top of page

ഹൃദയവയല്‍

  • Writer: ബോബി ജോസ് കട്ടിക്കാട്
    ബോബി ജോസ് കട്ടിക്കാട്
  • May 9
  • 2 min read
Golden wheat stalks with vibrant hues sway gently in a sunlit field. The mood is warm and serene. No visible text.
  • The article discusses the symbolism of the cross, contrasting safety with risk-taking using Christ's life as an example.


1


എല്ലാം അലങ്കാരങ്ങളാവുകയാണ്. ഒരു കഴുമരം പോലും. ഉവ്വ്, കുരിശിനെക്കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. തൂക്കുമരത്തിലേറ്റപ്പെട്ട പോരാളികളെ കാട്ടാന്‍ ചെറിയ കുട്ടിയായ തന്നെയും കൊണ്ട് അച്ഛന്‍ പോയ ഓര്‍മ്മ നിക്കോസ് കസന്‍ദ് സാക്കീസിന്‍റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ (Nikos Kazantzakis, The report to Greco) യിലുണ്ട്. കഠിനവും മനം മറിപ്പിക്കുന്നതുമായ കാഴ്ചയായിരുന്നുവത്. കാറ്റ് പിടിച്ച ജീര്‍ണ്ണിച്ച ശരീരങ്ങള്‍. ഭയന്ന് പിന്നോട്ടാഞ്ഞ കുഞ്ഞിനെ അച്ഛന്‍ തടഞ്ഞു. മഞ്ഞോളം തണുത്ത പാദങ്ങളെ ഉമ്മ വെക്കാന്‍ പറഞ്ഞു. ആ നിമിഷം വല്ലാത്ത ഒരു ചൈതന്യത്തിന്‍റെ നീരൊഴുക്കില്‍ കുട്ടി കുതിര്‍ന്നു. ശിഷ്ടജീവിതത്തെ അത് പ്രകാശിപ്പിക്കും. കുരുന്നുപ്രാണനെ രാകിമിനുക്കാന്‍ സഹായിക്കും.


എത്ര മാത്രം കുരിശടയാളങ്ങളാണ് എല്ലായിടത്തും. പള്ളിയുടെ മുഖപ്പിലും മാറിലെ തണുപ്പിലും വളര്‍ത്തു പൂച്ചയെപ്പോലെ അതു മെരുങ്ങി കിടക്കുന്നു. ഒരു കഴുമരമാണിതെന്ന് പറഞ്ഞ് തുടങ്ങേണ്ടത്. കുരിശ് ഒരു പേര്‍ഷ്യന്‍ രീതിയാണ്. കുറ്റവാളി ഭൂമിയില്‍ കിടന്നു മരിച്ചാല്‍ അവന്‍റെ രക്തം ഭൂമിയ്ക്ക് ശാപമായി മാറുമെന്ന ഭീതിയില്‍ നിന്നാണത് ഉയര്‍ന്നത്. റോം തങ്ങളുടെ പൗരന്‍മാരെ ആകാശത്തിലെ കഴുകന്‍മാര്‍ക്ക് കൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അടിമകള്‍ക്കും അന്യദേശക്കാര്‍ക്കും വേണ്ടി മാത്രം കരുതി വച്ചു. ശിരച്ഛേദനമായിരുന്നു മതിപ്പുള്ള രീതി. പൗലോസ് അപ്രകാരമാണ് കൊല്ലപ്പെട്ടത്. പത്രോസ് കുരിശേറിയെന്ന് ഓര്‍ക്കുമ്പോള്‍ ആ വ്യത്യാസം പിടുത്തം കിട്ടും.


പിന്നെ നമ്മള്‍ കരുതണ പോലെ ദൂരെ കുന്നില്‍ മേലൊന്നും അല്ല കുരിശേറ്റം. വഴിയാത്രക്കാര്‍ക്ക് കാണാവുന്ന ഉയരത്തിലും ദൂരത്തിലും. eye contact‑ വളരെ പ്രധാനമാണ്. കണ്ണോട് കണ്ണ് പിടയുമ്പോള്‍ കുരിശ് എന്താണ് നിങ്ങളോട് പറയുന്നത്.


2


പ്രാണനെ ഗോതമ്പുമണിയെന്നാണ് അയാള്‍ വിളിച്ചത്. അതിന്‍റെ മുന്നില്‍ തെളിയുന്ന രണ്ടു സാധ്യതയുണ്ട്. ആദ്യത്തേത് സദാ പത്തായത്തിലായിരിക്കുക. ചട്ടപ്പടി ജീവിതവും അതിന്‍റെ സുരക്ഷിതത്വവും അനുഭവിക്കുന്ന അവര്‍ക്ക് കഴുവേറിയെന്ന പദമൊക്കെ തെറിയാണ്. വളരെ സേഫാണ്.


വിപരീതമാണ് വയല്‍. ജീവിതത്തിന്‍റെ മഴയും വെയിലും കൊണ്ട് മണ്ണില്‍ കാത്തു കിടക്കുക. എന്നിട്ടും എപ്പോഴോ ഒരു പച്ചിലനാമ്പ് ഭൂമിയുടെ പ്രസാദമാകുന്നു. തന്നെ തേടിയെത്തിയ യവനദേശക്കാരോടാണ് അയാള്‍ ആ വിത്തിന്‍റെ രൂപകം പറഞ്ഞത്. ജ്ഞാനത്തില്‍ ‑obsessed ആയ മനുഷ്യരാണ്. ഗ്രന്ഥപ്പുരകളും പത്തായം തന്നെ. അവിടെ നിന്ന് അടര്‍ന്ന് അനുദിന ജീവിതത്തിലേക്ക് തെല്ല് ഒന്ന് അലഞ്ഞു മായാനുള്ള ക്ഷണമായിരുന്നു അത്.


