top of page

സെനക്കിൾ

4 days ago

3 min read

George Valiapadath Capuchin

ഇക്കാലത്ത് നമ്മൾ ബിബ്ലിക്കൽ നാടുകൾ സന്ദർശിക്കുമ്പോൾ കത്തോലിക്കാ സഭയുടെയോ ഓർത്തഡോക്സ് സഭകളുടെയോ സ്വാധീനത്തിലിരിക്കുന്നതായി എന്തുമാത്രം സ്മാരകയിടങ്ങളാണ്! യേശു അഷ്ടഭാഗ്യങ്ങൾ പ്രസംഗിച്ചയിടം, അപ്പം വർദ്ധിപ്പിച്ചയിടം, യേശു കരഞ്ഞയിടം, ജനിച്ചയിടം, വളർന്നയിടം, മരിച്ചയിടം, അടക്കപ്പെട്ടതും ഉത്ഥാനം ചെയ്തതുമായ ഇടം, സ്വർഗ്ഗാരോഹണം ചെയ്തയിടം, പ്രത്യക്ഷപ്പെട്ട് പ്രാതൽ ഒരുക്കിയയിടം, അമ്മ മറിയം ജനിച്ചയിടം, മംഗളവാർത്ത കേട്ടയിടം, മരിച്ചയിടം, അടക്കപ്പെട്ടയിടം, സ്നാപകൻ ജനിച്ചയിടം, സ്നാനം നല്കിയ ഇടം, എന്നിങ്ങനെ എല്ലായിടത്തും പുരാതന കാലം തൊട്ട് ഉണ്ടായിരുന്നതും പുതുക്കി പണിയപ്പെട്ടതുമായ ദേവാലയങ്ങളോ ആശ്രമങ്ങളോ സ്മാരകങ്ങളോ ഉണ്ട്.


യേശുവിൻ്റെ ശിഷ്യരായ അപ്പസ്തോലന്മാർ ഏറ്റവുമധികം ഇടപഴകിയിട്ടുണ്ടായിരിക്കാവുന്ന- ക്രിസ്തീയ സ്മരണാഗൃഹങ്ങളിൽ അതീവ പ്രാധാന്യമുണ്ടായിരിക്കേണ്ട ഒരു സ്ഥലം മാത്രം ഇന്നും ഒരു ദേവാലയം ഇല്ലാതെ, അഥവാ ദേവാലയം ആയല്ലാതെ കാണപ്പെടും. മേല്പറഞ്ഞയിടങ്ങൾ സന്ദർശിക്കുന്നവരെ പരിഭ്രമിപ്പിക്കും അത്തരമൊരു അസാന്നിധ്യം. യേശുവും ശിഷ്യർ മിക്കവരും ഗാലീലേയരായിരുന്നല്ലോ. പലനാളുകൾ യാത്ര ചെയ്താണ് ഓരോ വർഷവും പല തവണ അവർ ഓരോരോ തിരുനാളുകൾക്കായി ജറൂസലേമിൽ എത്തിക്കൊണ്ടിരുന്നത്. അവർ പ്രായേണ ദരിദ്രരുമായിരുന്നു. ജറൂസലേമിൽ അഥവാ നഗര കവാടത്തിന് തൊട്ടുവെളിയിൽ അവർ കൂടിച്ചേർന്നതായും പാർത്തതായും പറയുന്നത് യേശുവിൻ്റെ മരണത്തിന് തൊട്ടുമുമ്പും അതിനുശേഷം കുറേ നാളുകൾ കൂടിയായിരുന്നു.


