top of page

വൈവാഹിക സംഘര്‍ഷങ്ങള്‍

Nov 15, 2009

3 min read

ഫാ. വിൽസൺ സുന്ദർ



കഴിഞ്ഞ മാസത്തില്‍ വൈവാഹിക ജീവിതത്തിലെ രണ്ടു പ്രധാന ഘട്ടങ്ങളെപ്പറ്റി (പ്രണയാര്‍ദ്ര സ്നേഹത്തിന്‍റെ ഘട്ടം, നൈരാശ്യത്തിന്‍റെ ഘട്ടം) പ്രതിപാദിച്ചിരുന്നല്ലോ. ഇനി നാം പഠനവിധേയമാക്കുന്നത്, എങ്ങിനെയാണ് ചില സംഘര്‍ഷാവസ്ഥകള്‍ ദമ്പതികളെ ഉറപ്പേറിയ ഒരു ബന്ധത്തിലേയ്ക്ക് എത്തിച്ചേരാന്‍ സഹായിക്കുന്നതെന്നാണ്.


മൂന്നാംഘട്ടം - തിരിച്ചറിവും അവബോധവും (പ്രഭാ. 30:18-19)

നിങ്ങളുടെ ബന്ധം നിങ്ങള്‍ കരുതിയതിനുമപ്പുറത്താണെന്നും പല പുതിയ മാറ്റങ്ങളും വരുത്താന്‍ നിങ്ങള്‍ക്കു കഴിയുമെന്നും ഈ ഘട്ടത്തില്‍ നിങ്ങള്‍ തിരിച്ചറിയുന്നു. പങ്കാളികളെന്ന നിലയില്‍ നിങ്ങള്‍ക്കിടയില്‍ സന്തോഷം കൈവരിക്കാനുള്ള ഉത്തരവാദിത്വം നിങ്ങള്‍ത്തന്നെ ഏറ്റെടുക്കുക. സ്വന്തം പെരുമാറ്റ നവീകരണത്തിലൂടെ ഇത് ഏറ്റം ഉത്തമമായി ചെയ്യാനായേക്കും. നിങ്ങളുടെ വൈവാഹിക ജീവിതത്തെ നിങ്ങളാഗ്രഹിക്കുന്ന മൂല്യങ്ങളാല്‍ നിറയ്ക്കാനും സാധിക്കും.


നാലാംഘട്ടം - രൂപാന്തരീകരണം (ഉത്തമഗീതം 8:6)

ഈ ഘട്ടത്തിലാകട്ടെ, പരസ്പര ആശയവിനിമയ രീതികളെയും നല്ലതും സുന്ദരവുമായ പെരുമാറ്റശൈലികളെയും വൈകാരിക സുരക്ഷിതത്വം പകരാനുള്ള കഴിവുകളെയുമൊക്കെ വളര്‍ത്താനും പരിശീലിക്കാനുമുള്ള ഒരു ശ്രമം ബോധപൂര്‍വ്വം ഉണ്ടായിവരുന്നു. നിങ്ങള്‍ സാവധാനം നിങ്ങളുടെതന്നെയും പങ്കാളിയുടെയും സൗഖ്യദാതാവും വളര്‍ച്ചയ്ക്കുള്ള സഹായിയും ആയിത്തീരുന്നു. നിങ്ങളുടെയുള്ളിലെ വീക്ഷണമനുസരിച്ചുള്ള ഒരു ബന്ധത്തിനായുള്ള ദാഹം മനസ്സിലും ഹൃദയത്തിലും കൊണ്ടുനടന്ന് അത് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്നു. ഇവിടെ മറ്റേതു കാര്യത്തേക്കാളുമേറെ നിങ്ങളുടെ സാമര്‍ത്ഥ്യം നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയാനാവുന്നു.