വൈരുദ്ധ്യം (Contradiction) തുന്നിക്കെട്ടിയ പുസ്തകമാണ് സുവിശേഷം. അതിലൊന്ന് സ്വന്തം ജീവന്‍ ശേഖരിക്കുന്നവര്‍ അത് ചിതറിക്കുന്നു. ചിതറിക്കുന്നവര്‍ അത് ശേഖരിക്കുമെന്നുള്ളതാണ്. ചെഗുവരെയൊക്കെ ഇന്നും ഒരു ശരി ആണ്. ചെ എന്നാല്‍ ഡോക്ടറെന്നു തന്നെയര്‍ത്ഥം. കാസ്ട്രോ അയാളെ മന്ത്രിയാക്കിയതാണ്. അത്തരമൊരു സുരക്ഷിതത്വം ഒരേനേരം നാടോടിയും പോരാളിയുമായ ഒരാളെ മടുപ്പിക്കും. കഠിന ആസ്മ രോഗിയായ അയാള്‍ ഇനിയും കാടു കയറും.


എങ്ങനെയാണ് ഉറ്റവരെല്ലാം ഉള്ളിലിടം കണ്ടെത്തിയത്. ചിതറിത്തീരുകയായിരുന്നു. ബോംബെയിലെ രാത്രി വണ്ടികളിലെ യാത്രക്കാരെപോലെ തിരക്കില്‍ തള്ള വിരലില്‍ ഏന്തി നിന്ന് ശ്വാസം മുട്ടി വേഗത്തില്‍ ഒടുവില്‍ ഇരുട്ടിലേക്ക് മാഞ്ഞു പോയിട്ടും.


ക്രിസ്തീയതയ്ക്കെതിരെ നീഷേയെ പോലെ ഇത്രമേല്‍ കലഹിച്ച ഒരു ചിന്തകന്‍ ഉണ്ടാകില്ല. ഏതൊരാള്‍ക്കും കാണത്തക്കവിധത്തില്‍ വലിയ അക്ഷരത്തില്‍ ഞാന്‍ അതിന്‍റെ വിചാരണവാക്കുകള്‍ ഭിത്തിയില്‍ എഴുതിയിടുമെന്ന് അയാള്‍ ഹുങ്കുപറഞ്ഞു. അതിലൊന്ന് ഇത് ഭീരുക്കളുടെ മതമാണെന്നുള്ളത്. നിശ്ചയമായും ക്രിസ്തുവല്ല അതിനുള്ള കാരണക്കാരന്‍. കാരണം ഇത്രയും വിപത്കരമായി ജീവിച്ച ഒരാള്‍ വേറെയുണ്ടാവില്ല. സ്വന്തം വിധിയിലേക്ക് തലയെടുപ്പോടെ നടന്നുപോകുമ്പോള്‍ സാധ്യമായിരുന്ന എല്ലാ ഒത്തുത്തീര്‍പ്പുകളെയും അയാള്‍ തട്ടിമാറ്റി. ഒരു വിശദീകരണം പോലുമില്ലാതെ താന്‍ ജീവിച്ച ജീവിതത്തോട് വിശ്വസ്തത പുലര്‍ത്തി. അപ്പോള്‍ പ്രശ്നം ക്രിസ്തുവിന്‍റേതല്ല; നിങ്ങളുടേതാണ്. ഏറ്റവും ചെറിയ റിസ്ക്പോലും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത നിങ്ങള്‍.


എല്ലാവരും ജനകീയ പ്രശ്നങ്ങളിലേക്ക് എടുത്തുചാടണമെന്നോ ഭരണകൂടങ്ങളെ വെല്ലുവിളിക്കണമെന്നോ എന്നല്ല ഇതിന്‍റെ അര്‍ത്ഥം. ആവൃതിയില്‍ ജീവിക്കുമ്പോള്‍ പോലും ഒരാള്‍ക്ക് അപകടകരമായി നിലിനില്‍ക്കാവുന്നതേയുള്ളൂ. കൂടുതല്‍ അലഞ്ഞും കൂടുതല്‍ കേട്ടും കുറച്ചുറങ്ങിയും ഒരാള്‍ക്ക് തന്‍റെ ജീവിതത്തെ വയലിലെ ഗോതമ്പു മണിയാക്കാവുന്നതെയുള്ളൂ. എന്തുകൊണ്ടോ വന്ദ്യനായ തിയോഫിനച്ചനെ കുറിച്ചോര്‍ക്കുമ്പോള്‍ അതാണ് മനസ്സില്‍ വരുന്നത്. കുറച്ചുകൂടി സ്വയം ശ്രദ്ധിച്ചിരുന്നെങ്കില്‍ താരതമ്യേന ചെറിയ പ്രായത്തില്‍ കടന്നുപോകേണ്ടി വരില്ലെന്ന വര്‍ത്തമാനം അദ്ദേഹത്തിന്‍റെ സമകാലികരില്‍ നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുതന്നെ ഒരു സുവിശേഷമാണ്.


ഹൃദയവയല്‍

ബോബി ജോസ് കട്ടികാട്

അസ്സീസി മാസിക മേയ് 2026

Comments


bottom of page