top of page

കലയുടെ കലാപവഴികള്‍

Feb 5

5 min read

George Valiapadath Capuchin
last judgement by Michelangelo
 ദ ലാസ്റ്റ് ജഡ്ജ്മെൻ്റ് - മൈക്കെലാഞ്ചലോ (1535-41)

Key Takeaways:

  • This article is about art, focusing on its historical movements and Christian theological interpretations.

  • The article, discusses Romanticism, Modernism, Postmodernism, and Contemporary Art.

എഴുത്തുകാര്‍ എഴുതുകയും വായനക്കാര്‍ വായിക്കുകയും ചെയ്യുന്ന കാലം എന്നേ പോയ്മറഞ്ഞു! വായനക്കാര്‍ എഴുതുന്ന കാലമാണ് നമ്മുടേത്. എഴുതാന്‍ പണ്ടേപ്പോലെ ശിക്ഷണമോ പരന്ന വായനയോ പോലും വേണമെന്നില്ല. ഇത്തിരിപ്പോന്ന വായനക്കാര്‍ക്കും എഴുത്ത് സാധ്യമാണിന്ന്.


I. കലാമുന്നേറ്റങ്ങളും കലയിലെ തുടക്കങ്ങളും


കുറേയധികം കാലമായി, സമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എല്ലാം തന്നെ കലയിലും സാഹിത്യത്തിലും നിന്ന് ഉത്ഭവിക്കുന്നവയാണ്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യത്തിലുമായി ആവിര്‍ഭവിച്ച മുന്നേറ്റമാണ് റൊമാന്‍റിസിസം. കലയിലാണ് അതിന്‍റെ ആവിര്‍ഭാവം. യുക്തിക്ക് അമിതമായ പ്രാധാന്യം നല്കപ്പെട്ടിരുന്നു, ജ്ഞാനോദയഘട്ടത്തില്‍. അതിനോടുള്ള പ്രതികരണവും മറുതലിപ്പും ആയി, വ്യക്തിയിലും വൈകാരികതയിലും ഊന്നിയാണ് റൊമാന്‍റിസിസം ഉടലെടുക്കുന്നത്. കലയില്‍നിന്ന് സാഹിത്യത്തിലേക്കും, സാഹിത്യത്തില്‍ നിന്ന് തത്ത്വചിന്തയിലേക്കും, പിന്നെ രാഷ്ട്രീയത്തിലേക്കും പ്രസ്തുത ചിന്ത പടര്‍ന്നുകയറി, സമൂഹത്തെ ഒന്നാകെ സ്വാധീനിക്കുന്ന ഒരു മുന്നേറ്റമായിത്തീര്‍ന്നു.


പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലും ആണ് ആധുനികത ഉടലെടുക്കുന്നത്. ആധുനികതയും കലയിലാണ് ആദ്യം നാമ്പെടുത്തത്. അവിടെനിന്ന് സാങ്കേതിക വിദ്യയിലേക്കും തത്ത്വചിന്തയിലേക്കും രാഷ്ട്രീയത്തിലേക്കും അത് വ്യാപിച്ചു. അമൂര്‍ത്തവല്ക്കരണവും (abstraction) ചുറ്റുപാടുകളെയും പരിസരത്തെയും കുറിച്ചുള്ള അശ്രദ്ധയുമായിരുന്നു ആധുനികതയുടെ പ്രത്യേകതകള്‍. പരീക്ഷണങ്ങളുടെ ഒരു വലിയ ലോകമാണ് അത് തുറന്നിട്ടത്.


ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതി മുതല്‍ ഉണ്ടായിവന്ന ഒരു ധൈഷണിക മുന്നേറ്റമാണ് ഉത്തരാധുനികത. ഉത്തരാധുനികതയുടെയും ആവിര്‍ഭാവം കലയിലായിരുന്നു. കലയിലാണ് ആവിര്‍ഭവിച്ചതെങ്കിലും, വാസ്തുവിദ്യയിലേക്കും തത്ത്വചിന്തയിലേക്കും രാഷ്ട്രീയത്തിലേക്കും പെട്ടന്നുതന്നെ അത് പടര്‍ന്നുപിടിച്ചു.


