top of page

യുദ്ധം

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jun 3
  • 1 min read
A Place of War

അനുഷംഗികമായിട്ടാണെങ്കിലും മുമ്പ് പലവുരു സൂചിപ്പിച്ചിട്ടുള്ളതാണ്. എങ്കിലും, ഒരിക്കൽ കൂടി പറയാൻ തോന്നുന്നു. എതിർത്തും തർക്കിച്ചും തോൽപ്പിച്ചും എതിർപക്ഷത്തെ നിശ്ശബ്ദമാക്കിയിരുന്ന ആ കാലം കഴിഞ്ഞുപോയി എന്നാണ് എന്റെ ഒരു തോന്നൽ.


ശരിയായിരിക്കാം! നിങ്ങളുടെ നിലപാട് കൂടുതൽ യുക്തിസഹമായിരിക്കാം. എതിർപക്ഷത്തിന്റെ നിലപാട് അത്രതന്നെ യുക്തിഭദ്രം അല്ലായിരിക്കാം. അവരുടെ നിലപാട് പോയകാലത്തിന്റെ ദുർഭൂതങ്ങളെ തിരിച്ചുകൊണ്ടുവരുന്നതും ആയിരിക്കാം. തീരേ ജനാധിപത്യ വിരുദ്ധമായിരിക്കാം അവരുടെ നിലപാട്. എല്ലാം ശരിതന്നെ. എന്നിരുന്നാലും നിങ്ങൾക്ക് അവരെ ഏകപക്ഷീയമായി അടിച്ചിരുത്തി, തോൽപ്പിച്ച്, ജയിക്കാനാവില്ല. കാരണം, അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ റദ്ദുചെയ്യുന്നു. നിങ്ങളുടെ മാർഗ്ഗം ജനാധിപത്യ വിരുദ്ധമാകുന്നു. നിങ്ങളുടെ യുക്തിയെ നിങ്ങൾ തന്നെ തോൽപ്പിക്കുന്നു.

നിങ്ങൾ അപ്രമാദിത്തം അവകാശപ്പെടുന്നു!


പിന്നെ എന്താവാം മുന്നോട്ടുള്ള മാർഗ്ഗം? അവരുമായി നിങ്ങൾ രാജിയാകുന്നതാണോ മാർഗ്ഗം? അതും ആണെന്ന് തോന്നുന്നില്ല.


നിങ്ങളിൽത്തന്നെ എന്തെങ്കിലും പ്രശ്നമുണ്ടോ? നിങ്ങൾ എന്നാണ് അവസാനമായി ഒരു ആത്മപരിശോധന നടത്തിയത്?

നിങ്ങളുടെ നിലപാടുകളെക്കുറിച്ച് നിങ്ങൾക്ക് തരിമ്പും സംശയമില്ലല്ലോ!

നിങ്ങളുടെ വാക്കുകളിലെ മൂർച്ചയും ക്രൗര്യവും അത് വ്യക്തമാക്കുന്നുണ്ട്.

നിങ്ങളുടേതാണ് ഏറ്റവും ശരിയായ നിലപാട്!

അവരുടേത് പൊട്ടത്തെറ്റാണ്.

അപ്പോൾ, നിങ്ങൾ വെളുപ്പാണ്. അവർ കറുപ്പും!

അപ്പോൾ, നിങ്ങൾ പറയുന്നത് തന്നെയല്ലേ ഡോക്മാറ്റിസം?

അതേ എന്ന് തോന്നുന്നു, മിസ്റ്റർ.


അത്രകണ്ട് കറുപ്പും വെളുപ്പും തിരിച്ചറിയാൻ കഴിയുന്ന ഒരു ലോകത്തിലാണോ ഞാനും നിങ്ങളും ജീവിക്കുന്നത്?

അല്ലെന്ന് പറയാനാണ് അവർ ശ്രമിക്കുന്നത് എന്ന് തോന്നുന്നു.

ഒരുപക്ഷേ, നിങ്ങൾ ആണയിടയിൽ നിർത്തിയാൽ; നിങ്ങളുടെ പുച്ഛം നിറഞ്ഞ ചിരികൾ ഒതുക്കിയാൽ, തീരുന്ന പ്രശ്നങ്ങളെ ലോകത്തിൽ ഉള്ളൂ എന്ന് തോന്നുന്നു.


അതായത്, കറുപ്പും വെളുപ്പും മാത്രമല്ല; ചാരനിറവും ഉള്ളതാണ് ലോകം. ഒരുപക്ഷേ, ചാരനിറമായിരിക്കാം കൂടുതലും! കടുംപിടിത്തത്തിന്റെ മർക്കടമുഷ്ടികൾ അയച്ചുകൊടുത്താൽ ത്തന്നെ ഒത്തിരി പ്രശ്നങ്ങൾക്ക് അറുതിയാകും. നിങ്ങളുടെ ആശയ പ്രമാണിത്തത്തിന്റെ മാടമ്പിക്കസേരകൾ വിട്ടൊഴിഞ്ഞ് നിങ്ങൾ അല്പം കൂടി എളിമയുള്ളവരാകേണ്ടിവരും, എന്ന് തോന്നുന്നു.

bottom of page