top of page

'ഇസ്ക്കും' 'പൊക്കും'

  • Writer: ഫാ. ജോസ് വെട്ടിക്കാട്ട്
    ഫാ. ജോസ് വെട്ടിക്കാട്ട്
  • May 11
  • 3 min read
Blue bus on road with smiling passengers, driver focused ahead. A motorcyclist rides beside it. Sunny day, trees and houses in background.
  • Article narrative explores lessons on lying/dishonesty observed in various situations.

  • The core theme is that children learn deception from observing adults/family actio

നല്ല തിരക്കുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിലെ യാത്രക്കാര്‍ക്കു ടിക്കറ്റു കൊടുത്തുകൊണ്ടിരിക്കുന്ന കണ്ടക്ടര്‍. യാത്ര രാവിലെയായിരുന്നതു കൊണ്ട് ഇലക്ഷന്‍, രാഷ്ട്രീയം, ക്രിക്കറ്റ്, തീവ്രവാദം തുടങ്ങി പത്രവാര്‍ത്തകളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ബസ്സിനകത്ത് സര്‍വ്വത്ര നടക്കുന്നത്. താമസിച്ചെത്തിയതുകൊണ്ട് സീറ്റുകിട്ടാതെ കമ്പിയില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു ഞാന്‍. രണ്ടു മൂന്നു കുട്ടികളുമായി എന്‍റെ തൊട്ടുമുമ്പിലുണ്ടായിരുന്ന സീറ്റിലിരുന്ന ദമ്പതികളുടെ അടുത്തെത്തി കണ്ടക്ടര്‍.


'ടിക്കറ്റെടുക്കാന്‍, ടിക്കറ്റ്.. '

'രണ്ടു ഫുള്ളും ഒരു ഹാഫും.'

കണ്ടക്ടര്‍ ടിക്കറ്റെഴുതിയിട്ട് കൊടുക്കുന്നതിനുമുമ്പ് ഒരു ചോദ്യം:

"ഈ കുട്ടികളു മൂന്നും നിങ്ങളുടെ കൂടെയുള്ളതാണോ?"

"അതെ"

"അവര്‍ക്ക് എല്ലാവര്‍ക്കും ഹാഫ് ടിക്കറ്റെടുക്കണം."

"ഇതുവരെയും അവര്‍ക്കു ടിക്കറ്റെടുത്തിട്ടില്ല സാറേ"


"അതുതന്നെയല്ലെ ഞാനും പറഞ്ഞത്. നിങ്ങളവര്‍ക്കു ടിക്കറ്റെടുത്തിട്ടില്ല. ഉടനെ എടുക്കണമെന്ന്."

"സാറെ അവര്‍ക്കതിനുള്ള പ്രായമായില്ല സാറേ"

"കുട്ടികള്‍ക്കു പ്രായമാകാത്തതുകൊണ്ടാണല്ലോ ആവശ്യത്തിനു പ്രായമായ നിങ്ങളോടു കുട്ടികളുടെ കൂടെ ടിക്കറ്റെടുക്കാന്‍ പറഞ്ഞത്. ആ കുട്ടിക്കെത്രവയസ്സായി"

"നാലു കഴിഞ്ഞതെയുള്ളു"

"ശരി ഞാനൊന്നു നോക്കാം"

കണ്ടക്ടര്‍ വളരെ ലോഹ്യത്തില്‍ ആ കുട്ടിയോടൊരു ചോദ്യം:

"മോനേതു ക്ലാസ്സിലാ പഠിക്കുന്നത്?"

"രണ്ടിലോട്ടു ജയിച്ചു." ചുണക്കുട്ടന്‍റെ മറുപടി.

കള്ളമറിയാത്ത മനസ്സ്. യാത്രക്കാരെല്ലാം ചിരി. കണ്ടക്ടറുടെ കാഞ്ഞബുദ്ധി.


"നിങ്ങളു പറഞ്ഞതു ശരിയാകണമെങ്കില്‍ മുലകുടി മാറുന്നതിനുമുമ്പേ കുട്ടിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തുകാണുമായിരിക്കും." കണ്ടക്റ്ററുടെ കമന്‍റ് യാത്രക്കാരൊക്കെ ആസ്വദിച്ചു.


