top of page

സുന്ദരം

Writer: George Valiapadath Capuchin
George Valiapadath Capuchin
Jun 24
1 min read
a Shot from the movie Life is beautiful

ഏറ്റവും നല്ല അന്യഭാഷാ ചിത്രത്തിനും അഭിനേതാവിനും ഉള്ളതടക്കം മൂന്ന് ഓസ്കറുകളും, കാനിലെ ഗ്രാൻ്റ് പ്രിയും നേടിയ ചലച്ചിത്രമാണ് 1997-ലെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ". സംവിധായകൻ റൊബേർത്തോ ബെനീഞ്ഞി തന്നെയാണ് മുഖ്യവേഷത്തിലും എത്തുന്നത്. നന്നേച്ചെറിയ ബാലനായ തൻ്റെ മകനെ നാസികളുടെ ക്രൂരതകൾ ബാധിക്കാതിരിക്കാനായി, "നമ്മളെല്ലാം ഒരു നാടകത്തിൽ അഭിനയിക്കുകയാണ്" എന്നുപറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവസാനം, നാസി പടയാളികളാൽ പിടിക്കപ്പെട്ട്, അവർ അയാളെ വെടിവെച്ച് കൊല്ലുമ്പോൾ തൻ്റെ പിതാവിന്റെ ഏറ്റവും നല്ല അഭിനയമാണ് അത് എന്നോർത്ത് മകൻ പതുങ്ങിയിരുന്ന് കാണുന്നുണ്ടത്. അവർക്ക് വെടിവയ്ക്കാൻ പാകത്തിൽ, മുഖം നിറയുന്ന ചിരിയോടെ, സല്യൂട്ട് ചെയ്ത്, മാർച്ച് ചെയ്ത് മരണത്തിലേക്ക് പോകുന്ന രംഗമുണ്ട്. ട്രാജഡിയെ സുസ്‌മേരവദനത്തോടെ പുൽകുന്ന കാഴ്ച നമ്മെ കരയിക്കും!


ശിഷ്യഗണത്തെ പരിഭ്രാന്തിയിലേക്ക് തള്ളി വിടാതിരിക്കാൻ കൂടി, താൻ പിതാവിൻ്റെ പക്കലേക്ക് പോകുകയാണെന്നും, താൻ പോയാലേ സഹായകനെ അയക്കാൻ തനിക്ക് കഴിയൂ എന്നും, താൻ പോകുന്നത് ശിഷ്യർക്ക് സ്ഥലം ഒരുക്കാനാണ് എന്നും, താൻ തിരിച്ചുവന്ന് ശിഷ്യരെ കൂട്ടിക്കൊണ്ടുപോകും എന്നും മറ്റും യേശു പറയുന്നത് വായിക്കുമ്പോൾ കാൽനൂറ്റാണ്ടിനപ്പുറം മുതൽ എപ്പോഴും റൊബേർത്തോ ബെനീഞ്ഞിയുടെ ഗ്വിദോയെയാണ് ഓർമ്മവരുന്നത്!

bottom of page