മോഹം
- George Valiapadath Capuchin

- Jul 2
- 1 min read

നമ്മെ ആന്തരികമായി കാർന്നുതിന്നുന്ന അഞ്ചുതരം മാനസിക ശീലങ്ങളെക്കുറിച്ച് ഇന്നലെ കുറിച്ചതാണ്. എന്നാൽ, അവയ്ക്കുള്ള മറുമരുന്നുകളെക്കുറിച്ച് ഇന്നലെ ഒന്നും പറഞ്ഞില്ല.
Comparing: സ്വയം മറ്റുള്ളവരുമായി താരതമ്യപ്പെടുത്തൽ,
Competing: മറ്റുള്ളവരുമായി മത്സരിക്കൽ,
Coveting: മറ്റുള്ളവരുടേത് മോഹിക്കൽ,
Complaining: മറ്റുള്ളവരെയും ചുറ്റുപാടുകളെയും കുറിച്ച് പരാതിപറയൽ,
Criticizing: മറ്റുള്ളവരെയും ചുറ്റുപാടുകളെയും സദാ വിമർശിക്കൽ. നമ്മളിലില്ലാത്ത കാര്യങ്ങളല്ല ഇവയഞ്ചും. എന്നിലടക്കം നമ്മിലെല്ലാം ഉണ്ടവ. മാത്രകളുടെ ഏറ്റക്കുറച്ചിൽ കാണുമായിരിക്കാം എന്നതുമാത്രമാണ് വ്യത്യാസം. അവയെല്ലാം ചേർന്ന് നമ്മെ നശിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
മനസ്സിൻ്റെ അഞ്ച് ക്യാൻസറുകളിൽ മൂന്നാമത്തേതായ Coveting: മറ്റുള്ളവരുടേത് മോഹിക്കൽ എന്നതിനെക്കുറിച്ച് മാത്രം പര്യാലോചിക്കാം. അസൂയയാണ് മൂലസ്രോതസ്സ്. "ഇവിടെയൊന്നും കിട്ടിയില്ല" എന്നതാണ് മുഖ്യ മനോഭാവം. തികഞ്ഞ അസംതൃപ്തിയാണ് സ്ഥായീഫലം. എങ്ങനെ നമുക്ക് ഇതിൽനിന്ന് മുക്തിനേടാം? കൃതജ്ഞത അഭ്യസിക്കുക എന്നതാണ് പൊതുവേ നിർദ്ദേശിക്കപ്പെടുന്ന മറുമരുന്ന്.
ജീവിതത്തിൽ നമുക്ക് സംലഭ്യമായ എന്തെല്ലാം കാര്യങ്ങളുണ്ട്! അവയെല്ലാം നാം പക്ഷേ, സ്വാഭാവികം എന്ന നിലയിൽ സ്വീകരിക്കുകയാണ് പതിവ്. "To take for granted" എന്ന് ഇംഗ്ലീഷിൽ പറയും. അവഗണിക്കുക, നിസ്സാരമായി കാണുക, മൂല്യം കല്പിക്കാതിരിക്കുക എന്നതൊക്കെയാണ് പ്രസ്തുത മനോഭാവത്തിന്റെ പ്രത്യേകതകൾ. ജീവിതത്തെ ഏറ്റവും വിരസമാക്കും പ്രസ്തുത മനോഭാവം. ഒന്നിലും സംതൃപ്തി ഉണ്ടാവുകയില്ല. ജീവിതത്തിൽ കൃതജ്ഞത അഭ്യസിക്കുവാൻ ആരംഭിക്കുമ്പോൾ നാം എല്ലാറ്റിനെയും കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ സ്വീകരിക്കാൻ തുടങ്ങും. പ്രകൃതിയെ, മറ്റുള്ളവരെ, സാഹചര്യങ്ങളെ ഒക്കെ നാം നന്ദിപൂർവ്വം നോക്കിക്കാണും. അതോടെ നാം അഹംകേന്ദ്രീകൃതർ എന്ന നിലയിൽനിന്ന് പരകേന്ദ്രീകൃതർ എന്ന നിലയിലേക്ക് മാറും. എളിമ എന്നത് പതുക്കെ നമ്മിലേക്ക് കടന്നുവരും. കൊച്ചുകുട്ടികളിൽ എന്നപോലെ, നമുക്ക് ചുറ്റുമുള്ള എല്ലാം നമ്മിൽ അത്ഭുതം നിറയ്ക്കും.













































































































