നീയേ
- George Valiapadath Capuchin

- May 2
- 1 min read

ഒരുപക്ഷേ ബൈബിളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ദൈവത്തിൻ്റെ പേര് "ഞാൻ ആകുന്നു" (I AM) എന്നാണെന്നതാണ്. യോഹന്നാന്റെ സുവിശേഷത്തിൽ ഏഴ് തവണയോളം "ഞാൻ ആകുന്നു" പ്രസ്താവനകൾ വരുന്നുണ്ട്. അവിടെയെല്ലാം "ഞാൻ ആകുന്നു" എന്ന് അവൻ പറയുന്ന അവസരങ്ങളിൽ 'താൻ ദൈവം തന്നെയാകുന്നു' എന്ന് യോഹന്നാൻ പ്രത്യേകമായി ധ്വനിപ്പിക്കുന്നുണ്ട്. എന്നാൽ, മറ്റ് മൂന്ന് സുവിശേഷങ്ങളിൽ ഇതേ രീതിയിൽ പ്രകടമായ വിധത്തിൽ ഇത്തരം "ഞാൻ ആകുന്നു" പ്രസ്താവനകൾ കാണാനില്ല. എന്നിരുന്നാലും, അവയിൽ ചില സന്ദർഭങ്ങളിലെങ്കിലും "ഞാൻ ആകുന്നു" എന്ന് യേശു പറയുന്നുമുണ്ട്. പ്രസ്തുത അവസരങ്ങളിൽ ഉത്തമപുരുഷപ്രഖ്യാപനം എന്നതിനെക്കാൾ 'താൻ ദൈവം തന്നെ' എന്ന സൂചന നല്കും വിധമാണ് സമാന്തര സുവിശേഷകരും തത്പ്രസ്താവനകളെ വിന്യസിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഒന്നുരണ്ട് ഉദാഹരണങ്ങൾ എടുക്കാം. വൈകീട്ട് ശിഷ്യരെ മറുകരക്ക് യാത്രയാക്കിയതാണ്. പ്രതികൂലമായ കാറ്റും കോളും നിമിത്തം പാതിരാത്രി കഴിഞ്ഞിട്ടും അവർ നടുക്കലിലാണ്. യേശു വെള്ളത്തിന്മേൽ നടന്ന് അവരെ സമീപിക്കുന്നു. ദൂരെ നിന്ന് ഒരു രൂപം തങ്ങൾക്കുനേരെ നടന്നടുക്കുന്നതുകണ്ട് ശിഷ്യന്മാർ ഭയന്ന് നിലവിളിക്കുന്നു. അപ്പോൾ അവൻ വിളിച്ചുപറയുന്നു: "ഭയപ്പെടേണ്ടാ, ഞാൻ ആകുന്നു." പ്രസ്തുത പ്രസ്താവത്തിന് കുറച്ച് കൂടുതൽ മുഴക്കമുണ്ട്. മറ്റൊരു ഉദാഹരണമെടുക്കാം: അന്ത്യകാലത്തെക്കുറിച്ചുള്ള സംശയനിവാരണങ്ങളാണ് പശ്ചാത്തലം. "ഞാൻ ആകുന്നു അവൻ', എന്നു പറഞ്ഞുകൊണ്ട് പലരും വരും". ഇവിടെ തന്നെക്കുറിച്ചല്ല, തൻ്റെ നാമത്തിൽ വരാനിരിക്കുന്ന കപടക്രിസ്തുമാരെക്കുറിച്ചാണ് പറയുന്ന തെങ്കിലും ദൈവനാമം തന്നെയാണ് സൂചിതം. മറ്റൊന്നെടുക്കാം: അറസ്റ്റ് ചെയ്യപ്പെട്ട യേശു ആലോചനാസംഘത്തിൻ്റെ മുന്നിൽ ചോദ്യം ചെയ്യപ്പെടുകയാണ്. പ്രധാനപുരോഹിതൻ ചോദിക്കുന്നു: "നീയാണോ ക്രിസ്തു?"
അവൻ മറുപടി പറയുന്നു: "നീ തന്നെ പറഞ്ഞല്ലോ ഞാൻ ആകുന്നു എന്ന്". ഇങ്ങനെ മൂന്ന് സമാന്തര സുവിശേഷങ്ങളിലും യേശുവിൻ്റെ "ഞാൻ ആകുന്നു" സൂചനകൾ സ്വന്തം സ്വത്വത്തെക്കുറിക്കുന്ന മർമ്മപ്രധാനമായ ഇടങ്ങളിൽത്തന്നെയാണ് കടന്നുവരുന്നത്.
യോഹന്നാൻ്റെ സുവിശേഷത്തിൽ ഏഴ് "ഞാൻ ആകുന്നു" പ്രസ്താവങ്ങളാണുള്ളത്.
"ഞാൻ ആകുന്നു ജീവൻ്റെ അപ്പം"
"ഞാൻ ആകുന്നു ലോകത്തിൻ്റെ പ്രകാശം"
"ഞാൻ ആകുന്നു ആടുകളുടെ വാതിൽ"
"ഞാൻ ആകുന്നു നല്ല ഇടയൻ"
"ഞാൻ ആകുന്നു പുനരുത്ഥാനവും ജീവനും"
"ഞാൻ ആകുന്നു വഴിയും സത്യവും ജീവനും"
"ഞാൻ ആകുന്നു യഥാർത്ഥ മുന്തിരിച്ചെടി" എന്നിവയാണവ. ഇവയിൽ ഏറ്റവും പ്രകടമായി വാങ്മയചിത്രമൊരുക്കുന്ന പ്രസ്‌താവം, "ഞാൻ ആകുന്നു വഴിയും സത്യവും ജീവനും" എന്നതാണ്, എന്നാണ് എനിക്കുതോന്നുന്നത്.
പല വിധത്തിൽ അത് വായിക്കപ്പെടാറുണ്ട്. അതിനെ ഇങ്ങനെ വായിക്കാൻ തോന്നുന്നുണ്ട്.
വഴി അവനാണ്; ചരിക്കുന്ന സത്യം അവനാണ്; ചലിപ്പിക്കുന്ന ജീവനും അവനാണ്!
അങ്ങനെ വായിക്കുമ്പോൾ ഏജൻസി ഏതാണ്ട് പൂർണ്ണമായും അദൃശ്യമായിപ്പോകും എന്നുമാത്രം!

























































