top of page

ജറൂസലേം

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Mar 17
  • 1 min read
Abstract painting with vivid blues and purples, depicting a cityscape below a swirling, bright celestial form. A tree and red sun are visible.

ആനന്ദമുള്ള, ആഹ്ളാദം നടമാടുന്ന, ശിശുമരണങ്ങൾ ഇല്ലാത്ത, നൂറു തികയുവോളം മനുഷ്യർ വൃക്ഷങ്ങളെപ്പോലെ ദീർഘായുസ്സുക്കളായിരിക്കുന്ന, നീതി പുലരുന്ന, അവരവർ പടുത്ത ഭവനങ്ങളിൽ അവരവർ തന്നെ വസിക്കുന്ന ഒന്നായിരിക്കും താൻ സൃഷ്ടിക്കാനിരിക്കുന്ന പുതിയ ജറൂസലേം എന്ന് ദൈവം ഏശയ്യായിലൂടെ (65) പ്രഖ്യാപിക്കുന്നുണ്ട്. അതൊരു പുതിയ ആകാശവും പുതിയ ഭൂമിയും ആയിരിക്കും. പഴയത് കടന്നുപോയിരിക്കും. പഴയതിനെക്കുറിച്ചുള്ള സ്മരണപോലും ഭൂമുഖത്തുനിന്ന് ഇല്ലാതാകും!


തങ്ങളുടെതന്നെ പര്യായമായാണ് യഹൂദ ജനത 'ജറൂസലേം' എന്നതിനെ കണക്കാക്കിയിരുന്നത്. പിന്നീട് രൂപപ്പെട്ടുവന്ന ക്രൈസ്തവ സമൂഹമാകട്ടെ, തങ്ങളാണ് ദൈവത്തിൻ്റെ പുതിയ ജറൂസലേം എന്ന് സ്വയം കണക്കാക്കാൻ തുടങ്ങി. തൻ്റെ വരനുവേണ്ടി അണിഞ്ഞൊരുങ്ങിയ വധുവിനെപ്പോലെ യുഗാന്ത്യത്തിൽ ജറൂസലേം സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരും എന്ന് വെളിപാടു പുസ്തകത്തിൽ പറയുന്നുണ്ട്. സാഹോദര്യവും സമാധാനവും ഐക്യവും പുലരുന്നിടവും സമൃദ്ധി കളിയാടുന്നിടവും ആയിരിക്കും അത് പലയിടത്തും പരാമർശങ്ങളുണ്ട്. സർവ്വജനപദങ്ങളിൽ നിന്നുമാവും അവൾ രൂപമെടുക്കുക എന്നും വെളിപാട് പുസ്തകം വ്യക്തമാക്കുന്നുണ്ട്. ഭൂമിയിലെ ചില പ്രത്യേക പ്രദേശങ്ങളുമായി ബന്ധപ്പെടുത്തി പുതിയ ജറൂസലേമിനെ വിശദീകരിക്കുന്നവരും ഉണ്ട്. കത്തോലിക്കാ സഭ എന്നാൽ സാർവ്വജനീനമായ സഭ എന്നാണർത്ഥം. അതുകൊണ്ടാണ് തങ്ങളിലുള്ളവരായിരിക്കും മേല്പറഞ്ഞ സ്വർഗ്ഗീയ ജറൂസലേം എന്ന് കത്തോലിക്കർ വിശ്വസിക്കുന്നതും അവകാശപ്പെടുന്നതും. എന്നാൽ, ഒരു പുതിയ ജനമാവുക എന്നതാണ് പരമപ്രധാനം എന്നത് കത്തോലിക്കർ പോലും മറന്നുപോയ മട്ടുണ്ട്. നിരന്തരമായി പുതുക്കപ്പെടുക എന്നതാണ്, ആർക്കുതന്നെയായാലും അഭിനവ ജറൂസലേമിലേക്കുള്ള വഴി!

bottom of page