top of page

'ഏച്ചുകെട്ടി ബന്ധനം..'

  • Writer: ഫാ. ജോസ് വെട്ടിക്കാട്ട്
    ഫാ. ജോസ് വെട്ടിക്കാട്ട്
  • Jun 10
  • 4 min read

ഇടിയും മിന്നലും

an old man sitting on a bench in a park in the background of snow

മൂന്നു മാസത്തിനുള്ളില്‍ നാലാംതവണയും അയാളു വരുന്നതു കണ്ടപ്പോള്‍ കാണാതെ ഒഴിഞ്ഞുമാറിയാലോ എന്നാലോചിച്ചതായിരുന്നു. എന്നാലും നേരിട്ടു പറഞ്ഞുതന്നെ ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും വന്നുകൊണ്ടിരിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ കാണാമെന്നുതന്നെ തീരുമാനിച്ചു.


സംഭവബഹുലമാണ് അയാളുടെ പൂര്‍വ്വചരിത്രം. ഇളയ മകനായിരുന്നതുകൊണ്ട് പഠിത്തം കണ്ടമാനം ഉഴപ്പിയെങ്കിലും സാമാന്യം നല്ല സമ്പത്തുണ്ടായിരുന്നതുകൊണ്ട് അപ്പന്‍ കണ്ണടച്ചു. പഠനം നിര്‍ത്തിയിട്ടും വീട്ടിലെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കൂട്ടും കമ്പനിയയുമായി നടന്ന് കള്ളുകുടിയുംകൂടി തുടങ്ങിയപ്പോള്‍ അവനെ നന്നാക്കിയെടുക്കാന്‍ കല്യാണം കഴിപ്പിക്കണമെന്ന് അമ്മയ്ക്കു നിര്‍ബ്ബന്ധം. അപ്പനും അതുതന്നെയാണു നല്ലതെന്നു പിന്തുണച്ചു. അങ്ങനെ അപ്പന്‍റെ നല്ലപേരും സ്വാധീനവും കൊണ്ട് ഒരു നല്ല കുടുംബത്തില്‍നിന്നും കല്യാണവും കഴിപ്പിച്ചു. അവന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി താമസിയാതെ അവന്‍റെ വീതവുംകൊടുത്തു. നാട്ടുനടപ്പനുസരിച്ച് ഇളയമകനാണു വീട്ടില്‍ നില്‍ക്കേണ്ടതെങ്കിലും അവന്‍ സ്വന്ത ഇഷ്ടപ്രകാരം വീട്ടില്‍നിന്നും മാറാന്‍ തീരുമാനിച്ചു. വീതം കിട്ടിയ അഞ്ചാറേക്കറില്‍ ഒരേക്കറു വിറ്റു വീടുവച്ചു വേറെമാറി.


പിന്നത്തെ നാലഞ്ചുവര്‍ഷംകൊണ്ട് കടംകയറി നില്‍ക്കക്കള്ളിയില്ലാതെ ഓരോ തുണ്ടു വിറ്റുതുടങ്ങി. കുടുംബത്തിന്‍റെ നാണക്കേട് ഒഴിവാക്കാന്‍ വേണ്ടി നാട്ടില്‍ നല്ലനിലയില്‍ മാന്യമായി ജീവിച്ചിരുന്ന മൂത്തസഹോദരന്മാരു രണ്ടുപേരും ഇയാളുടെ ഭാര്യവീട്ടുകാരും വന്‍തോതില്‍ ഇയാളെ സഹായിച്ചു. എന്നിട്ടും അവസാനം അതെല്ലാം ധൂര്‍ത്തടിച്ച് ഇയാള്‍ക്ക് വീടുംവിറ്റ് നാടുവിടേണ്ടിവന്നു. ഹൈറേഞ്ചിലൊരു മലമണ്ടയില്‍ കുറച്ചുസ്ഥലവും ചെറിയവീടും വാങ്ങി, അവിടെത്താമസമാക്കി. അധികംകഴിയുംമുമ്പ് ഭാര്യയ്ക്ക് കലശലായ നടുവുവേദനയും ഒരുവശത്തിനു തളര്‍ച്ചയുംതുടങ്ങി. വരുമാനമധികമില്ലാതിരുന്നതിനാല്‍ അവിടെയൊക്കെ അന്നു പലരും ചെയ്തിരുന്നതുപോലെ ചെറിയതോതില്‍ ചാരായവാറ്റും വില്‍പനയുമൊക്കെയായികഴിയുമ്പോള്‍ സ്ഥലത്തെ വികാരിയച്ചന്‍റെ നിരന്തരപരിശ്രമംകൊണ്ട് അവിടെയുണ്ടായിരുന്ന കുറെയേറെ മദ്യപാനികളെ ധ്യാനത്തിലൂടെ ബോധവല്‍ക്കരിച്ചും ചികിത്സയിലൂടെ സഹായിച്ചും മാനസാന്തരപ്പെടുത്തി. അക്കൂട്ടത്തില്‍ ഇയാളുമുണ്ടായിരുന്നു.


