കോഡ


അഞ്ചുവർഷത്തിനു ശേഷമാണ് ഞാൻ കോഡ കാണുന്നത്. ഷാൻ ഹെയ്ഡർ എന്ന പുതുമുഖ സംവിധായിക തിരക്കഥ രചിച്ച്, സംവിധാനം ചെയ്ത്, 1921-ലെ സൺഡാൻസ് ഫെസ്‌റ്റിവലിൽ പ്രീമിയർ ചെയ്ത്, ഏറ്റവും നല്ല ചിത്രത്തിനും സഹനടനും അന്യഭാഷയിൽ നിന്ന് (ഫ്രഞ്ച്) അഡാപ്‌റ്റ് ചെയ്ത ഏറ്റവും നല്ല ചിത്രത്തിനുമുള്ള 21 -ലെ (March 2022) മൂന്ന് ഓസ്കർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇൻഡിപെൻഡൻ്റ് മൂവിയാണ് 'കോഡ'. ചൈൽഡ് ഓഫ് ഡെഫ് അഡൾട്ട്സ് എന്നതിൻ്റെ ചുരുക്ക രൂപമാണ് CODA. ഒരു ഗാനത്തിന്റെയോ പ്രകടനത്തിൻ്റെയോ തൃപ്തികരമായ പര്യവസാനഭാഗം എന്നാണ് coda എന്ന വാക്കിന് അർത്ഥം.
പൂർണമായും ബധിരരാണ് ഫ്രാങ്കും ജാക്കിയും. അവർക്ക് രണ്ടു മക്കളാണ്. പ്രായപൂർത്തിയായ ലിയോ ആണ് മൂത്തയാൾ. പതിനേഴുകാരിയായ റൂബി സ്‌കൂൾ അവസാന വർഷക്കാരിയാണ്. നാലുപേർ അടങ്ങുന്ന കുടുംബത്തിൽ റൂബി മാത്രമാണ് ശ്രവണശേഷി ഉള്ള ആൾ. ചെറുപ്പം മുതൽ മാതാപിതാക്കൾക്കും സഹോദരനും ഒപ്പം മത്സ്യബന്ധന തൊഴിലിലാണ് അവളും. അവളാണ് നാലുപേരുടെ ഒരേയൊരു കർണ്ണപുടം. വെളുപ്പിന് 3 മണിക്ക് അലാം വക്കുന്നതും മറ്റുള്ളവരെ വിളിച്ചെഴുന്നേല്പിക്കുന്നതും അവളാണ്. എട്ടുമണിവരെ ബോട്ടിൽ കുടുംബത്തെ സഹായിച്ച ശേഷമാണ് അവൾ സ്‌കൂളിൽ പാഞ്ഞെത്തുക. സ്‌കൂൾ കഴിഞ്ഞു വന്നാൽ ഫിഷിങ് ഹാർബറിൽ അന്നു പിടിച്ച മീൻ വിലപേശി വില്ക്കുന്നതടക്കം അവളുടെ പണിയാണ്. പ്രായപൂർത്തിയാകാത്തവർക്ക് അമേരിക്കൻ നിയമം വിലക്കിയിട്ടുള്ള കാര്യങ്ങൾ പോലും അവളാണ് ചെയ്യുന്നത്. അപ്പൻ്റെ ലൈംഗിക രോഗത്തിൻ്റെ പ്രശ്‌നം ഡോക്ടറോട് അപ്പൻ്റെ ആംഗ്യഭാഷയിൽ നിന്ന് ഇംഗ്ലീഷിൽ ഭാഷാന്തരം ചെയ്യുന്നതിനുപോലും അവൾ വേണം.
എത്ര ഉച്ചത്തിൽവേണമെങ്കിലും അവൾക്ക് പാട്ടുപാടാം; ഉച്ചത്തിൽ റേഡിയോയിൽ പാട്ട് വയ്ക്കാം: ആരും അവളെ തടയില്ല. കാരണം അവളുടെ വീട്ടിൽ ആരും ഒന്നും കേൾക്കുന്നില്ല. അവൾക്കുള്ള സ്വാതന്ത്ര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ അവളുടെ ആസ്വാതന്ത്ര്യങ്ങളാണ് കൂടുതൽ. തങ്ങൾ ഉണ്ടാക്കുന്ന ശബ്ദങ്ങളെക്കുറിച്ച് മറ്റുമൂന്നുപേർക്കും തീരെ ബോധമില്ല. അടുക്കളയിലെ ശബ്ദങ്ങൾ, ഓരോരോ വീട്ടുകാര്യങ്ങൾ ചെയ്യുമ്പോഴുള്ള ശബ്ദങ്ങൾ, കീഴ്‌വായു പോകുമ്പോഴുള്ള ശബ്ദം എന്നിങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന ശബ്‌ദത്തെക്കുറിച്ചു പോലും മറ്റുമൂന്നുപേരും ബോധമുള്ളവരല്ല. മറ്റുള്ളവരുടെ സംസാരങ്ങളിൽ പങ്കെടുക്കുന്നില്ലാത്തതിനാലോ ബധിര സംസ്‌കാരത്തിൻ്റെ പ്രത്യേകത മൂലമോ സംസാരമര്യാദകളും ലജ്ജയും കുറവാണ് ഈ ബധിര കുടുംബത്തിന്റെ നായകനായ അപ്പന്.
സ്കൂളിൽ റൂബി മിക്കവാറും ഒറ്റയാണ്. ഒരു കൂട്ടുകാരിയൊഴികേ മറ്റുള്ളവർ എല്ലാം ഒറ്റ ഗ്യാങാണ്. നീചമായ വിധത്തിൽ അവളെ ഒറ്റപ്പെടുത്തി ബുള്ളി ചെയ്യുന്നവർ!
