top of page

ഉപ്പ്

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Apr 18
  • 1 min read
Text art of a salt shaker and light bulb with phrases "You are the salt of the earth" and "You are the light of the world," in black and white.

ഗമാലിയേലിനെക്കുറിച്ച് മുമ്പ് പലപ്പോഴും എഴുതിയിട്ടുണ്ട്. ഇസ്രയേല്യരുടെ മഹാ ഗുരുപാരമ്പര്യത്തിലെ ഒരു പ്രധാന വ്യക്തിത്വമായിരുന്നു ഗമാലിയേൽ. എക്കാലത്തെയും വലിയ ഗുരുവായി അവർ കണക്കാക്കുന്ന, മഹാജ്ഞാനത്തോടെ നിയമ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചിരുന്ന ഹില്ലേൽ എന്ന മഹാപണ്ഡിത ഗുരുവിൻ്റെ ശിഷ്യ പാരമ്പര്യത്തിൽ പെട്ടയാൾ. പൗലോസ് അദ്ദേഹത്തിൻ്റെ ശിഷ്യത്വത്തിലായിരുന്നു വിദ്യാഭ്യാസം ചെയ്തത്. അദ്ദേഹം സാൻഹെദ്രിൻ സംഘത്തിൻ്റെ നിയമോപദേഷ്ടാവായിരുന്നു! ഇതേ സാൻഹെദ്രിൻ യേശുവിനെ വധശിക്ഷക്ക് വിധിക്കുമ്പോൾ ഗമാലിയേൽ എവിടെയായിരുന്നുവെന്ന് പലപ്പോഴും ആശ്ചര്യം തോന്നിയിട്ടുണ്ട്! ഒന്നുകിൽ പുരോഹിത പ്രമാണിമാർ ബോധപൂർവ്വം അന്ന് അദ്ദേഹത്തെ ഒഴിവാക്കി; അല്ലെങ്കിൽ ദൈവംതന്നെ അന്നത്തേക്ക് അദ്ദേഹത്തെ മാറ്റിനിർത്തി എന്നാണ് തോന്നുന്നത്.


ഏതായാലും, പത്രോസിനെയും അപ്പസ്തോലന്മാരെയും വിചാരണക്ക് കൊണ്ടുവന്നപ്പോൾ അവരുടെ വാക്കുകളിൽ ആലോചനാസംഘം ആലോചനയില്ലാതെ ക്ഷുഭിതരാകുകയും അവരെ വധിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് നിയമോപദേഷ്ടാവായ ഗമാലിയേൽ ഇടപെടുന്നത്. അപ്പസ്തോലന്മാരെ പുറത്തുനിർത്തിച്ച ശേഷം സംഘത്തോട് മാത്രമായി അദ്ദേഹം പറയുന്നത് വലിയ ശിഷ്യഗണത്തെ ആകർഷിച്ച് പെട്ടന്ന് പ്രസിദ്ധരായ തെവുദാസ്, യൂദാസ് എന്നീ രണ്ട് നേതാക്കളെ അനുസ്‌മരിച്ചുകൊണ്ടാണ്. രണ്ടുപേരും ഏറെക്കാലം നീണ്ടുനിന്നില്ല; അതുപോലെ അവരുടെ സംഘടനകളും മുന്നേറ്റേങ്ങളും. മനുഷ്യനിൽ നിന്ന് ഉണ്ടാകുന്നത് അല്പായുസ്സായിരിക്കും. അതിനോട് മല്ലടിക്കാൻ പോകണ്ടാ. ദൈവത്തിൽ നിന്നുണ്ടായതാണെങ്കിൽ മല്ലടിക്കാൻ പോയിട്ട് കാര്യവുമില്ല!


ഗമാലിയേൽ പറഞ്ഞത് വിവേകമായിരുന്നു. സത്യവും.

അഹന്തയുടെ എത്ര വാഴ്ചകൾ, സൈന്യങ്ങൾ, സാമ്രാജ്യങ്ങൾ, ചരിതങ്ങൾ!

ഒന്നും നീണ്ടില്ല. "ക്രിസണ്ടം" (Christendom = ക്രൈസ്തവ ആധിപത്യമുള്ള ലോകം). അതിലൊന്നും തീരെ താല്പര്യം തോന്നിയിട്ടില്ല. ലോകത്തിന് ക്രിസ്തുവിനെ ആവശ്യമുണ്ട്. എല്ലാ ജീവിതങ്ങളിലും ക്രിസ്തുവിൻ്റെ ഉപ്പ് കലരണം എന്നാണ് ബോധ്യം.


സ്‌നേഹത്തിൻ്റെ, എളിമയുടെ, സ്വയം ദാനത്തിൻ്റെ, പ്രത്യാശയുടെ, ആനന്ദത്തിൻ്റെ, സമാധാനത്തിൻ്റെ ഉപ്പ്!

ഏതു കമ്പനിയിൽ നിന്നായാലും വാങ്ങിക്കോളൂ.

ഉപ്പുണ്ടായാൽ മതി!

bottom of page