top of page

വാര്‍ദ്ധക്യത്തിന്‍റെ വിലാപം!!

Apr 6

2 min read

ഫാ. ജോസ് വെട്ടിക്കാട്ട്
Gemini Ai generated image of an old man speaking to a Franciscan Friar in a bus stop
Gemini Ai generated image of an old man speaking to a Franciscan Friar in a bus stop

Key Takeaways:

  • The article "Idiyum Minnalum," detailing old man's loneliness.

  • Article describes elderly man meeting the author, sharing isolation after wife's death.

  • Final status: Article relays man's lament about feeling alone despite children.


പൊളിച്ചുപണിതുകൊണ്ടിരിക്കുകയായിരുന്ന ഒരു ബസ്റ്റാന്‍റിലെ പരിമിതമായസൗകര്യം മാത്രമുള്ള താത്ക്കാലിക വെയിറ്റിങ് ഷെഡില്‍ ഏറ്റവും പിന്നിലായിക്കിടന്ന തീരെവൃത്തിയില്ലാത്ത ഒരുചാരുബഞ്ചില്‍ വല്ലപ്പോഴും വരുന്ന ബസ്സും കാത്തിരിക്കുകയായിരുന്നു ഞാന്‍. രാവിലെതന്നെ അന്നത്തെ പത്രം വായിച്ചതായിരുന്നെങ്കിലും നേരംപോകാന്‍വേണ്ടി വേറൊരു പത്രവുംകൂടെവാങ്ങി വായിച്ചുകൊണ്ടിരുന്നപ്പോള്‍ ആരോ അടുത്തുവന്നിരന്നു. പ്രായമുള്ള ഒരു കാരണവരായിരുന്നു. ഇടയ്ക്കിടയ്ക്ക് ഞാന്‍ വായിച്ചുകൊണ്ടിരുന്ന പത്രത്തിലേക്ക് എത്തിവലിഞ്ഞു നോക്കുന്നതു കണ്ടപ്പോള്‍ വായിച്ചുതീര്‍ന്ന പുറത്തെ ഷീറ്റെടുത്ത് ആളുടെനേരെനീട്ടി. അതു വാങ്ങാതെ വേണ്ടെന്നുള്ള മട്ടില്‍ തലയാട്ടി. 'ഒളിഞ്ഞു നോക്കാനായിരിക്കും ആള്‍ക്കിഷ്ടം' എന്നു മനസ്സിലോര്‍ത്തപ്പോഴേക്കും എന്‍റെ മനസ്സു വായിച്ചതുപോലെ ആളുടെ വിശദീകരണം:


"ഒളിഞ്ഞു നോക്കിയതല്ല, രാവിലെതന്നെ മനോരമപ്പത്രം വായിച്ചതാ. ഈ പത്രത്തിലെ ചരമവാര്‍ത്തേലെ മുകളിലത്തെ ലൈനിലെ രണ്ടാമത്തെ ഫോട്ടോ കണ്ടിട്ട് എന്നെപ്പോലിരിക്കുന്നു, അതുകൊണ്ടുനോക്കിയതാ."


എന്നിട്ടയാളൊരു ചിരി. തമാശാണോന്നറിയാന്‍ ഞാനും നോക്കി. നേരാണ്, ആളുമായി ആ ഫോട്ടോയ്ക്ക് നല്ല സാമ്യമുണ്ടായിരുന്നു.


"ഇപ്പളെല്ലാമിങ്ങനെ കമ്പ്യൂട്ടറേല്‍ റെഡിയാക്കി വച്ചിരിക്കുവല്ലെ, കാറ്റുപോയാല്‍ ഒറ്റഞെക്കിന് സംഗതി പത്രമാപ്പീസില്‍ ചെല്ലും. എന്‍റെ ഭാര്യ അവശനെലേല്‍ കെടന്നപ്പോള്‍ മക്കളങ്ങനെ റെഡിയാക്കി വയ്ക്കുന്നതു ഞാന്‍ കണ്ടതാണ്. കഴിഞ്ഞയാഴ്ച ഞാനും ആശുപത്രീലായിരുന്നു. അതറിഞ്ഞ് നാട്ടിലില്ലാത്ത മക്കളെങ്ങാനും വാര്‍ത്തവല്ലോം റെഡിയാക്കിവച്ചതു കൈയ്യബദ്ധംപറ്റി ഞെക്കിയവഴി പത്രക്കാര്‍ക്കെങ്ങാനും അയച്ചു കൊടുത്തുപോയതായിരിക്കുമോന്നറിയന്‍ നോക്കിയതാ."


