ഇടപാട് വിശ്വാസം


വിശ്വാസത്തിൻ്റെ കച്ചവട മാതൃക (transactional model of faith) പിന്തുടരുന്നവർ നമ്മുടെ കാലത്തും ഒത്തിരിയുണ്ട്. എൻ്റെ ചെറുപ്പത്തിലൊക്കെ ഓരോരോ കാര്യങ്ങൾക്ക് എൻ്റെ അമ്മൂമ്മയുടെ തലമുറയിൽപെട്ടവർ നേർച്ച നേരുന്നത് സർവ്വസാധാരണമായിരുന്നു. ഓരോരോ രോഗപീഡകൾ അകലുന്നതിന്, ക്ഷുദ്രജന്തുക്കളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന്, പരീക്ഷാവിജയത്തിന് - എന്നിങ്ങനെ ഒട്ടുമിക്ക കാര്യങ്ങൾക്കും നേർച്ച നേരുന്ന രീതി അക്കാലത്ത് ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇൻഡ്യയിൽ ഇതര മതങ്ങളുടെ രീതികൾ ക്രൈസ്തവ മതജീവിതത്തിൽ ഒത്തിരി സ്വാധീനം ചെലുത്തുന്നതായി പൊതുവേ തോന്നിയിട്ടുണ്ട്.
പള്ളികളിലെല്ലാം 'നേർച്ച' എന്നെഴുതിയ ഭണ്ഡാരങ്ങൾ സാധാരണമാണല്ലോ. "കാണിക്ക" എന്നെഴുതിയ ഇടങ്ങളും "സംഭാവന" എന്ന് എഴുതിയ ഇടങ്ങളും ഉണ്ട്. ഇതിൽ "സംഭാവന" എന്നെഴുതിയ ഇടങ്ങളിൽ "നേർച്ച" എന്നെഴുതിയ ഇടങ്ങളെക്കാൾ വരുമാനം കുറവായിരിക്കും എന്നാണ് പറയപ്പെടുന്നത്.
ജറൂസലേം ദേവാലയത്തിൽ രണ്ട് ഭണ്ഡാരങ്ങൾ ഉണ്ടായിരുന്നതായി വായിച്ചിട്ടുണ്ട്. യഹൂദ മതത്തിൻ്റെ രീതിയും പൊതുവേ കച്ചവട മാതൃക തന്നെയായിരുന്നു. ദേവാലയത്തിന് ദശാംശം നല്കണം എന്നത് ചട്ടമായിരുന്നു. ആദ്യഫല സമർപ്പണവും ചട്ടമായിരുന്നു. അതിനു പുറമേ ജനങ്ങൾ കൃതജ്ഞതാബലികളും പാപപരിഹാര ബലികളും സമാധാന ബലികളും മറ്റും നടത്തിയിരുന്നു. അത്തരത്തിലെല്ലാം ആയിരുന്നു ഭൂമിയുടെ മേൽ അവകാശം ഇല്ലാതിരുന്ന പുരോഹിത ഗോത്രം കുടുംബം പുലർത്തേണ്ടിയിരുന്നത്. പക്ഷേ, അതെല്ലാം പൊതുവേ ദൈവവുമായി ഒരുതരം കച്ചവട ബന്ധം അവർക്കിടയിൽ വളരുന്നതിന് കാരണമായി. "ഞാൻ നിനക്ക് ബലിയർപ്പിക്കുന്നു: നീ എനിക്ക് ഇന്ന അനുഗ്രഹം തരണം"; "ഞാൻ ഇന്ന കാര്യം ചെയ്തേക്കാം: നീ ഇന്ന കാര്യം എനിക്ക് നടത്തിത്തരണം"; "ഞാൻ ഇന്ന ധ്യാനകേന്ദ്രത്തിൽ പോയി ഇന്നതു പോലെ ചെയ്തേക്കാം: നീ എനിക്ക് ഇന്ന നേട്ടം തന്നേക്കണം" എന്ന മട്ടിലുള്ള ഇടപാടു ബന്ധമാണ് ഇപ്പോഴും പലർക്കും ദൈവവുമായിട്ടുള്ളത്.
