top of page

ഒറ്റ

Apr 6

3 min read

ബോബി ജോസ് കട്ടിക്കാട്
A lone child sits on a snowy street curb, wearing a green outfit, in a foggy village. The mood is somber and the street is deserted.
Ai Generated image on loneliness

Key Takeaways:

  • This article by Fr Bobby Jose Kattikkad is about loneliness/solitude.

  • Article discusses loneliness via Biblical context, Basho, Robinson Crusoe, and final anecdote


1


He came to that which was his own, but his own did not receive him.


ഒറ്റ വാക്കില്‍ അയാളുടെ ജീവിതം ചുരുക്കിയത് യോഹന്നാനാണ്. ഉറ്റവരിലേക്ക് അയാള്‍ വന്നു. അവരാകട്ടെ അകത്ത് നിന്ന് ഓടാമ്പലിട്ട് നിന്നു.


വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കനത്ത മൂടല്‍ മഞ്ഞ് മൂലം ഒരു ഫുട്ബോള്‍ മാച്ച് ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടതായി വന്നു. ഒരു വശത്തെ ഗോളിയതറിഞ്ഞില്ല. ആള്‍ക്കൂട്ടത്തിന്‍റെ ആരവങ്ങള്‍ക്കിടയില്‍ റഫറിയുടെ നീണ്ട വിസില്‍ കേട്ടില്ല.


കളി തുടരുകയാണ് എന്ന സങ്കല്പത്തില്‍ മൂടിപ്പോയ മൈതാനത്തിന്‍റെ ഒരറ്റത്തില്‍ കരം വിരിച്ച് ചടുലമായി അയാള്‍ നിന്നു. പതിനഞ്ച് മിനിറ്റിന് മുമ്പ് കളി അവസാനിച്ചിരുന്നുവെന്ന് ഒറ്റയ്ക്കായി പോയ അയാളോട് പോലീസാണ് പിന്നീട് അറിയിച്ചത്.


അയാള്‍ അവരോട് പറഞ്ഞത് സ്നേഹ സംഭാഷണങ്ങളിലൊക്കെ ഒരു നെടുവീര്‍പ്പായി മുഴങ്ങാറുണ്ട് :How sad that my friends forget me when I was guarding their goal post? നിങ്ങളവരുടെ ഗോള്‍ വലയം കാക്കാനായി തണുത്ത് വിറച്ച് നില്‍ക്കുമ്പോള്‍ അവരെന്താണ് ചെയ്യുന്നത്.


എത്ര പെട്ടെന്നാണ് ഒരാള്‍ തന്‍റെ പരിസരത്തില്‍ അനഭിമതനാവുന്നത്. സ്നേഹത്തിന് കാരണങ്ങളില്ലാത്തതുപോലെ വൈരത്തിനും പ്രത്യകിച്ച് കാരണമില്ലയെന്ന് തോന്നുന്നു.


ഒരു കൂട്ടം പടയാളികള്‍ ആയുധങ്ങളും പന്തങ്ങളും വിളക്കുകളുമായി അവനെ തേടിയെത്തി - ഉപയോഗിക്കുന്ന പദംspeira യാണ്. റോമന്‍ cohort നു വേണ്ടിയുള്ള യവന പദമാണത്. റോമിലെ ലീജ്യന്‍റെ അഥവാ സേനയുടെ പത്തിലൊരു ഭാഗം വരുന്ന ഗണമാണ് സൂചിതം. 600 പട്ടാളക്കാര്‍ ഉണ്ടാവണം. സഹായ സൈന്യമാണെങ്കില്‍ (auxiliary) അത് ആയിരം പേരാണ്. കൂടാതെ ദേവാലയത്തിന്‍റെ കാവല്‍ ഭടന്‍മാരുമുണ്ട്. ആയുധങ്ങളുമായി ആരെയാണ് ഇവര്‍ വളഞ്ഞിട്ടു കീഴ്പ്പെടുത്താന്‍ പോകുന്നത്? സദാ ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്ന ഒരാളെ!


ജീവിതം എന്തൊരു അസംബന്ധ നാടകമാണ്. പെസഹാ പൂര്‍ണ്ണചന്ദ്രന്‍റെ പെരുന്നാളാണ്. അതുകൊണ്ട് തന്നെ പന്തങ്ങളും വിളക്കുകളുമെന്ന വാക്ക് നന്നായി ശ്രദ്ധിക്കണം. അവരിലേക്കാണ് അയാള്‍ ഇറങ്ങി ചെല്ലുന്നത്.


