കടത്തുവഞ്ചി


നമ്മുടെ വി.ടിയെയും മാന്‍മാര്‍ക്ക് കുടയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കു വേണ്ടി സങ്കല്പങ്ങള്‍ തുന്നുന്ന ഒരു സ്ത്രീയാണ് അവര്‍. ഇരുപത്തിയൊന്നാം വയസ്സില്‍ ആണ് അവള്‍ ആദ്യാക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതുവാന്‍ പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങള്‍ അവളില്‍ സൃഷ്ടിച്ച ഹര്‍ഷം വാക്കുകളില്‍ നുരഞ്ഞുപതയുന്നുണ്ട്. ചമേലി എന്നാണ് തന്‍റെ പേരിന്‍റെ ശരിയായ ഉച്ചാരണം എന്നും ഇളംപ്രായം മുതല്‍ അവള്‍ കേള്‍ക്കുന്ന ചമിലിയല്ലെന്നുമുള്ള അറിവ് അവളെ ഒരു മാന്ത്രികലോകത്ത് എത്തിച്ചു.
ഒരു ചെറിയ മാറ്റം പോലും എന്തൊരു വ്യത്യാസമാണ് സത്തയില്‍ ഉണ്ടാക്കുന്നത്. അതില്‍ നിന്നാണ് അക്ഷരങ്ങളുടെ നിത്യോപാസകയായി അവള്‍ പരിണമിക്കുന്നത്. അഴകോ ധനമോ അക്ഷരത്തിന് സമശീര്‍ഷമല്ലെന്ന ബോധത്തില്‍ ആ നിമിഷം മുതല്‍ അവള്‍ പ്രകാശിച്ചു. അക്ഷരം പഠിക്കുന്നതിനു മുന്‍പ് തന്‍റെ ജീവിതം അടുത്തുള്ള ഇന്ദ്രസരോവര്‍ തടാകം പോലെ നിശ്ചലമായിരുന്നു എന്നും ഈ നിമിഷം മുതല്‍ ജീവിതം അതിന്‍റെ സമസ്ത നീരൊഴുക്കുകളെയും വീണ്ടെടുക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. തസാര്‍ നദിക്കു മീതേ ഒരു പാലം പണിയുകയായിരുന്നു അവളുടെ മനുഷ്യോന്മുഖമായ ജീവിതത്തിന്‍റെ ആദ്യത്തെ ചുവട്. മണ്‍സൂണ്‍ കാലങ്ങളില്‍ കവിഞ്ഞൊഴുകുന്ന ആ പുഴയ്ക്ക് അപ്പുറമായിരുന്നു ഗ്രാമത്തിന്‍റെ പ്രാഥമിക വിദ്യാലയം. അങ്ങനെ അക്ഷരസപര്യയിലൂടെയാണ് ഒരു സ്ത്രീ തന്‍റെ കര്‍മ്മപഥത്തിന്‍റെ ഓരോരോ ഇടത്താവളങ്ങളില്‍ എത്തുന്നത്.
അക്ഷരമാണ് താക്കോല്‍. സര്‍വ്വ നിഗൂഢതകളും തുറക്കാന്‍ കെല്‍പ്പുള്ള ആ മാന്ത്രിക താക്കോല്‍. അതിനെയാണ് തളികയിലെ ഒരുപിടി അരിയില്‍ ഇളംകൈകള്‍ തിരയുന്നത്. ക്ഷരമില്ലാത്ത ഒന്നാണ് ആ പേരില്‍ മുഴങ്ങുന്നത് എന്ന് ഇനിയും ആര്‍ക്കാണ് അറിയാത്തത്! ഒരേയൊരു പ്രാര്‍ത്ഥനയ്ക്കു വേണ്ടി ദൈവം അനുവാദം കൊടുക്കുമ്പോള്‍ അത് ജ്ഞാനത്തിനുവേണ്ടി ആവണമന്ന് തിരഞ്ഞെടുപ്പ് നടത്തിയ ഒരാളുണ്ട്. ശലമോന്‍ പിന്നീട് അഗാധജ്ഞാനത്തിന്‍റെ മറുപദങ്ങളിലൊന്നായി. ബാക്കിയുള്ളതൊക്കെ വേദപുസ്തകഭാഷയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. പ്രാര്‍ത്ഥനകളൊക്കെ ജ്ഞാനത്തിനു വേണ്ടിയുള്ള നിലവിളികളാണ്.
