top of page

ഷാക്ക്

Jun 2

2 min read

George Valiapadath Capuchin
Movie Poster of The Shack

ഏതാനും വർഷം മുമ്പാണ്. ഡിട്രോയ്റ്റ് സെൻ്റ് ബോനവെഞ്ചറിലെ ആദ്യ ഞായറാഴ്ചക്കുർബാനകളിൽ ഒന്നായിരുന്നു. പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ. നീണ്ട വെളളത്താടിയുള്ള ഒരു അപ്പൂപ്പനെയും ചെമ്പൻ ചെറുതാടിക്കാരനായ ഒരു ചെറുപ്പക്കാരനെയും അവർക്കിടയിൽ അല്ലെങ്കിൽ അവർക്ക് താഴെയായി ഒരു വെള്ള മാടപ്രാവിനെയും പാശ്ചാത്യ ദേവാലയ ചിത്രകലയിൽ കാണാറുള്ളതിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് അന്ന് പ്രസംഗം ആരംഭിച്ചത്. ചെറുപ്പക്കാരനും സുന്ദരനുമായ തൻ്റെ പുത്രൻ ജിമ്മിയുടെ വീൽചെയർ ഉന്തിക്കൊണ്ട് സൂസി ഗാവിൻ കുർബാനക്കുശേഷം അടുത്തുവന്നു. പ്രസംഗത്തെക്കുറിച്ച് സന്തോഷം പറഞ്ഞു. 'ദ് ഷാക്ക് ' കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. പിറ്റേ ഞായറാഴ്ച സൂസിച്ചേച്ചി ഷാക്കിൻ്റെ DVD കൊണ്ടുവന്നുതന്നു.


ഏതാണ്ട് എട്ടുകൊല്ലം മുമ്പ് അതുകാണുമ്പോൾ, ചതുരക്കള്ളികളിൽ നടന്ന് ശീലിക്കപ്പെട്ടിരുന്ന എനിക്ക് മുഴുവനുമതങ്ങ് ഇഷ്ടപ്പെട്ടില്ലെങ്കിലും 'ഷാക്ക്' എന്ന ഫാൻ്റസി ഡ്രാമയുടെ ചിലഘടകങ്ങൾ അതിൻ്റെ ധീരതയോടൊപ്പം മനസ്സിൽ തറഞ്ഞുകിടന്നു.


മുഴുക്കുടിയനായ സ്വന്തം പിതാവിനാൽ ഭീകരമായി പീഡിപ്പിക്കപ്പെട്ടിരുന്നു, ബാല്യത്തിൽ മാക്ക്. അതിലേറെ അപ്പൻ്റെ പീഡനമേറ്റിരുന്നത് അവൻ്റെ അമ്മയായിരുന്നു. പീഡനം ഏറിയപ്പോൾ അപ്പൻ്റെ മദ്യക്കുപ്പികളിൽ കീടനാശിനി കലർത്തി വച്ചു മകൻ. അങ്ങനെയാണവൻ അയാളിൽനിന്ന് രക്ഷനേടിയത്.


പ്രിയങ്കരിയായ ഭാര്യ നാനോടും, ജോഷ്, കെയ്റ്റ്, മിസ്സി എന്നീ മൂന്നുമക്കളോടുമൊപ്പം സന്തോഷകരമായി ജീവിച്ചുവരികയായിരുന്നു, വർഷങ്ങൾക്കിപ്പുറം മാക്ക്. പള്ളിയിൽ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ത്രിത്വൈക ദൈവത്തെ പാടിസ്തുതിക്കുമ്പോൾ അത് ഉൾക്കൊള്ളാനാവാതെ ചിത്രബിംബങ്ങളെ സംശയത്തോടെ നോക്കുന്ന മാക്കിനെ നമുക്ക് കാണാം. ഒരു വാരാന്ത്യത്തിൽ തൻ്റെ മൂന്ന് മക്കളോടൊപ്പം ഒരു ക്യാംപിങ് ടൂറിലായിരിക്കേ മൂത്ത മക്കൾ ഒറ്റക്ക് തോണി തുഴയുമ്പോൾ അപകടത്തിൽപെടുന്നു. മുങ്ങിമരിക്കാൻ തുടങ്ങിയ മകനെ രക്ഷിക്കാൻ ആറ്റിലേക്ക് ചാടിയ മാക്ക് മകനുമായി കരയണയുമ്പോൾ കരയിലുണ്ടായിരുന്ന അഞ്ചുവയസ്സുകാരി മെസ്സി എങ്ങോ അപ്രത്യക്ഷയായിരുന്നു. വൻ പോലീസ് സന്നാഹം നടത്തിയ തെരച്ചിലിനൊടുവിൽ കൊല്ലപ്പെട്ട മിസ്സിയുടെ ജഡമാണ് തിരിച്ചുകിട്ടുന്നത്.


