top of page

ഏകപക്ഷീയം

Writer: George Valiapadath Capuchin
George Valiapadath Capuchin
Feb 14
2 min read

സൂര്യൻ ഭൂമിയെ അല്ല ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന് പ്രസ്താവിച്ചതിന്റെ പേരിൽ ഗാലിലെയോ ഗാലിലെയ് കത്തോലിക്കാ സഭയാൽ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു എന്ന് നമ്മൾ ഇതിനോടകം എത്ര തവണ കേട്ടിട്ടും വായിച്ചിട്ടും ഉണ്ടാകും!? അതിൽ കുഴപ്പമൊന്നുമില്ല. എന്നാൽ, എന്തുകൊണ്ട് പാണന്മാർ അക്കഥ മാത്രം പാടിനടക്കുന്നു എന്ന് ചിന്തിക്കുമ്പോൾ ഒരല്പം നീരസം തോന്നാതില്ല.


വെറുതേ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയതാണ്! അപ്പോൾ അതാ പൊന്തി വരുന്നു ഡസൻ കണക്കിന് കേസുകൾ!


ജനിതക ശാസ്ത്ര മേഖലയിൽ, ബാർബറ മക്ലിന്റോക്കിന്റെ 1951-ലെ "ജംപിങ് ജീനു"കളുടെ കണ്ടെത്തൽ അക്കാലത്തെ ശാസ്ത്ര സമൂഹം നിരാകരിച്ചതും അവഗണിച്ചതുമാണ്. 1983-ലെ നോബൽ സമ്മാനം നേടുന്നതിന് മുമ്പ് കാൽ നൂറ്റാണ്ടിലേറെ അവർ ശാസ്ത്ര സമൂഹത്താൽ ബഹിഷ്കരിക്കപ്പെട്ടിരുന്നു.


1912-ൽ ആൽഫ്രഡ് വെഗനർ ഭൂഖണ്ഡാന്തര ചലന സിദ്ധാന്തം മുന്നോട്ടുവച്ചു. പക്ഷേ, ഭൂഗർഭശാസ്ത്രജ്ഞർ അദ്ദേഹത്തെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തു. മരണശേഷം മാത്രമാണ് ഭൂഖണ്ഡങ്ങൾ അകന്നു മാറുന്നു എന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ സ്വീകാര്യത നേടുന്നത്.


ലുഡ്‌വിഗ് ബോൾട്ട്‌സ്മാൻ സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സും ആറ്റോമിക് സിദ്ധാന്തവും വികസിപ്പിച്ചെടുത്തു. എന്നാൽ അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ശക്തമായി വിമർശിക്കപ്പെട്ടു. ശാസ്ത്ര സമൂഹത്തിൽ നിന്നുണ്ടായ കനത്ത വെല്ലുവിളി അദ്ദേഹത്തെ കടുത്ത വിഷാദത്തിലേക്കും അവിടെ നിന്ന് ആത്മഹത്യയിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.


പ്രധാനമായും മാനസിക പിരിമുറുക്കമല്ല, മറിച്ച് ഒരു പ്രത്യേക തരം ബാക്ടീരിയയാണ് വയറ്റിലെ അൾസറിന് കാരണമാകുന്നതെന്ന് ബാരി മാർഷലും ജെ. റോബിൻ വാറനും നിർദ്ദേശിച്ചു. അവരുടെ നിരീക്ഷണം വൈദ്യശാസ്ത്ര സമൂഹം നിരാകരിച്ചു. ഒടുവിൽ തന്റെ വാദം തെളിയിക്കാൻ എച്ച്. പൈലോറി ബാക്ടീരിയ ധാരാളം അടങ്ങിയ ഒരു സംയുക്തം അദ്ദേഹത്തിന് സ്വയം കുടിച്ച് തന്നിൽത്തന്നെ അൾസർ ഉണ്ടാക്കി കാട്ടേണ്ടി വന്നു. 2005-ൽ നോബൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.


രോഗം പടരുന്നത് തടയാൻ ആസ്പത്രികളിൽ കൈ കഴുകണമെന്ന് ഇഗ്നാസ് സെമ്മൽവീസ് വാദിച്ചു. പക്ഷേ, വൈദ്യശാസ്ത്ര സമൂഹം അക്കാലത്ത് അദ്ദേഹത്തെ എതിർക്കുകയും പരിഹസിക്കുകയും ചെയ്തു. തന്റെ കണ്ടെത്തലുകൾ അംഗീകരിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം മരിച്ചുപോയി.