തന്നെ പിൻചെന്നവരോടൊപ്പം യേശു അന്ത്യഅത്താഴം / പെസഹാ ഭക്ഷിക്കാനായി ഒരുമിച്ചുകൂടിയതും (വിശുദ്ധ കുർബാന സ്ഥാപിച്ചത്) ശിഷ്യരുടെ പാദങ്ങൾ കഴുകിയതും, സുദീർഘമായ അന്ത്യോപദേശങ്ങൾ നല്കിയതും, അതിനു ശേഷവും ശിഷ്യരെല്ലാം യഹൂദരെ ഭയന്ന് കതകടച്ച് കഴിഞ്ഞതും, ഉത്ഥിതനായ ക്രിസ്തു പല തവണ ശിഷ്യർക്ക് പ്രത്യക്ഷനായതും, സ്വർഗ്ഗാരോഹണത്തിന് സാക്ഷ്യം വഹിച്ചതിനു ശേഷം വീണ്ടും പന്തക്കുസ്താവരെ ശിഷ്യരും പരിശുദ്ധ അമ്മയും മറ്റും ഒരുമിച്ച് കഴിഞ്ഞതും പരിശുദ്ധാത്മാവ് അവരുടെയെല്ലാം മേൽ ആവസിച്ചതും അതിനു ശേഷവും കുറേനാൾ കഴിഞ്ഞതും യൂദാസിനു പകരം മത്തിയാസ് എന്ന അപ്പസ്തോലനെ കുറിയിട്ട് തെരഞ്ഞെടുത്തതും മറ്റുമായ "സെനക്കിൾ" എന്നറിയപ്പെടുന്ന 'മേലേമുറി' യെക്കുറിച്ചാണ് പറയുന്നത്. ലത്തീനിൽ വിരുന്ന് / അത്താഴം എന്നതിനുള്ള പദം 'ചേന' (cena) എന്നാണ്. 'ഉൾതിമ ചേന' എന്നാൽ അന്ത്യ അത്താഴം. Cenaculum ചേനകുളും എന്നാൽ അത്താഴ മുറി അല്ലെങ്കിൽ വിരുന്നുശാല. അതിൽ നിന്നാണ് സെനക്കിൾ (Cenacle) എന്ന അംഗലപദം ഉണ്ടാകുന്നത്. മലയാളത്തിൽ നാം 'സെഹിയോൻ മാളിക' എന്നാണ് ഉപയോഗിക്കാറ്. സെഹിയോനിലെ മേലേ മുറി അല്ലെങ്കിൽ മാളിക മുറി എന്നും പറയാം. സീയോൻ മലയിലെ പഴയ ജെറൂസലേമിൻ്റെ സെഹിയോൻ കവാടം (Zion Gate) നോട് ചേർന്നാണ് മേല്പറഞ്ഞ കെട്ടിടം നിലനിന്നത്.


യേശുവിൻ്റെ കാലത്ത് അതൊരു സിനഗോഗ് ആയിരുന്നെന്ന് പറയപ്പെടുന്നു. ഒരുപക്ഷേ പ്രസ്തുത സിനഗോഗധികാരി യേശുവിൽ വിശ്വസിച്ച ഒരു ശിഷ്യൻ ആയിരുന്നിരിക്കാം. അതുകൊണ്ടായിരിക്കാം കെട്ടിടത്തിന്റെ മുകൾതട്ട് യേശുവിനും ശിഷ്യർക്കുമായി അദ്ദേഹം ഉപയോഗത്തിന് നൽകിയത്. ഏതായാലും CE 70 -ൽ റോമാ ചക്രവർത്തിയായിരുന്ന ടൈറ്റസിൻ്റെ കല്പനയാൽ ജറൂസലേം ദേവാലയവും യാഹൂദികമായ സർവ്വതും നശിപ്പിക്കപ്പെട്ടു. യഹൂദർ മിക്കവരും പല ദിക്കുകളിലേക്ക് പലായനം ചെയ്തു. റോമാ ചക്രവർത്തിയായിരുന്ന ഹേഡ്രിയൻ CE 135 -ൽ എല്ലാ യഹൂദ - ക്രൈസ്തവ വിശുദ്ധയിടങ്ങളും നിലംപരിശാക്കി അവിടങ്ങളിൽ റോമൻ ദേവതകളുടെ ക്ഷേത്രങ്ങൾ പടുത്തുയർത്തി. വിഖ്യാതമായ ജറൂസലേം ദേവാലയം സ്ഥിതിചെയ്ത സ്ഥലം നികത്തി അവിടെ ജൂപ്പിറ്റർ ദേവനും മിനർവ്വ ദേവതക്കുമായി ഒരു ക്ഷേത്രം നിർമ്മിച്ചു. ക്രിസ്ത്യാനികൾ കാൽവരിക്കുന്നും അതിനു ചുവടെ അതിപരിശുദ്ധമായ തിരുവുത്ഥാനക്കല്ലറയും സന്ദർശിച്ച് പ്രാർത്ഥിക്കുന്നതറിഞ്ഞ് അവിടം നികത്തി ആഫ്രോഡിറ്റ് ദേവതക്ക് ഒരു ക്ഷേത്രവും അദ്ദേഹം പണിതു.