ഏതായാലും മൂന്നു ഹാഫും രണ്ടുഫുള്ളും ടിക്കറ്റെഴുതിക്കൊടുത്തു കാശുംവാങ്ങി കണ്ടക്ടര്‍ നീങ്ങി. കള്ളം പറയാനും കള്ളത്തരം കാണിക്കാനും മക്കള്‍ക്ക് പ്രത്യേകിച്ചു റ്റ്യൂഷന്‍ കൊടുക്കേണ്ട കാര്യമില്ലല്ലോ! ആ കുട്ടികള്‍ ഭാവിയിലെങ്ങനെയാകും എന്നോര്‍ത്തുപോയി.


കണ്ടക്ടറുടെ കൈയില്‍നിന്നു ബാക്കി വാങ്ങിയപ്പോള്‍ എന്‍റെ തൊട്ടുപുറകില്‍ നില്‍ക്കുകയായിരുന്ന ആളിന്‍റെ കൈയില്‍നിന്നും രണ്ടുമൂന്നു തുട്ടുകള്‍ താഴെവീണു. 5 രൂപയുടെ ഒരുതുട്ട് മുമ്പിലേക്ക് ഉരുണ്ടുനീങ്ങുന്നതു ഞാന്‍ കണ്ടു. പെട്ടെന്നൊരു കാല് അതിന്‍റെ മുകളില്‍. കുറെ മുമ്പില്‍നിന്നനിരുന്ന ഒരു മാന്യന്‍റെതായിരുന്നു അത്. അയാളുടെകൂടെ ഒരു കുട്ടിയുമുണ്ടായിരുന്നു. അപ്പന്‍റെ കാലിലേക്കും മുഖത്തേക്കും മാറിമാറിയുള്ള അവന്‍റെ നോട്ടത്തില്‍നിന്നും ആ 'ധീരകൃത്യം' കുട്ടിയും കണ്ടു എന്നുറപ്പായിരുന്നു. ചില്ലറ വീണുപോയ ആളു തകൃതിയായി തറയില്‍ തെരയുന്നു. ആളുകളങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഒഴിഞ്ഞുംമാറിയും കൊടുത്തു. പൈസാക്കാലന്‍ ഒരു കാലുമാത്രം പൊക്കി വളഞ്ഞുനിന്നു കൊടുത്തു. ഏതായാലും തിരക്കിനിടയില്‍ കിട്ടിയതുംകൊണ്ടു മതിയാക്കി നഷ്ടപ്പെട്ടയാള്‍ തെരച്ചില്‍ നിര്‍ത്തി.


അടുത്തടുത്ത സ്റ്റോപ്പുകളിലായി ചെറിയ ദൂരയാത്രക്കാരൊക്കെയിറങ്ങി. തിരക്കൊഴിഞ്ഞു. 'പൈസാക്കാലനും' കിട്ടി സീറ്റ്. ഇതെല്ലാം കണ്ണുപറിക്കാതെ നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നതു കാരണം എനിക്കു സീറ്റുകിട്ടിയില്ല. ആള്‍ക്കു സീറ്റുകിട്ടി അല്പം കഴിഞ്ഞപ്പോള്‍ ആളു മുണ്ടിന്‍റെ മടക്ക്അഴിച്ചിട്ടു കുനിഞ്ഞു കാലിനടിയില്‍ കുടുക്കിയ അഞ്ചുരൂപാതുട്ട് കൈയ്യിലാക്കി. ഞാന്‍ മാത്രമല്ല ആ കര്‍മ്മത്തിനു സാക്ഷിയെന്ന് അപ്പന്‍റെമുഖത്തേക്കുള്ള ആ കുട്ടിയുടെ നോട്ടത്തില്‍നിന്നും മനസ്സിലായി. നേരെ ചോദിച്ചാലോ എന്നാലോചിച്ചു. പക്ഷേ അതു വിവേകമല്ലെന്നു തോന്നിയതുകൊണ്ട് നാവടക്കി. കള്ളം പറയാനും കള്ളത്തരം കാണിക്കാനും മക്കള്‍ക്ക് പ്രത്യേകിച്ചു റ്റ്യൂഷന്‍ കൊടുക്കേണ്ട കാര്യമില്ലല്ലോ! ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ആ കുട്ടി ഭാവിയില്‍ എന്തെല്ലാമായിത്തീരാം എന്നാലോചിച്ചു യാത്ര തുടര്‍ന്നു.