ഒരു അക്കാദമിക് ജോലി നേടാൻ പാടുപെട്ടെങ്കിലും തൻ്റെ വിപ്ലവകരമായ സിദ്ധാന്തങ്ങൾ നിമിത്തം ആൽബർട്ട് ഐൻസ്റ്റീന് തന്റെ കരിയറിൻ്റെ ആദ്യകാലങ്ങളിൽ അതിന് കഴിഞ്ഞില്ല. അദ്ദേഹത്തിന് ആ ജോലി നിരസിക്കപ്പെട്ടു. വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിൻ്റെ പ്രമാണങ്ങൾ സ്വീകാര്യത നേടും വരെ അദ്ദേഹത്തിന് ചെറിയ വേതനത്തിൽ ഒരു പേറ്റന്റ് ക്ലാർക്കായി ജോലി ചെയ്യേണ്ടി വന്നു.


ശ്രീനിവാസ രാമാനുജന്റെ ഗണിതശാസ്ത്ര പ്രതിഭ പൂർണ്ണമായി അംഗീകരിക്കപ്പെടുന്നതിന് മുമ്പ് കേംബ്രിഡ്ജിലെ അക്കാദമിഷ്യന്മാരിൽ നിന്ന് അദ്ദേഹത്തിന് ആദ്യം പുച്ഛവും പരിഹാസവും നേരിടേണ്ടി വന്നു.


ഐഡ നോഡാക്ക് റീനിയം കണ്ടെത്തുകയും ന്യൂക്ലിയർ ഫിഷൻ പ്രവചിക്കുകയും ചെയ്തു. പക്ഷേ അവരുടെ സിദ്ധാന്തങ്ങൾ അവഗണിക്കപ്പെട്ടു; അവർക്ക് ശരിയായ അംഗീകാരം ലഭിച്ചില്ല.


1927-ൽ ഫാ. ജോർജ്ജ് ലെമൈട്രെ ഒരു 'ആദിമ അണുവിൽ' നിന്നാണ് പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നെന്ന് നിർദ്ദേശിച്ചു. ഇന്ന് നമ്മളറിയുന്ന 'മഹാവിസ്ഫോടന സിദ്ധാന്തം' അഥവാ 'ബിഗ് ബാംങ് തിയറി' ആണത്. വിദൂര ഗാലക്സികൾ നമ്മിൽ നിന്ന് അകന്നുപോകുന്നുവെന്ന് എഡ്വിൻ ഹബിൾ നിരീക്ഷിക്കുന്നതുവരെ ഈ ആശയത്തെ ശാസ്ത്ര സമൂഹം മിക്കവാറും അവഗണിച്ചു.


1546-ൽ ഗിരിലാമോ ഫ്രാക്കാസ്റ്റോറോ രോഗങ്ങളുടെ ജേം (രോഗാണു) തിയറി നിർദ്ദേശിച്ചു. കൈമാറ്റം ചെയ്യാവുന്നതും അദൃശ്യവുമായ കണികകളോ അണുക്കളോ മൂലമാണ് രോഗങ്ങൾ ഉണ്ടാകുന്നതെന്നായിരുന്നു അദ്ദേഹം നിർദ്ദേശിച്ചത്. 19-ാം നൂറ്റാണ്ടിൽ ലൂയീ പാസ്റ്ററിന്റെയും റോബർട്ട് കോച്ചിന്റെയും കണ്ടെത്തലുകൾ ഉണ്ടാകുന്നതു വരെ ഇത് അംഗീകരിക്കപ്പെട്ടതേയില്ല.


ഇത്തരം ഉദാഹരണങ്ങൾ ഇനിയും എത്ര വേണമെങ്കിലുമുണ്ട്. ഈ നൂറ്റാണ്ടിൽ പോലും ശാസ്ത്ര സമൂഹത്തിൻറെ സ്ഥിതി ഇതാണ് എന്നിരിക്കേ, പതിനേഴാം നൂറ്റാണ്ടിലെ ഗാലിലെയോ കഥമാത്രം എന്തുകൊണ്ടിങ്ങനെ തന്നേം പിന്നേം പറയപ്പെടുന്നു?

പൊതുസമൂഹത്തിലാണെങ്കിലും മതത്തിലാണെങ്കിലും, ശാസ്ത്ര സമൂഹത്തിലാണെങ്കിൽ പോലും മനുഷ്യർ പരമ്പരാഗത വിശ്വാസങ്ങൾ വെടിയാനും പുതിയ അറിവുകൾ ഉൾക്കൊള്ളാനും വിസമ്മതിക്കുന്നു എന്നതല്ലേ യാഥാർത്ഥ്യം?

എന്താല്ലേ ?

bottom of page