സാത്മീകരണം


സോഷ്യൽ മീഡിയയുടെ വരവോടുകൂടിയാണ് ലോകമെമ്പാടും പോപ്പുലിസ്റ്റ് ഭരണാധികാരികൾ ഉണ്ടായിവന്നത് എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
സോഷ്യൽ മീഡിയ ആണ് അത്തരമൊരു കാര്യം നിർമ്മിച്ചത് എന്നല്ല ഈ പറഞ്ഞതിന്റെ സാരം. തീർച്ചയായും സോഷ്യൽ മീഡിയയുടെ സ്വാധീനം അക്കാര്യത്തിൽ നിർണായകമാകുന്നുണ്ട് എന്ന് മാത്രമാണ്.
സത്യത്തിൽ സോഷ്യൽ മീഡിയ നിർമ്മിക്കുന്നത് വീരന്മാരെയാണ്. വീരാരാധനയും താരാരാധനയും മുമ്പില്ലാത്തത്രയും നാമിപ്പോൾ കാണുന്നില്ലേ? ചില സമ്പന്നരും ചില സെലബ്രിറ്റികളും ചുരുക്കം ചില ദരിദ്രരും താരങ്ങളും വീരന്മാരും ആയി രംഗപ്രവേശം ചെയ്യുന്നുണ്ട്.
വലിയ സാമ്പത്തിക ശക്തികൾക്ക് ചില പ്രത്യയശാസ്ത്ര താല്പര്യങ്ങളുണ്ട്. അത് പ്രാബല്യത്തിൽ എത്തിക്കുന്നതിനായി അവർ തീവ്ര വലതുപക്ഷ രാഷ്ട്രീയ കക്ഷികളെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ പ്രത്യയശാസ്ത്രത്തെ, അവർക്കുമാത്രം സാധിക്കുന്ന തരത്തിൽ മറ്റുചില ഘടകങ്ങളുടെ ചേരുവകകൾ കൂടി കൂട്ടിച്ചേർത്ത് ഒരു പാക്കേജ് ആക്കി ജനത്തിന് മുമ്പിൽ അവതരിപ്പിക്കും. അതിനുപോലും ജനങ്ങൾക്കിടയിൽ വേരോട്ടം ഉണ്ടാകണമെങ്കിൽ സമയമെടുക്കും. മനുഷ്യർ ഇപ്പോഴും സാമൂഹിക ജീവികൾ തന്നെയാണ്. ദൃശ്യശ്രാവ്യ മാധ്യമങ്ങൾക്ക് വലിയ പണച്ചെലവുണ്ട്. മാത്രമല്ല വലിയ പണം ഇറക്കിയാലും ജന മനസ്സുകളിൽ അവ വഴിയുള്ള സ്വാധീനം തുലോം ശുഷ്‌കമാണ്. അച്ചടി മാധ്യമങ്ങൾക്ക് അത്ര തന്നെ പണച്ചെലവില്ല. സ്വാധീനങ്ങളുടെ കാര്യത്തിൽ ജനം അവയെയും ഏതാണ്ട് അവഗണിക്കുകയാണ്. എന്നാൽ, സോഷ്യൽ മീഡിയക്ക് താരതമ്യേന സ്വാധീനശേഷി കൂടുതലാണ്. അവയ്ക്കാവട്ടെ കുറഞ്ഞ പണച്ചെലവേയുള്ളൂ. അക്കാരണത്താലാണ് വൻകിട രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ ആശയ പ്രചരണത്തിനായി സോഷ്യൽ മീഡിയയിലെ കോണ്ടൻ്റ് ക്രിയേറ്റേഴ്സിനെയും പ്രതികരണ തൊഴിലാളികളെയും കൂലിക്ക് വെക്കുന്നത്.
അക്ഷരാർത്ഥത്തിൽ കൂലിക്കാരായ ഈ സൈബർ വാറിയേഴ്സ് നെഗറ്റീവ് റിയാക്‌ഷൻ വഴിയും പോസിറ്റീവ് ആക്‌ഷൻ വഴിയും സോഷ്യൽ മീഡിയയിൽ പ്രളയം സൃഷ്ടിക്കുന്നു. അങ്ങനെ അവർ ചെയ്യുന്ന വളരെ ഫലവത്തായ ഒരു കാര്യം വീരന്മാരെയും താരങ്ങളെയും സൃഷ്ടിക്കുക എന്നതാണ്. കൊറിയോഗ്രാഫ്‌ഡ് ആയിട്ടുള്ള റിയാലിറ്റി വീഡിയോകൾ വഴിയും പ്രൊപ്പഗാൻ്റ കുറിപ്പുകളും വീഡിയോകളും വഴിയും അവർ സോഷ്യൽ മീഡിയയിൽ നിഷ്കപടമായ വിധത്തിൽ കൊണ്ടൻ്റുകൾ പറത്തിവിടുന്നു. സംശയമേതുമില്ലാതെ പത്തുപേർ നൂറുപേരിലേക്കും നൂറ് പതിനായിരത്തിലേക്കും അതിനെ സംക്രമിപ്പിക്കുന്നു. സമൂഹത്തിൽ നല്ലൊരു വിഭാഗം അവരെ വീരന്മാരും താരങ്ങളും ആയി അംഗീകരിച്ചുകഴിഞ്ഞാൽ പതുക്കെ പാവകളി ആരംഭിക്കുകയായി. വേറെ കുറെപ്പേർ നിർമ്മിച്ച് നമ്മളെ തെറ്റിദ്ധരിപ്പിച്ച പാവകളായിരുന്നു നമ്മുടെ മനസ്സിലെ വീരന്മാരും താരങ്ങളും എന്നത് പലപ്പോഴും നാം തിരിച്ചറിയില്ല. ഒരു വീരനോടോ ഒരു താരത്തോടോ ആരാധനാ ഭാവത്തിലേക്ക് നാം എത്തിക്കഴിഞ്ഞാൽ അവിടെനിന്ന് പെട്ടെന്ന് അവരെ ഇട്ടെറിഞ്ഞ് പോരാൻ നമുക്ക് ആവുകയുമില്ല. കാരണം, വിർച്വൽ ആയ ഭാവനാ ലോകത്തിൽ നാമവരുടെ അടിമകളാണ്. അവർ ആക്രമിക്കുന്നവർ നമ്മുടെയും ശത്രുക്കളാണ്. അതിനാൽ അവർ ആക്രമിക്കുന്നവരെയും അവരെ ആക്രമിക്കുന്നവരെയും നാമും ആക്രമിക്കും. നാം അവർക്ക് സംരക്ഷണ കവചം ഒരുക്കും. കാരണം നാം അവരുടെ ഭാഗമാണ്!
















































































