ആ വഴിക്കുള്ള പരിചയമായിരുന്നു ഇയാളുമായുള്ള എന്‍റെ ബന്ധത്തിനു തുടക്കം. വല്ലപ്പോഴുമൊക്കെ കാണാനുംമറ്റും വരാറുമുണ്ടായിരുന്നെങ്കിലും പിന്നീടതങ്ങുനിലച്ചു. കുറെക്കാലത്തേക്ക് കാണാതിരുന്നപ്പോള്‍ അന്വേഷണത്തിലറിഞ്ഞു ആളു സ്ഥിരമായി ഒരു പ്രാര്‍ത്ഥനാഗ്രൂപ്പുമായി ബന്ധപ്പെട്ട് കുഴപ്പമില്ലാതെ പോകുന്നുണ്ടെന്ന്. നാളുകള്‍ക്കുശേഷം പിന്നീട് ഇയാളെക്കാണുന്നത് ഒരു ബസ്റ്റാന്‍റില്‍ വച്ചാണ്. പ്രശസ്തമായ ഒരു പള്ളിയില്‍ അതിരാവിലെയുള്ള കുര്‍ബ്ബാനയ്ക്കു പോയിട്ടു വരുന്നവഴിയാണെന്നു പറഞ്ഞു. അത്രദൂരം യാത്രചെയ്ത് കുര്‍ബ്ബാനയ്ക്കു പോകുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി രസകരമായിരുന്നു.


"തമ്പുരാന്‍ ഒത്തിരിക്കാര്യങ്ങളു വരമുള്ള പ്രാര്‍ത്ഥനക്കൊരുവഴി കാണിച്ചുതന്നച്ചാ. എന്‍റെ അപ്പന്‍ നല്ലവനായിരുന്നെങ്കിലും അപ്പന്‍റെയപ്പന്‍ അത്രയങ്ങോട്ടു പോരായിരുന്നു. തട്ടിപ്പും വെട്ടിപ്പുമൊക്കെ നടത്തി അന്യായമായിട്ടുണ്ടാക്കിയ സമ്പത്തുകൊണ്ടാണ് വല്യപ്പന്‍ വലിയ ധനികനായത്. അതുകൊണ്ടാണ് എനിക്ക് അപ്പന്‍തന്ന സ്വത്തൊന്നും എനിക്കനുഭവിക്കാന്‍ യോഗമില്ലാതെപോയത്."