വെളിപാടിന്‍റെ പുസ്തകത്തില്‍ മനുഷ്യജീവിതത്തെ വിചാരണ ചെയ്യുന്ന അദ്ധ്യായത്തില്‍ 'പുസ്തകങ്ങള്‍ തുറക്കപ്പെട്ടു, കൂടെ ജീവന്‍റെ പുസ്തകവും' എന്നൊരു വരിയുണ്ട്. പല രീതിയില്‍ ആ പാഠഭാഗം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അതിനെ ഇങ്ങനെ വായിച്ചുകാണുവാന്‍ ഞാന്‍ താല്പര്യപ്പെടുന്നു. നമ്മള്‍ വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്ത ഗ്രന്ഥങ്ങള്‍ എതിര്‍വാദത്തിനായി മുരടനക്കുന്നുണ്ട്. വായിക്കാത്തവ വീട്ടുവളപ്പില്‍ നിധിയുണ്ടായിരുന്നിട്ടും ആത്മാവിനെ പട്ടിണിമരണത്തിന് വിട്ടുകൊടുത്തതിന്, വായിച്ചവ അവയുയര്‍ത്തിയ ആകാശത്തിലേക്ക് പറന്നുപോകുതിനു പകരമായി പരല്‍മീനുകളില്‍ കുരുങ്ങി ജീവിതത്തെ കനമോ കാമ്പോ ഇല്ലാതാക്കിയതിന്. അതുകൊണ്ടാണ് 'നീ ഈ പുസ്തകമൊക്കെ വായിക്കുന്നതല്ലേ നിനക്കിതെന്തുപറ്റി', എന്ന ചോദ്യത്തില്‍ കടല്‍ത്തിരയില്‍ കട്ടമരം പോലെ ചിലര്‍ നെടുകെ പിളര്‍ന്നുപോകുന്നത്.
2
"I don’t study to know more, but to ignore less." -Juana Inesa de la
തീരെ കനമോ ഖേദമോ ആകുലതയോ ഇല്ലാതെ അപ്പൂപ്പന്‍താടി പോലെ സ്വതന്ത്രനായ ഒരാള്‍; പുരുഷാര്‍ത്ഥത്തിലെ നാലാമത്തേതായ മോക്ഷം അതാണ്. ഇഹലോകസാധ്യതയായിത്തെ അതിനെ പരിഗണിക്കുന്നു. മോക്ഷത്തിലേക്ക് മൂന്നു പാതകളുണ്ടെന്നാണ് ഭാരതം വിശ്വസിക്കുന്നത്. ലോകത്തോടുള്ള അന്‍പു നിമിത്തം പ്രതിഫലേച്ഛയില്ലാതെ പരാര്‍ത്ഥകര്‍മങ്ങളില്‍ ഏര്‍പ്പെടുകയാണ് ആദ്യത്തേത്, കര്‍മയോഗം. രണ്ടാമത്തേത് ഭക്തിയോഗം, ആ പരമചൈതന്യത്തിന്‍റെ പാദങ്ങളില്‍ പൂര്‍ണമായി അര്‍പ്പിച്ച ഒരു ജീവിതകര്‍മ്മമാണത്. മൂന്നാമത്തേത് ജ്ഞാനയോഗം; ജീവിതാന്ത്യത്തോളം ജ്ഞാനതീര്‍ത്ഥാടനങ്ങളിലാവുക. ബോധത്തിലും തെളിച്ചത്തിലും സദാ ഇരിക്കുക എന്നു സാരം. സ്വച്ഛന്ദമൃത്യുവിന്‍റെ ശരശയ്യയില്‍ ആയിരിക്കുമ്പോഴും പാഠങ്ങള്‍ സ്വീകരിക്കാനും നല്‍കാനും തയ്യാറാവുന്ന ഭീഷ്മരാണ് മാതൃക. ശ്രീനാരായണഗുരു ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന പദങ്ങളിലൊന്ന് 'അറിവ്' ആണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അറിവിന്‍റെ ആനന്ദം ഘോഷിക്കാനാണ് ഒരാള്‍ യുറേക്ക എന്നു മുഴക്കി കുളിത്തൊട്ടിയില്‍ നിന്ന് തെരുവീഥിയിലേക്ക് കുതിക്കുന്നത്. 