2


നക്ഷത്രങ്ങളുടെ വീഴ്ചയാണ് ശരിയായ പതനം. ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതം കഠിനമായിരിക്കും. ഒരു രാത്രിയുടെ മഹോത്സവത്തിനുശേഷം താലിച്ചരടും വളകളും പൊട്ടിച്ച് പുലരിയില്‍ വിധവകളാകുന്ന ഒരു ക്ഷേത്രം പോലെ. അങ്ങനെയൊരു പരിണയം തമിഴ്നാട്ടിലെ വില്ലുപുരം, കൂവാകം എന്ന സ്ഥലത്ത് കൂത്തവര്‍ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും അരങ്ങേറുന്നുണ്ട്. മോഹിനിവേഷം കെട്ടിയ ഭഗവാന്‍റെ ഓര്‍മയ്ക്ക് വേണ്ടിയാണവരത് ചെയ്യുന്നത്. പരാജിതരെക്കാള്‍ ജയിച്ചവരുടെ ഏകാന്തത എത്രമടങ്ങ് കഠിനമായിരിക്കും.


പ്രപഞ്ചം മുഴുവന്‍ ഏകാന്തതയുടെ ഒരു കാറ്റ് സദാ വീശുന്നതായി ബാഷോ കരുതിയിരുന്നു. അനാഥശിശുവിനോടൊപ്പം ഉറങ്ങാന്‍ കിടക്കുന്ന തണുത്ത കാറ്റ് എന്ന് അയാളുടെ ഹൈക്കു ഉണ്ട്. ഫ്യൂജിപ്പുഴയുടെ തീരത്ത് കണ്ട കഷ്ടിച്ച് മൂന്നുവയസ്സുള്ള ഒരാനാഥക്കുട്ടിയുടെ ഓര്‍മ്മ ബാഷയുടെ മാറാപ്പിലുണ്ട്. ഒരല്പം അന്നമവന്‍റെ വിശപ്പിലേക്കെറിഞ്ഞ് യാത്ര തുടരുമ്പോള്‍ തീരെ ദയയില്ലാത്ത ഒരാളായി അയാള്‍ക്ക് സ്വയം തോന്നി. അവനോട് മുകളിലേക്ക് നോക്കി നിലവിളിക്കെന്ന് പറഞ്ഞ് പുഴ കടക്കാന്‍ തുടങ്ങുകയാണയാള്‍. മനുഷ്യന്‍റെ ഏകാന്തതയ്ക്ക് ചിരകാല പരിഹാരങ്ങളൊന്നുമില്ലായെന്നു കരുതിയ ഒരാളുടെ പ്രായോഗിക ബുദ്ധി കൂടിയാണത്.


ഏകാന്തതയെന്നൊരു വാക്ക് അത്രയും നേരെ പുതിയ നിയമത്തില്‍ ഉപയോഗിക്കപ്പെടുന്നില്ലെന്നിരിക്കിലും യേശുവിനെപ്പോലെ ഏകാന്തതയെ ഇത്ര കൃത്യമായി തിരിച്ചറിഞ്ഞയെത്ര പേരുണ്ടാകും. അവര്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ യേശുവിനെ മാത്രമേ കണ്ടുള്ളു എന്ന വരിയില്‍ അവന്‍റെ ഏകാന്തയുടെ ചുരുക്കെഴുത്ത് ഉണ്ട്. ഒരുമിച്ചായിരിക്കുമ്പോള്‍ ഞങ്ങളെ ഒറ്റയാകാന്‍ അനുവദിക്കരുതേയെന്നും ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഞങ്ങളെ ഒരുമിച്ചായിരിക്കാന്‍ പഠിപ്പിക്കണമേയെന്നുമുള്ള പ്രശസ്തമായ ഒരു പ്രാര്‍ത്ഥനയുണ്ട്.


