ഫെമിനിച്ചിയല്ല രാധിക
- വിനീത് ജോണ്‍

- Mar 5
- 3 min read
Updated: Mar 13

Key Takeaways:
This is an article on feminist movement in cinema
The article discusses the evolution of cinema's portrayal of women and Radika Apte's career and activism.
ഫെമിനിസ്റ്റുകളെ, അല്ലെങ്കില്‍ ഫെമിനിസത്തെ പിന്‍താങ്ങുന്നവരെ അപഹസിക്കുന്നതിനോ, തരംതാഴ്ത്തുന്നതിനോ ഉപയോഗിക്കുന്ന പദമാണ് "ഫെമിനിച്ചി". അഹന്തയും, പുരുഷവിധ്വേഷവും മാത്രമുള്ള സ്ത്രീ എന്നൊക്കെയാണ് "ഫെമിനിച്ചി" എന്ന പദംകൊണ്ടിവര്‍ ഉദ്ദേശിക്കുന്നത്. ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് 'ഫെമിനിച്ചി' പട്ടം കിട്ടുന്നത് എന്നത് ഏറ്റവും ലളിതമായി പറഞ്ഞുതന്ന സിനിമയാണ് 2024 ല്‍ റിലീസ് ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'. ഫെമിനിസത്തെ അപഹസിക്കുന്നതിന് പറഞ്ഞു തുടങ്ങിയ വാക്ക് ഇന്ന് സ്ത്രീ വിരുദ്ധതയുടെ പര്യായപദമായി മാറി എന്നു പറഞ്ഞാലും തെറ്റില്ല.
ഉത്ഭവംകൊണ്ട് അത്രമേല്‍ വിശുദ്ധമായ ഒരാശയമായിരുന്നില്ല ഫെമിനിസം. അത് വെള്ളക്കാരായ സ്ത്രീകള്‍ അവരുടെ മാത്രം തുല്യതയ്ക്ക് വെണ്ടി മുന്നോട്ടുവച്ച ഒരാശയമായിരുന്നു. എന്നാല്‍ ഇന്ന് ഫെമിനിസം എന്നത് സര്‍വ്വ സ്ത്രീകളുടേയും തുല്യാവകാശങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ്. പുരുഷന്മാര്‍ക്ക് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ഏത് സാഹചര്യങ്ങളേയും അത് ആശയപരമായി എതിര്‍ക്കും. ജീവിതത്തിന്‍റെ സമസ്ത മേഖലയിലേയ്ക്കും ആ പോരാട്ടത്തെ വ്യാപിപ്പിക്കുക എന്നത് അവരുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ ആ ആശയസമരം കലകളിലേയ്ക്കും കടന്നു വന്നു.
സിനിമയും ഫെമിനിസവും
2025 മാര്‍ച്ച് മാസത്തിലെ അസ്സീസി മാസികയില്‍ പ്രസിദ്ധീകരിച്ച "സെല്ലുലോയിഡിലെ സ്വാതന്ത്ര്യ പ്രഖ്യാപനം" എന്ന ലേഖനത്തില്‍ മിത്തുകളും, വിശ്വാസങ്ങളും, സംസ്കാരവും, കലയും എല്ലാം സ്ത്രീയെ എങ്ങനെ രണ്ടാംകിട പൗരയാക്കി എന്നു വിശദീകരിക്കുന്നതിനാല്‍ വീണ്ടും അതിനു തുനിയുന്നില്ല.
