top of page

ജീവൽസമൃദ്ധി

Writer: George Valiapadath Capuchin
George Valiapadath Capuchin
Feb 13
1 min read

"നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു." എന്ന് ശിഷ്യരോട് പറയുന്നുണ്ട് യേശു.

"നിങ്ങൾ ലോകത്തിൻ്റെ പ്രകാശമാകുന്നു." എന്നും പറയുന്നുണ്ട് അവൻ.


ഭൂമിയും ഉപ്പും തമ്മിൽ എന്ത്? 'നീല ഗോലി' (blue marble) എന്ന് പറയാറുണ്ട് ഭൂമിയെക്കുറിച്ച്. ഭൂമിയെ നീല ഗോലിയാക്കുന്നത് നാലുപാടും അതിനെ പൊതിയുന്ന സമുദ്രമാണ്. ഭൂമിയുടെ 71% -ഉം സമുദ്രമാണ്. അതായത് കരഭൂമി അതിൻ്റെ 26% ഒക്കെയേ വരൂ എന്നർത്ഥം. ചുരുക്കത്തിൽ കരഭൂമിയല്ല, കടൽഭൂമിയാണ് നമ്മുടേത്. ഭൂമിയെ പൊതിയുന്ന സമുദ്രത്തിലെമ്പാടും ഉപ്പാണ്. ഭൂമിയുടെ ഉദരത്തിൽ തിളച്ചുമറിയുന്നതും നല്ല ഉപ്പുള്ള കുഴമ്പാണ്. സമുദ്രത്തിലെ ഉപ്പാണത്രേ സമുദ്രത്തിൻ്റെയും കരയുടെയും ഊഷ്മാവിനെ നിലനിർത്തുന്നതും അനുസ്യൂതമായ സമുദ്രപ്രവാഹങ്ങൾ ഉണ്ടാക്കുന്നതും!

കരയിലെയും സമുദ്രത്തിലെയും ലക്ഷക്കണക്കിന് ജീവി വർഗ്ഗങ്ങളിൽപ്പെടുന്ന (സസ്യങ്ങളൊഴിച്ച്) കോടാനുകോടി ജീവികളുടെ ജീവൽ പ്രക്രിയയെ സാധ്യമാക്കുന്നതും ഉപ്പുതന്നെയാണ് എന്ന് പറയുന്നു!

അതായത് സർവ്വമാന ജന്തുവർഗ്ഗങ്ങളുടെയും ജീവൻ്റെ അടിസ്ഥാനങ്ങളിലൊന്നാണ് "ഉപ്പ് ".


പ്രകാശം ലോകത്തിന് എന്താണ്? പ്രകാശമില്ലെങ്കിൽ ജീവനില്ല എന്നുതന്നെ പറയാം. ജന്തുക്കളെക്കാൾ സസ്യലോകത്തിനാണ് പ്രകാശമാവശ്യം. സസ്യങ്ങളില്ലെങ്കിൽ ജന്തുവർഗ്ഗങ്ങളും ഇല്ലെന്നുതന്നെ വരും. ചുരുക്കിപ്പറഞ്ഞാൽ ഉപ്പിനെക്കാൾ നമ്മുടെ ജീവൻ പ്രകാശത്തെ ആസ്പദിച്ചാണ് നിലകൊള്ളുന്നത്.


പ്രകാശം പുറമേ നിന്ന് വരുന്നതാണ്. ഉപ്പാകട്ടെ ഭൂമിയുടെ ഏറ്റം താഴ്മകളിൽ കുടികൊള്ളുന്നതും. ഭൂമിത്തമാണ് ഉപ്പ്. ആകാശത്തമാണ് പ്രകാശം. ആകാശങ്ങളും ഭൂമിയും സമ്മേളിക്കുമ്പോഴാണ് ജീവൻ. നാം രണ്ടുമാണ്.


ഉപ്പത്തം കെടാത്ത ഉപ്പും പ്രസരിപ്പുള്ള പ്രകാശവും കൂടുതൽ കൂടുതൽ പ്രദാനം ചെയ്യുന്നവരാണ് യഥാർത്ഥ മാനവർ!


bottom of page