സ്വയം ചവിട്ടി കാലുവെന്ത ഒരു കനലായതുകൊണ്ടാവണം സദാ മനുഷ്യന്‍റെ ഏകാന്തതയിലേക്ക് തുറന്നിട്ട നിറമിഴികളുണ്ടായിരുന്നു യേശുവിന്. മനുഷ്യനെ വിധിക്കാനായി ദൈവം കരുതിവച്ചിരിക്കുന്ന ആറുചോദ്യങ്ങളില്‍ നാലും മനുഷ്യന്‍റെ ഏകാന്തതയില്‍ നിങ്ങളെന്തു ചെയ്തുവെന്ന അന്വേഷണമാണ്. പരദേശിക്ക് തണലും നഗ്നന് ഉടുപ്പും രോഗിക്ക് സാന്ത്വനവും കാരാഗൃഹവാസിക്ക് സൗഹൃദവും കൈമാറാതെ പോയ നിമിഷങ്ങളാണ്. ഇങ്ങനെയാണ് തടവറ കൊടിയ ശിക്ഷയാണെന്ന് ഒരു പരിഷ്കൃതസമൂഹം നിശ്ചയിച്ചെടുത്തത്. ഒരുമിച്ചായിരിക്കുന്നവരെ ഒറ്റയായി നിലനിര്‍ത്തുക എന്നതിനെക്കാള്‍ ഹൃദയത്തെ വലിച്ചുകീറുന്ന മറ്റെന്തുണ്ട്.


ജീവവായുപോലെ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആ പരമചൈതന്യത്തില്‍ ഉള്ള ഉറപ്പുകൊണ്ടാണ് ഏകാന്തതയെ യേശു അഭിമുഖീകരിച്ചത്. (മരുഭൂമിയിലെ നാല്പതു ദിവസത്തെ ഏകാന്തജീവിതത്തിനൊടുവില്‍ പോലും മാലാഖമാര്‍ അവനെ വന്ന് ശുശ്രൂഷിച്ചുവെന്നാണ് നാം വായിക്കുന്നത്.) യോഹന്നാന്‍ 16/32 എന്തൊരു ശക്തമായ ഉദീരണമാണ്. നിങ്ങളെന്നെ ഒറ്റയ്ക്കാക്കും എന്നാലും ഞാന്‍ തനിയെ അല്ല. എന്‍റെ പിതാവ് എന്നോടൊപ്പമുണ്ട്. ഏകാന്തതയുടെ കൊടിയ കയങ്ങളില്‍ ചിലപ്പോഴെങ്കിലും പെട്ടുപോയ ഒരാളെന്ന നിലയില്‍ നമുക്കും ഒരു സാന്ത്വന വചനമുണ്ട്. നിങ്ങളെ ഞാന്‍ ഒരിക്കലും തനിച്ചാക്കുകയില്ല. അഗാധ ധ്യാനത്തില്‍ മിഴിപൂട്ടിയിരിക്കാന്‍ ആവുമെങ്കില്‍ ഏത് ഏകാന്തയിടങ്ങളിലും അവന്‍റെ വസ്ത്രവിളുമ്പ് ഉലയുന്നത് കേള്‍ക്കാന്‍ ആത്മാവിന്‍റെ കര്‍ണ്ണപുടങ്ങള്‍ക്ക് പാകത കിട്ടും.


3


ഏകാന്തത പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. ഉള്ളിന്‍റെ ഉള്ളില്‍ അത് സദാമയക്കത്തിലുണ്ട്. ഭൂചലനത്തിന് ശേഷം കടലില്‍ നിന്ന് തുരുത്തുകള്‍ രൂപപ്പെട്ടതുപോലെ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നുവെന്നു മാത്രമേ ഉള്ളൂ. അപ്രതീക്ഷിതമായ ചില തിരിച്ചടികള്‍, ദുരന്തങ്ങള്‍, വിരഹങ്ങള്‍ ഒക്കെ ഏതൊക്കെയോ പേരറിയാ തുരുത്തുകളിലേക്ക് നിങ്ങളുടെ പ്രാണനെ നാടുകടത്തുന്നുണ്ട്. സംവാദത്തിന്‍റെ പാലങ്ങളും സൗഹൃദത്തിന്‍റെ കടത്തുവഞ്ചികളും പാടെ തകര്‍ക്കപ്പെട്ട് ചിലരിങ്ങനെ. ഡാനിയേല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോ നല്ലൊരു പ്രതീകമാണ്. ഒരാള്‍ കണ്ടെത്തിയ തുരുത്തുകളും അയാള്‍ക്ക് നമ്മള്‍ പതിച്ചുകൊടുത്ത തുരുത്തുകളും ഉണ്ടാകാം. ജീവിച്ചിരിക്കുന്നതിനുവേണ്ടി ഒരാള്‍ കൊടുക്കുന്ന കപ്പമാണീ ഒറ്റപ്പെടല്‍.


