top of page

നുണയും നേരും

Writer: George Valiapadath Capuchin
George Valiapadath Capuchin
Jun 9
1 min read
Loafs of Bread

സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പമാണ് താൻ എന്ന് പ്രഖ്യാപിക്കുന്നുണ്ട്, യേശു. താനെന്ന അപ്പം ഭക്ഷിക്കുന്നയാൾ നിത്യത പൂകും എന്നും അവിടന്ന് കൂട്ടിച്ചർക്കുന്നുണ്ട്. അവൻ്റെ ജീവിതത്തിൽ പങ്കുകൊള്ളുക, ഭാഗഭാക്കാകുക എന്നെല്ലാം അതിന് അർത്ഥങ്ങളുണ്ട്. തന്നെ പൊടിച്ച് മനുഷ്യകുലത്തിന് വളമിട്ടവനാണ് ക്രിസ്തു. അപ്പം എന്നത് വലിയൊരു രൂപകമാണ്. അപ്പത്തിൻ്റെ അസ്തിത്വം അതിനുവേണ്ടിയല്ല. ഭക്ഷിക്കപ്പെടാൻ വേണ്ടിയാണ് അത് നിർമ്മിക്കപ്പെടുന്നതുതന്നെ. അപ്പം ചെയ്യുന്നത് സ്വയം ഇല്ലാതായി മറ്റുള്ളവരുടെ ജീവനായിത്തീരുകയാണ്.


നാം അംഗീകരിച്ചാലും ഇല്ലെങ്കിലും, വേണമെന്നു വച്ചാലും വേണ്ടെന്നു കരുതിയാലും, അവസാനം എല്ലാവരും ചെയ്യുന്നത് ഒരേ കാര്യം തന്നെയാണ്! ലോകത്തിനും ഭൂമിക്കും അപ്പമായിത്തീരുക. നിങ്ങളും നിങ്ങളുടെ കാഴ്ചപ്പാടും നിങ്ങളുടെ അറിവും നിങ്ങളുടെ ഊർജ്ജവും നിങ്ങളുടെ പ്രയത്നവും നിങ്ങളുടെ സ്‌നേഹവും നിങ്ങളിൽ നിന്ന് പിറക്കുന്ന ജീവനും ഒക്കെ ഈ ഭൂമിക്കും ലോകത്തിനും അതിൻ്റെ സമർപ്പണം നടത്തുന്നുണ്ട്. ഒന്നുമില്ലെങ്കിൽ നിങ്ങളുടെ ശരീരമെങ്കിലും പ്രപഞ്ചത്തിന് സമർപ്പിക്കപ്പെടുന്നുണ്ട്. കൊടുക്കാതെ പോകാനാവില്ല.


ആർക്കും കൊടുക്കണ്ടാ. നിങ്ങൾ നിങ്ങളുടെ സ്വകാര്യ സ്വത്താണ് എന്ന് നിങ്ങളെ ധരിപ്പിക്കാനാണ് ലോകം പാടുപെടുന്നത്! എത്ര വലിയ നുണയാണത്! എത്രയോ പേരാണ് ആ നുണ വിശ്വസിക്കുന്നത്!

എന്തുതന്നെയായാലും നിങ്ങൾ ആത്മബലിയാവാതെ വയ്യാ. അങ്ങനെയെങ്കിൽ, ആത്മബോധത്തോടെ സ്വയം സമർപ്പിച്ച് ജീവിക്കുക എന്നതല്ലേ ബുദ്ധി?!

bottom of page