top of page

ലോകം മാറും

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • May 6
  • 1 min read

Updated: May 8

Digital globe with a green core and fragmented blue panels scattered around, symbolizing technological or environmental change.

നമ്മളെപ്പോലുള്ള ആത്മീയവാദികൾ പറയുമ്പോൾ ഭൗതികവാദികൾ അംഗീകരിക്കില്ല. നമ്മുടെ ഭൂതകാലം ആധിപത്യസ്വഭാവമുള്ളതും ഹിംസാപരവും പോരാട്ടവീര്യമുള്ളതും ആക്രമണോത്സുകവും ഗർവ്വിഷ്ടവും കൈയ്യടക്കുന്നതും പൊങ്ങച്ചപരവും ആയിരുന്നു. ഏതുവിധേനയും ഭൗതികപരമായ ശ്രേയസ്സാർജ്ജിക്കുക എന്നതായിരുന്നു അതിൻ്റെയെല്ലാം ഉന്നം. നമുക്ക് സ്വന്തമായി കാര്യമായ ഭൗതിക നേട്ടങ്ങളും അതിനെ സാധൂകരിക്കാൻ ചുറ്റുമുള്ളവർക്ക് ഭൗതികമായ ചില പ്രോത്സാഹനങ്ങളും.


കാലം കടന്നുപോയിരിക്കുന്നു. അന്ന് നമ്മൾ എന്തോ വലിയ കാര്യമായി കരുതിയതൊന്നും ഇന്ന് തീരെ വിലയുള്ളതല്ല. നമ്മുടെ കുടുസ്സുമനസ്സ് നമുക്കുചുറ്റും മിക്കവാറും ചേർത്തുനിർത്തുന്നത് നമ്മെക്കാൾ പുരാതനരും മ്ലേച്ഛരും കിരാതരും കുടുസ്സുമനസ്സുള്ളവരും ആയതിനാൽ കാലം നമ്മെ കവച്ചുവച്ചു പോകുന്നത് നാം പലപ്പോഴും അറിയാതെപോകും.


പുതിയ കാലം വരാനിരിക്കുന്ന കാലത്തിൻ്റെ നാന്ദിയാണ്. അത് തീർത്തും ഭൗതികപരമല്ല. അതുകൊണ്ടുതന്നെ അതിന് അതിൻ്റേതായ അപകടങ്ങളുമുണ്ട്. പുതിയ കാലവും പുതിയ തലമുറയും വിനയാന്വിതവും

അഹിംസാപരവും സമാധാനപ്രോക്തവും സൗമ്യവും നിരഹങ്കാരികവും വിട്ടുകൊടുക്കുന്നതും പൊങ്ങച്ചപരമല്ലാത്തതും സമാദരണീയവും ആണ് എന്നൊക്കെ പറഞ്ഞാൽ വിഴുങ്ങാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ, അത്തരം മൂല്യങ്ങളിലേക്ക് ഒരു ആഭിമുഖ്യം പുതിയ കാലത്തിന് ഇല്ലെന്നു പറയാനാവില്ല.


ഇനി അതും ഇല്ലെന്നു കരുതുക. എങ്കിലും ആധിപത്യ മനോഭാവത്തെയും ഹിംസാപരതയെയും ആക്രമണ ഭാവത്തെയും ഗർവ്വിനെയും കൈയ്യടക്കൽ ശീലത്തിലെ ഹുങ്കിനെയും ഇനിയുള്ള കാലം വച്ചുപൊറുപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും. അക്കാര്യം നൂറുവട്ടം തറപ്പിച്ചുപറയാനാകും.

 
 
bottom of page