top of page

ഫ്രാന്‍സിസ്കന്‍ തനിമ

Feb 8

3 min read

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Logo of the year of St Francis of Assisi
Logo of the year of St Francis of Assisi

Key Takeaways:

  • Article on Franciscan spirituality and the upcoming 800th anniversary of St. Francis' death.

  • It reflects on St. Francis' life and the ongoing relevance of the Franciscan way.

ഇപ്പോള്‍ താമസിക്കുന്ന ആശ്രമത്തിന്‍റെ നടുമുറ്റത്ത് വളരുന്ന വള്ളിച്ചെടിയില്‍ തേന്‍ കുരുവികള്‍ കൂടുകൂട്ടിയിരുന്നു. അമ്മക്കിളി അടയിരിക്കുന്നത് അറിയാവുന്നതിനാല്‍ ഞങ്ങള്‍ ഒരു തരത്തിലും ശല്യപ്പെടുത്താതെ നോക്കിയിരുന്നു. മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ക്ക് തൂവല്‍ മുളച്ചുവരുന്ന സമയം, ആശ്രമത്തിലെത്തിയ ഒരാളുടെ അശ്രദ്ധ കൊണ്ട് കുഞ്ഞുങ്ങള്‍ പുറത്തു ചാടി. വരാന്തയിലും ലൈബ്രറിയിലും ഒക്കെ പറന്നു നടന്നു. തിരികെ കൂട്ടിലേക്കു കൊണ്ടുവരാന്‍ അമ്മക്കിളിയും അപ്പന്‍ കിളിയും ശ്രമിച്ചിട്ടു നടന്നില്ല. രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്നതിനാല്‍ ഞങ്ങള്‍ അവയെ സഹായിക്കാന്‍ പോയില്ല. ഒരു കുഞ്ഞ് ആശ്രമത്തിന്‍റെ ചാപ്പലിലേക്ക് കയറി. ചാപ്പലിലാകെ കറങ്ങിയ ആള്‍, രാത്രിമുഴുവന്‍ ഫ്രാന്‍സിസിന്‍റെ ഫോട്ടോയുടെ താഴെ ഒളിവിടം കണ്ടെത്തി. രാവിലെ വി. കുര്‍ബാനയുടെ നേരം കരഞ്ഞു കൊണ്ടിരുന്ന അതിനെ ഒരു വിധം പുറത്ത് എത്തിച്ചു. ആ ചാപ്പലില്‍ അത്രയും സ്ഥലം ഉണ്ടായിട്ടും ഫ്രാന്‍സിസിന്‍റെ രൂപത്തിനടുത്ത് അത് അഭയം തേടിയത് കൗതുകമുണര്‍ത്തുന്നു.


ഇടവക ദേവാലയത്തിലെ ഒരു പരിപാടിക്കു വേണ്ടി ഫ്രാന്‍സിസ് ആകാന്‍ ഞങ്ങളുടെ കുപ്പായം ധരിച്ച സംഭവം വളരെ സന്തോഷത്തോടെ ഒരു ചെറുപ്പക്കാന്‍ പങ്കുവയ്ക്കുകയായിരുന്നു. "അച്ചാ അതൊരു വല്ലാത്ത ഫീല്‍ ആയിരുന്നു." ആ ഒരു വാചകത്തില്‍ അവന്‍ അനുഭവിച്ച ആനന്ദം പ്രകടമായിരുന്നു.


വിശുദ്ധ ഫ്രാന്‍സിസ് സ്വര്‍ഗ പ്രവേശനം ചെയ്തതിന്‍റെ (മരണത്തിന്‍റെ) 800 -ാം വാര്‍ഷികമാണ് ഈ വരുന്ന ഒക്ടോബര്‍ 3. അതിനോട് അനുബന്ധിച്ചാണ് ലെയോ പാപ്പ ഈ വര്‍ഷം ഫ്രാന്‍സിസിന്‍റെ വര്‍ഷമായി (Year of St Francis of Assisi) പ്രഖ്യാപിച്ചിരിക്കുന്നത്. "എന്തുകൊണ്ട് ഫ്രാന്‍സിസ് എല്ലാവരും നിന്‍റെ പിന്നാലെ" എന്ന ബ്രദര്‍ മസേയോയുടെ പഴയ ചോദ്യം വീണ്ടും മുഴങ്ങുന്നു.


