top of page

അസാധ്യത

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • May 31
  • 1 min read
illustration of Holy Trinity

ഒരു ശാശ്വത ചലന യന്ത്രം സാധ്യമാണോ? ഭൗതികശാസ്ത്രത്തിന്റെ അഥവാ ഊർജ്ജതന്ത്രത്തിൻ്റെ അടിസ്ഥാന നിയമങ്ങളനുസരിച്ച്, അങ്ങനൊന്ന് അസാധ്യമാണ്. ബാഹ്യ ഊർജ്ജ സ്രോതസ്സില്ലാതെ ഒരു ഉപകരണത്തിനും നിത്യമായി പ്രവർത്തിക്കാനോ ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യാനോ കഴിയില്ല.


പക്ഷേ, പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് ഞാൻ ആലോചിക്കുമ്പോഴെല്ലാം, അത്തരം ഒരു സങ്കല്പമാണ് മനസ്സിലേക്ക് കടന്നുവരുന്നത്. ഭൗതികമായി അസാധ്യമായത് ദൈവത്തിൽ സാധ്യമായിരിക്കണമല്ലോ!


പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം: സമ്പൂർണ്ണമായ നന്മ, പൂർണ്ണമായ സ്നേഹം, പൂർണ്ണമായ സൗന്ദര്യം: നിത്യമായി, അവിരാമം പൂർണ്ണമായും തന്റെതന്നെ മറ്റൊരാളിലേക്ക് ഒഴിക്കുന്നു! സ്നേഹം, സത്യം, നന്മ, സൗന്ദര്യം എന്നിവ മറ്റേയാളിലേക്ക് സ്‌നേഹമായി, സ്വയം ഇല്ലായ്മചെയ്യലായി, സ്വയം ദാനമായി ഒഴിക്കുക: അത് തുടർന്നുകൊണ്ടേയിരിക്കുക!


ഭൗതിക ലോകത്തിൽ അസാധ്യമായത് ദൈവത്തിൽ സാധ്യമായിരിക്കണം, അല്ലേ?


ചിന്ത വചനമായും വചനം പ്രവൃത്തിയായും ആവിഷ്ക്കരിക്കുകയും പ്രവൃത്തി ചിന്തയിലേക്ക് മടങ്ങുകയും ചെയ്യുക; അത് അങ്ങനെ തുടർന്നുകൊണ്ടേയിരിക്കുക!


അഞ്ചുനേരവും യാമപ്രാർത്ഥനകളോടുചേർത്ത് ചൊല്ലി പ്രാർത്ഥിക്കാൻ അസ്സീസിയിലെ സഹോദരൻ ഫ്രാൻസിസ് എഴുതിയ പ്രാർത്ഥനയുടെ അവസാന ഭാഗം ഇങ്ങനെയാണ്:


സർവ്വശക്തനും, പരിശുദ്ധനും, അത്യുന്നതനും, പരമോന്നതനുമായ ദൈവമേ: എല്ലാ നന്മയും, പരമ നന്മയും, പൂർണ്ണ നന്മയുമേ, നീ മാത്രം നല്ലവൻ: മുഴുവൻ സ്തുതിയും, മുഴുവൻ മഹത്വവും, മുഴുവൻ നന്ദിയും, മുഴുവൻ ബഹുമാനവും, മുഴുവൻ പുകഴ്ചയും, മുഴുവൻ നന്മയും നിനക്കു ഞങ്ങൾ തന്നിടട്ടെ. അങ്ങനെതന്നെയാകട്ടെ! അങ്ങനെതന്നെയാകട്ടെ! ആമേൻ.

bottom of page