ആളിന്‍റെ വളിപ്പുകേട്ട് ഞാനും ചിരിച്ചുപോയി. യാതൊരു ഉത്തേജനവും കൊടുക്കാതെ ഇത്രയും പറഞ്ഞയാളെ ചുമ്മാതെയൊന്നു കിള്ളിയാല്‍ ചിലപ്പോള്‍ ഇതിലും രസമുള്ളതുപലതും ഇനീം കിട്ടിയേക്കുമെന്നു തോന്നിയതുകൊണ്ട് പത്രമൊക്കെ ഞാനങ്ങു മടക്കിവച്ചു.


"എങ്ങോട്ടാ ചേട്ടാ യാത്ര?"


"അതങ്ങു പരലോകത്തേക്കാ, അതിനുള്ള വണ്ടിവല്ലോം കിട്ടുമോന്നറിയാന്‍ വന്നിരിക്കുന്നതാ എന്നും ഇവിടെ."


"അതിനുള്ള വണ്ടിക്കാണോ പഞ്ഞം? അതിനിവിടിങ്ങിനങ്ങിരുന്നാ മതിയോ? ഓടിവരുന്ന ഏതെങ്കിലും വണ്ടീടെ മുന്നിലോട്ടങ്ങു ചാടണം. പരലോകത്തെത്തുകേം ചെയ്യും പത്രത്തില്‍ മക്കളാരുമിടാതെതന്നെ പേരും പടോം വരുകയുംചെയ്യും."


"മോന്‍ ആളു കൊള്ളാമല്ലോ. എവിടാ വീട്?"


"പത്തെഴുപതു കഴിഞ്ഞതാ, താടിമൊത്തം നരച്ചു, എന്നിട്ടും എന്നെ മോനെന്നു വിളിക്കണോ?"


"അതെന്‍റെയൊരു ശീലമാ മോനേ, എന്നെക്കാള്‍ പ്രായംകുറഞ്ഞവരെ ഞാന്‍ സാറേന്നൊന്നും വിളിക്കത്തില്ല, മോനേന്നങ്ങു വിളിച്ചേക്കും. എന്നാലും പറ, വീടെവിടാ, എങ്ങോട്ടാ യാത്ര?"


ഞാന്‍ സ്ഥലം പറഞ്ഞു, എങ്ങോട്ടാണെന്നും.


"കാര്‍ന്നോരെങ്ങോട്ടാ?"


"ഞാന്‍ നേരത്തെ പറഞ്ഞതുതന്നെയാണുമോനേ സത്യം. എന്‍റെ വീടൊരു രണ്ടു കിലോമീറ്ററപ്പുറത്താ. മനുഷേരെ കണ്ടോണ്ടിരിക്കാന്‍ വരുന്നതാ ഇവിടെ."


കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന തമാശുഭാവമൊക്കെയങ്ങു പോയി. മക്കളഞ്ചു പേര്. പെണ്‍മക്കളു മൂന്നും കല്യാണംകഴിഞ്ഞു വിദേശത്താണ്. ആണ്‍മക്കളില്‍ മൂത്തവനും കുടുംബമായി മറുനാട്ടിലാണ്. ഇളയവന് ഇവിടെ നല്ല ജോലിയുണ്ട്. അവന്‍റെ ഭാര്യയ്ക്കും ജോലിയുണ്ട്. അവര്‍ക്കു മൂന്നു മക്കളുള്ളത് മൂന്നും പഠിക്കുന്നു. ഭാര്യ മരിച്ചിട്ടൊരുകൊല്ലമായി.


"അവളുണ്ടായിരുന്നപ്പോഴും ഞാനൊറ്റയ്ക്കുതന്നെയായിരുന്നു. വിദേശത്തുള്ള മക്കളുടെ നാലുപേരുടേം മക്കളെ നോക്കല് അവളാരുന്നു. അവരുടെ ആ ആവശ്യമൊക്കെക്കഴിഞ്ഞപ്പോഴേക്കും അമ്മയെ അവരു നാട്ടില്‍ കൊണ്ടെത്തള്ളി. അതിന്‍റെപേരില്‍ പ്രതിഷേധിച്ച്, അവരുടെയല്ലാം ആവശ്യം കഴിഞ്ഞപ്പോള്‍ അമ്മേ കൊണ്ടുവന്ന് അവന്‍റെതലേല്‍ തള്ളിയെന്നും പറഞ്ഞ് ഇളയവന്‍ വഴക്കുണ്ടാക്കിയതില്‍പിന്നെ ഒരുമാസമെ അവളു ജീവിച്ചുള്ളു."