"താനാ പറഞ്ഞതില്‍ എന്തോ സ്പെല്ലിങ് മിസ്റ്റേക്കുണ്ടല്ലോടോ, വരമുള്ള പ്രാര്‍ത്ഥനക്കാര്‍ക്ക് ഏതായാലും തെറ്റുപറ്റത്തില്ലല്ലോ, അതുകൊണ്ടു തമ്പുരാന്‍കര്‍ത്താവിനുതന്നെ എന്തോ കണക്കില്‍ പിശകു പറ്റിയതായിരിക്കാനാ സാദ്ധ്യത. കാരണം, മാനംമര്യാദയ്ക്കു ജീവിക്കുന്ന തന്‍റെ മൂത്തരണ്ടു ചേട്ടന്മാരും നല്ലനിലയില്‍ നല്ല അന്തസ്സായിട്ടു അപ്പന്‍ കൊടുത്തതിന്‍റെ കൂടെ പിന്നെയും സമ്പാദിച്ച് നാട്ടില്‍ ജീവിക്കുന്നുണ്ടല്ലോ. കെട്ടിച്ചുവിട്ട തന്‍റെ സഹോദരിമാരു രണ്ടുപേരും വളരെ നല്ല നിലയിലുമാണല്ലോ. അവരൊക്കെ എത്രയോതവണ തന്നെ സഹായിച്ചിട്ടുമുണ്ട്. എന്നിട്ടും തന്നോടു മാത്രം വല്യപ്പന്‍റെ പേരില്‍ തമ്പുരാനീ തിരിച്ചു വ്യത്യസം കാണിച്ചതിനെപ്പറ്റി ഈ പ്രാര്‍ത്ഥനക്കാരൊന്നും തനിക്കു കാണിച്ചുതന്നില്ലേ?"


"പ്രാര്‍ത്ഥിച്ചവരൊക്കെപ്പറഞ്ഞത് അതെല്ലാം തമ്പുരാനുവിട്ടു കൊടുത്തിട്ട് വല്യപ്പനുവേണ്ടി ഈ പള്ളിയില്‍ പോയി കുര്‍ബ്ബാന ചൊല്ലിച്ചു പ്രാര്‍ത്ഥിക്കാനാ. അതിനാ ഞാനീപ്പള്ളിയില്‍ പോകുന്നത്. ഇതു പതിനാറാമത്തെ ആഴ്ചയാ. 21 എണ്ണമാണു പറഞ്ഞിരിക്കുന്നത്."


"കുര്‍ബ്ബാന മാത്രം മതിയോ, ഒപ്പീസില്ലേ?"


"അതവരു പറഞ്ഞില്ലച്ചാ, ഞാനതവരോടു ചോദിക്കാം."


എന്‍റെ ചോദ്യത്തിലെ പരിഹാസം മനസ്സിലാക്കാതെയുള്ള അയാളുടെ മറുപടി! കുട്ടകളിച്ചു നടന്നിട്ട് തന്നെത്താനെ വരുത്തിവച്ചതിന് വല്യപ്പനെ പഴിചാരി മനസ്സമാധാനത്തില്‍ ജീവിക്കുന്നെങ്കില്‍ ഞാനായിട്ടതു കളയേണ്ട എന്നു കരുതി വിഷയം മാറ്റിവിട്ടു. ചോര്‍ന്നൊലിക്കുന്ന വീടൊന്നു മാറ്റിപ്പണിയാനുള്ള ശ്രമത്തിലാണെന്നും അതിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അപേക്ഷയുമൊക്കെയായി അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു.


അതേതാണ്ടു രണ്ടുവര്‍ഷം മുമ്പായിരുന്നു. പിന്നെ കുറെനാളത്തേക്ക് ആളെ കണ്ടില്ല. രണ്ടുമൂന്നു മാസങ്ങളായിട്ടു വീണ്ടും അയാള്‍ അടുപ്പിച്ചടുപ്പിച്ചു വന്നുതുടങ്ങി. രണ്ടുമൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഇതു നാലാം തവണയാണ്. വല്ല മാനസിക രോഗാശുപത്രീലും പോകാന്‍പറയുന്നത് ഔചിത്യമല്ലല്ലോ എന്നുകരുതി ഇതുവരെ പറഞ്ഞില്ല. ഇന്നത്തെ കണ്ടുമുട്ടലില്‍ അതുവേണ്ടിവരും എന്നുകരുതി റെഡിയായപ്പോഴേക്കും അയാളുനേരേ പള്ളീലേക്കു കയറിപ്പോയി. വരാന്‍വേണ്ടി കാത്തിരുന്ന സമയത്ത് അയാളുടെ അടുത്ത കാലത്തെ ആവലാതികളൊക്കെ ഓര്‍മ്മിച്ചുവച്ചു.


