top of page

ശാന്തതയില്‍ നിന്ന് കര്‍മ്മോല്‍സുകതയിലേക്ക്

3 hours ago

2 min read

Assisi Magazine
പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍
Girl in white dress swings from a large tree branch in a flowery meadow. Birds fly around under the leafy canopy. Peaceful scene.
വിഷാദരോഗ(depression)ത്തിനും അതിന്‍റെ അതിതീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder)ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത മനോനില ചിത്രീകരണം (mood mapping) തുടരുന്നു. പ്രസാദാല്‍മക ഊര്‍ജം (Positive energy ) കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിനാലാം ദിനത്തിലാണ് നാം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ശാന്തമായ മനോനിലയില്‍ നിന്ന് കര്‍മോല്‍സുകതയിലേക്ക് എത്തുന്നതിനായി മനോനില (mood) യെ സ്വാധീനിക്കുന്ന അഞ്ചു താക്കോലുകളില്‍ നാലെണ്ണത്തെ സംബന്ധിച്ച് നാം കണ്ടു കഴിഞ്ഞു. അഞ്ചാമത്തെ താക്കോലായ നമ്മുടെ പ്രകൃതം അഥവാ സ്വഭാവത്തെ മെച്ചപ്പെടുത്തിക്കൊണ്ട് കര്‍മ്മോല്‍സുകമായ മനോനില എങ്ങിനെ കൈവരിക്കാമെന്ന് നാം കാണും. തുടര്‍ന്ന് കര്‍മ്മോല്‍സുകതയില്‍ നിന്ന് ശാന്തതയിലേക്ക് തിരികെ വരുന്നതിനുള്ള മാര്‍ഗങ്ങളും നാം ചര്‍ച്ച ചെയ്യും.

അഞ്ചാം താക്കോല്‍ : നമ്മുടെ പ്രകൃതം

1 നമ്മുടെ മുന്‍ഗണനകള്‍ നിശ്ചയിക്കുക


നാം പ്രധാനമെന്ന് കരുതുന്നതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന പ്രവൃത്തിയുമായി ഇഴുകിച്ചേരുകയും ചെയ്യുമ്പോള്‍ നമ്മള്‍ ഒരു സുഗമമായ 'ഒഴുക്കില്‍' എത്തിച്ചേരും. എല്ലാക്കാര്യങ്ങളും സ്വാഭാവികമായി, സുഗമമായി നടന്നുകൊള്ളും. അവിടെ നമ്മുടേതായ യത്നം ആവശ്യമായി വരില്ല. അതോടെ നമ്മുടെ പ്രവൃത്തികളെല്ലാം ഉയര്‍ന്ന നിലവാരത്തിലെത്തും. നിങ്ങള്‍ വിലമതിക്കുന്ന മൂല്യങ്ങളും നിങ്ങളുടെ ഉദ്ദേശ്യങ്ങളും നിങ്ങളുടെ സ്വത്വവും നിങ്ങളുടെ കര്‍മ്മവും നിങ്ങളുടെ കഴിവും കൈകോര്‍ക്കും. പുതിയ, ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തി ചെയ്യാന്‍ നിങ്ങള്‍ക്കാകും. ജോലിയും ജീവിതവും സുഗമമായി ഒഴുകും.


2 ചില ലക്ഷ്യങ്ങള്‍ ഉറപ്പിക്കുക


നമ്മെ പ്രചോദിപ്പിക്കുന്ന രണ്ടോ മൂന്നോ നിര്‍ബന്ധിത ലക്ഷ്യങ്ങള്‍ ഉറപ്പിക്കുക. ഉടനെ പൂര്‍ത്തീകരിക്കേണ്ട ലക്ഷ്യം ആവണമെന്നില്ല. പകരം നിങ്ങള്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക നാം ചെയ്യാനും കാണാനും അനുഭവിക്കാനും നേടാനും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം എഴുതിനിറച്ചു ഒരു 'സ്വപ്ന ബോര്‍ഡ് ' തന്നെ എന്തുകൊണ്ട് തയ്യാറാക്കിക്കൂടാ? താജ്മഹല്‍ പോലെ നാം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ അതില്‍ വെട്ടി ഒട്ടിക്കാം. അതല്ലെങ്കില്‍ സ്കൂബ ഡൈവിംഗ് പോ ലെ, കരീബിയന്‍ കടല്‍ തീരത്തെ പഞ്ചാരമണലിലെ ശയനം പോലെ അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍. ജീവിക്കുന്നത് എന്തിന് വേണ്ടിയെന്ന് നമ്മുടെ 'ഡ്രീം ബോര്‍ഡ്' നമ്മെ ഓര്‍മ്മപ്പെടുത്തും.


3. നമ്മുടെ രീതികളൊന്ന് മാറ്റിപ്പിടിക്കാം


നാം എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുന്ന രീതി ഒന്ന് മാറ്റി നോക്കാം. ജോലിസ്ഥലത്തേക്ക് പുതിയൊരു വഴി കണ്ടുപിടിക്കാം. ഭക്ഷണം കഴിക്കാന്‍ പുതിയൊരു സ്ഥലം തേടാം. പുതിയ സ്ഥലങ്ങള്‍ കണ്ടെത്താം. ദിനേനയുള്ള പത്ര വായന വീട്ടില്‍ മറ്റൊരു സ്ഥലത്തിരുന്നാകാം. മാറ്റം പുതിയ അനുഭവം തരുന്നു. അത് നിങ്ങളുടെ പതിവുകളെ തെറ്റിക്കുന്നു. പുതിയ ആശയങ്ങള്‍ പകര്‍ന്ന് തരുന്നു. പുതിയ ആശയങ്ങള്‍ പുതിയ മാര്‍ഗങ്ങള്‍ പറഞ്ഞു തരുന്നു.


