മതം നശിക്കട്ടെ


ഇത്തരം മതങ്ങൾ ഇനിയും ലോകത്തിന് വേണ്ടാ.
ആത്മീയതയുടെ ഉണർവ്വിലേക്ക് മനുഷ്യരെ നയിക്കാത്ത, ഏതോ ഭൂതകാലത്തിൽ ഉറഞ്ഞുപോയ ഫോസ്സിൽ മതങ്ങളെ നമുക്കിനി വേണ്ടാ.
അപരവിദ്വേഷവും അന്യമതവിദ്വേഷവും പ്രചരിപ്പിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന ഒരു മതത്തെയും നമുക്കിനി വേണ്ടാ.
അഭിമാനം അഹന്തയായും ഭക്തി മാത്സര്യമായും മാറുന്ന സംക്രമണ സ്ഥാനം ഏതെന്നറിയുന്നില്ലെങ്കിൽ അത്തരം മതങ്ങളും നമുക്കിനി ഉപകരിക്കില്ല.
അന്യമതത്തെയോ സമൂഹത്തെയോ സംസ്‌കാരത്തെയോ കുറിച്ച് അപരനിര്യാതനസുഖം, അല്ലെങ്കിൽ പരക്ലേശസുഖം (shadenfreaude) നിങ്ങൾക്ക് നല്കുന്നത് നിങ്ങളുടെ മതമാണെന്നുവരികിൽ, ചീഞ്ഞളിഞ്ഞ മൃഗത്തിൽ നിന്നെന്ന പോലെ ആ മതത്തിൽനിന്ന് ലോകം ഓടിയകലണം.
നമ്മിലെ ഏറ്റവും സുന്ദരവും സമ്പന്നവുമായതെന്തോ അത് പുറത്തു കൊണ്ടുവരുവാൻ നമ്മെ ഇനിയും പ്രാപ്തരാക്കുന്നില്ലെങ്കിൽ അത്തരം മതങ്ങൾ ഇനിയും ചുമക്കുന്നതിൽ എന്താണർത്ഥം?
















































































