കോൺസ്റ്റൻ്റൈൻ ചക്രവർത്തി CE 313 -ലെ തൻ്റെ മിലാൻ വിളംബരത്തിലൂടെ ക്രിസ്തുമതത്തെ നിയമവിരുദ്ധമല്ലാതാക്കി. അദ്ദേഹമാണ് പരിശുദ്ധ കല്ലറക്കുമുകളിലെ ആഫ്രോഡിറ്റിൻ്റെ ക്ഷേത്രം മാറ്റിയിട്ട് അവിടെ ക്രൈസ്തവ ദേവാലയം പണിയിക്കുന്നത്. താമസിയാതെ നാലാം നൂറ്റാണ്ടിൽത്തന്നെയാവണം ബൈസൻ്റൈൻ രീതിയിൽ 'ഹാഗിയ സീയോൻ' എന്നൊരു ദേവാലയം സീയോൻ സിനഗോഗ് നിലകൊണ്ട സ്ഥലത്ത് പണികഴിക്കപ്പെടുന്നത്.


ചിത്രം: സെനക്ക്ൾ ദേവാലയം CE 550 ൽ വിരചിതമായ മാഡബ മാപ്പിൽ


സെനക്ക്ൾ പിന്നീട് CE 614 -ൽ പേർഷ്യൻ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടെങ്കിലും ജെറൂസലേമിലെ പേട്രിയാർക്ക് ആയിരുന്ന വി. മൊദേസ്തൂസിൻ്റെ കാലത്ത് (632 - 634) പുനർനിർമ്മിക്കപ്പെട്ടതായാണ് പറയപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടുവരെ ലോകമെമ്പാടും അങ്ങനെതന്നെയായിരുന്നല്ലോ കാര്യങ്ങൾ. ആര് ഒരു നാട് പിടിച്ചടക്കുന്നോ, അവരുടേതായി മാറുകയായിരുന്നു എല്ലാം. ജറൂസലേം ദേവാലത്തിൻ്റെ സ്ഥാനത്ത് 135 -ൽ റോമാ ചക്രവർത്തി പണിത ജൂപ്പിറ്റർ ദേവൻ്റെ ക്ഷേത്രം മാറ്റി അവിടെ 'ഗോൾഡൺ ഡോം ഓഫ് ദ റോക്ക്' എന്ന് പൊതുവേ അറിയപ്പെടുന്ന കബാത്ത്-അൽ-സക്ര മോസ്ക് പണിയുന്നത് ഇസ്ലാമിക അധിനിവേശ സൈന്യമാണ്. അബ്രാഹവും യേശുവും മറിയവും മറ്റുമായി ബന്ധപ്പെട്ട ഇടങ്ങൾ തങ്ങൾക്കുകൂടി പുണ്യപ്പെട്ട ഇടങ്ങളായിട്ടാണല്ലോ അവർ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ വിശുദ്ധയിടങ്ങളും ഒട്ടൊരു കാലത്തേക്ക് രൂപമാറ്റത്തോടെ അവർ ഉപയോഗിച്ചു.


