സ്വാതന്ത്ര്യം


ഹെബ്രായ ജനതയ്ക്ക് എന്നാണ് കല്പനകൾ ലഭിക്കുന്നത്? ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് വിമോചിപ്പിക്കപ്പെട്ട് സീനായ് മലയിൽ എത്തുമ്പോഴാണ് പത്ത് കൽപ്പനകൾ അവർക്ക് നൽകപ്പെടുന്നത്. അടിമത്തത്തിൽ കഴിഞ്ഞ ജനമായിരുന്നു അവർ. വിശ്രമമില്ലാതെ, കഠിനമായി പണിയെടുപ്പിക്കപ്പെട്ട ജനത. എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യവും വിശ്രമവും ആവശ്യമാണ്. അവ എല്ലാവരുടെയും അവകാശമാണ്. അത്തരം ഒരു അവകാശ പ്രഖ്യാപനം ആയിരുന്നു പത്ത് കല്പനകൾ. കർത്താവിൻ്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. അന്നേദിവസം ഏവരും എല്ലാവിധ ജോലികളിൽ നിന്നും വിരമിക്കണം. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് എല്ലാവരും വിശ്രമിക്കണം. അക്കാര്യത്തിൽ ഒഴികഴിവില്ല. അടുക്കളയിൽ പാചകം ചെയ്യുന്നതൊന്നും അധ്വാനമായി അടുത്ത കാലം വരെ കണക്കാക്കിയിരുന്നില്ല. എന്നാൽ, സാബത്ത് നിയമം അനുസരിച്ച് സ്ത്രീകൾപോലും അന്നേദിവസം പാചകം ചെയ്യാതെ വിശ്രമിക്കാൻ പ്രസ്തുത കല്പന ഇടം നൽകിയിരുന്നു. ചുരുക്കത്തിൽ, സാബത്ത് എന്നത് ഒരേസമയം സ്വാതന്ത്ര്യവും വിശ്രമവും, ആറു ദിവസത്തെ ഒരാളുടെ അധ്വാനത്തെയും ജീവിതത്തെയും ദൈവത്തിൻ്റെ സൃഷ്ടി കർമ്മവുമായി കൂട്ടിച്ചേർക്കുക വഴി ദൈവികമാക്കി മൂല്യം നൽകുന്ന വിശുദ്ധ ദിനവും ആയിരുന്നു.
പ്രാർത്ഥനാ വേളയിൽ പൂച്ചയെ കെട്ടിയിടുന്ന കഥയിലേതുപോലെ, മേല്പറഞ്ഞ ബോധ്യങ്ങൾ നഷ്ടപ്പെട്ട്, സാബത്ത് കണിശതയാർന്ന നിയമാനുഷ്ഠാനമായി മാറിപ്പോയിരുന്നു, യേശുവിൻ്റെ കാലത്ത്.
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരല്പം വിശദീകരണം ആവശ്യമുണ്ട്. എന്താണ് സ്വാതന്ത്ര്യം? ബാഹ്യമായ നിയന്ത്രണങ്ങളും നിർബന്ധങ്ങളും മുടക്കുകളും ഇല്ലാതെ പറയാനും പ്രവർത്തിക്കാനും ആരാധിക്കാനും തീരുമാനങ്ങൾ എടുക്കാനും ഉള്ള കഴിവും അവകാശവുമാണ് സ്വാതന്ത്ര്യം. കൂടുതൽ വിശദമാക്കിയാൽ, തന്റെയും മറ്റുള്ളവരുടെയും സമൂഹത്തിൻ്റെയും പൂർണ്ണതയിലേക്കുള്ള പ്രയാണ സാധ്യതയാണത്. നേരെ തിരിച്ചായാൽ അത് ദുസ്വാതന്ത്ര്യമാകും. കുറ്റകരവും ആകും. മറ്റൊരാളെ കൊല്ലുന്നതോ അയാൾക്ക് ദോഷം വരുത്തുന്നതോ സ്വാതന്ത്ര്യമാവില്ല. തന്നെത്തന്നെ നശിപ്പിക്കുന്നതുപോലും സ്വാതന്ത്ര്യമാവില്ല.
സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിലാണ് സാബത്തിനെക്കുറിച്ചുള്ള യേശുവിൻ്റെ പ്രസിദ്ധമായ ചോദ്യം സ്വാർത്ഥകമാകുന്നത്. "സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണ് നിയമാനുസൃതം?" (Mk.3:3)
സാബത്തിൽ ഒന്നും ചെയ്തുകൂടാ എന്നാല്ലോ നിയമം. അതിനാൽ ഈ ചോദ്യം അപ്രസക്തമല്ലേ എന്നാണ് പൊതുവേ എല്ലാവരും ഉള്ളിൽ കരുതുക. എന്നാൽ, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യമാണത് എന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. ഒരു സ്വാതന്ത്ര്യം ഉദ്ദേശിച്ച് ഉള്ളതാണ് നിയമമെങ്കിൽ, തിന്മ ചെയ്യുന്നത് സ്വാതന്ത്ര്യം ആവില്ല; ജീവൻ നശിപ്പിക്കുന്നതും സ്വാതന്ത്ര്യമാവില്ല. അതിനാൽത്തന്നെ അവ നിയമാനുസൃതവും ആവില്ല. സ്വാഭാവികമായും നന്മ ചെയ്യുന്നതും ജീവൻ രക്ഷിക്കുന്നതും മാത്രമാവും നിയമാനുസൃതം.
അടിസ്ഥാനപരമായി നോമ്പുകാലം ഇത്തരം സ്വാതന്ത്ര്യത്തിലേക്കുള്ള വളർച്ചയുടെ കാലമാണ് എന്നത് മറന്നുകൂടാത്തതാണ്.

















































































































