top of page

സാന്ത്വന കല

Feb 8

2 min read

ബോബി ജോസ് കട്ടിക്കാട്
Movie Poster city of God

Key Takeaways:

*This article is about contrasting heaven, purgatory, and hell with human experiences.

*The article discusses the movie City of God, Fr. Chavara Elias's letter, and Michelangelo's Last Judgment.

ഇരുട്ട് പിഴിഞ്ഞ് വെളിച്ചം എന്നതിനെ അടിവരയിടുന്ന ചിത്രമാണ് City of God. ബ്രസീലിന്‍റെ തലസ്ഥാനമായ റിയോയുടെ വിളുമ്പിലെ ചേരികളില്‍ നിന്നാണ് ആ ചിത്രം വരുന്നത്. ഒരേ സാഹചര്യത്തില്‍ ജനിച്ചുവളര്‍ന്ന രണ്ടു കുട്ടികളില്‍ ഒരാള്‍ റിംഗ് ലീഡര്‍ ആകുന്നു. രണ്ടാമത്തെ കുട്ടി ഫോട്ടോ ജേര്‍ണലിസ്റ്റും. അവന്‍റെ മിഴികളിലൂടെയും വിവരണങ്ങളിലൂടെയുമാണ് ചിത്രം മുന്‍പോട്ടു പോകുന്നത്.


ചോരയെ അറയ്ക്കാത്ത കുട്ടിക്കുറ്റവാളികളിലൂടെയാണ് തെരുവ് നിരന്തരം സജീവമാകുന്നത്. ചതിയും മയക്കുമരുന്നും അരാജകത്വവുമൊക്കെയാണ് നിഴലും വെളിച്ചവുമൊക്കെയായി റെറ്റിനയില്‍ പതിയുന്നത്. കറുത്ത ഫലിതം കണക്ക് തോന്നിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട് -ഒരു പോരാട്ടത്തിന് മുമ്പ് ആയുധങ്ങളുമേന്തി അതീവ ശക്തിയോടെ വളഞ്ഞുനിന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ഉറക്കെ ചൊല്ലുന്നതാണ്. തിരക്കഥയില്‍ ഇല്ലാതിരുന്ന ആ ഭാഗം അഭിനേതാവായി എത്തിയ, യഥാര്‍ത്ഥ ജീവിതത്തില്‍ കുറ്റവാളിതന്നെയായിരുന്ന ഒരു ചെറുപ്പക്കാരന്‍റെ ആവശ്യപ്രകാരം സംവിധായകന്‍ കൂട്ടിച്ചേര്‍ത്തതാണ്. അതിന് ശേഷമാണ് നരേറ്ററുടെ ആത്മഗതം: This slum had been a purgatory now it was hell


സ്വര്‍ഗ്ഗവും നരകവും ശുദ്ധീകരണസ്ഥലവും (purgatory) ഒക്കെ മരണാനന്തര അനുഭവങ്ങളായി മാത്രം മനസ്സിലാക്കപ്പെടേണ്ടതല്ലെന്ന് സാരം. അത് എന്‍റെ കാലത്തിന്‍റെയും ഇടത്തിന്‍റെയും വര്‍ത്തമാന സാധ്യതയാണ്. നഗരം ഇതുവരെ പര്‍ഗേറ്ററിയായിരുന്നുവെന്നും ഇപ്പോഴത് നരകമായെന്നും പറയുന്നതില്‍ അടക്കം ചെയ്ത ധ്വനി കാണാതെ പോവരുത്. ഒരേ യാതനകളാണ് രണ്ട് ഇടങ്ങളിലും സങ്കല്പിക്കപ്പെടുന്നത്. എന്നാല്‍ ആദ്യത്തേതില്‍ ഒരു ഒപ്റ്റിമിസമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഇതിന് ഒരറുതിയുണ്ടാകും. എന്നാല്‍ നരകം അനന്തമായൊരു നിലനില്പാണ്. അതുകൊണ്ടുതന്നെയാണ് ആ കഥാപാത്രം അവിടം വിട്ടു പോകാന്‍ കൊതിക്കുന്നത്.


1868 ലാണ് കൈനകരിയിലെ വിശ്വാസ സമൂഹത്തിന് വേണ്ടി ചാവറയച്ചന്‍ ദീര്‍ഘമായൊരു കത്തെഴുതുന്നത്. നല്ലപ്പന്‍റെ ചാവരുള്‍ എന്നാണ് അത് അറിയപ്പെടുന്നത്. അതില്‍ വീടുകള്‍ക്ക് കൊടുക്കുന്ന വിശേഷണമുണ്ട്. 'ആകാശമോക്ഷം'.