വീടുപണി തുടങ്ങിയതിനെപ്പറ്റി അയാളു പറഞ്ഞ ഒരു വെളിപാടു ചരിത്രമുണ്ട്. രണ്ടുവര്‍ഷം മുമ്പ് വരമുള്ള പ്രാര്‍ത്ഥനക്കാരെയെല്ലാംവിളിച്ച് അയാള്‍ സ്വന്തം വീട്ടില്‍ ഒരു പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥന നടക്കുന്നതിനിടയില്‍ ഒരു ചെറിയ മഴപെയ്തു. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥനക്കാരോരോരുത്തരായും, അവസാനം എല്ലാവരുംചേര്‍ന്നും ഒരേസ്വരത്തില്‍ ഇയാളോടു പറഞ്ഞു, ചേട്ടനൊരു നല്ലവീടുവയ്ക്കണമെന്ന്. അങ്ങനെ അവര്‍ക്കെല്ലാം പ്രാര്‍ത്ഥനയ്ക്കിടയില്‍ തമ്പുരാന്‍ തോന്നിച്ചെന്നായിരുന്നു അവരുപറഞ്ഞത്. ചോര്‍ന്നൊലിക്കുന്ന വീടിനകത്തു മാറിയിരിക്കാനിടം പോലുമില്ലാതെ തലമണ്ടയില്‍വീഴുന്ന വെള്ളോംതുടച്ച് പ്രാര്‍ത്ഥിക്കാനിരിക്കുന്ന മന്ദബുദ്ധിപോലും പറഞ്ഞുപോകുമല്ലോ ഉടന്‍തന്നെ വീടുവയ്ക്കാന്‍! എന്തായാലും വെളിപാടുപ്രകാരം അഞ്ചുപൈസപോലും കൈയ്യിലില്ലാതെ വീടുപണിയാനൊരുങ്ങി. അതിനും പ്രാര്‍ത്ഥനക്കാരുടെ സപ്പോര്‍ട്ടുകിട്ടി, 'നിങ്ങളല്ല, തമ്പുരാനാ വീടുപണിയുന്നത്'!! അതായിരുന്നു അവരുകൊടുത്ത ഉറപ്പ്.


കഷ്ടിച്ചു കഴിഞ്ഞുകൂടാന്‍ വല്ലതും കിട്ടിയിരുന്നതു രണ്ടു പശുക്കളെ വളര്‍ത്തിയിരുന്നതുകൊണ്ടായിരുന്നു. അയാളു പ്രാര്‍ത്ഥനയുമായിട്ടു കറങ്ങി നടക്കുമ്പോഴും ഒരുവശത്തിനു സ്വാധീനമില്ലാത്ത ഭാര്യ അയല്‍ പറമ്പുകളിലും റോഡുവക്കിലും നിന്നൊക്കെ പുല്ലുവെട്ടിക്കൊടുത്താണ് അതിനെപ്പോറ്റിയിരുന്നതും. വീടുപണിക്കു പണമുണ്ടാകുന്നതിനെപ്പറ്റി ആലോചിച്ചപ്പോള്‍ പ്രാര്‍ത്ഥനക്കാരില്‍ ചിലര് അതിനും വഴി പറഞ്ഞുകൊടുത്തു. വീടും സ്ഥലവും ഈടുവച്ച് സഹകരണ ബാങ്കില്‍നിന്നും ലോണ്‍ എടുക്കുക, തിരിച്ചടയ്ക്കാതിരുന്നാല്‍ രണ്ടുവര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാര് പലിശസഹിതം എഴുതിത്തള്ളിക്കൊള്ളും പോലും! ആരുടെയൊക്കെയോ സഹായം കൊണ്ട് ലോണ്‍ അനുവദിച്ചു, നാലേകാല്‍ ലക്ഷം രൂപാ.