ഈ കാപ്പിപൊടി കുപ്പായത്തിന് പറയാന്‍ നീണ്ടകഥകളും ചരിത്രങ്ങളുമുണ്ട്. കണ്ണീരിന്‍റെയും വേദനയുടെയും സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും മാത്രമല്ല സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും കാരുണ്യത്തിന്‍റെയും കഥകള്‍ പറയാനുണ്ട്. നൃത്തത്തിന്‍റെയും പാട്ടിന്‍റെയും കവിതയുടെയും ഭാവനയുടെയും പ്രവാഹങ്ങളുണ്ട്. അത് നീണ്ട 820 വര്‍ഷങ്ങളിലൂടെ, ചരിത്രത്തിന്‍റെ ഉയര്‍ച്ച താഴ്ചകളിലൂടെ വഹിച്ചു കൊണ്ടുവരുന്നതാണ്. ഏകദേശം 1206 ല്‍ അസ്സീസിയില്‍ ആരംഭിച്ച ഒരു ചിത്രശലഭത്തിന്‍റെ ചിറകടി ഈ കൊച്ചു കേരളവും കടന്നുപോകുന്നു. എത്രയോ ആയിരകണക്കിന് സ്ത്രീപുരുഷന്‍മാര്‍ ഈ എട്ടു നൂറ്റാണ്ടുകളിലായി അവരുടെ ജീവിതം ഈ കുപ്പായത്തില്‍ ജീവിച്ചു കടന്നുപോയി. എത്രയോ ആയിരം വിശുദ്ധര്‍ പേര് വിളിക്കപ്പെട്ടതും അല്ലാതെയുമായി ജീവിച്ചു മടങ്ങി. എല്ലാം ഒരാളുടെ വ്യത്യസ്തമായ ഒരു സമീപനത്തില്‍ നിന്നും രൂപം കൊണ്ടതാണ്.


ബട്ടര്‍ഫ്ളൈ ഇഫക്ട് എന്താണെന്ന് മനസ്സിലാക്കാന്‍ ഫ്രാന്‍സിസ്കന്‍ സമൂഹത്തെ നോക്കിയാല്‍ മതി. അസ്സീസിയില്‍ ആരംഭിച്ച വി. ഫ്രാന്‍സിസ് എന്ന ശലഭത്തിന്‍റെ ചെറു ചിറകടി നൂറ്റാണ്ടുകള്‍ പിന്നിട്ട്, ഭൂഖണ്ഡങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു. തികച്ചും സാധാരണ ഇടത്തില്‍ ആരംഭിച്ച സാധാരണക്കാരുടെ അസാധാരണമായ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ഒരു അത്മായനായ ഫ്രാന്‍സിസ് എന്ന ചെറുപ്പക്കാരന്‍ പ്രാര്‍ത്ഥനയിലും ഏകാന്തതയിലും കണ്ടുമുട്ടിയ ദൈവഹിതം നിറവേറ്റി ജീവിക്കാന്‍ ആരംഭി ച്ചതാണ് തുടക്കം. ദൈവഹിതം എന്താണ് എന്ന് അറിയാന്‍ അദ്ദേഹം സുവിശേഷം തുറന്നു. അത് ജീവിത നിയമമാക്കി. ആരാധനയുടെ നേരങ്ങളില്‍ ആലപിക്കാനുള്ള പ്രാര്‍ത്ഥനകളായി മാറിയിരുന്ന വചനത്തെ മാംസം ധരിപ്പിക്കാന്‍ കഴിയുമെന്ന് അയാള്‍ ജീവിതം കൊണ്ട് തെളിയിച്ചു. ഫ്രാന്‍സിസ് യേശുവിനെ സുവിശേഷത്തില്‍ കണ്ടുമുട്ടി. വിശദീകരണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വേണ്ടി എങ്ങും പോയില്ല. സുവിശേഷം ലളിത ജീവിതത്തിന്‍റെ നിയമമാക്കി. അതു ഫ്രാന്‍സിസിനെ അസ്സീസിയിലെ ഏറ്റവും സ്വതന്ത്രനും സന്തുഷ്ടനുമായ മനുഷ്യനാക്കി. അതു കണ്ടവര്‍ അറിഞ്ഞവര്‍ അയാള്‍ക്കൊപ്പം ചേര്‍ന്നു.