രൂപാന്തരീകരണമെന്നത്, ദാമ്പത്യജീവിതത്തിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്ന സന്തോഷവും ഒരുമയും ജീവാത്മകതയുമുള്ള ഒരു കുടുംബാന്തരീക്ഷത്തിലേയ്ക്കുള്ള ആത്മീയ യാത്രയാണ്. സ്നേഹം എന്നത് ദിവസേന തുടരുന്ന ഒരു പെരുമാറ്റ പ്രക്രിയയാണെന്ന് ഈ പരിവര്‍ത്തന വഴിയില്‍വച്ച് നിങ്ങള്‍ മനസിലാക്കുന്നു. പങ്കാളി ആഗ്രഹിക്കുന്നതെന്തോ, അത് വ്യത്യസ്ത രീതികളിലൂടെ, വാക്കുകളിലൂടെ ആ വ്യക്തിക്കു നല്‍കാന്‍ നിങ്ങള്‍ തയ്യാറാകുകയും അങ്ങനെ നിങ്ങള്‍ സ്നേഹിക്കാന്‍ പഠിച്ചു തുടങ്ങുകയും ചെയ്യുന്നു.


അഞ്ചാം ഘട്ടം-പരമാര്‍ത്ഥസ്നേഹം (ഉത്തമഗീതം 4:10)

ഈ ഘട്ടത്തില്‍, തങ്ങള്‍ ഒന്നാണെന്ന ബോധ്യത്തില്‍ ചരടുകളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുതന്നെ ആഴമേറിയ പരസ്പര ബഹുമാനം നല്‍കുകയും ഹൃദയത്തില്‍ പങ്കാളിയെ വിലമതിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ആഹ്ലാദത്തിന്‍റെയും പ്രണയത്തിന്‍റെയും ഗാഢബന്ധത്തിന്‍റെയും സന്തോഷത്തിന്‍റെയും പരസ്പര ആസ്വാദനത്തിന്‍റെതുമായ ഒരു അവസ്ഥ സംജാതമാകുന്നു. മെല്ലെ, നിങ്ങളുടെ ബന്ധത്തിന്‍റെ ആത്മീയ ഗാഢതകളിലേയ്ക്ക് നിങ്ങള്‍ നീങ്ങുകയും അങ്ങനെ പരിപൂര്‍ണ്ണതയിലേക്കു പുതിയ ഒരു പ്രയാണം സമാരംഭിക്കുകയും ചെയ്യുന്നു. ചിന്തകളിലും പെരുമാറ്റ ഭാഷയിലും നിങ്ങള്‍ക്ക് പങ്കാളിയോടുള്ള സ്നേഹം അതിശുദ്ധമായി കാണപ്പെടുന്നു.

ഒരുമിച്ച് ഇതിനായി യത്നിക്കാന്‍ തയ്യാറാകൂ, ഈ പരമാര്‍ത്ഥ സ്നേഹം തീര്‍ച്ചയായും നിങ്ങള്‍ക്കും നേടാനാകും! ഇത് വെറുതേ സംഭവിച്ചു കിട്ടുന്നതല്ലെന്നറിയുക. അതുകൊണ്ട് റിട്ടയര്‍ ചെയ്യുന്ന കാലംവരെ ഇതിനായി കാത്തിരിക്കരുത്. അതോടൊപ്പം, തുലോം തുച്ഛമായ ഒരു കാലയളവിനുള്ളില്‍ ഇതു സംഭവിക്കുകയുമില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ സ്വപ്നം കാണുന്ന അര്‍ത്ഥവത്തായ ഒരു ബന്ധത്തിന്‍റെ തുടക്കം കുറിക്കാനുള്ള ആദ്യപടി ഇപ്പോള്‍ത്തന്നെയാവട്ടെ! ജീവിതത്തില്‍ എന്തു തന്നെ സംഭവിച്ചാലും ശരി, നിങ്ങളുടെ പങ്കാളിത്തവും നിയോഗവും പരിപൂര്‍ണ്ണമാക്കാന്‍ ഒരു കൂട്ടായ യത്നം മാത്രം മതിയാവും.