എന്നാൽ, CE 965-ൽ ജെറൂസലേമിൻ്റെ പേട്രിയാർക്കായിരുന്ന ജോൺ ഏഴാമനെ ഒരു ഇസ്‌ലാമിക ആൾക്കൂട്ടം വധിക്കുകയും സെനക്ക്ൾ ദേവാലയം അഗ്നിക്കിരയാക്കുകയും ചെയ്തു. CE 1009 ൽ ഫാതിമിഡ് കാലിഫ് അൽ ഹക്കീമിൻ്റെ ആജ്ഞയാൽ ജറൂസലേമിലുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളും നശിപ്പിക്കപ്പെട്ടു. ക്രൈസ്തവ ദേവാലയങ്ങൾ നിലനിന്നാൽ അവ തിരിച്ചു പിടിക്കുന്നതിനുവേണ്ടി യുദ്ധങ്ങൾ ഉണ്ടാകും എന്ന് ഭയന്നിട്ടാവണം അവർ മേല്പറഞ്ഞ നശീകരണം നടത്തിയത്. എന്നാൽ, ആയത് കുരിശുയുദ്ധങ്ങൾക്ക് വിത്തു പാകുകയാണ് ചെയ്തത്.


പിന്നീട് പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിൽ പലപ്പോഴായി കുരിശു യുദ്ധ സൈന്യങ്ങൾ ജറൂസലേം പിടിക്കുകയും തകർക്കപ്പെട്ടുപോയിരുന്ന പല ദേവാലയങ്ങളും പുനരുദ്ധരിക്കുകയും ചെയ്തു. അങ്ങനെ 'ഹാഗിയ സീയോൻ' നിന്നിരുന്നിടത്തും ഗോഥിക് വാസ്തുശില്പ മാതൃകയിൽ അവർ പുതിയ ദേവാലയം പടുത്തുയർത്തി.


1187 ൽ കുരിശുയുദ്ധ സൈന്യം പിൻവാങ്ങുമ്പോൾ സെനക്ക്ൾ സിറിയൻ ക്രിസ്ത്യാനികളെ ഭരമേല്പിച്ചിട്ടാണ് പോയത്. അഞ്ചാം കുരിശുയുദ്ധകാലത്ത് ഡമാസ്കസിലെ ഭരണാധിപനായിരുന്ന സുൽത്താൻ അൽ-മുഅസമിൻ്റെ കല്പനയിൽ അയ്യൂബിദ് സൈന്യം ജെറൂസലേമിൻ്റെ കോട്ട മതിലുകളും അതോടൊപ്പം സെയ്ൻ്റ് മേരി ഓഫ് മൗണ്ട് സയൻ എന്ന്, ദേവാലയം പടുത്ത മുൻ ക്രൂസേഡ് സൈന്യം പേരിട്ട ദേവാലയവും തകർക്കപെട്ടു. അതിനുള്ള കാരണം മതപരം എന്നതിനെക്കാൾ തന്ത്രപരമായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇനി വരുന്ന കുരിശുയുദ്ധ സൈന്യത്തിന് അകത്തു പ്രവേശിക്കാൻ കഴിഞ്ഞാൽ അതവർക്ക് സുരക്ഷിതമായ താവളമാകും എന്നതായിരുന്നു കാരണം. സുൽത്താൻ അൽ-മുഅസം സുൽത്താൻ മാലിക് അൽ-കമിലിൻ്റെ സഹോദനായിരുന്നു. (അതേ വർഷം അസ്സീസിയിലെ വി. ഫ്രാൻസിസ് സുൽത്താൻ അൽ-കമിലിനെയാണ് സന്ദർശിക്കുന്നത്.)