ആധുനികതയുടെ നിഷ്കര്‍ഷകളോടും കാര്‍ക്കശ്യത്തോടും ഉള്ള പ്രതിഷേധവും പ്രതികരണവുമായാണ് ഉത്തരാധുനികത ഉണ്ടാകുന്നത്. ചരിത്രം, വിജ്ഞാനം, അനുഭവം എന്നിവയെ സംബന്ധിച്ചുള്ള മഹാആഖ്യാനങ്ങളോടെല്ലാമുള്ള നിഷേധവും സംശയത്വവും ആണ് അതിന്‍റെ മുഖമുദ്രകള്‍. രാഷ്ട്രീയം, പ്രത്യയശാസ്ത്രം, മതം എന്നിങ്ങനെയുള്ള എല്ലാ മഹാഖ്യാനങ്ങളെയും ഉത്തരാധുനികത മറുതലിക്കും. ചില ചിന്തകളും ചില ആഖ്യാനങ്ങളും ചില ചരിത്രങ്ങളും മാത്രം മേല്‍ക്കൈ നേടുകയും ആധിപത്യം സ്ഥാപിക്കുകയും മറ്റുള്ളവ നിശബ്ദമാക്കപ്പെടുകയും ചെയ്യുന്നതിനെ ഉത്തരാധുനികത എതിര്‍ക്കും. നല്ലത് -ചീത്ത; ഉത്തമം - അധമം; കുലീനം- അകുലീനം; ഉച്ചം - നീചം എന്നിങ്ങനെയുള്ള വേര്‍തിരിവുകളോടും വിധിതീര്‍പ്പുകളോടുമൊക്കെ അത് പോകാന്‍ പറയും.


ഉത്തരാധുനികതയുടെ സ്വാഭാവികമായ പരിണിതിയാണ് സമകാലികതയില്‍ കാണാവുന്നത്. സമകാലികത എന്ന വിപ്ലവവും കലയുടെ മേഖലയില്‍ത്തന്നെയാണ് ആദ്യം പൊടിക്കുന്നത്. ഉത്തരാധുനികതയുടെ പ്രത്യേകതകള്‍ ഒരു പരിധിവരെ നിലനിര്‍ത്തുമ്പോഴും ഒരു ചട്ടക്കൂടിനും നിര്‍വചനത്തിനും വശംവദമാകാതെയും നിന്നുകൊടുക്കാതെയും വഴുക്കലോടെ തെന്നിമാറി, പലതായി വീണ്ടും വീണ്ടും പിരിഞ്ഞ് മുന്നേറുകയാണ് സമകാലികത. ഓരോദിനവും കലയുടെ ഴാണറുകള്‍ (genres) തന്നെ പുതുതാവുകയാണ്. ജനകീയകല, തെരുവുകല, ഡിജിറ്റല്‍ കല, അമൂര്‍ത്തകല, മിനിമലിസ്റ്റ് കല, ഫെമിനിസ്റ്റ് കല, ചിത്രണ കല, ഹൈബ്രിഡ് കല, നവമാധ്യമ കല, വീഡിയോ ആര്‍ട്ട്, ഹൈപ്പര്‍ റിയലിസ്റ്റ് കല, ഇന്‍സ്റ്റല്ലേഷന്‍ കല എന്നിങ്ങനെ പുത്തന്‍ പിരിവുകള്‍ നിത്യേന അതില്‍ ഉടലെടുത്തുകൊണ്ടിരിക്കും. കല്ലും മണ്ണും സിമന്‍റും ഇരുമ്പും ഉരുക്കും ചപ്പും ചവറും നഖവും മുടിയും ശാരീരിക ദ്രവങ്ങളും ഉച്ഛിഷ്ടങ്ങളും എന്നുവേണ്ടാ, സമകാലിക കലയ്ക്ക് ഇന്ന മാധ്യമമേ ആകാവൂ എന്നില്ല. സമൂഹത്തെയും മനുഷ്യകുലം നിര്‍മ്മിച്ചു വച്ചിരിക്കുന്ന എല്ലാ മാമൂലുകളെയും നിര്‍വ്വചനങ്ങളെയും ചതുരപ്പെട്ടികളെയും സമകാലികത സംഭ്രമിപ്പിക്കും. ക്ലാസ്സിക്കലും റൊമാന്‍റിസിസ്റ്റും സ്ട്രക്ചറലിസ്റ്റും മോഡേണും പോസ്റ്റ്മോഡേണും കണ്‍ടെംപററിയും ആയ കലാവിഷ്ക്കാരങ്ങള്‍ ഓരോരോ മേഖലകളിലായി വിതാനിച്ചിട്ടുള്ള ഒരു മ്യൂസിയം സന്ദര്‍ശിക്കുന്നയാള്‍ കണ്‍ടെംപററി ആര്‍ട്ടിന്‍റെ വിഭാഗത്തിലേക്കെത്തുമ്പോള്‍ ഒരുതരം ഭയവും ആധിയും സംഭ്രമവും ബീഭത്സകതയും ഓക്കാനവും അനുഭവിക്കും. എല്ലാ കലാരൂപങ്ങളും ശക്തമാണ്. എന്നാല്‍, നമ്മെ അടിയോടെ പിടിച്ചുലയ്ക്കും സമകാലിക കല.