സുവിശേഷങ്ങളിൽ ഒരിടത്തും യാതൊരു അനുഗ്രഹത്തിനും ആരും യേശുവിന് യാതൊന്നും വാഗ്ദാനം ചെയ്യുന്നില്ല എന്നാണ് തോന്നുന്നത്. സക്കേവൂസിൻ്റെ വിരുന്നും മറ്റും മറ്റൊരു സംഭവമാണ്.
ഇന്നലെ "പകരംവീട്ടൽ ദൈവശാസ്ത്ര"ത്തെക്കുറിച്ച് കുറിച്ചപ്പോൾ എഴുതിയതുപോലെ, പഴയ നിയമത്തിൽ ദൈവവുമായി ഇത്തരം "കച്ചവടബന്ധം" പ്രോത്സാഹിപ്പിക്കുന്നത് എന്ന് തോന്നാവുന്ന ഒട്ടനവധി ഭാഗങ്ങൾ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, പുതിയ നിയമത്തിൻ്റെ കാഴ്ചപ്പാടിൽ കൃപ എല്ലാവർക്കും സൗജന്യമാണ്. പ്രാർത്ഥന നമ്മെ ദൈവത്തോട് അടുപ്പിക്കും. പ്രാർത്ഥിക്കുന്നവർക്ക് ദൈവേച്ഛപ്രകാരം പ്രാർത്ഥിക്കുന്ന അനുഗ്രഹങ്ങൾ ലഭിക്കുകയും ചെയ്യും. എന്നാൽ, ഞാൻ അമ്പത് കൊന്ത ചൊല്ലി പ്രാർത്ഥിച്ചാൽ ദൈവം ഇന്നത് ഞാൻ ഉദ്ദേശിക്കുന്നതുപോലെ തരും എന്ന് കരുതുന്നത് കച്ചവട ബന്ധമാണ് - മൗഢ്യവുമാണ്. ദൈവവുമായി ഇടപാടു നടത്താൻ മനുഷ്യർക്ക് ആവില്ല. ദൈവം സ്നേഹമാണ്. സ്നേഹം എന്നാൽ ബന്ധമാണ്. ദൈവവുമായി ഒരാൾക്ക് ബന്ധം ആഴപ്പെടുന്നതനുസരിച്ച് അയാളുടെ പ്രാർത്ഥനകൾക്ക് ഫലസാധ്യത വർദ്ധിക്കും എന്നതും സത്യമാണ്. എന്നാൽ, ദൈവപുത്രനായ യേശുവിൻ്റെ ഗത്സെമനിയിലെ പ്രാർത്ഥന പോലും അതേപോലെ നടപ്പായില്ല എന്നതും വിസ്മരിച്ചുകൂടാ.
മേല്പറഞ്ഞതിൻ്റെ നേർ വിപരീത നിലപാട് എടുക്കുന്നവരുമുണ്ട്. "ദൈവത്തിന് എന്തിനാ പണം?" എന്ന് ചോദിച്ച് പള്ളിക്ക് സാമ്പത്തിക സംഭാവനകൾ നല്കാതിരിക്കുന്നവരെയും കാണാം. ദൈവത്തിന് നാമുമായി ബന്ധം മാത്രമേ വേണ്ടൂ. എന്നാൽ, പള്ളി എന്നത് ഈ ഭൂമിയിലെ ഒരു സാമൂഹിക സ്ഥാപനമാണ് എന്നതിനാൽ പള്ളിക്ക് നിലനില്ക്കാനും വളരാനും സാമ്പത്തിക സംഭാവനകൾ ആവശ്യമുണ്ട്. അത് നല്കേണ്ടത് വിശ്വാസികളുടെ കടമയുമാണ്. എന്നാൽ അതൊരിക്കലും ദൈവവുമായുള്ള കച്ചവട ബന്ധം ആയി പരിഗണിക്കപ്പെട്ടുകൂടാ.


















































































