ശബ്ദം കേൾക്കുകയും പുറപ്പെടുവിക്കുകയും ചെയ്യുന്നവരുടെ നാട്ടിൽ എല്ലായിടവും അവൾ നാണം കെടുകയാണ്. എന്നാൽ, തന്റെ ശബ്‌ദത്തെ ആശ്രയിച്ച് കഴിയുന്ന തൻ്റെ കുടുംബത്തെ അവർ അങ്ങേയറ്റം സ്‌നേഹിക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെ സ്വാഭാവികമായ സ്വാർത്ഥതക്കപ്പുറം കേൾവിയില്ലാത്തതിനാൽ അവർക്കിടയിൽ ഉണ്ടാവുന്നത് മറയില്ലാത്ത ജീവിതമാണ്! നാലുപേരും തമ്മിലുള്ളത് അതിഭീകരമായ ബോണ്ടിങ്ങാണ്. ആ സ്‌നേഹം മറ്റെല്ലാറ്റിനെയും ആവിയാക്കിക്കളയും.
സ്‌കൂളിലെ അവസാന ടേമിൽ അവൾ ഐശ്ഛികമായി എടുത്ത സംഗീത ക്ലാസ്സ് എല്ലാം മാറ്റിമറിക്കുന്നു. സംഗീതജ്ഞനായ അധ്യാപകൻ ബോസ്റ്റണിലെ സംഗീത കോളജിലേക്ക് അവളെ ഒരുക്കുന്നു. അവൾ എങ്ങനെ കുടുംബത്തെ ഉപേക്ഷിക്കും? കുടുംബമാണെങ്കിൽ അവളില്ലാതെ അംഗപരിമിതരാണ്!
ഇതിനപ്പുറം കഥപറഞ്ഞാൽ സ്പോയ് ലർ ആകും. സാമ്പ്രദായിക കുടുംബത്തെ ഇത്രമാത്രം പോസിറ്റീവായി അവതരിപ്പിചിട്ടുള്ള ഒരു മൂവി കഴിഞ്ഞ കുറേ വർഷങ്ങളിൽ കണ്ടിട്ടില്ല. സ്‌നേഹത്തെ അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും നോക്കിക്കാണുന്ന ഇതുപോലൊരു ചിത്രമോ, അഭിനയത്തികവ് ഇത്രത്തോളമുള്ള ചിത്രമോ അടുത്ത കാലങ്ങളിലൊന്നും കണ്ടിട്ടില്ല. ഫോർമുലെയ്ക് ആയ ഫാമിലി-പ്രായപൂർത്തിഘട്ട ഡ്രാമയാണ് കോഡ. ആൽഫ തലമുറയുടെ കണ്ണുകളിലൂടെ കാണുന്ന ചിത്രങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ X ജനറേഷൻ്റെയും ആൽഫ ജനറേഷൻ്റെയും കണ്ണുകളിലൂടെ ഒരുപോലെ കാണാൻ ശ്രമിക്കുന്നുണ്ട് ഈ ചിത്രം എന്നാണ് തോന്നുന്നത്. അതുതന്നെയാണ് അതിൻ്റെ സൗന്ദര്യവും.
യഥാർത്ഥ ജീവിതത്തിലും ബധിരരായ വ്യക്തികൾ തന്നെയാണ് മൂന്നു ബധിര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അംഗപരിമിതത്വത്തെ ഒരു "ഭാര"മായി കാണുന്ന പൊതുബോധമാണ് ചലച്ചിത്രത്തിലും എന്ന് കുറ്റപ്പെടുത്തുന്ന കുറേ അഭിപ്രായങ്ങൾ കണ്ടു. റിവ്യൂ ചെയ്യുന്നവരും അഭിപ്രായം എഴുതുന്നവരും വേണ്ടത്ര അവധാനതയോടെയാണ് അതെല്ലാം ചെയ്യുന്നത് എന്ന് പലപ്പോഴും തോന്നാതെ പോയിട്ടുണ്ട്. അംഗപരിമിതത്വം ഇല്ലാത്തവർക്കു പോലും ഇല്ലാത്ത ആത്മവിശ്വാസമാണ് ചിത്രത്തിലെ അംഗപരിമിതരായ മൂന്നുപേർക്കും. റൂബിയുടെ സഹായമില്ലാതെയാണ് 'ചൂഷിതരായ തൊഴിലാളികൾ' എന്ന അവസ്ഥയിൽ നിന്ന് കുതറിമാറി അവർ സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതും മറ്റുള്ളവരുടെ ബഹുമാനം ആർജ്ജിക്കുന്നതും.
മിക്കവരും കരുതും പോലെ അംഗപരിമിതരുടെ പരിമിതത്വത്തെ കാണിക്കുന്ന ചിത്രമല്ല കോഡ. ഒരു തലമുറക്ക് അപ്പുറവും ഇപ്പുറവും നില്ക്കുന്ന എല്ലാവരുടെയും അംഗപരിമിതത്വത്തെ വരച്ചിടുന്ന ചിത്രമാണ് കോഡ. അതുകൊണ്ടുതന്നെ നമ്മെ വീർപ്പുമുട്ടിച്ച് കരയിക്കുന്ന ചിത്രം!













































































