ഇതിനായി നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടോ? എങ്കിലത് തേടാന്‍ അമാന്തിക്കരുത്. നിരാശയിലേക്കു നീങ്ങുകയുമരുത്. നിങ്ങളുടെ ബന്ധം അസ്വസ്ഥവും ബുദ്ധിമുട്ടേറിയതുമായി തോന്നുന്നതാണെന്ന കാരണത്താല്‍ ഉപേക്ഷിച്ചുകളയാന്‍ പാടില്ല. ഇനി മറ്റൊരു പുതിയ ബന്ധം തുടങ്ങിയാലും കടമ്പകള്‍ ഒട്ടുംതന്നെ വ്യത്യസ്തമായിരിക്കില്ല. (തീര്‍ച്ചയായും, ഇതിന് അപവാദങ്ങളില്ലെന്നല്ല. നിങ്ങളുടെയോ കുഞ്ഞുങ്ങളുടെയോ ജീവിതത്തിന് ജീവിതപങ്കാളി ഭീഷണിയാണെങ്കില്‍ നിങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തകരുടെ സഹായം തേടേണ്ടതാണ്. പങ്കാളി ചില ആസക്തികള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണെങ്കിലും സഹായം തേടേണ്ടതാണ്. തേടിയില്ലെങ്കില്‍ നിങ്ങളുടെ നല്ല ഉദ്ദേശ്യങ്ങള്‍ തന്നെ തകിടം മറിഞ്ഞേക്കാം.) പക്ഷേ, ഓര്‍മ്മിക്കുക: ഒരുമയില്‍ നില്‍ക്കുകയും കൂട്ടായ്മയോടെ അല്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ വിവാഹമോചനവും വേര്‍പിരിയലുമൊന്നും നിങ്ങള്‍ക്കിടയിലേയ്ക്കു കടന്നുവരില്ലെന്നതുതന്നെയാണ് സത്യം. അങ്ങനെ നിങ്ങളുടെ ബന്ധത്തെ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും കുട്ടികള്‍ക്കും ഒരനുഗ്രഹം തന്നെയാക്കി മാറ്റിയെടുക്കാന്‍ സാധിക്കും.

സ്നേഹത്തികവുള്ള ഒരു ബന്ധത്തിനായുള്ള ചില പൊടിക്കൈകള്‍

1. നിങ്ങള്‍ക്കു നിയന്ത്രിക്കാനാവുന്ന കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കുക: - നിങ്ങളുടെ മനോഭാവം, പെരുമാറ്റം, വാക്കുകള്‍, ഊര്‍ജ്ജം ഇവയൊക്കെ നിങ്ങള്‍ക്ക് നിയന്ത്രണവിധേയമാണ്. നിങ്ങളുടെ വിവാഹബന്ധത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനാഗ്രഹമുണ്ടെങ്കില്‍ ആദ്യം നിങ്ങളുടെ - പങ്കാളിയുടേതല്ല - വ്യക്തിത്വസവിശേഷതകളിലും പ്രവൃത്തികളിലും വേണ്ട മാറ്റങ്ങള്‍ വരുത്തുക.

2. നിങ്ങളുടെ നിരാശ, ദേഷ്യം, മോഹഭംഗങ്ങള്‍ ഇവയൊക്കെ പ്രകടിപ്പിക്കാന്‍ ആരോഗ്യകരമായ രീതികള്‍ പഠിച്ചെടുക്കുക. അത് സത്യസന്ധവും ആധികാരികവുമായിരിക്കണം. അതുപോലെതന്നെ അലിവും സ്നേഹവും നിങ്ങളുടെ ബന്ധത്തില്‍ ഉടനീളം തെളിയണം.

3. സ്നേഹത്തിന്‍റെ ആദ്യഘട്ടം എത്ര സന്തോഷപ്രദമായിരുന്നെന്ന് മറക്കാതിരിക്കുക. പങ്കാളിയോടുള്ള നിങ്ങളുടെ അഭിനിവേശത്തിന്‍റെയും ആകര്‍ഷണത്തിന്‍റെയും ആഗ്രഹത്തിന്‍റെയും അനുഭൂതികളെ തിരികെ വിളിക്കുക. പങ്കാളിയോട് നിങ്ങളെ അടുപ്പിച്ചിരുന്ന സവിശേഷതകളെപ്പറ്റി ചിന്തിച്ചു ചിന്തിച്ച് പണ്ടുണ്ടായിരുന്ന വികാരങ്ങളെ വീണ്ടെടുക്കുക.

4. പങ്കാളിയുടെ നല്ല ഗുണങ്ങളെ വിലമതിക്കുകയും നിങ്ങള്‍ പങ്കിടുന്ന ജീവിതത്തോട് നന്ദിയുള്ളവരായിരിക്കുകയും ചെയയ്യുക. പ്രതിനന്ദി എപ്പോഴും നിങ്ങളുടെ ബന്ധത്തെ വളര്‍ത്തുകയേയുള്ളൂ.