ക്രിസ്തീയ വിവാദങ്ങള്‍


the last judgment by Michelangelo
 ദ ലാസ്റ്റ് ജഡ്ജ്മെൻ്റ് - മൈക്കെലാഞ്ചലോ (1535-41)

മൈക്കല്‍ ആഞ്ചലോയും ബെര്‍ണീനിയും മുതല്‍ ലോകമെമ്പാടും ചരിത്രത്തിലിങ്ങോട്ട് ഒത്തിരി ഒത്തിരി കലാവിഷ്ക്കാരകര്‍ മതത്തെയും സഭയെയും വിശ്വാസികളെയും ചൊടിപ്പിച്ചിട്ടുണ്ട്. വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കല്‍ ആഞ്ചലോ ചിത്രീകരിച്ച 'അന്ത്യവിധി' ആണിന്‍റെയും പെണ്ണിന്‍റെയും നഗ്നശരീരങ്ങളുടെ ഒരു സമുദ്രംതന്നെ സൃഷ്ടിച്ചിരുന്നു. സഭാ നേതൃത്വത്തിന്‍റെയും വിശ്വാസികളുടെയും എതിര്‍പ്പുമൂലം ചുവര്‍ച്ചിത്രത്തിലെ രൂപങ്ങള്‍ക്കെല്ലാം പിന്നീട് ഇലകളും വസ്ത്രങ്ങളും വരച്ചുചേര്‍ത്ത് വലുതായ എതിര്‍പ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടില്‍ ചിത്രം പുനരുദ്ധരിച്ചപ്പോള്‍, പിന്നീട് വരച്ചുചേര്‍ത്തിരുന്ന ഇലയും തുണിയും പല രൂപങ്ങളില്‍നിന്നും മായ്ച്ചു കളഞ്ഞ് വീണ്ടും അവരെ നഗ്നരാക്കി. അവയിലെ പകുതി നഗ്നമായും പകുതി നഗ്നതമറച്ച രൂപത്തിലുമാണ് ഇന്നുള്ളത്. അന്ത്യവിധി സംഭവിക്കുന്നത് സ്വര്‍ഗ്ഗത്തിലാണെന്നും അവിടെയുള്ളവര്‍ ആത്മാക്കളാണെന്നും ആത്മാക്കള്‍ വസ്ത്രം ധരിക്കാറില്ലെന്നും ആയിരുന്നു ചിത്രത്തെക്കുറിച്ചുള്ള വ്യാഖ്യാനം.

Statue of St Theresa of Avila by Vernini
എക്സ്റ്റസി ഓഫ് സെൻ്റ് തെരേസ - ജിയാൻ ലൊറേൻസോ ബർണീനി (1647-52)

ആത്മീയ ദര്‍ശനങ്ങളുടെ വേളയില്‍ ആത്മീയ നിര്‍വൃതിയിലാണ്ട് ചാഞ്ഞു കിടക്കുന്ന രൂപത്തിലാണ് ബെര്‍ണീനിയുടെ വിശുദ്ധ 'അമ്മത്രേസ്യയുടെ നിര്‍വൃതി' എന്ന ശില്പം. വിശുദ്ധയുടെ മുഖത്തെ ഭാവം രതിമൂര്‍ഛ അനുഭവിക്കുന്ന സ്ത്രീയുടേതാണ്. അവളുടെ മുഖത്തെ ഭാവങ്ങളെ ശ്രദ്ധിച്ചുകൊണ്ട് അവള്‍ക്കരികില്‍ നില്ക്കുന്ന ഒരു മാലാഖ. മാലാഖ തന്‍റെ കൈയ്യിലെ ഒരു അമ്പ് അവളിലേക്ക് അടുപ്പിക്കുന്നത് അവളുടെ സ്വകാര്യ ഭാഗത്തേക്കാണ് ഉന്നംവെക്കുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. ഏറ്റവും ഉന്നതമായ ആത്മീയനിര്‍വൃതി ലൈംഗിക നിര്‍വൃതിയോട് സമാനമാണെന്നും, ഒരാളുടെ മുഖഭാവങ്ങള്‍ അങ്ങനെ മാത്രമേ വരൂ എന്നുമാണ് അതേക്കുറിച്ചുള്ള വ്യാഖ്യാനം.