സ്ഥാനക്കാരനെക്കൊണ്ടു ചെന്നു കാണിച്ചപ്പോള്‍ മുതലായിരുന്നു തടസ്സങ്ങള്‍ക്കു തുടക്കം. ഇപ്പോളിരിക്കുന്ന വീടിന്‍റെ സ്ഥാനത്തിനു തകരാറുണ്ട്, അതുകൊണ്ടാണ് ഭാര്യയ്ക്ക് അസുഖം മാറാത്തത്, പുതിയതു വയ്ക്കുമ്പോള്‍ അവിടെ വയ്ക്കാന്‍ പാടില്ല. കുത്തനെ ചെരിഞ്ഞുകിടക്കുന്ന ബാക്കിസ്ഥലത്ത് വീടിനുപറ്റിയത് ഒരിടം മാത്രമേയുള്ളു, അവിടെയാണിപ്പോള്‍ പശുത്തൊഴുത്തിരിക്കുന്നത്. രൂപതയില്‍നിന്നും കിട്ടിയ സഹായംകൊണ്ട് ചെറുതാണെങ്കിലും സാമാന്യം നന്നായിട്ടു പണിത തൊഴുത്താണ്. അവസാനം പ്രാര്‍ത്ഥനക്കാര് പ്രാര്‍ത്ഥിച്ചു നോക്കിയിട്ടു തീരുമാനിച്ചു, തൊഴുത്തു പൊളിക്കാന്‍, പശുവിനെ വില്ക്കാനും. ഭാര്യയുടെ ശക്തമായ എതിര്‍പ്പിനെ വകവയ്ക്കാതെ പശുവിനേം വിറ്റു, തൊഴുത്തും പൊളിച്ചു. വീടുപണിക്കു വാനംമാന്തിക്കൊണ്ടിരിക്കുമ്പോള്‍ നാട്ടുകാര് ഉടക്കായി. അതുവരെയും വീടിനു തൊട്ടടുത്തുകൂടി നടപ്പുവഴി മാത്രമായിരുന്നതു നാട്ടുകാരുകൂടി പഞ്ചായത്തുറോഡാക്കി. വീതിയെടുത്തു വരുമ്പോള്‍ വീടിനു വാനം മാന്തിയിരിക്കുന്നിടത്തു കയറിവരും. അതിന്‍റെ പേരില്‍ വഴക്കായി, സ്റ്റേയായി. ആ സമയത്തായിരുന്നു അതും പറഞ്ഞയാള്‍ വന്നത്.


"എല്ലാം തടസ്സങ്ങളാ അച്ചാ, പിശാശിന്‍റെ പണിയാ."


അയാളു കാണിക്കുന്നതു മുഴുവന്‍ പിശാചിന്‍റെ പണിയാണെന്നു പറയാന്‍ തോന്നിയെങ്കിലും പ്രയോജനമില്ലെന്നോര്‍ത്തപ്പോള്‍ നാവടക്കി.


"അച്ചനെന്തെങ്കിലുമൊന്നു വെഞ്ചരിച്ചു തന്നാല്‍ എനിക്കു വിശ്വാസമാ."


അതിനുള്ള വകുപ്പൊന്നും എനിക്കത്ര വശമില്ലെന്നു പറഞ്ഞിട്ടും ആള്‍ക്കു നിര്‍ബ്ബന്ധം. ഒടുവില്‍ എന്തെങ്കിലും ഗുണമുണ്ടാകുന്നെങ്കില്‍ ഉണ്ടാകട്ടെയെന്നു കരുതി അങ്ങനെയൊക്കെ പലതും വെഞ്ചരിച്ചു കൊടുക്കാറുണ്ടായിരുന്ന എനിക്കു പരിചയമുണ്ടായിരുന്ന വിശുദ്ധനായ ഒരച്ചന്‍റെയടുത്തേക്കു അയാളെ പറഞ്ഞുവിട്ടു. ഒരുമാസത്തിനകം പിന്നെയും വന്നു.


