top of page

നിർഭയം

Writer: George Valiapadath Capuchin
George Valiapadath Capuchin
Jun 26
1 min read
A person standing at the edge of a rock. there is a huge abys before him

മരണഭയമാണ് എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം. എനിക്ക് മരിക്കാൻ ഭയമൊന്നുമില്ല എന്ന് മിക്കവരും പറയും. എന്നാൽ, പാമ്പിനെ പേടിയാണ്. കടുവയെയോ കാട്ടാനയെയോ പേടിയാണ് എന്ന് പറയുന്നതു പോലെയല്ലല്ലോ അത്!


"മരണത്തിൻ്റെ താഴ്‌വരയിൽക്കൂടി നടക്കാനും ഞാൻ ഭയപ്പെടുകയില്ല" എന്നു പറയുന്നുണ്ട് സങ്കീർത്തകൻ.

"ഭീരുക്കൾ മരണത്തിനുമുമ്പ് പലവട്ടം മരിക്കുന്നു; ധീരൻ ഒരിക്കലും മരണപ്പെടുന്നില്ല, ഒരിക്കൽ മാത്രം." എന്നല്ലേ ഷേക്സ്പിയർ വാക്യം!

എല്ലാറ്റിനെയും ഭയപ്പെട്ട് ജീവിച്ചവർ ആരെങ്കിലും മരിക്കാതിരുന്നിട്ടുണ്ടോ ആവോ! സത്യത്തിൽ ഭയപ്പെടുന്നവരാണ് ഭയരഹിതരെക്കാൾ മുമ്പ് മരിക്കുന്നത്. ജീവിതം അങ്ങനെയാണ്.


മരിക്കാൻ ഭയമില്ലാതായാൽ പിന്നെ മറ്റുള്ളവർ എന്തുകരുതും എന്ന് ഭയം വേണ്ടാ; സത്യം പറയുമ്പോഴും നീതിപ്രവർത്തിക്കുമ്പോഴും മറ്റുള്ളവരുടെ അപ്രീതി സമ്പാദിക്കേണ്ടി വരുമോ എന്ന് ഭയം വേണ്ടാ; ആർക്കുവേണ്ടിയും എവിടെയും റിസ്‌ക് എടുക്കാം.


ഈ മരണഭയം ഇല്ലാതാക്കലാണ് ക്രിസ്‌തു-പ്രബോധനങ്ങളുടെ പ്രധാന ഉന്നങ്ങളിലൊന്ന്. ഭയപ്പെടേണ്ടാ എന്ന് എത്ര തവണയാണ് അവൻ പറയുന്നത്!

ഹേറോദേസ് അവനെ കൊല്ലാൻ അന്വേഷിക്കുന്നു എന്ന് ആളുകൾ പറയുമ്പോഴാണ് "നിങ്ങൾ ചെന്ന് ആ കുറുക്കനോട് പറയുക, ഇന്നും നാളെയും അതിനു പിറ്റേന്നും ഞാൻ എൻ്റെ ദൗത്യം തുടരുകതന്നെ ചെയ്യും" എന്ന് അവൻ പറയുന്നത്! കൊല്ലാനന്വേഷിക്കുന്ന ഭരണാധികാരിയോടുള്ള ഒരു നിർഭയൻ്റെ വാക്കുകൾ!


"അവന്റെ മുഖം ജെറൂസലേമിലേക്ക് നോക്കിയിരുന്നതിനാൽ സമറായർ അവനെ സ്വീകരിച്ചില്ല" എന്നൊരു വാക്യമുണ്ട് ലൂക്കായുടെ സുവിശേഷത്തിൽ! എന്തൊരവസ്ഥയാണത്! എന്നുവച്ചാൽ, അവൻ തൻ്റെ മരണത്തിലേക്ക് നടക്കുകയായിരുന്നു എന്നാണ് സാരം. ഒരുവനിലെ നിർഭയത്വം കണ്ടിട്ട് ഒരു ജനതയാകെ ഭയന്നുപോകുന്നു!

bottom of page