അതോടെ വിഷാദിയും ദൈവവിദ്വേഷിയുമാകുന്ന മാക്കിന് ഒരുനാൾ അയാളുടെ ലെറ്റർ ബോക്സിൽ നിന്ന് ഒരു കത്തുകിട്ടുന്നു. "നമുക്കൊന്ന് തമ്മിൽ കാണണ്ടേ? വനത്തിലെ പഴയ ഷെഡ്ഡിൽ കണ്ടുമുട്ടാം" എന്നാണതിൽ. ചുവട്ടിൽ 'പാപ്പാ' എന്നുമാത്രം. (പാപ്പാ എന്നത് അയാളുടെ ഭാര്യ നാൻ പ്രാർത്ഥിക്കുമ്പോൾ ദൈവത്തെ വിളിക്കുന്ന പേരായിരുന്നു. പയ്യെപ്പയ്യെ കുട്ടികളും അയാളും അങ്ങനെ വിളിച്ചാണ് പ്രാർത്ഥിച്ചിരുന്നത്!) ഭാര്യയെയും മക്കളെയും അവളുടെ വീട്ടിലേക്ക് യാത്രയാക്കിയ ശേഷം അയല്ക്കാരനും സുഹൃത്തുമായ വില്ലിയോട് അയാളുടെ ജീപ്പ് കടം വാങ്ങി മാക്ക് അതേ വനത്തിലേക്ക് പോകുന്നു. ഒരു ബലത്തിന് തൻ്റെ തോക്കും വില്ലി അതിൽ വച്ചിട്ടുണ്ട്.


വഴിയിൽ വച്ച് തലനാരിഴക്കാണ് ഒരു ട്രക്കുമായുള്ള വൻ കൂട്ടിയിടിയിൽ നിന്ന് മാക്ക് രക്ഷപെട്ടത്. ഷെഡ്ഢിനടുത്ത് വണ്ടി നിർത്തി, തോക്കുമായി മാക്ക് ആ പഴയ ഷെഡ്ഡിലേക്ക് കടക്കുന്നു. മകളുടെ കൊലയാളിയെയാണ് അയാൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഷെഡ്ഡ് ശൂന്യമായിരുന്നു. പുറത്തിറങ്ങി തെരയുമ്പോൾ ഒരു കെട്ട് വിറകുമായി വന്ന പശ്ചിമേഷ്യൻ ചെറുപ്പക്കാരൻ മാക്കിനെ തൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. അയാളെ അനുധാവനം ചെയ്യുന്ന മാക്ക് പെട്ടന്ന് മഞ്ഞുമൂടിയ ശീതകാല ഭൂപ്രകൃതിയിൽനിന്ന് ഹരിതാഭമായ വസന്തകാല ഭൂപ്രകൃതിയിലേക്ക് കടക്കുന്നു.


സുന്ദരമായ വനത്തിനുള്ളിൽ അതിസുന്ദരമായ ഒരു വീടാണ് അയാൾ കാണുന്നത്. വീട്ടിൽ പ്രവേശിക്കുമ്പോഴും മാക്ക് തൻ്റെ മകളുടെ ഘാതകനെയാണ് തേടുന്നത്. എന്നാൽ, അയാളുടെ ബാല്യത്തിൽ അപ്പൻ്റെ പീഡനങ്ങൾ ഉണ്ടായിരുന്ന കാലത്ത് മാക്കിനെ ആശ്വസിപ്പിച്ചിരുന്ന, ബലപ്പെടുത്തിയിരുന്ന, വീട്ടുജോലിക്കാരിയായിരുന്ന ആഫ്രിക്കനമേരിക്കൻ സ്ത്രീയായിരുന്നു മാക്കിനെ സ്വീകരിച്ചത്. അതേസമയം, പാപ്പാ എന്നാണവർ സ്വയം പരിചയപ്പെടുത്തുന്നത്. തന്നെ വീട്ടിലേക്ക് ക്ഷണിച്ച പശ്ചിമേഷ്യൻ യുവാവിനെ തൻ്റെ മകൻ ജീസസ് എന്നുപറഞ്ഞ് അവർ പരിചയപ്പെടുത്തുന്നു. പൂർവ്വേഷ്യൻ മുഖഛായയുള്ള യുവതിയെ തൻ്റെ മകൾ സരയൂവെന്നും.