ഒരു കൈകൊണ്ട് എണ്ണിത്തീര്‍ക്കാവുന്ന വിധത്തില്‍ അത്രയും ചെറിയ വീടുകളാണ് നമ്മുടേത്. എന്നിട്ടും നമുക്ക് എന്തുകൊണ്ടാണ് അതിനെ സ്വര്‍ഗ്ഗതുല്യമാക്കാന്‍ കഴിയാതെ പോയത്. സ്നേഹത്തില്‍ കാലം നിശ്ചലമാകുന്ന ഇടം എന്ന് സ്വര്‍ഗ്ഗത്തിന് ഒരു നിര്‍വ്വചനമുണ്ട്. ഒന്നും സംഭവിക്കുന്നില്ല. സ്നേഹത്തിന്‍റെ അദൃശ്യ മുദ്രകള്‍ ഇല്ലാത്തതുകൊണ്ട്, അനന്തതയുടെ സ്പര്‍ശമില്ലാത്ത കാലം മണല്‍ഘടികാരത്തിലെന്ന പോലെ വിരലുകള്‍ക്കിടയിലൂടെ വഴുതിത്തീരുന്നു.അതിനിടയില്‍ കുട്ടികള്‍ അനുഭാവവും പരിഗണനയും ലഭിക്കാതെ മഴയത്തെ പന്നല്‍ പോലെ വളരുകയും നിരന്തരം ശീതസമരങ്ങളിലേര്‍പ്പെട്ട് മുതിര്‍ന്നവര്‍ തണുത്തുറഞ്ഞുപോവുകയും ചെയ്യും.


2


സ്വര്‍ഗ്ഗത്തിലേക്ക് ഞങ്ങളെ കരേറ്റണമെന്നല്ല, മറിച്ച് സ്വര്‍ഗ്ഗം ഞങ്ങളുടെ സമയദേശങ്ങളിലേയ്ക്ക് ചാഞ്ഞിറങ്ങണമെന്നാണ് അയാള്‍ പ്രാര്‍ത്ഥിക്കുന്നത് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെയാണ് നരകം ഒരു ലോക്കല്‍ കോളാണെന്നും സ്വര്‍ഗ്ഗം ഐഎസ് ഡി യാണെന്നും പണ്ടൊരു കുട്ടി ഫലിതം പറഞ്ഞപ്പോള്‍ കനലില്‍ ചവിട്ടിയതെന്നപോലെ ആ വീട്ടിലെ മുതിര്‍ന്നവര്‍ പൊള്ളിയത്.


സ്വര്‍ഗ്ഗ-നരകങ്ങളുടെ ഭാവന രൂപപ്പെടുന്നതില്‍ ചിത്രകലയുടെ പങ്ക് ചെറുതല്ല. സിസ്റ്റൈന്‍ ചാപ്പലിനെയും മൈക്കലാഞ്ചലോവിനെയും കാണാതെ പോകരുത്. വ്യക്തമായ കാഴ്ചയ്ക്ക് നിലത്തുകിടന്നുതന്നെ കാണണമെന്ന് കരുതുന്ന ചിലരെ ഗാര്‍ഡുകള്‍ ശകാരിച്ച് എഴുന്നേല്‍പ്പിക്കുന്നുണ്ട്. പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ആഞ്ചലോ അത് ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ടവരും, എന്നേയ്ക്കുമായി നഷ്ടമായവരും-സ്വര്‍ഗ്ഗനരകങ്ങളുടെ രണ്ടു തട്ടുകളിലായി വിഭജിക്കപ്പെടുകയാണ്. ഡിവൈന്‍ കോമഡിയിലൂടെ ഡാന്‍റെ സൃഷ്ടിച്ചതുപോലെ ഇതിഹാസതുല്യമായ ഒരു ആവിഷ്കാരമാണ് അയാളുടെ സ്വപ്നം.


മുന്നൂറോളം മനുഷ്യരൂപങ്ങളെ അതിന്‍റെ പൂര്‍ണ്ണതയില്‍ അയാള്‍ ആലേഖനം ചെയ്തിട്ടുണ്ട്. അതിരുകളിലേക്ക് അലിഞ്ഞു പോകുന്നു എന്ന തോന്നല്‍ അനന്തതയുടെ ഒരു ബോധം കാഴ്ചക്കാരില്‍ സൃഷ്ടിക്കുന്നുണ്ട്. നരകയാതനയുടെ തീരത്തേക്ക് വഞ്ചി തുഴഞ്ഞ് എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള യവന ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളില്‍ കള്‍ച്ചറല്‍ ഫ്യൂഷന്‍റെ മിന്നലാട്ടമുണ്ട്. ചിത്രത്തില്‍ അയാളും പ്രത്യക്ഷപ്പെടുന്നുണ്ട്.


