top of page

അണലി

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jun 12
  • 1 min read
Image of a snake

എൻ്റെയൊക്കെ ബാല്യത്തിൽ, മുതിർന്ന പൗരന്മാരും, പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തവരും, അവധിക്ക് നാട്ടിൽ വന്നിട്ടുള്ളവരും ഒക്കെയായ പുരുഷന്മാർ രാവിലെ ഒരു ചായ കുടിക്കുന്നതിന് നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽ ഒത്തുചേരുമായിരുന്നു. ഒന്നുരണ്ട് ദിനപത്രങ്ങളെങ്കിലും അവിടെ ഉണ്ടാകും എന്നതായിരുന്നു ഒരു പ്രത്യേകത. ഒരേ പത്രത്തിൻ്റെ പല താളുകൾ പലരുടെ കൈവശം ആയിരിക്കും. ഓരോരോ വാർത്തകൾ ഓരോരുത്തർ വായിക്കുകയോ വായിച്ചതിൻ്റെ ചുരുക്കം എല്ലാവരും കേൾക്കേ പറയുകയും ചെയ്യുമ്പോൾ അതേക്കുറിച്ചുള്ള ചർച്ചകളും അരങ്ങേറും. രാഷ്ട്രീയവും സാമൂഹികവുമായ ചർച്ചകൾ ആയിരുന്നു ഒട്ടുമിക്കപ്പോഴും.


പിന്നെപ്പിന്നെ, അത്തരം നാടൻ ചായക്കടകളിൽ "രാഷ്ട്രീയം പറയരുത്" എന്നൊരു ബോർഡ് പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതോടെ പരസ്യമായ രാഷ്ട്രീയ ചർച്ചകൾക്ക് നിരോധനമായി.


ഇക്കാലത്ത് മനുഷ്യരെ ഏറ്റവും അധികം വിഭജിക്കുന്നത് മതമാണോ, രാഷ്ട്രീയമാണോ, അതോ അവരണ്ടിലും വേരോട്ടമുള്ള പ്രത്യയശാസ്ത്രമാണോ? ഏതായാലും ഇന്നിപ്പോൾ, "രാഷ്ട്രീയം പറയരുത്" എന്നതിനോടൊപ്പം "മതം പറയരുത്" എന്നുകൂടി എഴുതിയ നിരോധനം വന്നിരിക്കുന്നു! ഇന്നിപ്പോൾ അത്തരം ചർച്ചകളുടെയും നിരോധനത്തിൻ്റെയും വേദി ചായക്കടകളിൽ നിന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് മാറി എന്ന് മാത്രം. എത്രയൊക്കെ നിരോധനാജ്ഞകൾ നിലനിന്നാലും ഏതൊരു സമൂഹത്തിലെയും ഭൂരിപക്ഷ മതത്തിൽപ്പെട്ട ആളുകൾ അവരുടെ മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കലകളും വിശ്വാസങ്ങളും നിർബാധം പങ്കിട്ടുകൊണ്ടിരിക്കും. അവയെല്ലാം ഏതാണ്ട് ഡിഫോൾട്ട് പോലെ അവർക്കൊക്കെ അനുഭവപ്പെടും! എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായ മറ്റേതെങ്കിലും മത പാരമ്പര്യത്തിലെ ചെറു സൂചനകൾ വന്നാൽ പോലും ഉടനെ അവിടം സെൻസിറ്റീവ് ആവും!


ഇടക്കൊക്കെ അത്തരം ഗ്രൂപ്പുകളിൽ രാഷ്ട്രീയ ധ്വനികൾ ഉള്ള പല പോസ്റ്റുകളും വന്നെന്നിരിക്കും. എന്നാൽ, പൂർണ്ണമായും രാഷ്ട്രീയ പ്രപ്പഗാണ്ട അല്ല എന്ന ഭാവത്തിലുള്ള പോസ്റ്റുകൾ ആയതിനാൽ അവയോടെല്ലാം സാമാന്യം സഹിഷ്ണുത ഉണ്ടാകാറുണ്ട്. മിക്ക സമൂഹങ്ങളിലും ഏറ്റവും സഹിഷ്ണുതക്കുറവ് കാണുന്നത് ന്യൂനപക്ഷ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളോടായിരിക്കും!


"A" - Aയാണ്. "B" Bയാണ്. "C" -Cയാണ്. "എ" 'ബി'യിൽ നിന്നും 'സി'യിൽ നിന്നും വ്യത്യസ്തമാണ്. "ബി" 'എ'യിൽ നിന്നും 'സി'യിൽ നിന്നു വ്യത്യസ്തമാണ്. "സി" യാകട്ടെ, 'ഏ'യിൽ നിന്നും 'ബി'യിൽ നിന്നും വ്യത്യസ്തമാണ്. അത്തരം വ്യത്യാസങ്ങൾ ഉണ്ടെന്നതിലും, വ്യത്യാസങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുന്നിലും എന്താണ് പ്രശ്‌നം?


എന്തുകൊണ്ടാവും മതമോ സംസ്കാരമോ സംബന്ധിച്ചുള്ള ഓരോരുത്തരുടെയും വീക്ഷണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഇത്രയും സൂപ്പർ സെൻസറ്റിവിറ്റി നേരിടേണ്ടി വരുന്നത്? 'ഞാൻ നിങ്ങളോട് യോജിക്കുന്നില്ല' എന്ന നിലപാടിൽ കുഴപ്പമില്ല. 'ഞാൻ നിങ്ങളോട് യോജിക്കുന്നില്ല. അതിനാൽ എനിക്ക് നിങ്ങളുടെ സ്വത്വപ്രകാശനങ്ങൾ കാണുകയേ വേണ്ടാ' എന്ന നിലപാട് എത്രകണ്ട് ആരോഗ്യപരമാണ്?


'നിങ്ങളെ നിങ്ങളായി ഞാൻ അംഗീകരിക്കുന്നില്ല' എന്നുതന്നെയാണ് അതിന് അർത്ഥം വരിക. അത്തരം സന്ദർഭങ്ങളിൽ ജനാധിപത്യം ദുർബലമാകും എന്ന് മാത്രമല്ല, ഇതര വിഭാഗങ്ങളോട് സമൂഹത്തിൽ ഉണ്ടായിവരേണ്ട സഹജ ബോധവും ആദരവും ഉരുവപ്പെടാനുള്ള സാധ്യതയെ അത് അടച്ചുകളയും ചെയ്യും. ചുരുക്കത്തിൽ, സ്വത്വപ്രകാശനങ്ങൾക്ക് നിരോധനമേർപ്പെടുത്തുന്നിടത്ത് ചർച്ചയുടെയും തുറവിയുടെയും കാൽപ്പെരുമാറ്റം കുറയുകയും വർഗ്ഗീയതയുടെ അണലി തികഞ്ഞ അസഹിഷ്ണുതയോടെ അടയിരിക്കുകയും ചെയ്യും എന്നാണ് നാം തിരിച്ചറിയേണ്ടത്!

bottom of page