"സര്‍വ്വത്ര ബന്ധനമാണച്ചാ, തടിവെട്ടു കേസില്‍ ജാമ്യത്തിലിറങ്ങി വരുന്നവഴിയാ."


വഴിവെട്ടു കേസൊക്കെ വികാരിയച്ചനുമൊക്കെ ഇടപെട്ട് ഏതാണ്ട് പരിഹരിച്ചിരുന്നു. അതിനിടെ രണ്ടുമൈലകലെയുള്ള വനത്തില്‍ നാളുകളായിട്ടു വീണുകിടന്നിരുന്ന ഒരുതടി അയാളു വാളുകാരേംകൂട്ടി അറപ്പിച്ച് തളിരമാക്കി വീട്ടില്‍ കൊണ്ടുവന്നു സൂക്ഷിച്ചു. ആ നാട്ടിലുള്ളവരു പലരും അങ്ങനെ ചെയ്യാറുള്ളതുമായിരുന്നു. ഇയാളു പണ്ടു ചാരായോംവിറ്റ് അടിപിടിയുമായി നടന്നിരുന്ന കാലത്ത് ഒത്തിരി ശത്രുക്കളുണ്ടായിരുന്നു. അവരിലാരെങ്കിലും ഒറ്റിക്കൊടുത്തതായിരിക്കാം, ഏതായാലും ഫോറസ്റ്റുകാരു വന്നു തടീം പൊക്കി ആളേം തൂക്കിയെടുത്തകത്തിട്ടു. വികാരിയച്ചന്‍റെ നല്ലവാക്കില്‍ ഏതായാലും ജാമ്യക്കാരെക്കിട്ടി. അങ്ങനെ പുറത്തിറങ്ങി വരുന്നവഴിയായിരുന്നു. ചത്തുപോയ വല്യപ്പന്‍ ഇനീയെങ്കിലും ഉപദ്രവം നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കാം എന്നുറപ്പുകൊടുത്ത് അന്നും പറഞ്ഞുവിട്ടു. രണ്ടാഴ്ചയ്ക്കകം പിന്നേം വന്നു. അന്നു ഭാര്യയുമുണ്ടായിരുന്നു കൂട്ടത്തില്‍. അടുത്ത 'ബന്ധനം.' ഭാര്യയ്ക്ക് ഒരു ഓപ്പറേഷന്‍ വേണ്ടിവന്നിരിക്കുന്നു. അന്നും പ്രാര്‍ത്ഥിച്ചുവിട്ടു. ഒരുമാസം മുമ്പായിരുന്നു അത്. ഇന്നിപ്പോള്‍ ഒറ്റയ്ക്കേ ഉള്ളു. ഭാര്യ മിക്കവാറും ഓപ്പറേഷന്‍ കഴിഞ്ഞുള്ള വിശ്രമത്തിലായിരിക്കും എന്നു മനസ്സിലോര്‍ത്തു. പള്ളിയില്‍ നിന്നയാള്‍ ഇറങ്ങിവന്നതു കണ്ണുതുടച്ചുകൊണ്ടായിരുന്നു.


"ഏച്ചുകെട്ടി ബന്ധനമാണച്ചാ, ഞാന്‍ മടുത്തു."


"എന്താ ലേറ്റസ്റ്റ്?"


"ജപ്തി നോട്ടിസ്. പണ്ട് തൊഴുത്തു പണിയാന്‍ കാശുതികയാതെ വന്നപ്പോള്‍ തൊഴുത്തിരുന്ന 20 സെന്‍റ് വേറെ ആധാരമായിരുന്നതുകൊണ്ട് ആ വസ്തു ഈടുവച്ച് 20000 രൂപാ ലോണ്‍ എടുത്തിരുന്നു. എഴുതിത്തള്ളുമെന്നു കരുതി അതും തിരിച്ചടച്ചില്ല. ഇപ്പോള്‍ അവിടെയാണു വീടുപണിയുന്നത്. അല്ലെങ്കില്‍ അതങ്ങു പോകട്ടെ എന്നുവയ്ക്കാമായിരുന്നു. കേസിന്‍റെ പുറകെപോയി കുറെ കാശുപോയി. ഭാര്യയുടെ ഓപ്പറേഷനു നല്ല ചെലവായി. വീടുപണിക്കു കടമെടുത്ത കാശ് മുഴുവന്‍തന്നെ ഏതാണ്ടുതീര്‍ന്നു. ഭിത്തി കെട്ടിപ്പൊങ്ങുന്നതേയുള്ളുതാനും."