എക്സ്റ്റസി ഓഫ് സെൻ്റ് തെരേസ- ശില്പത്തിൻ്റെ ക്ലോസപ്പ്
എക്സ്റ്റസി ഓഫ് സെൻ്റ് തെരേസ- ശില്പത്തിൻ്റെ ക്ലോസപ്പ്

പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ആവിഷ്ക്കരിക്കപ്പെട്ട് ഇന്നും റോമിലെ രണ്ട് ദേവാലയങ്ങളില്‍ നിലനില്ക്കുന്ന രണ്ട് കലാവിഷ്ക്കാരങ്ങളെക്കുറിച്ച് മാത്രമാണ് ഇവിടെ എടുത്തെഴുതിയത്. ഉത്തരാധുനിക - സമകാലിക കലകളില്‍ ലോകത്ത് വന്നിട്ടുള്ള ആവിഷ്ക്കാരങ്ങളെക്കുറിച്ച് ഇവിടെ എഴുതാനാവില്ല. കാരണം, അവ എണ്ണത്തില്‍ അത്രയേറെയുണ്ട് എന്നതുകൊണ്ടുമാത്രമല്ല, അവ ഇവിടെ എടുത്തെഴുതിയാല്‍ത്തന്നെ മിക്കവര്‍ക്കും ഇടര്‍ച്ചയും ക്ഷോഭവും ഉണ്ടാകും എന്നതുകൊണ്ടു കൂടിയാണ് അതിന് മുതിരാത്തത്.


II. കലയുടെ ദൈവശാസ്ത്രം


പ്രവാചകന്‍


കല എന്നത് ദൈവത്തിന്‍റെ സൃഷ്ടിപ്രക്രിയയിലുള്ള മനുഷ്യന്‍റെ പങ്കുചേരലായിട്ടാണ് ക്രൈസ്തവ ദൈവശാസ്ത്രം നിദര്‍ശിക്കുന്നത്. ഒരു വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോഴോ അല്ലാതെയോ, ഭാവനയും ഉള്‍ക്കാഴ്ചയും സമന്വയിച്ച് ഒരാളെ അകമേ നിന്ന് നിര്‍ബന്ധിക്കുന്നത് അയാള്‍ ആവിഷ്ക്കരിക്കുമ്പോഴാണ് കല ജനിക്കുന്നത്. കലാസിദ്ധിയുള്ളവര്‍ നഗ്നരൂപങ്ങളുടെ മാതൃകകള്‍ വരഞ്ഞും മെനഞ്ഞുമാണ് തങ്ങളുടെ സൃഷ്ടിവൈഭവം തിടം വെപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, സമൂഹം കാണുന്നതില്‍ നിന്ന് തികച്ചും ഭിന്നമായാണ് കലാകാരര്‍ വസ്തുതകളെ കാണുന്നതും വിഷയങ്ങളെ സമീപിക്കുന്നതും. വില്ല്യം ഷെയ്ക്സ്പിയര്‍ 'മധ്യവേനല്‍ രാവിലെ കിനാവി'ല്‍ എഴുതും പോലെ അദൃശ്യമായതിനെ ഉപാസിക്കുന്നവരും അനുഭവിക്കുന്നവരും അനുഭവിപ്പിക്കുന്നവരുമാണ് ഭ്രാന്തനും കാമുകനും കവിയും. അവര്‍ മൂവരും സത്യത്തില്‍ ഒന്നുതന്നെയാണ്. യാഹൂദിക-ക്രൈസ്തവ പാരമ്പര്യത്തില്‍ പ്രവാചകന്‍ എന്ന ഒറ്റപ്പേരും ആ ഒരാള്‍ക്ക് യോജിക്കും.

ദി ഏൻഷ്യൻ്റ് ഓഫ് ഡെയ്സ് - വില്യം ബ്ലെയ്ക്ക് (1794)
ദി ഏൻഷ്യൻ്റ് ഓഫ് ഡെയ്സ് - വില്യം ബ്ലെയ്ക്ക് (1794)