കര്‍മ്മോല്‍സുകതയില്‍ നിന്ന് ശാന്തതയിലേക്ക് പിന്മാറാനുള്ള തന്ത്രങ്ങള്‍

കര്‍മ്മോല്‍സുകതയിലേക്ക് പ്രചോദിതമാകുന്നതുപോലെ തന്നെ പ്രധാനമാണ് കര്‍മ്മോല്‍സുകതയില്‍ നിന്ന് ശാന്തതയിലേക്കുള്ള പിന്മാറ്റവും. അവിശ്രമം അനന്തമായി തുടരാന്‍ ആരും, റോജര്‍ ഫെഡറര്‍ പോലും ആഗ്രഹിക്കില്ല. വിശ്രമിക്കാനും വീണ്ടെടുക്കാനും കഴിഞ്ഞില്ലെങ്കില്‍ നാം എളുപ്പം വീണു പോകും. എപ്പോള്‍ ജോലി മതിയാക്കണമെന്നും വിശ്രമത്തിലേക്ക് മടങ്ങണമെന്നും അറിയുക അതിപ്രധാനമാണ്. എപ്പോള്‍ അതു വേണമെന്ന് അറിയുന്നതിന് നമുക്ക് മനോനില ചിത്രണം (mood mapping) ആശ്രയിക്കാം.

ree

മുകളില്‍ വലതുഭാഗത്തായാണ് നിങ്ങളുടെ സ്ഥാനമെങ്കില്‍ താഴേക്ക് വരാന്‍ സമയമായിരിക്കുന്നു. അതിന് എന്തു ചെയ്യണമെന്ന് ഇനി നോക്കാം.


ഒന്നാം താക്കോല്‍ : നമ്മുടെ ചുറ്റുപാടുകള്‍

1 ശാന്തമായ സ്ഥലം കണ്ടെത്തുക

അത്യന്തം തിരക്കുള്ള ഒരു ദിവസത്തിനൊ ടുവില്‍ ഒരല്‍പ്പനേരം ഇരിക്കാന്‍ ശാന്തവും സ്വസ്ഥ വുമായ ഒരു സ്ഥലം കണ്ടെത്തുക. വീട്ടിലേക്കുള്ള വഴിയിലെ പാര്‍ക്കില്‍ അല്‍പ്പനേരം ചെലവിടാം. ഒന്ന് സ്വസ്ഥമാകാം. ജോലി സമയത്തെയും പേഴ്സണല്‍ സമയത്തെയും തമ്മില്‍ വേര്‍തിരിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്താം. അങ്ങനെ മനസിനെ സ്വസ്ഥത യിലേക്ക് നയിക്കാം.


2 ആശ്വാസമേകുന്ന സ്വരവീചികള്‍

ശാന്തതയേകുന്ന സംഗീതം നമ്മുടെ ഊര്‍ ജനിലയെ താഴ്ത്തുന്നതിന് സഹായിക്കും. കര്‍മ്മോ ല്‍സുകതയിലേക്ക് പ്രചോദിപ്പിക്കാന്‍ റോക്ക് മ്യൂസിക് ഉപകരിക്കുമെങ്കില്‍ ശാന്തതയിലേക്ക് ക്ലാസിക്കല്‍ മ്യൂസിക് പരിവര്‍ത്തിപ്പിക്കും. ജോലിക്കു പോകുമ്പോള്‍ റോക്ക് കേള്‍ക്കുക, തിരികെ വരുമ്പോള്‍ ക്ലാസിക്കല്‍ കേള്‍ക്കുക.


3 നല്ലൊരു സിനിമ കാണുക

മനോനിലകളിലൂടെ അല്ലെങ്കില്‍ വൈകാരികതകളിലൂടെ കൂട്ടിക്കൊണ്ടുപോയി നമ്മെ സ്വസ്ഥതയില്‍ എത്തിക്കാന്‍ ചില ചലച്ചിത്രങ്ങള്‍ക്ക് കഴിയും. ദിവസത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ നിന്ന് നിങ്ങള്‍ക്ക് വിടുതല്‍ നേടാം. വേലയെ വിടാം. നമ്മുടെ മനസിനെ മഥിക്കുന്ന എന്തില്‍ നിന്നും മാറി നില്‍ക്കാം.


4 കുളിര്‍മയുടെ സാമീപ്യം

ഒരു നദിയുടെ കരയില്‍ ഇരിക്കുന്നത് മനസിന് കുളിര്‍മ നല്‍കും. വെള്ളം സൗഖ്യദായകമാണ്, ആശ്വാസദായകവും. ജലസ്രോതസുകള്‍ അരികിലൊന്നുമില്ലെങ്കില്‍ നമ്മുടെ പൂന്തോട്ടത്തില്‍ ഒരു ജലധാര സ്ഥാപിക്കാം.

(തുടരും)

ശാന്തതയില്‍ നിന്ന് കര്‍മ്മോല്‍സുകതയിലേക്ക്

ടോം മാത്യു

അസ്സീസി മാസിക, ഡിസംബർ, 2025

3 hours ago

0

0

Recent Posts

bottom of page