top of page

ഭാവങ്ങൾ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jun 18
  • 2 min read
smilies

"അധികാരമോ വേഗതയോ കാര്യക്ഷമതയോ കൊണ്ടല്ല, പ്രത്യുത, തുറവോടെ ശ്രവിക്കാനും ജ്ഞാനം തേടാനും വിഭജനങ്ങൾക്ക് ഉപരിയായി ഐക്യം തെരഞ്ഞെടുക്കാനും, അങ്ങനെ മറ്റുള്ളവരുമായി കൂട്ടായ്മയിൽ ജീവിക്കുന്നതിനുമുള്ള നമ്മുടെ കഴിവിൻ്റെ അടിസ്ഥാനത്തിലാവണം യഥാർത്ഥ മാനവവികാസം അളക്കപ്പെടേണ്ടത് " എന്ന 'സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ കംപെൻ്റിയും' എന്ന പ്രസിദ്ധീകരണത്തിലെ വി. ജോൺ പോൾ രണ്ടാമൻ്റെ ഉദ്ധരണി ലിയോ പാപ്പാ തൻ്റെ മാഞ്ഞിഫിക്ക ഹ്യുമാനിതാസ് എന്ന ചാക്രികലേഖനത്തിൽ എടുത്തു പറയുന്നുണ്ട്.


നമ്മുടെ കാലം നമ്മോട് പേർത്തും പേർത്തും പറഞ്ഞു കൊണ്ടിരിക്കുന്നതിൽനിന്നും തീർത്തും വ്യത്യസ്‌തമാണല്ലോ അത്. വ്യക്തിഗത സ്വാതന്ത്ര്യം, അധികാരം, വേഗത, കാര്യക്ഷമത എന്ന മന്ത്രമല്ലേ നമ്മുടെ കാലവും നമ്മുടെ ലോകവും നമ്മോട് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്? എന്നാൽ, പാപ്പാ നിരത്തുന്ന ഭാവങ്ങളിൽ മൂന്നുകാര്യങ്ങൾക്കാണ് ഊന്നൽ എന്ന് ശ്രദ്ധിക്കണം. "തുറവോടെ ശ്രവിക്കുക" എന്നതാണ് ആദ്യത്തേത്. "തുറവോടുള്ള ശ്രവണം" എന്നത് സ്വീകരിക്കാനും ഉൾക്കൊളളാനും സ്വയം നവീകരിക്കാനുമുള്ള ഇച്ഛാശക്തി ഉൾക്കൊളളുന്നുണ്ട്. നാമാരും പൂർണ്ണരല്ല എന്നതാണ് അതിന്റെ അടിസ്ഥാന പ്രമാണം. മറ്റുള്ളവരോടുള്ള ആദരവും തങ്ങളിൽത്തന്നെയുള്ള എളിമയും ആ ഒരൊറ്റ ഘടകം സുചിതമാക്കുന്നുണ്ട്.


വിവരം തേടലോ വിജ്ഞാനം തേടലോ അല്ല "ജ്ഞാനം തേടൽ". എന്താവാം "ജ്ഞാനം തേടൽ"? തൊലിപ്പുറമേയുള്ള കാഴ്ചകളെ അവഗണിച്ചുകൊണ്ട് ഉള്ളിലേക്ക് പ്രവേശിക്കലാണ് 'ജ്ഞാനം തേടൽ'. പുറമേക്ക് കാണാവുന്നതും, വളരെ സത്യബോധ്യം നല്കുന്നതും യാഥാർത്ഥ്യമായി അനുഭവപ്പെടുന്നതും ക്ഷിപ്രമായ വിധി പ്രസ്താവങ്ങളിലേക്ക് ഒരാളെ എത്തിച്ചേർക്കാവുന്നതുമായ ഡാറ്റകളിന്മേൽ കാൽതടഞ്ഞാണ് വിവരമുള്ളവരും വിജ്ഞാനികളും ആയ ഒത്തിരി മനുഷ്യരും വീണുപോകുന്നത്. അങ്ങനെ സംഭവിക്കാതിരിക്കണം എന്നുണ്ടെങ്കിൽ, ഭാരതീയ ദാർശനികർ പറയുന്നതുപോലെ, കാര്യങ്ങളുടെയും പ്രശ്‌നങ്ങളുടെയും "നാമരൂപങ്ങൾക്ക് അപ്പുറം" പോകേണ്ടതായിവരും. അങ്ങനെ യാഥാർത്ഥ്യത്തിൻ്റെ ഉള്ളിലേക്ക് പോകുന്നതിനെത്തന്നെയാണ് "ജ്ഞാനം തേടൽ" എന്ന് ബൈബിൾ വിളിക്കുന്നതും. എത്രതന്നെ അറിവുണ്ടെങ്കിലും ഒരാൾക്ക് അതിന് കഴിഞ്ഞെന്നു വരില്ല. അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് "പിതാവേ, വിജ്ഞാനികളിൽ നിന്നും വിവേകികളിൽ നിന്നും മറച്ചുവച്ച് നീ ഇക്കാര്യങ്ങൾ ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനെയോർത്ത് ഞാൻ നിന്നെ സ്തുതിക്കുന്നു" എന്ന് യേശു വിളിച്ചുപറയുന്നത്?