അവഹേളനം


ക്രൈസ്തവ ചരിത്രത്തില്‍ ആദ്യമായി കോറപ്പെട്ടത് പ്രതീകാത്മക രൂപങ്ങളാണ്. കാറ്റകോംപുകള്‍ എന്നറിയപ്പെടുന്ന റോമിലെ ഭൗമാന്തര ഗുഹകളില്‍ വിശ്വാസികളെ സംസ്കരിച്ച ഇടങ്ങളില്‍ മറ്റാരും തിരിച്ചറിയാതിരിക്കാനും തങ്ങള്‍ക്ക് തിരിച്ചറിയാനും വേണ്ടി രഹസ്യമായി ആദിമ ക്രൈസ്തവര്‍ ഒരു മീനിന്‍റെ രേഖാചിത്രം വരച്ചുവച്ചു. ഗ്രീക്ക് ഭാഷയില്‍ 'ഇഖ്തിസ്' എന്നാണ് മീനിന് വാക്ക്. ICHTIS എന്നത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 'യേശു-ക്രിസ്തു ദൈവപുത്രനും മാനവ വിമോചകനും' എന്നതിന്‍റെ ചുരുക്ക രൂപമായിരുന്നു. അപ്പോള്‍ ഒരു മീനിനെ വരച്ചാല്‍ അവരെ സംബന്ധിച്ചിടത്തോളം അത് ഒരു രഹസ്യ കോഡ് ആയിരുന്നു. വിശ്വാസികള്‍ ക്രിസ്തുവിനെ ആദ്യമായി ചിത്രീകരിക്കുന്നതും അതേ കാറ്റകോംപുകളില്‍ത്തന്നെ.


ക്രൈസ്തവരുടേതെന്ന് കരുതപ്പെടുന്ന ക്രിസ്തുവിന്‍റെ ആദ്യ രേഖാചിത്രങ്ങള്‍ നല്ലയിടയന്‍റേതാണ്. ഒരാള്‍ ഒരു ആടിനെ ചുമലുകളില്‍ സംവഹിച്ചുകൊണ്ട് നില്ക്കുന്ന രേഖാചിത്രമായിരുന്നു അത്. ഗുഹകളുടെ വശങ്ങളിലാണ് അക്കാലത്ത് അവര്‍ മരിച്ചവരെ അടക്കിയിരുന്നത്. മരിച്ച് അടക്കപ്പെട്ട ഒരു ക്രിസ്തുവിശ്വാസിയുടെ കബറിടത്തില്‍ ഇങ്ങനെ ഒരാടിനെ സംവഹിക്കുന്ന ഒരു മനുഷ്യരൂപം ! അതും മറ്റുള്ളവര്‍ക്ക് എളുപ്പം മനസ്സിലാകാത്ത ഒരു പ്രതീകമായിരുന്നു. എന്നാല്‍, ഏതാണ്ട് അതേ കാലത്തുതന്നെ ക്രിസ്ത്യാനികളെ അധിക്ഷേപിക്കുന്ന ഒരു ചിത്രവും നാം ചരിത്രത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റോമിലെ പാലറ്റൈന്‍ കുന്നില്‍ ഒരു ചുമരിന്മേല്‍ കോറിയിട്ട ഒരു തെരുവുചിത്രം! 'അലക്സാമെനോസ് അവന്‍റെ ദൈവത്തെ ആരാധിക്കുന്നു' എന്ന അടിക്കുറിപ്പോടെ വരഞ്ഞതായിരുന്നു ആ തെരുവുചിത്രം. വരച്ചയാള്‍ എന്തായിരുന്നു ചിത്രീകരിച്ചിരുന്നത്? കുരിശില്‍ തറയ്ക്കപ്പെട്ട, കഴുതയുടെ തലയുള്ള ഒരു മനുഷ്യരൂപം! കഴുതയെ ആരാധിക്കുന്നവനാണ് അലക്സാമെനോസ് : അല്ലെങ്കില്‍ കുരിശില്‍ തറയ്ക്കപ്പെട്ടവനെ ആരാധിക്കുന്ന അലക്സാമെനോസ് ഒരു കഴുതയാണ് എന്നാണ് ചിത്രകാരന്‍ വിശ്വാസിയെ അവഹേളിക്കാന്‍ ശ്രമിക്കുന്നത്.


ചുരുക്കത്തില്‍, വിശ്വാസികള്‍ ക്രിസ്തുവിന്‍റെ ചിത്രം വരക്കാന്‍ തുടങ്ങിയ അതേ കാലത്തുതന്നെ അവിശ്വാസികള്‍ ക്രിസ്തുവിനെ അവഹേളിക്കുന്ന ചിത്രങ്ങളും വരക്കാന്‍ തുടങ്ങിയിരുന്നു.


