top of page

കണ്ണടക്കാഴ്ച്ചകള്‍

  • Writer: എ. കെ. അനില്‍കുമാര്‍
    എ. കെ. അനില്‍കുമാര്‍
  • Apr 3
  • 1 min read
Illustration of an eye within black-rimmed glasses, with detailed eyelashes and eyebrow sketch. Monochrome design on a white background.

കണ്ണടയിലൂടെ നോക്കുമ്പോള്‍

കാണുന്ന കാഴ്ച്ച ഒന്ന്

കണ്ണട മാറ്റിയിട്ട് നോക്കുമ്പോള്‍

കാണുന്ന കാഴ്ച്ച മറ്റൊന്ന്.

കണ്ണടയിലൂടെ മാറിമറിയുന്നു

കാഴ്ച്ചകള്‍; കാഴ്ച്ചപ്പാടുകള്‍

ജീവിതങ്ങള്‍; ജീവിതരേഖകള്‍.

നെറികെട്ട ലോകം

സുന്ദരമായി കാണണമെങ്കില്‍

കണ്ണട വെച്ചു നോക്കണം.

അപ്പോള്‍ കാണാം

സൗന്ദര്യത്തിലൊളിപ്പിച്ച

നേരിന്‍റെ വന്യത.

വ്യക്തമായി കാണുമ്പോള്‍

സൗന്ദര്യത്തിനും ന്യൂനതകളേറെ.

വിശ്വാസവഞ്ചകരുടെ

സൗമ്യഭാവം കാണണമെങ്കില്‍

കണ്ണട കണ്ണില്‍ ചേര്‍ത്തുവെയ്ക്കണം.

ചതിക്കൂടാരം ചുറ്റിവരിയും

മുള്ളുവേലിസ്പര്‍ശത്തിന്‍റെ ആര്‍ദ്രത

നെഞ്ചകം തഴുകി കടന്നുപോകും.

സ്വയം അന്ധത ഉള്ളിലാവാഹിച്ചൊരാള്‍

കാണുന്ന സ്വപ്നത്തിന്‍റെ

നേര്‍ വിപരീതമായിരിക്കും

കണ്ണടയ്ക്കുള്ളില്‍ വിരിയുന്ന

നേരിന്‍റെ വെള്ളിരേഖകള്‍.

കണ്ണടക്കാഴ്ച്ചകളില്‍

മുങ്ങിത്താഴുന്നു

നേരിന്‍റെ മായാവലയങ്ങള്‍.


കണ്ണടക്കാഴ്ച്ചകള്‍

എ. കെ. അനില്‍കുമാര്‍

അസ്സീസി മാസിക ഏപ്രിൽ 2026

bottom of page