top of page

ടോക്സിക്

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Apr 6
  • 1 min read

നമ്മൾ ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ? എന്നിട്ടും ഇന്നും നമ്മൾ പലരും -പലരും എന്നു പറഞ്ഞത് ഞാൻ അതിൽ ഇല്ല എന്ന് കാണിക്കാനാണ്- "പലരു"മല്ല, ഞാനുൾപ്പെടെ നമ്മിൽ ഒട്ടുമിക്കവരും സ്‌നേഹത്തെ ഏതേതു വിധങ്ങളിലാണ് വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നത്! ലൗകികമായ അറിവുകൾ അങ്ങനെയൊക്കെ ചെയ്യാൻ നമ്മെ സഹായിക്കുന്നുമുണ്ട്.


കുറേക്കാലമായി പരക്കെ കേട്ടുവരുന്നതാണ്, നെഗറ്റീവ് ആയ ആളുകളെ ഒഴിവാക്കണം എന്ന്. ശരിയല്ലേ? അല്ലെങ്കിൽ നമ്മളും നെഗറ്റിവിറ്റിയുള്ള മനുഷ്യരായിപ്പോകും!

എൻ്റെ ബാല്യത്തിൽ അമ്മ പറയുമായിരുന്നു, ചീത്ത കുട്ടികളുമായുള്ള കൂട്ടുകെട്ട് വേണ്ടായെന്ന്. അല്ലെങ്കിൽ നമ്മളും ചീത്തയായിപ്പോകും.അന്ന് അമ്മ പറഞ്ഞതുതന്നെയാണ് അറിവുള്ളവർ മുകളിൽ പറഞ്ഞതും.

ടോക്സിക് ആയ ബന്ധങ്ങൾ ഒഴിവാക്കണം എന്നതിനെക്കുറിച്ച് ഇന്നിപ്പോൾ ആർക്കാ സംശയം?! ആരും സുഹൃത്തുക്കളും ബന്ധങ്ങളുമില്ലാതെ ടോക്സിക് ആയ മനുഷ്യരെല്ലാം ആത്മഹത്യ ചെയ്യട്ടെ!


പത്തും ഇരുപതും ചിലപ്പോൾ മുപ്പതും വർഷം വിവാഹിതരായി ഒരുമിച്ച് കഴിഞ്ഞവർ പിരിയുന്നത് കാണാറില്ലേ?

ഓ! കുടുംബം എന്ന സംവിധാനം (സ്ഥാപനം എന്നും പറയും ഇക്കാലത്ത്) കാലഹരണപ്പെട്ടതുകൊണ്ടാണ് എന്നായിരിക്കും ഇപ്പോൾ പലരും പറയുക.

അപ്പോൾ വർഷങ്ങളോളം സുഹൃത്തുക്കളായിരുന്നവർ ശത്രുക്കളായി മാറുന്നതോ? സൗഹൃദം കാലഹരണപ്പെട്ട സംവിധാനമായതുകൊണ്ടാണോ? ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. എങ്കിലും ഒരു കാര്യം വ്യക്തമാണ്. ലളിതമായി പറഞ്ഞാൽ, മേല്പറഞ്ഞ ഇടങ്ങളിലൊന്നും 'സ്‌നേഹം' ഉണ്ടായിരുന്നില്ല.


പലപ്പോഴും പറഞ്ഞു കേൾക്കുന്നതാണ്, നാം നമ്മുടെ ഇമേജ് നോക്കണം /കാക്കണം എന്ന്. അതിനാൽ, ഏതെങ്കിലും തരത്തിൽ ഒരു ലൈംഗിക വീഴ്ച സംഭവിച്ചതോ, ഒരിക്കൽ പൊതു സമൂഹത്തിന് അസ്വീകാര്യമായ ഒരു നിലപാട് സ്വീകരിച്ചതോ, ഒക്കെയായ വ്യക്തികളോട് സമൂഹത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയയിൽപ്പോലും നാം അകലം പാലിക്കും. ഞാനടക്കമുള്ളവരുടെ കാര്യമതാണ്.

കാലം പോകെ ഓരോവർഷവും നാട്ടിൽ അപകീർത്തി കേസുകൾ വർദ്ധിക്കുകയാണോ കുറയുകയാണോ?


ക്രിസ്തീയ ദൈവശാസ്‌ത്രമനുസരിച്ച് ക്രിസ്‌തു പീഡ സഹിച്ച് മരിക്കേണ്ടിയിരുന്നു. എന്തുകൊണ്ട്? കാരണം, അവൻ ദൈവപുത്രനായിരുന്നതുകൊണ്ട്!

എന്തെന്നാൽ, ദൈവം സ്‌നേഹമായതുകൊണ്ട്!

നമ്മളൊക്കെ ഇനിയും സ്നേഹത്തിൻ്റെ ഉയർന്ന പടവുകളിലേക്ക് എത്തിയിട്ടില്ലാത്തതുകൊണ്ട്!

സ്‌നേഹത്തിൻ്റെ പാരമ്യങ്ങൾക്ക് അങ്ങനെ മാത്രമേ ആകാൻ കഴിയൂ എന്നതുകൊണ്ട്!

സ്‌നേഹമെന്നാൽ സ്വയം ശൂന്യവല്ക്കരണം ആയതുകൊണ്ട്!

സ്‌നേഹപാരമ്യം സ്വയം ബലിയേകൽ ആകുന്നതുകൊണ്ട്!

bottom of page