

ഒരാളുടെ കുറ്റങ്ങളും പാപങ്ങളും അവയുണ്ടാക്കുന്ന കുറ്റബോധവും; ആത്മീയ പ്രായശ്ചിത്തം ഒരാൾക്ക് എങ്ങനെ മോചനം നല്കും; ക്രിസ്തീയ ആത്മീയതയിലെ പ്രഹേളികകൾ; പ്രായോഗിക സ്നേഹത്തിൻ്റെ നാനാർത്ഥങ്ങൾ; ചൂഷണവും പീഡനവുമാണോ സാംസ്കാരികത്തനിമയാണോ മുഖ്യം: എന്നിങ്ങനെ എത്രയോ താത്ത്വിക ജഡിലതകളെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്ന ഒരു ചലച്ചിത്രം എന്ന നിലയിൽ 1986 -ലെ കാൻ ചലച്ചിത്ര മേളയിലെ ഏറ്റവും മികച്ച സംവിധായകനുള്ള പാം ഡിയാേറും ഏറ്റവും നല്ല ഛായാഗ്രഹണത്തിനുള്ള ഓസ്കറും നേടിയ 'ദ് മിഷൻ' എന്ന ചലച്ചിത്രം. നാലഞ്ചു തവണയെങ്കിലും ഞാനത് കണ്ടുകാണും.
ബ്രിട്ടിഷ് ചലച്ചിത്രകാരൻ റോളൺഡ് ജോഫ് സംവിധാനം നിർവ്വഹിച്ച ദ് മിഷൻ സ്വതന്ത്രമായ ഒരു ചരിത്രാഖ്യാനമാണ്. പാരഗ്വായിലെ ഗ്വറാണി എന്ന ആദിമ ഗോത്ര ജനതക്കിടയിൽ മിഷനറിയായ ഈശോസഭാ വൈദികൻ ഫാ. ഗബ്രിയേലും (ജെറമി അയൺസ്) അടിമവേട്ടക്കാരനായിരുന്ന ക്യാപ്റ്റൻ റൊഡ്രീഗോയുമാണ് (റോബർട്ട് ഡി നീറോ) മുഖ്യ കഥാപാത്രങ്ങൾ. റൊഡ്രീഗോ സ്വന്തം സഹോദരൻ്റെ ഘാതകനാകുന്നതും പ്രായശ്ചിത്തത്തിൻ്റെ ജീവിതത്തിനായി താൻ വലവച്ച് അടിമകളെ പിടിച്ചിരുന്ന അതേ ഗ്വറാണികൾക്കിടയിലേക്ക് അയാൾ എത്തുന്നതും അവിടെ വച്ച് അയാൾ ഈശോസഭാ വൈദികനാകുന്നതും ചിത്രത്തിൻ്റെ ആദ്യഭാഗം. പാരഗ്വായ് സ്പാനിഷ് കോളനിയായിരിക്കേയാണ് ഈശോസഭാ വൈദികർ മിഷനറി പ്രവർത്തനം നടത്തുന്നതും ഗ്വറാണി ഗോത്ര ജനതയെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതും - മതം മാറ്റുന്നത് എന്നാണ് സമകാലിക പദം.
മാഡ്രിഡ് ഉടമ്പടിപ്രകാരം സ്പെയിൻ തങ്ങളുടെ കോളനി പോർച്ചുഗലിന് കൈമാറുന്നതോടെ കാര്യങ്ങൾ മാറുന്നു. സഭയുടെ പ്രതിനിധിയാണ് പോർച്ചുഗീസ് അധിനിവേശക്കാർക്കും സ്പാനിഷ് മിഷനറിമാർക്കും ഇടയിൽ പാരഗ്വായിലെ മധ്യസ്ഥനും കമ്മീഷനും. മിഷൻ ഉപേക്ഷിക്കാനാണ് തീരുമാനം. ഫാ. റോഡ്രിഗോയും പല വൈദികരും ഗോത്രജനതയിലെ ഒരു വിഭാഗത്തോടൊപ്പം സായുധപ്രതിരോധത്തിന് ഒരുങ്ങുന്നു. ഒരു ചെറുവിഭാഗം ഫാ. ഗബ്രിയേലിനൊപ്പം ആത്മീയമായ ചെറുത്തുനില്പിനും. കണ്ടിരിക്കേണ്ടതാണ് ഗംഭീരമായ ഈ ചലച്ചിത്രം.
ക്രിസ്റ്റ്യൻ മിഷനറിമാരെ കൊളോണിയൽ ശക്തികളോട് തുല്യം ചേർത്തു കാണുന്നതാണ് ഇന്നും ഇൻഡ്യയിലെ പ്രബലമായ ആഖ്യാനം. അറിവില്ലായ്മ ക്ഷമാ ർഹമാണ്. ഒരു രാഷ്ട്രീയ നാരേറ്റീവ് നിർമ്മിക്കാനായി ബോധപൂർവ്വം സത്യത്തോട് മുഖം തിരിക്കുന്നതിനെ എന്തു പറയണം?
പുറമേയ്ക്ക് പ്രായോഗികമായ ചില ചേർന്നുനടക്കലുകൾ ചെയ്തിട്ടുള്ളപ്പോഴും ക്രിസ്റ്റ്യൻ മിഷനറിമാർ എല്ലായിടത്തും ആത്യന്തികമായി കോളനി വല്ക്കരണത്തെയും സാമ്പത്തിക ചൂഷണത്തെയും തുരങ്കം വച്ചിട്ടയുള്ളൂ.