കുരിശ്


മതങ്ങള്‍ തമ്മില്‍ ചില കാര്യങ്ങളില്‍ സമാനതകളുണ്ടെന്നാലും വിശ്വാസ കാര്യത്തില്‍ ക്രിസ്തീയത മറ്റു മതങ്ങളില്‍ നിന്ന് തുലോം വ്യത്യസ്തമാണ്. ദൈവം മനുഷ്യാവതാരം ചെയ്യുന്ന സങ്കല്പം ഇതരമതങ്ങളില്‍ കാണാമെന്നിരിക്കിലും മനുഷ്യാവതാരം ചെയ്ത ദൈവം അതിഭീകരമാംവിധം പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഒരു ദര്‍ശനം മറ്റുമതങ്ങള്‍ക്കെല്ലാം അന്യവും അചിന്ത്യവും അഗ്രാഹ്യവുമാണ്. അതുകൊണ്ടു തന്നെയാണ് ക്രൈസ്തവര്‍ മറ്റു മതവിശ്വാസികളില്‍ നിന്ന് വ്യത്യസ്തമായിരിക്കേണ്ടത്. തങ്ങളുടെ മതവിശ്വാസം ഏതെങ്കിലും തരത്തില്‍ പരിഹസിക്കപ്പെടുകയോ മതചിഹ്നങ്ങള്‍ അവഹേളിക്കപ്പെടുകയോ ചെയ്യപ്പെടുമ്പോള്‍ ഏതൊരു മതത്തില്‍ പെടുന്നയാള്‍ക്കും വലിയ ഹൃദയഭാരം അനുഭവപ്പെടും എന്നത് തീര്‍ച്ചയാണ്. അത് സ്വാഭാവികവുമാണ്.


എന്നാല്‍, മറ്റു മതവിശ്വാസികളെപ്പോലെ ആയിരിക്കരുത് ക്രൈസ്തവരുടെ അതിനോടുള്ള പ്രതികരണങ്ങള്‍. കാരണം, നേരത്തെ പറഞ്ഞതുപോലെ ക്രൈസ്തവര്‍ മാത്രമാണ് തങ്ങളുടെ ദൈവം പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഏറ്റവും നിന്ദ്യമായ വിധത്തില്‍ കൊല്ലപ്പെടുകയും ചെയ്തതായി വിശ്വസിക്കുന്നത്. കുരിശിനെയാണ് ക്രൈസ്തവര്‍ തങ്ങളുടെ രക്ഷയുടെ അടയാളമായി പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ, ഏതെങ്കിലും ഒരാള്‍ തങ്ങളുടെ വിശ്വാസത്തെയോ മതചിഹ്നങ്ങളെയോ കലയിലൂടെ അവഹേളിച്ചു എന്ന കാരണത്താല്‍ ആരെങ്കിലുമൊക്കെ അവരുടെ വൈകാരിക ക്ഷോഭത്തിന്‍റെ ഭാഗമായി അയാളെ ചരിത്രത്തില്‍ ആക്രമിച്ചിട്ടുണ്ടാകാം എങ്കിലും, അയാള്‍ കൊല്ലപ്പെടുകയോ, അയാള്‍ക്ക് രാജ്യം വിട്ട് ഓടേണ്ടി വരികയോ ഉള്ള സാധ്യത ഉണ്ടാവില്ല.


ക്രിസ്തു


ചരിത്രത്തില്‍ നസ്രത്തില്‍ വളര്‍ന്നുവന്ന യേശു എന്ന പേരുള്ള വ്യക്തി ക്രിസ്തു ആയിരുന്നു; ദൈവത്തിന്‍റെ പുത്രനായിരുന്നു; അവന്‍ ഇന്നും ദൈവമാണ് എന്ന വിശ്വാസമാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ ആധാരം. ഭൂമിയിലെ സര്‍വ്വവും അവന്‍ വഴി അവനിലൂടെ അവനാല്‍ സൃഷ്ടിക്കപ്പെട്ടു എന്നതാണ് ക്രൈസ്തവ വിശ്വാസം. പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന എല്ലാം ദൈവസ്നേഹത്തിന്‍റെ ഫലമാണെന്നും, ദൈവം ഓരോന്നിനെയും സ്നേഹിക്കുന്നു എന്നും, സര്‍വ്വതും അവനില്‍ സമന്വയിക്കപ്പെടും എന്നുമാണ് അതേ വിശ്വാസത്തിന്‍റെ തുടര്‍ച്ചാരൂപം. അതുകൊണ്ടുതന്നെ ഭൂമിയിലെ ഒന്നും ദൈവത്തിന് അന്യമല്ല. പ്രപഞ്ചത്തിന്‍റെതന്നെ വിശ്വരൂപമാണ് ക്രിസ്തു - ദി കോസ്മിക് ക്രൈസ്റ്റ്.


