top of page

പ്രതീക്ഷ

Writer: George Valiapadath Capuchin
George Valiapadath Capuchin
May 29, 2025
1 min read

Updated: Jun 1, 2025

ഇരുപത്തൊന്ന് ദിവസം കഴിഞ്ഞിരിക്കുന്നു, കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടിട്ട്. പതിവുപോലെ അദ്ദേഹം ആന്റി-പോപ്പ് ആണെന്നും, ഉണ്ടാക്കിയെടുക്കപ്പെട്ട പാപ്പായാണെന്നും മറ്റുമുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ പടച്ചുവിടുന്നവർ അങ്ങനെ ചെയ്യുന്നുണ്ട്.


ഫ്രാൻസിസ് പാപ്പായുടെ ഒരു കാർബൺ കോപ്പി നാമാരും ലിയോ പാപ്പായിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അത് സാധ്യവുമല്ല. ഫ്രാൻസിസ് പാപ്പായുടെ മിക്കവാറും എല്ലാ ചെയ്തികളും ഓരോ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് ആയിരുന്നു. ഫ്രാൻസിസ് പാപ്പായെ പോലെ തെക്കേ അമേരിക്കയിൽ ജനിച്ചുവളർന്ന ആളല്ല ലിയോ പാപ്പാ എന്നതുകൊണ്ടും, മറിച്ച്, വടക്കേ അമേരിക്കയിൽ ജനിച്ചു വളർന്ന ആളായതുകൊണ്ടും അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആകും എന്ന് പ്രതീക്ഷിക്കുന്നതിൽ കഴമ്പില്ല. സഭാ നേതൃവൃത്തങ്ങളിൽ ഫ്രാൻസിസ് പാപ്പാ പൊതുവേ അനഭിമതനായിരുന്നു. അത്തരം നിലപാടുകൾ ഉള്ളവർക്ക് കോൺക്ലേവിന് മുമ്പും, അത് നടക്കുമ്പോഴും തങ്ങളുടെ വിശ്വാസങ്ങളും നിരീക്ഷണങ്ങളും കോൺക്ലേവ് അംഗങ്ങളുമായി പങ്കുവെക്കാൻ ആവശ്യത്തിലധികം ഇടം കിട്ടിയിരുന്നു.


എന്നിരുന്നാലും, വോട്ടവകാശം ഉള്ള കോൺക്ലേവ് അംഗങ്ങൾ ഫ്രാൻസിസ് പാപ്പായുടെ സമീപനങ്ങളും മുൻകൈകളും മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം എന്ന നിലപാട് ഉണ്ടായിരുന്നവരായിരുന്നു എന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ, കോൺക്ലേവിന്റെ അനുജ്ഞ സഭയിലെ ഇരുപക്ഷത്തെയും കൂടുതൽ ധ്രുവീകരിക്കാതെ ഒരുമിപ്പിച്ച് കൊണ്ടുപോകണം എന്നായിരുന്നു. അക്കാര്യം കോൺക്ലേവിൽ പങ്കെടുത്ത പല കർദിനാളന്മാരും പറഞ്ഞുകഴിഞ്ഞതാണ്.


എങ്കിലും കഴിഞ്ഞുപോയ മൂന്നാഴ്ച കാലത്ത് ലിയോ പാപ്പാ ആവർത്തിക്കുന്ന പ്രമേയങ്ങളും സൂചനകളും പ്രതീക്ഷ നൽകുന്നവ തന്നെയാണ്. സമാധാനം, ഐക്യം, മിഷനറി ചൈതന്യം, നിർമ്മിത ബുദ്ധി, സിനൊഡാലിറ്റി, സാമൂഹിക നീതി, രണ്ടാം വത്തിക്കാൻ കൗൺസിൽ, നിരായുധീകരണം, യുദ്ധങ്ങൾ ഒഴിവായ ലോകം, പരിസ്ഥിതി സംരക്ഷണം, ജീവന്റെ മഹത്ത്വം, എന്നിവയെല്ലാം അദ്ദേഹത്തിൽനിന്ന് പലപ്പോഴായി ഒന്നിലധികം തവണ ലോകം കേട്ടു. സഹാനുഭൂതി എന്നത് ഒരു ആത്മീയ മൂല്യം എന്നതിനേക്കാൾ ഒരു സാർവ്വലൗകിക മാനവികമൂല്യമാണ് എന്നുപോലും അദ്ദേഹം പറയുകയുണ്ടായി.


അദ്ദേഹം താമസിക്കുന്നത് അതിഥി മന്ദിരമായ സാന്താ മാർത്തായിലാണോ, അതോ കൂടുതൽ പുരാതനമായ പേപ്പൽ അരമനയിലാണോ എന്നത് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റിനപ്പുറം വലിയ കഥയുള്ള കാര്യമല്ല. കാരണം, അദ്ദേഹം അവിടെ താമസിച്ചില്ലെങ്കിൽ പോലും, അവിടം അറ്റകുറ്റപ്പണികൾ ചെയ്യുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടതായിട്ടുണ്ടല്ലോ. മറ്റാർക്കും ആ മുറികളിൽ താമസിക്കാൻ അനുവാദം ലഭിക്കുകയുമില്ല. കൂടുതൽ പ്രായോഗികമായി ചിന്തിക്കുമ്പോൾ പേപ്പൽ അരമനയിൽ കഴിയുന്നതു തന്നെയാണ് ഒരുപക്ഷേ ചെലവ് കുറയ്ക്കാനുള്ള മാർഗവും.


മാധ്യമ റിപ്പോർട്ടുകൾ വിലപ്പെട്ടവ തന്നെയാണെങ്കിൽ പോലും, ഏറെ മാധ്യമശ്രദ്ധ ഇല്ലെങ്കിലും അത് അത്ര വലിയ പ്രശ്നമാകുന്നില്ല. കൃത്യമായ നിലപാടുകളോടെ കൂടുതൽ ഒരുമയോടെ മുന്നോട്ടുപോകാൻ കഴിയുക എന്നത് തന്നെയാണ് പ്രധാനം.

bottom of page