കുറെക്കഴിഞ്ഞപ്പോള്‍ അയാളുടെ അടുത്തുതന്നെ എനിക്കും സീറ്റുകിട്ടി. പേരും വീടുമൊക്കെചോദിച്ചു ചുമ്മാതെ പരിചയപ്പെട്ടു. പ്രതികരണം കുറവായിരുന്നതുകൊണ്ട് കൂടുതല്‍ സംസാരിക്കാതെ എന്‍റെകൈയ്യിലിരുന്ന പുസ്തകം വല്ലപ്പോഴുമൊക്കെ വായിച്ച് ഇരുന്നങ്ങു മയങ്ങിപ്പോയി. കൈയില്‍ ആരോ തടവുന്നതുപോലെതോന്നി ഉണര്‍ന്നു നോക്കിയപ്പോള്‍ അത് ആ കുട്ടിയുടെ കൈയ്യായിരുന്നു. ഞാനുണര്‍ന്നു എന്നു കണ്ടയുടന്‍ കുട്ടി കൈ പിന്‍വലിച്ചു. പിന്നീടു ഞാന്‍ കൈയ്യിലിരുന്ന പുസ്തകം അല്പംകൂടി അയച്ചുപിടിച്ച് ഉറക്കം നടിച്ചിരുന്നു. വീണ്ടും ആ കുഞ്ഞിക്കൈകള്‍ നീണ്ടുനീണ്ടുവന്നു. പുസ്തകത്തില്‍ ഞാന്‍ അടയാളം വച്ചിരുന്ന നല്ലയൊരുപടം സാവകാശം വലിച്ചെടുത്ത് അവനതു പോക്കറ്റിലാക്കി.


കുറേക്കഴിഞ്ഞ് ഉറക്കമുണര്‍ന്ന ഭാവത്തില്‍ ഞാന്‍ പുസ്തകമെടുത്തുതുറന്നു. ഒന്നുമറിയാത്തമട്ടില്‍ പടത്തിനുവേണ്ടി ചുറ്റുപാടും താഴെയുമൊക്കെ നോക്കി. അവന്‍ പോക്കറ്റിലിട്ടിരുന്ന പടം പുറത്തേക്കു തള്ളിനിന്നിരുന്നതിനാല്‍ കുട്ടി കൈകൊണ്ടതു മൂടാന്‍നോക്കി. പക്ഷേ എന്നിട്ടും അല്പം പുറത്തേക്കു തള്ളിനിന്നു. ഞാന്‍ അതുകണ്ടെന്നു കുട്ടിക്കു മനസ്സിലായി. കക്കാനെ പഠിച്ചുള്ളു നില്ക്കാന്‍ പഠിച്ചില്ല എന്നു പറയാന്‍ തോന്നി. എന്തായാലും അപ്പോഴത്തെ അവന്‍റെ അങ്കലാപ്പ് ഒഴിവാക്കാനായി പുസ്തകത്തില്‍ മറ്റൊരിടത്തിരുന്ന അല്പംകൂടി നല്ല ഒരുപടംകൂടെ എടുത്ത് അവനു കൊടുത്തു. മടിച്ചുമടിച്ച് അവനതു വാങ്ങി. 'മറ്റുള്ളവരുടേതൊന്നും ചോദിക്കാതെ എടുക്കരുത്' എന്നുമാത്രം അവനോടു പറഞ്ഞ് ഒന്നുചിരിച്ചിട്ട് ഞാന്‍ പുസ്തകത്തിലേക്ക് തിരിഞ്ഞു. കള്ളം പറയാനും കള്ളത്തരം കാണിക്കാനും മക്കള്‍ക്ക് പ്രത്യേകിച്ചു റ്റ്യൂഷന്‍ കൊടുക്കേണ്ട കാര്യമില്ലല്ലോ! ആ കുട്ടി ഭാവിയില്‍ എന്താകും? ആരാണതിനുത്തരവാദി?... ചിന്തിച്ചിരുന്നുപോയി.