(ദൈവമെന്ന പരിശുദ്ധ ത്രിത്വത്തെ ഇങ്ങനെയൊന്നും കാണാൻ യാഥാസ്ഥിതിക നിർമ്മിതർക്ക് ആവില്ല തന്നെ).


അവർ മാക്കിനെ അയാളിലേക്കുതന്നെ നയിക്കുന്നു. അയാളുടെ ദൈവസങ്കല്പം; അയാളിലെ ഏകാകിത്വം; അയാളിലെ വിദ്വേഷം; അയാളിലെ മുൻവിധികൾ; അയാളിലെ ഭയം; അയാളിലെ സങ്കടം. അങ്ങനെ, കൊല്ലപ്പെട്ട തൻ്റെ അരുമയായ കുഞ്ഞിനെ -മിസ്സിയെ- സംസ്‌കരിക്കാൻ അവർ അയാളെ സഹായിക്കുന്നു. സുന്ദരമായ ഒരു ഉദ്യാനമാക്കിത്തീരാൻ സരയൂ അയാളെ സഹായിക്കുന്നു. ഇടക്ക്, അമ്മത്തം നിറഞ്ഞ ആഫ്രിക്കനമേരിക്കൻ സ്ത്രീയിൽ നിന്ന് പാപ്പാ അലിവുള്ള നേറ്റീവമേരിക്കൻ അപ്പനായി രൂപപരിണാമം ചെയ്യുന്നുണ്ട്. സരയൂ ഇടക്ക് സോഫിയ ആകുന്നുണ്ട്. മാക്ക് തൻ്റെ മിസ്സിയെ കാണും. അവളായിരിക്കുന്ന ആനന്ദം കണ്ടറിയും. അതോടെ അയാൾ സ്നാനപ്പെടും. പിന്നെ അയാൾ തൻ്റെ അപ്പനെ കാണും. "ഞാൻ അന്ധനായിരുന്നു" എന്നു പറഞ്ഞാണ് അപ്പൻ മകനോട് ക്ഷമ യാചിക്കുന്നത്. "ഞാൻ ഭയചകിതനായിരുന്നു" എന്നുപറഞ്ഞാണ് അപ്പനെ കൊന്ന മകൻ അപ്പനോട് ക്ഷമ ചോദിക്കുന്നത്.

ഒരു പുതിയ മനുഷ്യനായാണ് മാക്ക് തിരിച്ചെത്തുന്നത്.


നാലഞ്ചു ദിവസമായി അയാൾ ഒരു കോമ്മായിൽ ആയിരുന്നെന്നും, അയാൾ ഒരു മൃതി സമീപാനുഭവത്തിലൂടെ (NDE - Near Death Experience) കടന്നുപോവുകയായിരുന്നെന്നും നാമപ്പോൾ തിരിച്ചറിയും.


സമകാലിക ക്രിസ്റ്റ്യൻ ദൈവശാസ്ത്രത്തെ സംവേദിക്കാൻ ചലച്ചിത്രത്തെ ഉപയോഗപെടുത്തിയിരിക്കുന്നു എന്നേ പറയാനാകൂ ഈ മൂവിയെക്കുറിച്ച്. മിക്കവാറും ഫാൻസി ഡ്രാമകളെല്ലാം ദുർബലമായ വിധത്തിലെങ്കിലും ചെയ്യുന്നത് അതുതന്നെയാണല്ലോ! എന്തുകൊണ്ട് മറ്റുള്ളവരെ വിധിച്ചുകൂടാ; എന്തുകൊണ്ട് ശത്രുവിനോടും ക്ഷമിക്കണം; ത്രിത്വമായ ദൈവം എന്തുകൊണ്ട് നല്ലവനുമാണ്; എന്തുകൊണ്ട് ദൈവം സദാ സഹിക്കുന്നു എന്നെല്ലാം ചർച്ചചെയ്യുന്നുണ്ട് 'ദ് ഷാക്ക്.'

Jun 2

0

Related Posts

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page