എങ്ങനെയാണ് പുറത്തേയ്ക്കുള്ള ചുവടുകള്‍ തെളിയുന്നത്? ഏകാന്തതയായിരുന്നു, നരജന്മത്തിന്‍റെ ആ പുരാതനദുഃഖം. മനുഷ്യന്‍ ഏകനാണെന്നു ദൈവം കണ്ടു. ഋജുവായ പരിഹാരം മറ്റൊരു മനുഷ്യനാണ്. അങ്ങനെയാണ് അയാള്‍ക്ക് വേണ്ടി ഒരു കൂട്ടുകാരിയെ മെനഞ്ഞത്. ശാശ്വത ശമനമൊന്നുമല്ലത്. ഒരുമിച്ചായിരിക്കുമ്പോഴും പിന്നെയും ഒറ്റയാവും എന്ന തലവരയെക്കുറിച്ച് വൈകാതെ അവര്‍ കുറെക്കൂടി ബോധവാന്മാരാകും. എന്നാലും കുഴപ്പമില്ല!


ദൈവവും ഏകാന്തതയുടെ കയ്പ് അറിഞ്ഞിട്ടുണ്ടാവും. അല്ലെങ്കില്‍ ദൈവത്തിനെന്തിന്‍റെ കുറവാണുള്ളത്. ഉല്‍പ്പത്തിയുടെ പുസ്തകത്തിലെ അഞ്ചാംദിവസം അന്തിയില്‍ മനുഷ്യനെന്ന ആ അശുജന്മമൊഴികെ എല്ലാം ഈ പ്രപഞ്ചത്തിലുണ്ടായിരുന്നു. എന്നിട്ടും ദൈവത്തിന്‍റെ ശൂന്യതയുടെ പാനപാത്രം നിറയ്ക്കാന്‍ മനുഷ്യനെന്ന സദാ നുരയുന്ന വീഞ്ഞു വേണ്ടിയിരുന്നു. അതായിരുന്നു ആറാം ദിനത്തിലെ കണ്ടെത്തല്‍! ദൈവത്തിന്‍റെ ഏകാന്തതയെക്കുറിച്ച് ആര്‍. രാമചന്ദ്രന്‍റെ തീക്ഷ്ണമായ ഒരു കവിതയോര്‍ക്കുന്നു. 'ദിവ്യദുഃഖത്തിന്‍റെ നിഴലെ'ന്ന ശീര്‍ഷകത്തില്‍.


ദിവസത്തിന്‍റെ അന്തിയില്‍ ഏകാന്തതയെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക എന്നതു തന്നെയാണ് പ്രധാനം. ജീവിതത്തെ സര്‍ഗ്ഗാത്മകമാക്കാനുള്ള നിയതിയുടെ ക്ഷണമാണത്. ഇംഗ്ലീഷില്‍ ഉപയോഗിക്കുന്ന ലോണ്‍ലിനെസ്സില്‍ നിന്ന് സോളിറ്റ്യൂഡിലേക്കുള്ള പരിണാമമാണ്. മലയാളത്തില്‍ കൃത്യമായ വ്യത്യാസം ഈ പദങ്ങള്‍ക്കിടയില്‍ രൂപപ്പെടുത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. പ്രസാദമുള്ള ഈശ്വരസാന്നിദ്ധ്യമുള്ള, ഈര്‍പ്പമുള്ള, വേരുകളെ അഗാധമാക്കുവാന്‍ സഹായിക്കുന്ന ബോധപൂര്‍വ്വമുള്ള ഏകാന്തതയാണ് സോളിറ്റ്യൂഡെന്ന് തോന്നുന്നു. അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യര്‍ വല്ലാതെ പൊള്ളയായിപ്പോവും.


ഒരുതരം alone with the alone.. ഉണ്മയെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ അകന്നു നില്ക്കുമ്പോഴും നമ്മളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അദൃശ്യകണ്ണികളെ ഓര്‍മ്മിപ്പിക്കുന്നു.