വര്‍ഷങ്ങള്‍ക്കുമുമ്പ് മൂവാറ്റുപുഴയിലായിരുന്ന കാലത്ത്, ടൗണിലെ പാലത്തിന്‍റെയടുത്ത് സ്ഥിരമുണ്ടായിരുന്ന ചെരിപ്പുകുത്തിയുടെയടുത്ത് പൊട്ടിയ ചെരിപ്പിന്‍റെ വാറു തുന്നിക്കാന്‍ ചെന്നപ്പോഴത്തെയൊരനുഭവം ഓര്‍മ്മിക്കുന്നു. എട്ടും പത്തും വയസ്സുള്ള രണ്ടുകുട്ടികള്‍. കാഴ്ചയില്‍ സാമാന്യംപുതിയ ഒരു കുടയുമായി അതിന്‍റെ ഒടിഞ്ഞപിടി മാറാനായിരുന്നു അവരു വന്നത്.


"ഈ പുത്തന്‍ കൊടേടെ പിടിയെങ്ങനാ മക്കളെ ഒടിഞ്ഞുപോയെ?" തുന്നല്‍ക്കാരന്‍റെ ചോദ്യം.


"ഒടിഞ്ഞുപോയതല്ല. അമ്മ തല്ലിയൊടിച്ചതാ" ഇളയകുട്ടിയുടെ മറുപടി.


"അമ്മ ആര്‍ക്കിട്ടാ, അപ്പന്‍റെ തലക്കിട്ടാണോ തല്ലിയെ?" ചെരിപ്പുകുത്തിയുടെ നര്‍മ്മം.


"തല്ലിയൊടിച്ചതൊന്നുമല്ല. കതകിനെടേല്‍ പോയതാ" മൂത്തവന്‍.


"അല്ലേ, തല്ലിയൊടിച്ചതാ, ഞാന്‍ കണ്ടതാ, അമ്മ പള്ളീന്നെടുത്തോണ്ടു വന്ന കൊടയാ. അതുകൊണ്ടാ പിടി തല്ലിഒടിച്ചത്."


കള്ളമറിയാത്ത ഇളയവന്‍ അതുപറഞ്ഞു തീരുകേം മൂത്തവന്‍റെ ഇടി അവന്‍റെ തലയ്ക്കിട്ട്. അപ്രതീക്ഷിതമായി കള്ളിവെളിച്ചത്തായതോടെ കുടയും ചാടിയെടുത്തിട്ട് മൂത്തവനൊറ്റയോട്ടം. ഇടികിട്ടി അല്പം പകച്ചുനിന്നു കരയാന്‍തുടങ്ങിയ പയ്യനും, ചേട്ടന്‍ ഓട്ടത്തിനിടയില്‍ തിരിഞ്ഞു നോക്കുന്നതുകണ്ടപ്പോള്‍ പുറകെ വിട്ടുപോയി. അവനന്നു വീട്ടില്‍ ചെല്ലുമ്പോള്‍ കിട്ടാന്‍ പോകുന്നതെന്തായിരിക്കുമെന്നു ഞാനൂഹിച്ചു. കള്ളം പറയാനും കള്ളത്തരം കാണിക്കാനും മക്കള്‍ക്ക് പ്രത്യേകിച്ചു റ്റ്യൂഷന്‍ കൊടുക്കേണ്ട കാര്യമില്ലല്ലോ! ആ കുട്ടികളെന്താകുമോ ഭാവിയില്‍...?