മാംസം


ക്രിസ്തീയ ദൈവശാസ്ത്രത്തിന്‍റെ ഹൃദയമാണെന്നു പറയാം 'മാംസം' എന്നത്. 'വചനം മാംസമായി' എന്നതാണ് യോഹന്നാന്‍റെ ഭാഷ്യത്തില്‍ മനുഷ്യാവതാരം. സ്നേഹത്താല്‍ ദൈവം ദ്രവ്യമായി എന്ന്. മാംസമായിത്തീര്‍ന്ന് അങ്ങനെ മാനവനായിത്തീര്‍ന്ന ദൈവം പിന്നീടു ചെയ്യുന്നത് ആത്മീയതയെ മനുഷ്യോന്മുഖമാക്കുക - മാംസോന്മുഖമാക്കുക എന്നതായിരുന്നു. സുപ്രധാനമെന്നു കരുതപ്പെട്ടിരുന്ന ഷബാത്ത് പോലും മനുഷ്യന് താഴെയാണെന്ന് പറയുക; ഏറ്റവും പ്രധാന കല്പന ദൈവത്തെ സ്നേഹിക്കുന്നതു മാത്രമല്ല, മാംസത്തിലുള്ളവരെ സ്നേഹിക്കുന്നതുകൂടിയാണെന്ന് പ്രഖ്യാപിക്കുക; മാംസത്തില്‍ ശത്രുവില്ല എന്ന് പ്രസ്താവിക്കുക; മാംസത്തിലുള്ളവരെ ശുശ്രൂഷിക്കുന്നതാണ് ധര്‍മ്മം എന്ന് കല്പിക്കുക; മാംസത്തെ ഒന്നായി കാണാന്‍ ശുദ്ധതയുടെ നിയമങ്ങള്‍ എടുത്തുകളയുക: ഇവയെല്ലാം മാംസോന്മുഖമായ ഒരാത്മീയതയുടെ നിര്‍മ്മിതിയായി കാണാം. തിരികെപ്പോകും മുമ്പ് ഒരു കഷണം ദ്രവ്യമെടുത്തിട്ട് ഇതെന്‍റെ മാംസമാണ് എന്നുപറഞ്ഞ് അത് മുറിച്ച് ഭക്ഷിക്കുവാന്‍ നല്കുകയും, മറ്റുള്ളവര്‍ക്കായി അവരവരുടെ മാംസം മുറിച്ചു നല്കുക എന്നത് തന്‍റെ ഓര്‍മ്മയ്ക്കായി തുടരാന്‍ കല്പിക്കുകയും ചെയ്തു മാംസമായ ദൈവം. അതിനാല്‍, പ്രതീകങ്ങളും പ്രതിനിധാനങ്ങളും അതോടെ അപ്രധാനമാക്കപ്പെട്ടു. മാംസത്തിലുള്ളതിനെ ബാധിക്കുന്നവയ്ക്കാണ് ഇനിമേല്‍ പ്രാധാന്യം.

Art photography by Andres Serrano (1987) "ഇമ്മേർഷൻ" എന്ന് കലാകാരൻ പേരു നല്കിയ കലാചിത്രം "piss christ" മൂത്രത്തിലെ ക്രിസ്തു എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഒരു ചെറിയ പ്ലാസ്റ്റിക് കുരിശുരൂപം കുപ്പിയിൽ ഇറക്കിവച്ച് മൂത്രമൊഴിച്ചിരിക്കുകയാണ്. ദൈവനിന്ദ എന്ന പേരിൽ വലിയ പ്രക്ഷോഭം ഉണ്ടായി അമേരിക്കയിൽ. പക്ഷേ, ക്രിസ്തുവിനോട് നാം എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ് കലാകാരൻ ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ് അതിനെക്കുറിച്ചുള്ള വ്യാഖ്യാനം
Art photography by Andres Serrano (1987) "ഇമ്മേർഷൻ" എന്ന് കലാകാരൻ പേരു നല്കിയ കലാചിത്രം "piss christ" മൂത്രത്തിലെ ക്രിസ്തു എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഒരു ചെറിയ പ്ലാസ്റ്റിക് കുരിശുരൂപം കുപ്പിയിൽ ഇറക്കിവച്ച് മൂത്രമൊഴിച്ചിരിക്കുകയാണ്. ദൈവനിന്ദ എന്ന പേരിൽ വലിയ പ്രക്ഷോഭം ഉണ്ടായി അമേരിക്കയിൽ. പക്ഷേ, ക്രിസ്തുവിനോട് നാം എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ് കലാകാരൻ ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ് അതിനെക്കുറിച്ചുള്ള വ്യാഖ്യാനം