ഓര്‍ക്കണം, മനുഷ്യാത്മാവിന്‍റെ ഏകാന്തതകള്‍ സ്വയം കണ്ടെത്തലിന്‍റെയും ആന്തരികമായ നിശ്ശബ്ദതയുടെയും സര്‍ഗ്ഗാത്മകതയുടെയും പ്രലോഭിപ്പിക്കുന്ന ദ്വീപുകളാണ്. അത്തരം ഏകാന്തതകള്‍ രോഗാതുരതകളെ അതിജീവിച്ചുകൊള്ളും. അതിന്‍റെ അരികുകളില്‍ മുങ്ങിപ്പോയ കടത്തുവഞ്ചികളില്‍പ്പോലും തീര്‍ത്ഥയാത്രകളുടെ സ്മരണകളുണ്ടാകും. നിശ്ശബ്ദതയുടെ ഉര്‍വരമായ ആത്മീയതയാണ്. പള്ളിമണികളുടെ താഴെ ഇരുന്നല്ല റോബിന്‍സണ്‍ ക്രൂസോ തന്‍റെ ദൈവത്തെ ദര്‍ശിച്ചത്. മറിച്ച് വന്യവും കാതരവും നിശ്ശബ്ദവുമായ പ്രകൃതിയുടെ ഏകാന്ത ഇടങ്ങളില്‍ ഇരുന്നുള്ള ബൈബിള്‍ വായനയാണ് അതിനയാളെ സഹായിച്ചത്. മനുഷ്യന് പൂരിപ്പിക്കാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഇനിയുമുണ്ടെന്ന് സ്വയം വരിച്ച ഏകാന്തതകള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും.


ഒടുവില്‍, ഒറ്റയായ മനുഷ്യനോട് നിങ്ങള്‍ എങ്ങനെയാണ് ഇടപെഴകാന്‍ പോകുന്നത്? ചെറിയ വൃത്തത്തിലെങ്കിലും ഒറ്റയാകാന്‍ ആരെയും അനുവദിക്കില്ല എന്നൊരു വാശിയും വേണം.


ഒരെഴുത്തുകാരനെക്കുറിച്ച് വായിച്ചതുപോലെ, മലമുകളിലുള്ള തന്‍റെ അവധിക്കാലവസതിയില്‍ കുറച്ചുകാലം ചെലവഴിച്ച് മടങ്ങിപ്പോകുമ്പോള്‍ താഴ്വാരത്തുള്ള വൃദ്ധയോട് നന്ദി പറയാന്‍ ചെന്നതായിരുന്നു അയാള്‍. പെട്ടെന്ന് അവരുടെ മുഖം മങ്ങി. പിന്നെ പറഞ്ഞു. വലിയൊരാശ്വാസമായിരുന്നു ഒരോ രാത്രിയിലും നിങ്ങള്‍ ഉമ്മറത്ത് തൂക്കിയ ആ വിളക്ക്. ഇവിടെ നിന്ന് കാണുമ്പോള്‍ ഒറ്റയല്ല ഞാനെന്നൊരു തോന്നല്‍.


ഓരോ രാവിലും തന്‍റെ ഉമ്മറത്ത് ആ റാന്തല്‍ തെളിച്ച് തൂക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടാണ് ആ ഒഴിവുകാലത്തിനു ശേഷം അവിടം വിട്ട് അയാള്‍ പേയത്.


ഒറ്റ

ബോബി ജോസ് കട്ടികാട്

അസ്സീസി മാസിക ഏപ്രിൽ 2026

Related Posts

ബോബി ജോസ് കട്ടിക്കാട്

Sep 11, 2025

3 min read

ഡ്രോപ്ഔട്ട്

"It's the lost souls that lay the foundation for a better tomorrow, because those beings are not afraid to be lost, they are not afraid...

ബോബി ജോസ് കട്ടിക്കാട്

Mar 6, 2025

3 min read

ഉപവനം

1 Then Jesus went with them to the olive grove called Gethsemane, and he said, "Sit here while I go over there to pray." കടലെടുത്ത...

ബോബി ജോസ് കട്ടിക്കാട്

Feb 8, 2025

2 min read

ഹൃദയരാഗം

അപ്പന്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ്. അകത്തേക്ക് പാഞ്ഞു പോകുന്ന ഡോക്ടര്‍ ഒന്ന് തിരിഞ്ഞു നോക്കിയതായി തോന്നി. അയാള്‍ക്ക് വേണ്ടി...

Recent Posts

bottom of page