top of page

ക്ഷീണിപ്പിക്കൽ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Sep 27, 2025
  • 1 min read
A brocken staue of Sacred heart

രണ്ടാഴ്ച മുമ്പ് കുട്ടികളുടെ ഒരു ക്ലാസ്സിൽ പുതുതായി വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട കാർളോ അക്കൂത്തിസിനെ ഉദ്ധരിച്ച് പറഞ്ഞു. അപ്പോൾ ഒരു കുട്ടി, 'കത്തോലിക്കാസഭയിൽ ഒരാൾ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിന് എത്ര കാലമെടുക്കും' എന്ന് ചോദിച്ചു. ഇത്ര വർഷങ്ങൾ എന്ന് കൃത്യമായി പറയാൻ ആവില്ല; അതിന് നിരവധി ഘടകങ്ങൾ ചേർന്നു വരേണ്ടതുണ്ട്. ഒരു വർഷം മുതൽ ആയിരത്തി ഇരുന്നൂറ് വർഷം വരെ എടുത്ത കേസുകൾ സഭയിലുണ്ട് എന്ന് പറഞ്ഞു.


കത്തോലിക്കാ സഭയിൽ നാമകരണ നടപടികളിലേക്ക് നിർദ്ദേശിക്കപ്പെടുന്ന ഓരോ കോസും നിരവധി നടപടി ക്രമങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ രൂപതാതലത്തിൽ ഒരു ട്രിബ്യൂണൽ തന്നെ അതിനായി നിയോഗിക്കപ്പെടുന്നുണ്ട്. പ്രോസിക്യൂഷൻ വക്കീൽ എന്ന പോലെ അവിടെ ഒരു ഡെവിൾസ് ആഡ്വക്കേറ്റും ഉണ്ടാകും. (ദ് ഡെവിൾസ് ആഡ്വക്കേറ്റ് എന്ന പേരിൽ മോറിസ് വെസ്റ്റിൻ്റെ ഒരു നല്ല നോവൽ ഉണ്ട് ). അങ്ങനെ എന്തെല്ലാം നടപടികളും കടമ്പകളും കടന്നിട്ടാണ് കത്തോലിക്കാ സഭയിൽ ഒരാൾ വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്നത്!


വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും മേല്പറഞ്ഞ രീതീക്രമത്തിന് അതിൻ്റേതായ ഒരു വിവേകം ഉണ്ടായിരുന്നു. ഒരാൾ എഴുതിയതും പറഞ്ഞതും ചെയ്തതും, എടുത്ത നിലപാടുകളും ഇഴകീറി പരിശോധിക്കപ്പെടുന്നുണ്ട് അയാളുടെ നാമകരണ നടപടികളിൽ. അയാളുടെ എല്ലാ പ്രവൃത്തികളുടെയും സുകൃതങ്ങളുടെയും അടിസ്ഥാനം സുവിശേഷങ്ങളിൽ ഊന്നിയിരുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, ആരുതന്നെയാവട്ടെ, രാഷ്ട്രീയ ഉദ്ദ്യേശ്യങ്ങളാൽ ആരെയെങ്കിലും ഒറ്റരാത്രി കൊണ്ട് വിശുദ്ധനാക്കി പ്രഖ്യാപിച്ചെന്നാൽ, ലോകം ഡിജിറ്റൽ ആയിരിക്കുന്ന ഇക്കാലഘട്ടത്തിൽ വസ്തുതകത്രയും സ്വന്തം ഫോണിൻ്റെ മെമ്മറിയിൽത്തന്നെ സൂക്ഷിക്കപ്പെട്ടിരിക്കയാണ് എന്നറിയുക.

അതിനാൽ, അത്തരം പ്രസ്താവനകൾ ക്രിസ്തുവിനോ സുവിശേഷത്തിനോ ഉപകാരം ചെയ്യുന്നില്ല എന്നു മാത്രമല്ല, വലുതായ ക്ഷീണം ഉണ്ടാക്കുന്നുമുണ്ട് എന്ന് ഞാൻ കരുതുന്നു.

bottom of page