5. വൈകാരികമായ അടുപ്പത്തിന് ഊന്നല്‍ നല്‍കുക: വേണ്ടിവന്നാല്‍ ഇത്തിരി നൊമ്പരപ്പെടാന്‍പോലും തയ്യാറാകുന്നൊരു മനോഭാവം ആരോഗ്യകരമായ ഒരു സ്നേഹബന്ധത്തിലുണ്ടാവണം.

6. നിങ്ങളുടെ വികാരവിചാരങ്ങള്‍ക്ക് ഉത്തരവാദി നിങ്ങള്‍ തന്നെയെന്നറിയുക. നിങ്ങളെ വിലയറ്റവരോ വിഡ്ഢികളോ ആക്കിത്തീര്‍ക്കുന്നത് നിങ്ങളുടെ പങ്കാളിയല്ല. നിങ്ങള്‍ അസംതൃപ്തരോ ദുഃഖിതരോ ആണെങ്കില്‍ നിങ്ങളുടെ സ്വപ്നങ്ങളിലേയ്ക്കും ലക്ഷ്യത്തിലേയ്ക്കും തിരിഞ്ഞു നോക്കുക. സ്വയം അര്‍ത്ഥം കണ്ടെത്താന്‍ കഴിയുന്ന ഒരു ജീവിതം നയിക്കാന്‍ കഴിയുന്നുണ്ടോ? നിങ്ങള്‍ നിങ്ങളുടെ മനസ്സാക്ഷിയെ പിന്‍ ചെല്ലുന്നുണ്ടോ? ഈ ഘട്ടത്തില്‍, നിങ്ങളുടെ വ്യക്തിത്വം, മനസ്സ്, ആത്മാവ് ഇവയെ പരിപോഷിപ്പിക്കുകയും നിങ്ങളില്‍ സന്തോഷമുളവാക്കുന്ന സംഗതികളുടെ ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്യുക. എന്നിട്ട് നിങ്ങള്‍ സ്വപ്നം കാണുന്ന ഒരു നല്ല ജീവിതം സ്വയം സമാരംഭിക്കുക.

7. ഏതെങ്കിലും ഘട്ടത്തില്‍ കൗണ്‍സിലിംഗ് ആവശ്യമായി വന്നാല്‍ അതു തേടുക. നിങ്ങള്‍ക്ക് സ്നേഹത്തിന്‍റെ അനുഭവം നഷ്ടമാകുന്നു എന്നത് ഒരുപക്ഷേ നിങ്ങളുടെ തോന്നലാവാം. ഇനി അതല്ല, ഇരുപങ്കാളികളും ഈ പ്രശ്നം അനുഭവിക്കുന്നെങ്കില്‍ ഇതു നിങ്ങള്‍ ഒരുമിച്ച് തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വസ്തുതാപരമായ ഒരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് നിങ്ങളെ സഹായിക്കാന്‍ ഒരു ചികിത്സകനോ കൗണ്‍സിലര്‍ക്കോ വിശ്വസ്ത സുഹൃത്തിനോ തീര്‍ച്ചയായും കഴിഞ്ഞേക്കാം.

ഒരു നല്ല വിവാഹത്തെപ്പറ്റി ബൈബിള്‍ എന്താണു പറയുന്നത്?

ഒരു വിവാഹബന്ധത്തില്‍ വ്യക്തികള്‍ എങ്ങനെയാണ് ആയിരിക്കേണ്ടതെന്ന് പൗലോസ് അപ്പസ്തോലന്‍ പലപ്പോഴായി തന്‍റെ കത്തുകളില്‍ സൂചിപ്പിക്കുന്നുണ്ട്. 1കോറി. 7:2-16 ലും എഫേ. 5:22-33ലും അദ്ദേഹം വിശ്വാസികളോട് പറയുന്ന തത്ത്വങ്ങളെ ചേര്‍ത്തു വച്ചു നോക്കിയാല്‍ ഒരു നല്ല വിവാഹബന്ധത്തിന്‍റെ ചട്ടക്കൂട് രൂപപ്പെടുത്താനുള്ള തത്ത്വങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

പരിഭാഷ: ഷീനാ സാലസ്

Featured Posts