പള്ളിമുറിയില്‍ കേസുതീര്‍ക്കാന്‍ വന്ന വാദിപ്രതികള്‍. എല്ലാം ഒരുവീട്ടിലെ അംഗങ്ങള്‍. അമ്മ, രണ്ടാണ്മക്കള്‍, മരുമകള്‍. കേസ് മോഷണം. മോഷ്ടിക്കപ്പെട്ടത് അമ്മയുടെ കമ്മല്‍. ഒരാളുടെ അഭാവം ശ്രദ്ധിച്ചു, അപ്പന്‍. അന്വേഷിച്ചപ്പോള്‍ പള്ളീലെ കോടതീല്‍ കേസുതീര്‍ക്കാന്‍ അച്ചന്‍ മതി, അപ്പന്‍ വേണ്ടെന്ന് അപ്പന്‍ പറഞ്ഞെന്ന്.


അമ്മയുടെ കമ്മലു മോഷണംപോയി. എല്ലാവര്‍ക്കും സംശയം മരുമകളെ. വീട്ടില്‍ വല്യശണ്ഠയായി. മരുമകള്‍ അന്തോണിസ് പുണ്യാളച്ചനു നേര്‍ച്ചനേര്‍ന്നു. എന്തായാലും ഒരു മാസംകഴിഞ്ഞ് കമ്മലു വില്ക്കാന്‍ തട്ടാന്‍റെയടുത്തുചെന്ന പതിനഞ്ചു വയസ്സുള്ള അനിയനെ, തട്ടാനുമായി നേരത്തെ ധാരണയിലെത്തിയിരുന്ന ചേട്ടന്‍ പിടികൂടി. അതോടെ വീട്ടില്‍ വലിയ ബഹളമായി. മരുമകള്‍ മാനനഷ്ടത്തിനു കേസുകൊടുക്കുമെന്നായി. അവസാനം കേസ് പള്ളിമുറിയിലെത്തി.


'വിചാരണ'യ്ക്കിടയില്‍ പൊന്തിവന്ന ചില വെളിപ്പെടുത്തലുകള്‍.


'ഈ അമ്മ തന്നെയാണച്ചാ എന്നെ കട്ടെടുക്കാന്‍ പഠിപ്പിച്ചത്' കട്ടവന്‍.


"എന്‍റെ തമ്പുരാന്‍ കര്‍ത്താവേ ഇവനിനീം എന്നാ ഒക്കെപ്പറഞ്ഞാലും ഞാനങ്ങു ക്ഷമിക്കുവാ." തള്ള.


"പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ ചാച്ചന്‍ വച്ചിരിക്കുന്ന കാശു 'ഇസ്കി'യെടുത്ത് പല കൂട്ടോം വാങ്ങിക്കാന്‍ അമ്മയെന്നെ കൂട്ടിയിട്ടുണ്ട്. ചാച്ചനോടു മിണ്ടരുതെന്നു പറയും. പിന്നെപ്പിന്നെ എന്‍റെയാവശ്യത്തിനു ചോദിക്കുമ്പം അപ്പനും തരില്ല, അമ്മേം തരുകേല. അതുകൊണ്ടു ഞാനങ്ങെടുക്കാന്‍ തുടങ്ങി. ഞാന്‍ കട്ടതല്ല, എടുത്തതാ. അപ്പന്‍റെ പോക്കറ്റീന്ന് അമ്മയ്ക്കെടുക്കാമാമെങ്കില്‍പിന്നെ അമ്മേടെ കമ്മല് എനിക്കെടുത്താലെന്താ?" കള്ളം പറയാനും കള്ളത്തരം കാണിക്കാനും മക്കള്‍ക്ക് പ്രത്യേകിച്ചു റ്റ്യൂഷന്‍ കൊടുക്കേണ്ട കാര്യമില്ലല്ലോ!


നല്ല യുക്തി! കട്ടതോ, എടുത്തതോ!! ആരാണുത്തരവാദി? ആവശ്യത്തിനു കൊടുക്കാത്ത അപ്പനോ, 'ഇസ്കി'യ അമ്മയോ, 'എടുത്ത' മകനോ!! ആരാണാവോ!!


'ഇസ്ക്കും' 'പൊക്കും'

ഫാ. ജോസ് വെട്ടിക്കാട്ട്

അസ്സീസി മാസിക മേയ് 2026

bottom of page