സൂചനകൾ
- George Valiapadath Capuchin

- Apr 8
- 1 min read

ക്രിസ്തു എപ്പോഴായിരിക്കും ഉയിർത്തിരിക്കുക? അറിയില്ല.
സുവിശേഷങ്ങൾ കൃത്യം സമയം പറയുന്നില്ല.
ഉയിർപ്പ് ആരും കണ്ടതായും പറയുന്നില്ല.
അതിരാവിലേ കോഴി കൂകുന്നതിനു തൊട്ടുമുമ്പായിരിക്കണം എന്നാണ് എനിക്കു തോന്നുന്നത്.
അതായത്, ഉയിർത്തപാടേ കോഴി കൂകിയിരിക്കാം!
സ്വർഗ്ഗത്തിൽ നിന്ന് ഒരു മാലാഖാ വന്ന് കല്ലറവാതിൽ അടച്ചിരുന്ന കല്ലുരുട്ടി മാറ്റി എന്ന് സുവിശേഷം പറയുന്നുണ്ട്. മത്തായി എഴുതുന്നതനുസരിച്ച് അവിടെ കല്ലറ കാക്കാൻ നിയുക്തരായ ദേവാലയ കാവൽ സേനയിലെ അംഗങ്ങൾ ഉണ്ടായിരുന്നു. ഭയത്തോട് മൂന്നുവിധത്തിലാണ് മനുഷ്യർ പ്രതികരിക്കുക എന്നാണ് മനഃശാസ്‌ത്രം പറയുന്നത്. ഒന്നുകിൽ പൊരുതും (fight), അല്ലെങ്കിൽ ഓടും (flee), അതുമല്ലെങ്കിൽ മരവിക്കും (freeze). അസ്വാഭാവികമായി കല്ല് ഉരുണ്ടുമാറുന്നത് കണ്ടപ്പോൾ, മത്തായി പറയുന്നതനുസരിച്ച്, "അവർ മരിച്ചവരെപ്പോലെയായി" എന്നാണ്. അതായത് അവർ freeze ആയിപ്പോയി. അവർ ഉത്ഥിതനെ കാണുന്നതായി സുവിശേഷം പറയുന്നില്ല.
കല്ലറ തുറക്കപ്പെട്ടത് ഉത്ഥിതന് പുറഞ്ഞു വരാൻ വേണ്ടിയായിരുന്നോ?
പുനരുത്ഥാനം ചെയ്യുന്നവന് കല്ലറ അടഞ്ഞിരുന്നാലും തുറന്നിരുന്നാലും ഒരേ പോലെയാണ്.
അപ്പോൾ, കല്ലറ തുറക്കപ്പെട്ടത് ഉത്ഥിതന് പുറത്തുവരാൻ വേണ്ടിയല്ല, നമ്മൾ ശരീരികളായ മനുഷ്യർക്ക് അകത്തു കയറാൻ വേണ്ടിയാണ്!
ശൂന്യമായ കല്ലറ ഉത്ഥാനത്തിന് തെളിവാണോ?
തെളിവായി കണക്കാക്കുന്നവർ ഉണ്ടാവാം.
എന്നാൽ, ശൂന്യമായ കല്ലറ ഉത്ഥാനത്തിന് തെളിവൊന്നുമല്ല.
അത് ഒരു അടയാളം മാത്രമാണ്.
"കച്ച കിടക്കുന്നതും ശിരസ്സ് മറച്ചിരുന്ന തൂവാല തനിയെ എന്നവണ്ണം ചുരുണ്ട് മറ്റൊരിടത്ത് മാറി ഇരിക്കുന്നതും കണ്ടു" എന്നാണ് യോഹന്നാൻ വിശദമാക്കുന്നത്. അതുകണ്ട് അയാൾ "വിശ്വസിച്ചു" എന്നും.
യോഹന്നാൻ നല്കുന്ന സൂചനകൾ ഇവയാണ്: ശരീരം അവിടെ ഉണ്ടായിരുന്നില്ല; ശരീരം ചുറ്റിയിരുന്ന കച്ച അവിടെ കിടന്നിരുന്നു; ശിരസ്സ് മറച്ചിരുന്ന തൂവാല താനേ ചുരുണ്ട് എന്നവണ്ണം മാറിയിരുന്നിരുന്നു.
അതിൽനിന്ന് നമുക്ക് അനുമാനിക്കാവുന്നത്:
യേശുവിൻ്റെ ശരീരം അടക്കപ്പെട്ടിരുന്നു.
അത് പതിവു രീതിയിൽ കച്ചകളാൽ ചുറ്റപ്പെട്ടും ശിരസ്സും മുഖവും മറയ്ക്കപ്പെട്ടും ആയിരുന്നു.
ശരീരം മോഷ്ടിക്കപ്പെട്ടതാണെങ്കിൽ കച്ചയും അതോടൊപ്പം മോഷ്ടാക്കൾ കൊണ്ടുപോയേനേ.
അല്ലെങ്കിൽത്തന്നെ, അടക്കപ്പെട്ടിടത്ത് അത് കിടക്കില്ലായിരുന്നു.
ശിരസ്സും മുഖവും മൂടിയ തൂവാല തനിയെ എന്നവണ്ണം ചുരണ്ടുമാറിയിരുന്നു.
മറ്റാരുടെയും കൈയ്യാലെ അല്ല അത് മാറ്റപ്പെട്ടിട്ടുള്ളത്.
പുറത്തുനിന്നല്ല, പൊതിയപ്പെട്ടതിന് അകത്തുനിന്നുണ്ടായ പ്രവർത്തനത്താലാണ് അത് സംഭവിച്ചിരിക്കുന്നത്.
ഇവയൊന്നും തെളിവുകളല്ല; അടയാളങ്ങളാണ് !

























































