top of page

ജീവൻ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • May 19
  • 1 min read
പാറപ്പടികളിലെ വിള്ളലിൽ നിന്ന് വിരിഞ്ഞ പിങ്ക് പൂവ്; life finds a way എന്ന വാചകം, പ്രത്യാശാഭാവം.

യുഎസ്സിലെ ancescry.com ഉം സമാനമായ ഉപഭോക്തൃകേന്ദ്രീകൃത വംശാവലി വ്യവസായവും, മനസ്സിൻ്റെ തുറവിയും സാമൂഹികമായ സഹാനുഭൂതിയും ശക്തമായി പുനർനിർമ്മിക്കാൻ കോർപ്പറേറ്റ് സംരംഭങ്ങൾക്ക് എങ്ങനെ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണ് എന്നാണ് ഞാൻ കരുതുന്നത്. ജനിതകശാസ്ത്രത്തെ ജനകീയവൽക്കരിക്കുന്നതിലൂടെയും, ചരിത്രപരമായ ആർക്കൈവിംഗിലൂടെയും, ദശലക്ഷക്കണക്കിന് അമേരിക്കക്കാരിൽ വംശീയത, സ്വത്വം, അന്യത്വം എന്നിവയുടെ ഇടുങ്ങിയ സാമൂഹിക സങ്കല്പങ്ങളെ തച്ചുടക്കാൻ ഈ വ്യവസായം നിമിത്തമായിട്ടുണ്ട്.


തങ്ങളുടെ സ്വത്വത്തെക്കുറിച്ച് ഇടുങ്ങിയതും വംശീയവുമായ വീക്ഷണങ്ങൾ വച്ചുപുലർത്തിയിരുന്ന ആളുകൾ സ്വന്തം DNA ടെസ്‌റ്റിങ് നടത്തുമ്പോൾ ലഭ്യമാകുന്ന ജനിതക ഡാറ്റ തങ്ങളുടെ മിശ്രിതമായ ആഗോള പൈതൃകം വെളിച്ചെടുത്തുന്നു എന്ന് തിരിച്ചറിയുന്നു. തങ്ങളാണ് എന്ന് തങ്ങൾ കരുതിയിരുന്ന 'ശുദ്ധ ജീവി' തങ്ങൾ അല്ല എന്ന് ആളുകൾ തരിച്ചറിയുന്നു. ശാസ്‌ത്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ചില ലേഖനങ്ങൾ അനുസരിച്ചാണെങ്കിൽ, കുടുംബവൃക്ഷങ്ങളുടെ തായ്‌വേരുകൾ കണ്ടെത്തുന്നതോടെ "ചരിത്രപരമായ സഹാനുഭൂതി" അവരിൽ വളർത്തുന്നുണ്ട്. അതോടെ തങ്ങളുടെ പൂർവ്വികർ കടന്നുപോയ കഷ്ടപ്പാടുകളുടെ സൂക്ഷ്മമായ നാരേറ്റീവുകൾ അവർ പുനർനിർമ്മിക്കുന്നു. അഞ്ച് തലമുറ മുമ്പ് തങ്ങളുടെ പൂർവ്വികർ ക്ഷാമത്തെയോ വ്യവസ്ഥാപിതമായ അടിച്ചമർത്തലിനെയോ അതിജീവിച്ചിരുന്നു; അഥവാ ആറു തലമുറ മുമ്പ് മാത്രമാണ് തങ്ങൾ കുടിയേറിയത് - എന്നിങ്ങനെയുള്ള തിരിച്ചറിവുകൾ, സമകാലിക സാഹചര്യത്തിൽ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോട് സഹാനുഭൂതിയുള്ളവരാകുവാൻ അവരെ പ്രേരിപ്പിക്കുന്നു.


കേരളത്തിലിപ്പോൾ ചരിത്രത്തിന്റെ പുനർവായനയിൽ താൽപ്പര്യം വർദ്ധിച്ചുവരുന്നത് കാണാൻ കഴിയുന്നുണ്ട്. നിരവധി യുവ ചരിത്രകാർ വളരെയേറെ ശ്രദ്ധിക്കപ്പെടുന്ന ജനപ്രിയ സെലിബ്രിറ്റികളായി മാറിയിട്ടുണ്ട്. ചരിത്രത്തിന്റെ പ്രബലമായ ആഖ്യാനം പൊളിച്ചെഴുതപ്പെടുകയും ചരിത്രത്തിന്റെ ഒരു കീഴാള വായന, അല്ലെങ്കിൽ ചരിത്രത്തിന്റെ പുനർനിർമ്മിതി നടക്കുകയുമാണ്. ഇത് പലരെയും അവരുടെ കുടുസ്സായ മാനസികാവസ്ഥയിൽ നിന്നും തെറ്റായി അവർ സ്വയം നിർമ്മിച്ച 'സ്വത്വ'ത്തിൽ നിന്നും പുറത്തുവരാനും ദീർഘകാലമായി അവർ പുലർത്തിപ്പോന്ന 'അന്യത്വ'ങ്ങളിലേക്ക് കൂടുതൽ തുറന്ന മനസ്സുള്ളവരാകാനും സഹായിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്.


"ജീവൻ, ഒരു വഴി കണ്ടെത്തുന്നു!"


bottom of page