സഭാ സംവിധാനങ്ങളും അധികാര കേന്ദ്രങ്ങളും ക്രിസ്തുവിനേക്കാള്‍ വളര്‍ന്നു നിന്ന ഒരു കാലഘട്ടത്തില്‍ സഭയെന്നാല്‍ സംവിധാനം (system) മാത്രമല്ല എന്ന തിരിച്ചറിവാണ് ഫ്രാന്‍സിസിനുണ്ടായത്. ക്രിസ്തുവിന്‍റെ സഭ എല്ലാവരും ചേര്‍ന്ന ഒന്നാണെന്ന് അദ്ദേഹം മനസ്സിലാക്കി. സഭയില്‍ വെളിച്ചം കയറാന്‍, സഭ നവീകരിക്കപ്പെടാന്‍ പോപ്പും മെത്രാന്‍മാരും അച്ചന്‍മാരും ആദ്യം നന്നാകട്ടെ എന്നു പറഞ്ഞു ഫ്രാന്‍സിസ് നിന്നില്ല. തന്‍റെ ജീവിതം ക്രിസ്തുവിന് ചേര്‍ന്ന വിധം, ദൈവേഷ്ടങ്ങള്‍ അന്വേഷിക്കുന്ന വിധം അയാള്‍ പുനഃക്രമീകരിച്ചു; അത്ര തന്നെ. അതുണ്ടാക്കുന്ന മാറ്റം എത്ര വലുതാണ്! ഈ കാലഘട്ടത്തിലും.


ക്രൈസ്തവ ജീവിതം - സുവിശേഷാധിഷ്ഠിതമായ ജീവിതം, ക്രിസ്തു ആഗ്രഹിച്ചതു പോലെ, ആദിമ ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി ജീവിച്ച പോലെ ഒരു ജീവിതം സാധ്യമാണ് എന്ന് ഫ്രാന്‍സിസും സഹോദരന്‍മാരും തെളിയിച്ചു. സുവിശേഷം ജീവിക്കാന്‍ പുരോഹിതനോ മെത്രാനോ സന്യാസിയോ ആകണമെന്നില്ല, പാരമ്പര്യവും പഴമയും സമ്പത്തും പ്രതാപവും പഠനവും ഒന്നും തന്നെ അല്ല പ്രധാനം എന്നും അദ്ദേഹം ജീവിച്ചു കാണിച്ചു.