'ഞാനതു കണ്ടെത്തി' എന്നാണ് ആ ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം. 'ഞാന്‍ ഇവയൊക്കെ നിങ്ങളോടു പറയുന്നത് നിങ്ങളുടെ ആനന്ദം പൂര്‍ണമാകാനാണ്' (ജോണ്‍ 15: 11) അറിവോളം മനുഷ്യരെ നിലനില്പിനു ചാരുതയേകുന്ന മറ്റെന്തുണ്ട്! ഹൈപേഷായേക്കുറിച്ചുള്ള സൂചന പോലെ, എ ഡി 350-നും 370-നുമിടയില്‍ അലക്സാണ്ട്രിയയില്‍ ജീവിച്ച അവര്‍ ആദ്യത്തെ ഗണിത ശാസ്ത്രജ്ഞയായി ഗണിക്കപ്പെടുന്നു. ജ്ഞാനസൗന്ദര്യങ്ങളെ ഭയപ്പെട്ട മതദ്രോഹ വിചാരണയ്ക്കൊടുവില്‍ കാമുകനോടൊപ്പം കൊല്ലപ്പെടുകയായിരുന്നു അവള്‍. ഇന്നു നിലനില്‍ക്കുന്ന ഗണിത പാഠങ്ങള്‍ക്കടിസ്ഥാനം ഹൈപേഷായുടെ ഗണിതസങ്കല്പങ്ങളായിരുന്നു. ടി ഡി രാമകൃഷ്ണന്‍ 'ഫ്രാന്‍സിസ് ഇട്ടിക്കോര'യില്‍ അതിവിദഗ്ദ്ധമായി അവരുടെ ജീവിതത്തെ വിളക്കിച്ചേര്‍ത്തിട്ടുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും അഴകുള്ള സ്ത്രീകളിലൊരാളായി അവര്‍ വാഴ്ത്തപ്പെടുമ്പോള്‍ അഴകിന്‍റെ സങ്കല്പങ്ങള്‍ മാഞ്ഞുപോകുന്നു.
സത്യം കൊണ്ട് സ്വതന്ത്രരാവുക എന്ന സുവിശേഷമൊഴി ഈ ഗണത്തില്‍പ്പെട്ടവര്‍ക്കുള്ള വാഴ്ത്താണ്.
3
അധ്യാപകനും ആചാര്യനും തമ്മിലുള്ള വ്യത്യാസമിതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ഒരു ആപ്പിള്‍ വച്ചുനീട്ടുമ്പോള്‍ അതിലെത്ര കുരുക്കളുണ്ടെന്ന് അധ്യാപകന്‍ അതിവേഗത്തില്‍ പറഞ്ഞുതരുന്നു. രണ്ടാമത്തെ ആളാവട്ടെ, ഓരോ കുരുവിലും ഉറങ്ങുന്ന എണ്ണിത്തീര്‍ക്കാനാവാത്ത ആപ്പിള്‍കൂമ്പാരങ്ങളെ ഓര്‍ത്ത് കണ്ണുനിറയുന്നു. നമ്മളെന്താണെന്ന് നിര്‍ണയിക്കുന്ന ഒരാളല്ല, നമുക്ക് എന്താകാനാകുമെന്ന് പറഞ്ഞുതരുന്നയാളാണ് ആചാര്യന്‍.
ജീവിതത്തിന്‍റെ അനന്തസാധ്യതകളുടെ ചൂണ്ടുവിരലാവുകയാണ് ഒരാളുടെ പ്രാണന് അനുഷ്ഠിക്കാവുന്ന ഏറ്റവും വിശിഷ്ടധര്‍മ്മം.
കടത്തുവഞ്ചി
ബോബി ജോസ് കട്ടികാട്
അസ്സീസി മാസിക ജൂൺ 2026

















































































