കണ്ണുനീരോടെയാണയാളതു പറഞ്ഞത്.


"ഇപ്പോള്‍ തന്‍റെ വല്യപ്പനെ പ്രതിയാക്കിയ പ്രാര്‍ത്ഥനക്കാരെന്തു പറയുന്നു? എടോ തനിക്കു വേണ്ടതു ചികിത്സയാണ്. തനിക്കു മക്കളില്ലാതെ പോയതു തന്നെ ദൈവത്തിന്‍റെ കരുണകൊണ്ടാണ്. അല്ലെങ്കില്‍ അവരുതന്നെ ഇയാളെ വല്ല ഊളമ്പാറേലും കൊണ്ടെയാക്കിയേനേം. താന്‍ കാട്ടിക്കൂട്ടിയ വേണ്ടാതീനത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും താനുണ്ടാകുന്നതിനു പോലുംമുമ്പ് മരിച്ചു മണ്ണായ തന്‍റെ വല്യപ്പന്‍റെ തലയില്‍ കെട്ടിവച്ചിട്ടു തടിതപ്പാന്‍ നോക്കുന്ന തന്നെ, പണ്ടത്തെ ഭാഷേല്‍ പറഞ്ഞാല്‍ പിടിച്ചു തടീലിടേണ്ടതാണ്. വയറ്റിപ്പിഴപ്പിനു നടക്കുന്ന കുറെ പ്രാര്‍ത്ഥനക്കാരു പറയുന്നതു കേട്ട് കൈയ്യില്‍ കാശില്ലാതെ വീടു വയ്ക്കാനിറങ്ങിയ തനിക്കു വട്ടാണെന്നല്ലാതെ എന്താ പറയുക? അന്നന്നയപ്പത്തിനു വകയായിരുന്ന പശുക്കളേം വിറ്റ് തൊഴുത്തും പൊളിച്ച തന്നെ നാട്ടുകാരിപ്പോഴും വച്ചുപൊറുപ്പിക്കുന്നതാണ് അതിശയം. തിരിച്ചടയ്ക്കാന്‍ ഒരുവഴിയുമില്ലാതെ ബങ്കില്‍നിന്നു കാശും കടമെടുത്തു കാട്ടില്‍നിന്നു കള്ളത്തടീം വെട്ടി 'ഏച്ചുകെട്ടി ഏച്ചുകെട്ടി ബന്ധന'മുണ്ടാക്കിയതു താനോ തന്‍റെ വല്യപ്പനോ? ആരു പറഞ്ഞാലും മനസ്സിലാക്കാത്ത തന്നെപ്പോലെയുള്ളവരെ അടിതന്നു നേരെയാക്കാനുള്ള തമ്പുരാന്‍റെ വടികളാണ്, താനീ അനുഭവിക്കുന്നതൊക്കെ, തന്‍റെയീ 'ബന്ധനങ്ങള്‍' മുഴുവന്‍, അല്ലാതെ വല്യപ്പന്‍റെ വഴികേടു കൊണ്ടുവന്നതൊന്നുമല്ല."


"എന്നാലും അച്ചനെന്തെങ്കിലുമൊന്നു വെഞ്ചരിച്ചു താ."


പോത്തിന്‍റെ ചെവിയില്‍ വേദമോതിയിട്ടെന്തുകാര്യം!


'ഏച്ചുകെട്ടി ബന്ധനം..'

ഫാ. ജോസ് വെട്ടിക്കാട്ട്

അസ്സീസി മാസിക ജൂൺ 2026

bottom of page