തിരിച്ചറിയപ്പെടായ്ക
- George Valiapadath Capuchin

- Jan 13
- 1 min read
എന്തു രസമാണ് പുതിയ നിയമത്തിലെ സ്വപ്നങ്ങളെയും ദർശനങ്ങളെയും കുറിച്ച് വായിക്കാൻ!
ഒരു നാൾ 3 മണിക്ക് കോർണേലിയസ് എന്ന വിജാതീയനായ റോമൻ പടയാളിക്ക് ഒരു ദർശനമുണ്ടാകുന്നു: നീ ജോപ്പോയിലേക്ക് ആളയച്ച് ശിമയോനെ വരുത്തുക!
പിറ്റേന്ന് നട്ടുച്ചക്ക് ജോപ്പയിൽ പത്രോസിന് പ്രാർഥനാ വേളയിൽ ദർശനമുണ്ടാകുന്നു: ഒരു വിരിപ്പ് നിറയെ ഭൂമിയിലെ എല്ലാത്തരം നാല്ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും. കൊന്നുഭക്ഷിക്കുക. "ഒരിക്കലുമില്ല, കർത്താവേ". മലിനമായതൊന്നും ഇന്നോളം ഭക്ഷിച്ചിട്ടില്ല. "ദൈവം വിശുദ്ധീകരിച്ചവ മലിനമെന്ന് നീ കണക്കാക്കരുത് "
ദർശനം കഴിയുമ്പോൾ അതാ കോർണേലിയസിൻ്റെ പരിചാരകർ വീട്ടുപടിക്കൽ. ഒരു മണിക്കൂർ മുന്നേവരെ ആണെങ്കിൽ പത്രോസ് അവരോടൊപ്പം പോകുമായിരുന്നില്ല!
സഭാ പീഡകനായ സാവൂളിന് ഒരു ദർശനം. "സാവൂൾ, സാവൂൾ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?" "കർത്താവേ നീ ആരാണ്?" "നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ"
അന്ധനായിത്തീർന്ന സാവൂൾ മൂന്നു ദിവസം ജലപാനമില്ലാതെ പശ്ചാത്താപത്തോടെ പ്രാർത്ഥനയിൽ.
മൂന്നാം നാൾ അനനിയാസിന് ദൈവദർശനം. "നീ ഋജുവീഥിയിൽ ചെന്ന് യൂദാസിൻ്റെ ഭവനത്തിൽ സാവൂളിനെ അന്വേഷിക്കുക" 'കർത്താവേ അവൻ പീഡകനാണ്'.
ആ നിമിഷത്തിന് ഒരല്പം മുമ്പ് അനനിയാസ് സാവൂൾ എന്നു കേട്ടാൽ ഒഴിഞ്ഞുപോയേനെ. ഇപ്പോൾ അയാൾ അവനെത്തേടി പോകുന്നു!
മറിയത്തിന് ദൈവദൂതൻ്റെ ദർശനം ഉണ്ടാകുന്നു. നിന്നിൽ ദൈവകൃപ നിറഞ്ഞിരിക്കുന്നു. നീ ഒരു പുത്രനെ പ്രസവിക്കും. മറിയം സമ്മതം മൂളി.
അതുകേട്ട യൗസേപ്പ് അവളെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. അയാൾക്ക് ഒരു സ്വപനം ഉണ്ടാകുന്നു. "നീ മറിയത്തെ സ്വീകരിക്കാൻ ശങ്കിക്കേണ്ടാ".
അയാൾ അവളെ സ്വീകരിക്കുന്നു.
എല്ലാവർക്കും ഇങ്ങനെ ദർശനങ്ങൾ ലഭിച്ചിരുന്നെങ്കിൽ!
ആർക്കറിയാം! ഒരുവേള എല്ലാവർക്കും ദർശനങ്ങൾ ലഭിക്കുന്നുണ്ടാവാം ! തിരിച്ചറിയപ്പെടാതെ പോകുന്നതാണെങ്കിലോ?!
