മാംലുക് സൈന്യം 1291-ൽ കുരിശുയുദ്ധ സൈന്യത്തിൻ്റെ മുഖ്യതാവളമായിരുന്ന ഐകർ ആക്രമിക്കുകയും കുരിശുയുദ്ധ സൈന്യം പരാജയപ്പെടുകയും ചെയ്തതോടെ ബലപ്രയോഗത്തിലൂടെ തിരിച്ചു പിടിക്കാമെന്ന വ്യാമോഹങ്ങൾ ഏതാണ്ട് അസ്തമിച്ചു. അതിനു മുമ്പുതന്നെ സമാധാനത്തിൻ്റെ വഴിയേ ചെന്ന വിശുദ്ധ ഫ്രാൻസിസിന് അവിടെ അനുഭാവം സിദ്ധിച്ചിരുന്നു. ഫ്രാൻസിസ്കൻ സന്ന്യാസിമാർ 1333 -ൽ സെനക്ക്ൾ വില കൊടുത്ത് വാങ്ങുകയും അവിടെ ദേവാലയം പുനരുദ്ധരിക്കുകയും ചെയ്തു. 1342 -ൽ ക്ലെമൻ്റ് VI-ാം മാർപാപ്പ വിശുദ്ധ നാടുകളിലെ തീർത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണം ഫ്രാൻസിസ്കൻ സന്ന്യാസിമാരെ ഏല്പിച്ചു. അതിനുശേഷം ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അവിടെ വീണ്ടും തീർത്ഥാടനങ്ങളും പ്രാർത്ഥനകളും നടന്നു. മാംലുക്കുകളെ തോല്പിച്ച് 1516 ഡിസംബറിൽ ഓട്ടൊമൻ സൈന്യം ജറൂസലേം പിടിച്ചടക്കുകയും സെനക്ക്ൾ ദേവാലയം ഭാഗികമായി വീണ്ടും നശിപ്പിക്കപ്പെടുകയും ചെയ്തു. ഫ്രാൻസിസ്കൻ സന്ന്യാസിമാരെ മറ്റ് വിശുദ്ധ സ്ഥലങ്ങളിൽ തുടരാൻ അനുവദിച്ചെങ്കിലും സെനക്ക്ൾ ദേവാലയത്തിൽ നിന്ന് അവർ അകറ്റപ്പെട്ടിരുന്നു.


പിന്നീട് കൃത്യം നാനൂറ്റൊന്ന് വർഷം ജറൂസലേം ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ ആയിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് 1917 ഡിസംബറിലാണ് ഓട്ടോമൻ സിംഹാസനത്തിൽ നിന്ന് ബ്രിട്ടിഷ് സൈന്യം ആ ഭൂപ്രദേശം പിടിച്ചെടുക്കുന്നത്.


ക്രിസ്റ്റ്യാനിറ്റിയുടെ ഏറ്റവും പവിത്രമായ മൂന്ന് സ്ഥാനങ്ങൾ ബേത്‌ലേഹമിലെ ജന്മസ്ഥലവും ഉത്ഥാനത്തിൻ്റെ തിരുക്കല്ലറയും, അന്ത്യഅത്താഴവും (പരിശുദ്ധ കുർബാന) പന്തക്കുസ്തയും നടന്ന സെനക്ക്ളും ആയിരിക്കും. ഭക്തിപ്രധാനമായതും, അത്രതന്നെ ഭക്തിപ്രധാനമല്ലാത്തതുമായ നൂറുകണക്കിന് ദേവാലയങ്ങൾ വേറെ ഉണ്ട് എന്നത് മറക്കാനാവാത്ത സത്യമാണ്! ആരുടെ കൈയിലാണ് നിയന്ത്രണം എന്നതല്ല പ്രധാനം. ഏതു മതവിഭാഗത്തിൻ്റെ കൈവശം ഉടമസ്ഥതയും നിയന്ത്രണവും ആയിരുന്നാലും ഒരു ദേവാലയമായി പരിരക്ഷിക്കപ്പെടണം എന്നതും ഭക്തർക്ക് അവിടം സന്ദർശിക്കാനും പ്രാർത്ഥിക്കാനുമുള്ള അവസരം ലഭ്യമാകണം എന്നും വത്തിക്കാൻ താല്പര്യപ്പെടുന്നുണ്ട്. എന്നാൽ, അതിൻ്റെ പേരിൽ മതങ്ങൾ തമ്മിലുള്ള ബന്ധവും സൗഹൃദവും നഷ്ടപ്പെടരുതെന്നും നിർബന്ധമുണ്ട്. ചുരുക്കത്തിൽ സ്നേഹത്തിനും സമാധാനത്തിനുമാണ് ഭക്തിയെക്കാൾ പ്രാധാന്യം. അന്ധകാര യുഗങ്ങൾ പലത് ഉണ്ടായിട്ടുണ്ടെങ്കിലും, സമീപകാലത്ത് അതാണ് കത്തോലിക്കാ സഭയുടെ നിലപാട്.


Recent Posts

bottom of page