മുറിവ്


സുവിശേഷങ്ങളില്‍ ഉത്ഥാനാനന്തരമുള്ള പ്രത്യക്ഷീകരണങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ ലൂക്കായും യോഹന്നാനും പ്രത്യേകം പരാമര്‍ശിക്കുന്നൊരു വിശദാംശമുണ്ട്. ഉത്ഥിതന്‍റെ കൈകാലുകളിലും വിലാവിലും അവശേഷിച്ചിരുന്ന മുറിവുകളെക്കുറിച്ചാണത്. കുരിശുമരണത്തിനു ശേഷം ഒരു ദിവസമല്ലേ ആയുള്ളൂ എന്ന് സ്വാഭാവികമായും നാം കരുതിയേക്കാം. വലിയ മുറിവുകള്‍ സൗഖ്യപ്പെടാന്‍ കൂടുതല്‍ സമയം വേണമല്ലോ എന്നാവും നാം കരുതുക. എന്നാല്‍, അങ്ങനെയല്ല അത്. ക്രൈസ്തവ ദൈവശാസ്ത്ര പ്രകാരം ഉത്ഥിതമായ ശരീരം പ്രാപഞ്ചികമോ ഭൗതികമോ പദാര്‍ത്ഥികമാേ ആയ ദ്രവ്യ ശരീരമല്ല. അതില്‍നിന്ന് വ്യത്യസ്തമായ, അതിഭൗതികമായ ആത്മീയ ശരീരം ആയിരിക്കണം ഉത്ഥിതന്‍റേത്. ദ്രവ്യശരീരത്തിന്‍റെ കുറവുകളും മുറിവുകളും അതില്‍ ഉണ്ടായിരുന്നുകൂടാ. പൗലോസ് പറയും പോലെ ക്ഷണനേരത്തില്‍ പൂര്‍ണ്ണമായും രൂപാന്തരപ്പെട്ടിരിക്കേണ്ടതായിരുന്നു ഉത്ഥിതന്‍റെ ശരീരം. അതിനാല്‍, 'ഒന്നേകാല്‍ ദിവസം കൊണ്ട് മുറിവ് കരിഞ്ഞു കാണാന്‍ ഇടയില്ലെങ്കിലും ഏതാനും ദിവസത്തിനകം ആ മുറിവുകള്‍ കരിഞ്ഞുകൂടിയിരിക്കും എന്ന് കരുതാന്‍ കഴിയില്ല. കാരണം, ജൈവികമായി സൗഖ്യപ്പെടാവുന്നതോ സൗഖ്യപ്പെടുത്താവുന്നതോ ആയ മുറിവുകളല്ലവ. ഉത്ഥിതമായ - സമ്പൂര്‍ണ്ണമായി രൂപാന്തരപ്പെട്ട - പ്രസ്തുത ശരീരത്തില്‍ ഒരു ദിവസം മുറിവുണ്ടായിരുന്നെങ്കില്‍ നിത്യകാലം ആ മുറിവുകള്‍ അവിടെ ഉണ്ടായിരിക്കുക തന്നെ ചെയ്യും.


മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ക്രൈസ്തവരുടെ ദൈവം മുറിവുകളുള്ള ദൈവമാണ്; നിത്യം ക്രൂശിതനാകുന്ന, ക്രൂശിതനായിരിക്കുന്ന ദൈവമാണ്. 'അങ്ങേ തിരുമുറിവുകളില്‍ - എന്നെ മറച്ചുകൊള്ളണമേ' എന്ന് സഭാവിശ്വാസികള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തങ്ങള്‍ പാപികളാണ് എന്നാണ് അവര്‍ ഏററുപറയുന്നത്. തിരുമുറിവുകളുള്ള ദൈവത്തെ ആരാധിക്കുന്നവര്‍ അവരുടെ വിശ്വാസത്താല്‍ത്തന്നെ എല്ലാ നിന്ദകരെയും പീഡകരെയും ദ്രോഹികളെയും പാപികളെയും സ്നേഹിക്കുന്നവരും അവരെയെല്ലാം മാറോടു ചേര്‍ത്ത് ആശ്ലേഷിക്കുന്നവരുമാണ്. അത്തരം ആശ്ലേഷത്തിലൂടെ മാത്രമേ അവരുടെ ദൈവത്തിന്‍റെ തിരുമുറിവുകളെ സൗഖ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയൂ. കുരിശ്, ക്രിസ്തു, മരണം, സ്നേഹം എന്നൊക്കെ പറയുന്നത് ചെറിയ കാര്യങ്ങളല്ല.


ലെറ്റ്സ് ബി റെഡീംഡ് !


കലയുടെ കലാപവഴികള്‍

ജോര്‍ജ് വലിയപാടത്ത്

അസ്സീസി മാസിക, ഫെബ്രുവരി 2026

Recent Posts

bottom of page