
പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍

Key Takeaways:
How to change the mood by improving, health, relationships and knowledge
വിഷാദരോഗ (depression) ത്തിനും അതിന്‍റെ അതിതീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസിക ചാഞ്ചാട്ട (bipolar disorder) ത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ മരുന്നില്ലാ ചികില്‍സയായ മനോനില ചിത്രണം( mood mapping ) തുടരുന്നു. പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാവുന്ന സൗഖ്യ പദ്ധതിയിലെ പതിനാലാം ദിനത്തില്‍ കര്‍മ്മോല്‍സുക മനോനില ( Action mood ) യില്‍ നിന്ന് ശാന്തത(calm) യിലേക്ക് എത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് നാം ചര്‍ച്ച ചെയ്തു വരുന്നത്. മനോനില(mood)മാറ്റുന്നതിനുള്ള താക്കോലുകള്‍ ഉപയോഗിച്ചാണ് ഇവിടെയും നാം നമ്മുടെ ' മൂഡി' നെ മാറ്റുന്നത്. ആദ്യ താക്കോലായ നമ്മുടെ ചുറ്റുപാടുകളെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം കണ്ടു. രണ്ടും മൂന്നും നാലും താക്കോലുകളായ നമ്മുടെ ശാരീരികാരോഗ്യം, നമ്മുടെ ബന്ധങ്ങള്‍, നമ്മുടെ അറിവ് എന്നിവയാണ് ഈ ലക്കത്തില്‍ ചര്‍ച്ച ചെയ്യുക.
രണ്ടാം താക്കോല്‍: ശാരീരികാരോഗ്യം
1. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വ്യായാമം
വ്യായാമം ശരീരത്തിന് അയവു പകരുന്നു. ശരീരം നന്നായി വിയര്‍ക്കുന്നതുവരെ വര്‍ക്കൗട്ട് ചെയ്യാം. അതല്ലെങ്കില്‍ വെറുതെയൊന്ന് നടക്കാം. ആരോഗ്യത്തിനനുസരിച്ച് അതു നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം.
2. ഒന്ന് വിയര്‍ക്കാം
ആവികൊണ്ട് വിയര്‍ക്കുന്നതു നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നല്ലതാണ്. നിങ്ങളുടെ പ്രശ്നങ്ങളില്‍ പകുതി അങ്ങിനെ ആവിയായി പോവും. ചൂട് പേശികള്‍ക്ക് അയവു നല്‍കും. അത് സമ്മര്‍ദ്ദത്തില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും വിടുതലും നല്‍കും
3. ഒന്ന് മൂരി നിവര്‍ക്കാം
കൈകാലുകള്‍ ഒന്ന് വലിച്ചു വിട്ടും വീട്ടിനുള്ളില്‍ അല്‍പ്പം നടന്നും ഒക്കെ ശരീരത്തിന് അല്‍പ്പം അയവു വരുത്താം. അതല്ലെങ്കില്‍ യോഗ പരീക്ഷിക്കാം. അത് ശരീരത്തിനും അതുവഴി മനസിനും വലിയ അയവ് സമ്മാനിക്കും.
മൂന്നാം താക്കോല്‍: മനോനില മെച്ചപ്പെടുത്താന്‍ ബന്ധങ്ങള്‍
1. സൗമ്യമായി പെരുമാറുക
വാദപ്രതിവാദങ്ങളും രോഷപ്രകടനങ്ങളും നമ്മുടെ മനോനില തകരാറിലാക്കും. ശാന്തനായ കൂട്ടുകാരനായ സൗമ്യമായ സംഭാഷണത്തില്‍ ഏര്‍പ്പെടുക. രക്തസമ്മര്‍ദ്ദം കൂട്ടുന്ന വിഷയങ്ങള്‍ ഒഴിവാക്കുക.
2. ഒടുവില്‍ തീര്‍ച്ചയായും ഒരു യാത്രാമൊഴി
എന്തൊക്കെ അസ്വാരസ്യങ്ങളും അലോസരങ്ങളും ഉണ്ടായെങ്കിലും ഒടുവില്‍ പിരിയുംനേരം ഹൃദ്യമായ ഒരു 'ബൈ' പറയുക. അത് നിങ്ങളുടെ മനസമ്മര്‍ദ്ദം ലഘൂകരിക്കും. കാലുഷ്യങ്ങളൊക്കെയും അകറ്റും. കാലുഷ്യങ്ങള്‍ വിട്ടുകളഞ്ഞില്ലെങ്കില്‍ അവ വളര്‍ന്ന് പന്തലിക്കും. അത് നിങ്ങളില്‍ ഉല്‍കണ്ഠയും സമ്മര്‍ദ്ദവും വളര്‍ത്തും.