തൊണ്ടയിടറിയതുകൊണ്ട് അയാളൊന്നു നിര്‍ത്തി. തോളില്‍ കിടന്ന നരച്ച ഒരു ടര്‍ക്കിത്തോര്‍ത്തുകൊണ്ട് കണ്ണുതുടയ്ക്കുന്നതു കണ്ടപ്പോള്‍ എന്‍റെയുള്ളും വിങ്ങി. അല്പം കഴിഞ്ഞ് വീണ്ടും അയാള്‍ തുടര്‍ന്നു:


"അവളുപോയതില്‍പിന്നെ ഞാനിങ്ങനെ ദിവസോം പരലോകത്തിനു വണ്ടീംകാത്ത് ഇവിടെ വന്നിങ്ങനെ ഇരിക്കുന്നു. രാവിലെ മകനും മരുമകളും ജോലിക്കും മക്കളുമൂന്നും സ്കൂളിലേക്കുമായിട്ടു വീട്ടീന്നു പോയാല്‍പിന്നെ ഞാന്‍ ഒറ്റയ്ക്കാകും. എനിക്ക് ഉച്ചയ്ക്കത്തേക്കുള്ളത് വല്ലതും വിളമ്പി മൂടിവച്ചിട്ടു പോകും. അവരു പോയിക്കഴിഞ്ഞാലുടനെ ഞാനും പതിയെ ഇറങ്ങിയങ്ങു നടക്കും. ഇവിടെവന്ന് ഈ ബസ്റ്റാന്‍റിലിരിക്കും. ഇടയ്ക്കോരോ ചായകുടിക്കും. പരിചയക്കാരെ ആരെയെങ്കിലും കണ്ടാലങ്ങനെ വര്‍ത്തമാനം പറഞ്ഞിരിക്കും, അല്ലെങ്കില്‍ മോനെപ്പോലെ വല്ലോരേം കിട്ടിയാല്‍ കത്തിവയ്ക്കും. വീട്ടില്‍ചെന്നാലും മിണ്ടലുംപറയലും തീരെ കുറവാ. എല്ലാവര്‍ക്കും തെരക്കാണ്. പിള്ളേരോടൊന്നു മിണ്ടാന്‍പോലും കിട്ടില്ല. റ്റ്യൂഷനും കമ്പ്യൂട്ടറും കഴിഞ്ഞിട്ടവര്‍ക്കു നേരമില്ല. ശനിയോ ഞായറോ അവധികിട്ടിയാല്‍ അവരെല്ലാവരും വണ്ടിയുമെടുത്തുപോകും, ഭക്ഷണമൊക്കെ മിക്കവാറും പുറത്തായിരിക്കും. എനിക്കെന്തെങ്കിലും എടുത്ത് മേശപ്പുറത്തു വച്ചിട്ടുണ്ടാകും. ഞാനതു കാര്യമായിട്ടു കഴിക്കാറില്ല. പരാതീം പറയാറില്ല. എനിക്കു വയസ്സെമ്പത്തെട്ടായി. എന്നിട്ടും ആരോഗ്യത്തിനൊരു കുറവുമില്ലതാനും. അതാണ് അവരത് ഉറക്കെപ്പറയുന്നില്ലെങ്കിലും അവരുടെ പരാതി തട്ടിപ്പോകുന്ന ലക്ഷണമൊന്നുമില്ലല്ലോന്ന്. അതിനിപ്പം ഞാനെന്തോചെയ്യാനാ. ചെലപ്പളൊക്കെ റോഡേ നടന്നിങ്ങുപോരുമ്പോള്‍ വണ്ടിയൊക്കെ പാഞ്ഞുപോകുന്നതുകാണുമ്പോള്‍ മുമ്പേ മോന്‍ പറഞ്ഞതുപോലെ എടുത്തങ്ങുചാടിയാലോ എന്നുതോന്നും. അത് ആ വണ്ടിക്കാര്‍ക്കു വെറുതെ പണിയാകുമല്ലോന്ന് ഓര്‍ക്കുമ്പോള്‍ വേണ്ടെന്നു വയ്ക്കും. അതുകൊണ്ടു ഞാനിവിടെ വന്നിങ്ങനെ പരലോകത്തിനു വണ്ടീം കാത്തിരിക്കുന്നു. എന്നാ പറയാനാ, നല്ല പ്രായത്തില്‍ മക്കള്‍ക്കുവേണ്ടി അലഞ്ഞലഞ്ഞ് അവരെ അല്ലലറിയിച്ചില്ല. തെറ്റിപ്പോയോന്ന് ഇപ്പമൊരു തോന്നല്‍. അല്ലലറിയിച്ചുവേണം മക്കളെ വളര്‍ത്താന്‍."

വാര്‍ദ്ധക്യത്തിന്‍റെ വിലാപം!!


വാര്‍ദ്ധക്യത്തിന്‍റെ വിലാപം!!

ഫാ. ജോസ് വെട്ടിക്കാട്ട്

അസ്സീസി മാസിക ഏപ്രിൽ 2026

Apr 6

4

360

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page