ഒരു പുണ്യവാന്‍റെ കൈയില്‍ ഉരിഞ്ഞെടുത്ത തുകലുപോലെ എന്തോ ഒന്നുണ്ട്. അതിലാണ് തന്‍റെ മുഖം അയാള്‍ വരച്ചിട്ടുള്ളത്. തന്‍റെ യൗവ്വനത്തെക്കുറിച്ച് ആവശ്യത്തിലേറെ ഖേദമുണ്ടായിരുന്ന, അറുപതിന്‍റെ മധ്യേയെത്തുമ്പോള്‍ നേരെ നില്‍ക്കാന്‍ പോലും അവകാശമില്ലാത്ത ഒരാളെന്ന നിലയില്‍ അയാള്‍ സ്വയം ഗണിച്ചു. കൃത്യമായ ദൈവ ശാസ്ത്ര വിചിന്തനങ്ങളെ ആധാരമാക്കിയാണ് അയാള്‍ ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ സൃഷ്ടിച്ചെടുത്തത്.


ദീര്‍ഘനേരം അവിടെ ചിലവഴിച്ച് പുറത്തേക്ക് കടക്കുമ്പോള്‍ കേളികേട്ടൊരു കലാസൃഷ്ടി എന്നതിനപ്പുറം ഉള്ളില്‍ ആന്തരികാനുഭൂതി നല്‍ കുന്ന ഒരു ചെറുനാളം പോലും തെളിഞ്ഞില്ല എന്നാണ് ഓര്‍ത്തത്. കല അതിന്‍റെ ഉത്തുംഗ സാധ്യതയില്‍ പോലും എത്ര പരിമിതമായാണ് അവശേഷിക്കുന്നത്. ബോധത്തില്‍ തെളിയുന്നതൊന്നും വരയ്ക്കാനാവില്ല എന്ന ലളിതമായ വിശ്വാസത്തിലാണ്, ആചാര്യന്മാര്‍ മരണാനന്തര നിലനില്‍പ്പുകളെക്കുറിച്ച് ഇത്രയും നിശ്ശബ്ദത പുലര്‍ത്തിയത്. വിളക്കേ കെടുന്നുള്ളൂ, വെളിച്ചം നിലനില്‍ക്കുന്നു എന്നൊരു സരളപാഠം കൈമാറി അവര്‍ പിന്‍വാങ്ങി. ഇന്ദ്രിയാതീതമായ ഒരു നില നില്പിനെ അടയാളപ്പെടുത്തുവാന്‍ ഇന്ദ്രിയങ്ങളുടെ മീഡിയം ഉപയോഗപ്പെടുത്തുന്നതിന്‍റെ അയുക്തി അവരെ അതിന്‍റെ വ്യാഖ്യാനങ്ങളില്‍നിന്ന് വിമുഖരാക്കി. കാഴ്ചയില്ലാത്തൊരാളോട് തൂവെള്ള എന്ന് പറയുന്നത് പോലെയാണ്. ഒരു നിറം എന്നയാള്‍ക്ക് ഇതിനകം പിടുത്തം കിട്ടി. എന്നാല്‍ പാലുപോലെ, കൊക്കിന്‍റേതുപോലെ തുടങ്ങിയ വിശദീകരണങ്ങള്‍ അയാളെ പരിഭ്രമിപ്പിക്കുന്നു. കാര്യങ്ങള്‍ അതുവഴി ലളിതമാവുകയല്ല, സങ്കീര്‍ണ്ണ മാവുകയാണ്.


അതുകൊണ്ടുതന്നെയാണ് രൂപകകഥകള്‍ പറഞ്ഞ് മരണാനന്തര അനുഭവങ്ങള്‍ക്ക് വ്യാഖ്യാനം തേടിയ തന്‍റെ കാലത്തെ പണ്ഡിതരോട് അവന്‍ ഇങ്ങനെ പറഞ്ഞ് പുഞ്ചിരിച്ചത്. അവിടെ അവര്‍ വിവാഹം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യു ന്നില്ല. അതൊരു താക്കീതാണ്: Don't use your human analogy to explain eternity.


സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന് വിളിക്കുമ്പോള്‍ ഞങ്ങളുടെ ബോധത്തെ കവിഞ്ഞ് നില്‍ക്കുന്നവനേ എന്നൊരു വിനയധ്വനികൂടിയുണ്ട്.


സാന്ത്വന കല

ബോബി ജോസ് കട്ടികാട്

അസ്സീസി മാസിക, ഫെബ്രുവരി 2026

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page