ്; എല്ലാവർക്കും ആവശ്യമായ ജീവിത സാഹചര്യങ്ങളും സമ്പത്തും ഈ ലോകത്തുണ്ട്. മര്യാദയും മനുഷ്യത്വവും വെടിഞ്ഞുകൊണ്ടുള്ള മത്സരമാവും നമ്മെ എത്തേണ്ടിടത്ത് എത്തിക്കാതിരിക്കുക. ഇക്കാര്യം സ്വയം ബോധ്യപ്പെടുത്തുകയും സഹകരണത്തിൻ്റേതാണ് കൂടുതൽ ശ്രേഷ്ഠമായ മാർഗ്ഗം എന്ന് വിശ്വസിക്കുകയുമാണ് ജീവിതത്തെ നിരന്തരമായ ഒരു മത്സരമാക്കുന്നതിൽ നിന്ന് രക്ഷപ്പെടാനുളള പോംവഴി.


കംപ്ലെയ്നിങ് - പരാതിപറച്ചിൽ ആണ് നമ്മിലെ നാലാമത്തെ സ്വഭാവദൂഷ്യം. ഇരചിന്തയും മറ്റുള്ളവരുടെ ശ്രദ്ധക്കായുള്ള കരച്ചിലുമാവും അടിയിൽ കിടക്കുന്നത്. തൻ്റെ രോഗത്തെക്കുറിച്ച്, കഷ്ടതകളെക്കുറിച്ച് നിവൃത്തികേടിനെക്കുറിച്ച്, തന്റെ ജീവിതത്തിലെ വ്യക്തികളുടെ കഴിവില്ലായ്മകളെക്കുറിച്ച് ഒക്കെയും ആളുകൾ ആവലാതി പറഞ്ഞു കൊണ്ടിരിക്കും. ഇങ്ങനെ ഒരാൾ ആവലാതി പറയുന്നതുകൊണ്ട് യാതൊരു ഗുണവും ആർക്കും ഉണ്ടാവുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരം ആവലാതികൾ കേൾക്കുന്നവർ അത് പറയുന്നവരിൽനിന്ന് മാനസികമായി അകലുകയാണ് ചെയ്യുക. അപ്പോൾ മിക്കവരും വീണ്ടും വീണ്ടും ആവലാതികളുടെ ആഴം കൂട്ടുകയാണ് ചെയ്യുക. കൂടുതൽ അഹം കേന്ദ്രീകൃതമാകുക, കൂടുതൽ നെഗറ്റീവ് ആവുക, കൂടുതൽ മറ്റുള്ളവരുടെ സഹതാപവും ശ്രദ്ധയും പിടിച്ചുപറ്റാൻ ശ്രമം നടത്തുക: ഇങ്ങനെ പോകും അതിൻ്റെ രീതി.


ഇതിൽനിന്ന് പുറത്തു കടക്കാൻ എന്താണൊരു പോംവഴി?

നമ്മുടെ ആവലാതികൾ കേൾക്കുന്ന ആരും നമ്മുടെ സഹായത്തിന് എത്തുകയില്ല. അവർക്ക് നമ്മെ സഹായിക്കാനും കഴിയില്ല.

ഒരാൾ ആയിരിക്കുന്ന ജീവിതത്തിൽ - ജീവിതത്തിൻ്റെ സാഹചര്യത്തിൽ, സർഗാത്മകമായി അയാൾക്കുതന്നെ എന്ത് മാറ്റം വരുത്താൻ കഴിയും എന്ന് പര്യാലോചിക്കുകയും പ്രോ-ആക്റ്റീവ് ആവുകയുമാണ് പോംവഴി.


അഞ്ചാമത്തെ പെരുമാറ്റ ദൂഷ്യമാണ് വിമർശിക്കൽ.

സ്വന്തം അഹത്തെ തിടം വെപ്പിക്കുകയാണ് വിമർശകർ ചെയ്യുന്നത്.

ചുറ്റുപാടുകളെ, മറ്റുള്ളവരെ, സാഹചര്യങ്ങളെ, ഒക്കെ വിമർശിക്കുന്നവർ ചെയ്യുന്നത് മറ്റുള്ളവരെ ഇകഴ്ത്തിക്കെട്ടി തന്നെത്തന്നെ ഉയർത്താൻ ശ്രമിക്കുകയാണ്.


വീണ്ടും, ആത്മവിശ്വാസം ഇല്ലാത്തവരാണ് കൊടിയ വിമർശകരായി മാറുന്നത്. നെഗറ്റിവിറ്റിയിൽനിന്ന് അകലംപാലിക്കാൻ മനുഷ്യർക്ക് സ്വയമേവ ഒരുതരം ആന്തരിക ചോദനയുണ്ട്. അതുകൊണ്ടുതന്നെ, നിശിത വിമർശകരിൽനിന്ന് മനുഷ്യർ അകന്നകന്നുപോകും. എല്ലാറ്റിനെയും എല്ലാവരെയും വിമർശിക്കുന്നവർ, അതിൽത്തന്നെ അടങ്ങിയിരിക്കുന്ന യാഥാർത്ഥ്യമില്ലായ്മയെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. വിമർശകർ കൂടുതൽ നെഗറ്റീവ് മനുഷ്യരാകും. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് ദോഷൈകദൃക്കുകളായ ഇത്തരം വിമർശകരുടെ എണ്ണം സർവ്വകാല റെക്കോർഡിലേക്ക് എത്തുന്നുണ്ട്.


നിശിത വിമർശകരെ തിരുത്താൻ എളുപ്പമല്ല. ഒരാൾ സ്വയം തിരിച്ചറിഞ്ഞ് അതിൽനിന്ന് പുറത്തുകടക്കണം. എങ്ങനെ ഈ പ്രവണതയെ അതിജീവിക്കാം?


ഏറ്റവും സ്വീകാര്യമായ രീതിയിൽ, ഏറ്റവും സൃഷ്ടിപരമായ മാർഗ്ഗത്തിൽ, മെച്ചപ്പെട്ട പോംവഴികൾ പങ്കുവയ്ക്കുകയാണ് മറ്റുള്ളവരോട് അത്തരക്കാർക്ക് ചെയ്യാൻ കഴിയുന്നത്. സഹാനുഭൂതി അഭ്യസിക്കുക, മറ്റുള്ളവരുടെ പാദുകത്തിൽ കടന്നുനിന്ന് സ്വയം വിലയിരുത്തുക, എന്നതൊക്കെയാണ് വിമർശകനായ ഒരാൾക്ക് തന്നോട് തന്നെ ചെയ്യാൻ കഴിയുന്നത്.


മേൽപ്പറഞ്ഞ നാലും, ഇന്നലെ കുറിച്ച "മോഹിക്കൽ" എന്ന സ്വഭാവദൂഷ്യവും (കൃതജ്ഞത അഭ്യസിക്കുകയാണ് മറുമരുന്ന്) എന്നിലും നാം ഏവരിലും ഒട്ടൊരളവ് സന്നിഹിതമാണ്. നാം തന്നെ നമ്മെ ഒരിടത്ത് ഇരുത്തിയശേഷം കുറച്ച് മാറിനിന്ന് സ്വയം അവലോകനം ചെയ്യണം. അങ്ങനെ സ്വയാവബോധം വളർത്തണം. അതല്ലാതെ, നമ്മെത്തന്നെ കാണാൻ നമ്മുടെ കൈവശം ആത്മാവിന്റെ കണ്ണാടി ഇല്ലല്ലോ!

bottom of page