ക്ലാസ്സിക്കല്‍ റിയലിസം, നിയോ റിയലിസം, റിയലിസം, മോഡേണിസം, പോസ്റ്റ് മോഡേണിസം തുടങ്ങിയതിലൂടെ ഒക്കെ സിനിമ പരിണമിച്ചു. എന്നാല്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ യാതൊരുവിധ പരിണാമത്തിനും വിധേയമാകാതെ ജീവിച്ചുകൊണ്ടിരുന്നു. വെറും "ആകര്‍ഷണ" ഘടകമായി മാത്രം അവര്‍ സെല്ലുലോയിഡില്‍ കാലം കഴിച്ചു. ഈ സാഹചര്യങ്ങള്‍ക്കെതിരെ വിമാര്‍ശാനത്മകമായ ചൂണ്ടുവിരലുകള്‍ നീളുന്നത് എഴുപതുകളോടെയാണ്. ലോറ മുള്‍വി എന്ന ബ്രിട്ടീഷ് സിനിമ പ്രവര്‍ത്തക ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ഒരു സൈദ്ധ്യാന്തിക ഉത്തരം നല്‍കി. പുരുഷ പ്രേക്ഷകനെ കേന്ദ്രമാക്കി സ്ത്രീയെ ഒരു ദൃശ്യവസ്തുവായി പരിമിതപ്പെടുത്തുന്ന സൃഷ്ടികള്‍ പിന്നീട് അക്കാദമീകമായിതന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

ഇതിനോട് ചേര്‍ത്തുവായിക്കേണ്ടുന്ന ഒന്നാണ് എണ്‍പതുകളോടെ സിനിമയില്‍ സ്വാധിനമുറപ്പിച്ച പോസ്റ്റ് മോഡേണിസം. 2025 ഫെബ്രുവരി മാസം പ്രസിദ്ധീകരിച്ച അസ്സീസി മാസികയിലെ 'സിനിമയും ഉത്തരാധുനികതയും'എന്ന ലേഖനത്തില്‍ പരമ്പരാഗത സിനിമ സങ്കല്‍പ്പങ്ങളെ പോസ്റ്റ് മോഡേണിസം എങ്ങനെ മാറ്റിമറിച്ചു എന്നു വിശദമായി ചര്‍ച്ചചെയ്തിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ഇതിനൊപ്പം ലോറ മുള്‍വിയെപ്പോലുള്ളവര്‍ ഉയര്‍ത്തിവിട്ട ആശയങ്ങളുടെ പിന്‍തുണ കൂടിയായപ്പോള്‍ ആകര്‍ഷണ കേന്ദ്രീകൃതമായി നിര്‍മ്മിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങള്‍ ഒരു പരിണാമത്തിനു വിധേയമാകാന്‍ നിര്‍ബന്ധിക്കപ്പെട്ടു. തുടര്‍ന്ന് വെള്ളിത്തിരയില്‍ കേവലമായ ആകര്‍ഷണത്തിനപ്പുറം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
പാശ്ചാത്യ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ ചോദ്യം ചെയ്യപ്പെട്ട് ഏകദേശം രണ്ട് വ്യാഴവട്ടക്കാലം കഴിഞ്ഞാണ് ഇന്ത്യന്‍ സിനിമകളിലെ സ്ത്രീകഥാപാത്ര പരിണാമം ആരംഭിക്കുന്നത്. ആ പരിണാമത്തില്‍ ഏറ്റവും അധികം പരീക്ഷിക്കപ്പെട്ട സംവിധായക ടൂളുകളില്‍ ഒരാളാണ് "രാധിക ആപ്തേ" എന്ന മറാത്ത നടി.
അരങ്ങേറ്റം മുതല്‍ കാന്‍ വരെ
1985 സെപ്തംബര്‍ ഏഴിനായിരുന്നു രാധികാ ആപ്തേയുടെ ജനനം. കഥക് നൃത്തം വശമാക്കി സിനിമയില്‍ അവസരങ്ങള്‍ തേടി അവള്‍ മുംബൈയ്ക്ക് വണ്ടികേറി. നിരാശയായിരുന്നു ആദ്യ ഫലമെങ്കിലും പിന്നീട് അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റത്തിനുശേഷം വീണ്ടും നൃത്തം അഭ്യസിക്കാന്‍ ഇംഗ്ലണ്ടിലേയ്ക്ക് ജീവിതത്തെ പറിച്ചുനട്ടു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ രാധികയ്ക്ക് ഏതാനും സിനിമകളിലൂടെതന്നെ ശ്രദ്ധേയമായ വേഷങ്ങളിലേയ്ക്കെത്താന്‍ കഴിഞ്ഞു. അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച് രാധികകൂടി ഭാഗമായ 'ഹാ ഭാരത് മസാ' വിവിധ ചലച്ചിത്രമേളകളില്‍ ഇടം നേടി. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ 'ദോണി' എന്ന തമിഴ്/ തെലുങ്ക് സിനിമയിലൂടെ ഏറ്റവും മികച്ച സഹനടിക്കുള്ള സൗത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ബംഗാളി, തെലുങ്ക്, തമിഴ് ഭാഷകളില്‍ സാന്നിദ്ധ്യം അറിയിച്ച രാധിക 'ലായ് ഭാരി', 'ലെജന്‍റ്' എന്നീ ചിത്രങ്ങളിലൂടെ സിനിമയിലെ വന്‍ സാമ്പത്തീക വിജയങ്ങളുടെ കൂടി ഭാഗമായി.