"വിഭജനങ്ങൾക്ക് ഉപരിയായി ഐക്യം തെരഞ്ഞെടുക്കുക" എന്നതാണ് മൂന്നാമത്തെ ഘടകം. വിഭജിതമാണ് നഗ്‌ന യാഥാർത്ഥ്യം. ആണും പെണ്ണും തമ്മിൽ വിഭജനമില്ലെന്ന് ആർക്ക് വിശ്വസിക്കാൻ കഴിയും? കറുത്തവർക്കും വെള്ളക്കാർക്കുമിടയിൽ വിഭജനമില്ലെന്ന് ആരെങ്കിലും കരുതുമോ? ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും തമ്മിൽ വ്യത്യാസമില്ലെന്ന് ആരെങ്കിലും കരുതുമോ? നമ്മുടെ സർവ്വ വൈജ്ഞാനിക മാർഗ്ഗങ്ങളും, ശാസ്‌ത്രം പോലും വ്യവഛേദങ്ങളുടെയും വേർതിരിവുകളുടെയും അടിസ്ഥാനത്തിൽ ഉളളതാണല്ലോ! വ്യത്യാസങ്ങൾ വേർതിരിക്കുന്നു. നൂറുകാര്യങ്ങളിൽ സമാനതകളും യോജിപ്പും ഉള്ളപ്പോഴും ഒരു ഘടകം വ്യത്യസ്‌തമായിരുന്നാൽ വ്യത്യസ്‌തമായാണ് നാം തിരിച്ചറിയുക. തേറ്റ വളർന്ന ആണാനയെ കൊമ്പനാന എന്നും തേറ്റ വളരാത്ത ആണാനയെ മോഴ എന്നും നാം വേർതിരിച്ച് വിളിക്കും!


വിഭജനങ്ങൾക്ക് ഉപരിയായി ഐക്യത്തെ പുണരുക എന്നത് ഒരു തെരഞ്ഞെടുപ്പാണ്. ഒരാൾ ബോധപൂർവ്വം നടത്തേണ്ട ഒന്ന്. സ്‌നേഹം ഒരു തെരഞ്ഞെടുപ്പ് ആയിരിക്കുന്നത് പോലെത്തന്നെ. ബാഹ്യമായ കാരണങ്ങൾ വച്ചുനോക്കിയാൽ നമുക്ക് സ്നേഹിക്കാനേ ആവില്ല. അതുപോലെ തന്നെയാണ് ഐക്യത്തിന്റെ കാര്യവും. ബാഹ്യമായ കാരണങ്ങൾ വച്ചു നോക്കിയാൽ ഐക്യത്തിൽ ആവാനേ കഴിയില്ല. അങ്ങനെ ചെയ്യുന്നതിന് വളരെ സവിശേഷമായ ഒരു ബുദ്ധി (quotient) ആവശ്യമുണ്ട്. എല്ലാവർക്കും അത് ലഭിച്ചെന്നും വരില്ല. അതിനായി പരിശ്രമിക്കുകയും, സാധ്യമായ ഇടങ്ങളിലെല്ലാം വിഭജിക്കുന്ന ഘടകങ്ങൾക്ക് ഉപരിയായി ഐക്യപ്പെടുത്തുന്നവയെ തിരഞ്ഞെടുക്കുകയും ചെയ്യുക എന്നത് മാത്രമാണ് കരണീയം.

bottom of page