3. ഒരു ശണ്ഠയും സൂര്യനസ്തമിക്കുന്നതിന് അപ്പുറത്തേക്ക് പോകരുത്
മാപ്പു പറയേണ്ടി വന്നാല്‍ കൂടി വഴക്കുകള്‍ അന്നന്നു തന്നെ പറഞ്ഞു തീര്‍ക്കുക. ദേഷ്യത്തില്‍ ഉണരുന്നതിനേക്കാള്‍ എത്രയോ ഭേദമാണത്. രോഷവും ദേഷ്യവും ഉള്ളില്‍ പുകയുമ്പോള്‍ ആര്‍ക്കും ഉറങ്ങാനുമാവില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ അതൊക്കെ ഉപകരിക്കൂ. അതിനാല്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളാണെങ്കില്‍ കൂടി പറഞ്ഞു തീര്‍ക്കുക സൗഹാര്‍ദം വീണ്ടെടുക്കുക.
നാലാം താക്കോല്‍: നമ്മുടെ അറിവ്
1. ശാന്തമായിരിക്കുക
സ്വയം സംസാരിക്കുന്നത് ശാന്തരായിരിക്കാന്‍ മറ്റെന്തിലുമേറെ നമ്മെ സഹായിക്കും. ചുറ്റും എന്തു നടക്കുന്നു എന്നു പോലും ശ്രദ്ധിക്കാതെ ആ വശ്യമുള്ളപ്പോഴൊക്കെ ആത്മഭാഷണത്തില്‍ ഏര്‍പ്പെടുക. 'ചുറ്റുമുള്ള ഏവര്‍ക്കും ശാന്തി നഷ്ടപ്പെടുമ്പോള്‍ ശാന്തരായിരിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ ... 'എന്ന് 'എങ്കില്‍' (If) എന്ന കവിതയില്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങ് പറയുന്നു. ഞാന്‍ ശാന്തനാണ് എന്ന് സ്വയം പറയുക, ബോധ്യപ്പെടുത്തുക.
2. സ്വയം ആവര്‍ത്തിച്ച് ഉറപ്പിക്കുക
കുട്ടികളായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ ആശ്വസിപ്പിക്കുമ്പോള്‍ ശാന്തരാവാന്‍ സഹായിക്കുമ്പോള്‍ നമ്മില്‍ ശാന്തി മുളപൊട്ടുന്നു. ആ പെരുമാറ്റരീതി പഠിച്ചെടുത്താല്‍ പിന്നീടെപ്പോഴും അത് ഉപയോഗപ്പെടുത്താം. കൊടുങ്കാറ്റ് അത്ര ഭയാനമല്ലെന്ന് സ്വയം ഉറപ്പു നല്‍കുക. സാഹചര്യം എത്ര വഷളാണെങ്കിലും തിരിച്ചുവരാനാവാത്തതല്ല. സ്വയം ആശ്വാസം കണ്ടെത്തുന്നിടത്തോളം ഉറപ്പില്ല മറ്റൊന്നിനും
3. സ്വയം പിന്തുണക്കുക
ദിവസം മുഴുവന്‍ കഠിനാധ്വാനം ചെയ്തിട്ടും ഫലമൊന്നുമുണ്ടായില്ലെങ്കില്‍ പോലും സ്വയം ഒന്ന് അഭിനന്ദിക്കുക. മറ്റാരും അറിഞ്ഞില്ലെങ്കിലും നിങ്ങളുടെ പ്രയത്നം നിങ്ങളെങ്കിലും അറിഞ്ഞുവെന്നും അംഗീകരിച്ചുവെന്നും ബോധ്യപ്പെടുക . സ്വയം ഒരു ' വെല്‍ഡണ്‍' പറയുക. നിങ്ങള്‍ മാത്രമേ നിങ്ങളുടെ പ്രയത്നം ശ്രദ്ധിച്ചുള്ളു. എങ്കി ല് കൂടി നിങ്ങളുടെ തലച്ചോറ് ഒരു അഭിനന്ദനം ആഗ്രഹിക്കുന്നു. ആ പ്രകടനം അടുത്ത ദിവസം ആവര്‍ത്തിക്കാന്‍ അത് ഉത്തേജനം നല്‍കും, ഒരു പക്ഷേ തുടര്‍ന്നങ്ങോട്ടും.
(തുടരും.. )
ശാരീരികാരോഗ്യം മെച്ചപ്പെടുത്താം
ടോം മാത്യു
അസ്സീസി മാസിക, ജനുവരി 2026






