ഫ്രാന്‍സിസോ അദ്ദേഹത്തിന്‍റെ സമൂഹമോ പൂര്‍ണരായ മനുഷ്യരുടെ കൂട്ടമല്ല. കുറവുകളും കുഴപ്പങ്ങളുമൊക്കെയുള്ള വെറും സാധാരണ മനുഷ്യര്‍ തന്നെയാണ് അവരും. തങ്ങളെത്തന്നെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുമ്പോള്‍, വിട്ടുകൊടുക്കുമ്പോള്‍, പരിപൂര്‍ണമായി ദൈവപരിപാലനയില്‍ ആശ്രയിക്കുമ്പോള്‍, എങ്ങനെ ദൈവം അവരിലൂടെ വലിയ കാര്യങ്ങള്‍ നടത്തുന്നു എന്നത് ഫ്രാന്‍സിസ്കന്‍ സമൂഹത്തെ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്. എന്നാല്‍ സ്വന്തം കഴിവിലോ കരുത്തിലോ ആശ്രയിക്കുന്നവര്‍ക്ക് ഇവിടവും ഒരു പരാജയവുമാണെന്നതും ചരിത്രം. കാരണം ഒരു നാള്‍ തന്‍റെ സമൂഹത്തിന്‍റെ പോക്കിനെക്കുറിച്ച് രോഷാകുലനാകുന്ന ഫ്രാന്‍സിസിനെ ദൈവം തിരുത്തുന്നുണ്ട്: "ആരു പറഞ്ഞു ഇതു നിന്‍റെ സഭയാണെന്ന്? ഇത് എന്‍റെ സമൂഹമാണ്." തുളവീണ ഈറ്റക്കുഴലിലൂടെ മധുരഗീതം ഒഴുക്കുന്ന സംഗീതജ്ഞനെപ്പോലെ തങ്ങളുടെ എല്ലാ മുറിവുകളും കുറവുകളുമായി തിരുമുമ്പില്‍ സ്വയം സമര്‍പ്പിക്കുന്ന മനുഷ്യരിലൂടെ ദൈവം തന്‍റെ കൃപയെ ഒഴുക്കും. അതിന് ഫ്രാന്‍സിസിനെക്കാള്‍ വലിയ ഒരു സാക്ഷ്യം നമുക്കെന്തിന് ?


ഫ്രാന്‍സിസിന്‍റെ അതിരില്ലാത്ത ദൈവസ്നേഹമാണല്ലോ നമ്മളെയെല്ലാം ഏറ്റവും ആകര്‍ഷിക്കുന്നത്. ഫ്രാന്‍സിസ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഉള്ളിന്‍റെ ഉള്ളില്‍ തോന്നുന്ന വികാരം എന്താണ്? അദ്ദേഹത്തിന്‍റെ സ്നേഹമല്ലേ? ആ ഒരു ദൈവസ്നേഹത്തിന്‍റെ കനലാണ് നമുക്കിന്ന് ആവശ്യം. എല്ലാത്തരം സ്വാര്‍ത്ഥതകളും സ്വരൂപം പൂണ്ടു നമുക്കു ചുറ്റും വളരുന്നുണ്ട്. അതുണ്ടാക്കുന്ന അന്ധകാരം സമൂഹത്തെയെന്ന പോലെ സഭയെയും ശ്വാസംമുട്ടിക്കുന്നുണ്ട്. ആരെങ്കിലും പുറത്തു നിന്നും തുറക്കാവുന്നതല്ല ഇതിന്‍റെ വാതിലുകള്‍. അകത്തു നിന്നും തുറക്കേണ്ട വാതിലും കണ്ടേത്തണ്ട വഴിയും തെളിക്കേണ്ട പ്രകാശവുമാണ്. ഫ്രാന്‍സിസിനെ, അദ്ദേഹത്തിന്‍റെ മരണത്തെ ഒക്കെ വിചിന്തനമാക്കുന്ന ഈ വര്‍ഷം എല്ലാ പ്രണയങ്ങള്‍ക്കുമുപരി ദൈവത്തോടുള്ള പ്രണയം വീണ്ടെടുക്കാന്‍ ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഫ്രാന്‍സിസിലും സഹോദരങ്ങളിലും എരിഞ്ഞ സ്നേഹാഗ്നിയുടെ കനല്‍ നമ്മളെയും പൊള്ളിക്കട്ടെ!

ഫ്രാന്‍സീസിന്‍റെ കടന്നുപോകലിന്‍റെ എണ്ണൂറാം വര്‍ഷാശംസകള്‍...


ഫ്രാന്‍സിസ്കന്‍ തനിമ

റോണി കിഴക്കേടത്ത്

അസ്സീസി മാസിക, ഫെബ്രുവരി 2026

Recent Posts

bottom of page