2015ല്‍ പുറത്തിറങ്ങിയ 'പാര്‍ച്ച്ഡ്' രാധികയുടെ മിന്നുന്ന പ്രകടനത്തിന്‍റെ പേരിലും, സ്ത്രീ കേന്ദ്രീകൃത സിനിമയുടെ പേരിലും വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. 2018ല്‍, 'പാഡ് മാന്‍' എന്ന ചിത്രത്തിലൂടെ വേറിട്ട വേഷങ്ങളിലുള്ള മറ്റൊരു പരീക്ഷണം. അതേ വര്‍ഷം തന്നെ നിര്‍മ്മിക്കപ്പെട്ട 'ലസ്റ്റ് സ്റ്റോറീസി'ല്‍ ഏറെ 'പൊതുബോധ' വിമര്‍ശനമേറ്റുവാങ്ങിയ പ്രകടനം. ആ വര്‍ഷം പുറത്തങ്ങിയ 'വെഡ്ഡിംഗ് ഗസ്റ്റ്' വാരിക്കൂട്ടിയത് മൂന്ന് ലക്ഷത്തിലധികം അമേരിക്കന്‍ ഡോളറാണ്. 2024ല്‍ റിലീസ് ചെയ്ത് 'സിസ്റ്റര്‍ മിഡ്നൈറ്റ്' കാന്‍ ഫെസ്റ്റിവെലിലെ ഡയര്‍ക്ടേഴ്സ് ഫോര്‍ട്ട്നൈറ്റ് വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2025ല്‍ പ്രദര്‍ശനത്തിനെത്തിയ 'സാലി മൊഹബത്' അവരുടെ ഏറ്റവും മികച്ച സിനിമകളിലൊന്നായി വായിച്ചെടുക്കാം. 'ദി സ്ലീപ്പ് വാക്കേഴ്സ്' എന്ന ഷോട്ട് ഫിലിമിലൂടെ സംവിധാന അരങ്ങേറ്റം. നാടകരംഗത്തും രാധിക സജീവമാണ്. നാളിതുവരെ ഇരുപത്തിയൊന്നോളം നാമനിര്‍ദ്ദേശങ്ങള്‍, അതില്‍ നാലെണ്ണത്തില്‍ വിജയം. വിശ്രമമില്ലാത്ത കലാജീവിതം. എന്നാല്‍ രാധികയ്ക്ക് റീലുകള്‍ക്ക് വെളയിലും ചിലത് പറയാനുണ്ടായിരുന്നു, സമൂഹത്തെ ഓര്‍മ്മപ്പെടുത്താനുണ്ടായിരുന്നു.
തന്‍റെ തൊഴിലിടങ്ങളിലെ മികവുള്ള സാഹചര്യങ്ങള്‍ക്കായാണ് അവര്‍ ഏറ്റവും കൂടുതല്‍ വാദിച്ചിട്ടുള്ളത്. പരമാവധി 12 മണിക്കൂര്‍ മാത്രം ജോലിയും ആഴ്ചയിലെ രണ്ടു ദിവസത്തെ ഒഴുദിനവുമൊക്കെ അതില്‍ ചിലതാണ്. സിനിമ ചര്‍ച്ചകള്‍ക്കിടയില്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പങ്കുവെച്ചത് പരക്കെ സ്ത്രീ പക്ഷ പ്രശംസ നേടിയിരുന്നു. ഇന്ത്യന്‍ സിനിമകളില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമരംഗങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന രാധികയില്‍ ഒരു സാമൂഹിക പ്രവര്‍ത്തകയെ നമുക്ക് കാണാനാകും. അധികാരവും, നിയന്ത്രണവും പ്രണയമായി ചിത്രീകരിക്കുന്ന സിനിമകളെ രാധിക തുറന്നു വിമര്‍ശിച്ചു. സിനിമയില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച് തുറന്നുപറയാന്‍ യാതൊരു മടിയില്ലാത്ത വ്യക്തിയാണ് രാധിക ആപ്തേ.
തന്‍റേതല്ലാത്ത കാരണത്താല്‍...
"തന്‍റേതല്ലാത്ത കാരണത്താല്‍ ആക്ടിവിസ്റ്റുകളായ" കുറേയധികം സെലിബ്രിറ്റികള്‍ ആഘോഷിക്കപ്പെടുന്ന ഇടമാണ് നമ്മുടെ വര്‍ത്തമാനകാലം. അവര്‍ ഏതെങ്കിലും തരതത്തിലുള്ള രാഷ്ട്രീയ - സാമൂഹിക നിലപാടെടുക്കുന്നത് ആണ്‍ മേല്‍ക്കോയ്മയെ പരമാവധി തലോടിയായിരിക്കും. അവര്‍ ഒരിക്കലും "ഫെമിനിച്ചി" എന്ന വിളിക്ക് അര്‍ഹമാകാറുമില്ല. രാധികയെപ്പോലുള്ള കലാകാരികളെ പക്ഷേ "ഫെമിനിച്ചി" കോളത്തിലാണ് പൊതുബോധം പ്രതിഷ്ഠിച്ചിട്ടുള്ളത്. രാധികയുടെ സിനിമകള്‍ അവര്‍ക്ക് കേവലം "തുണ്ടുപടം" മാത്രമാണ്. സിനിമാ ലോകത്ത് ആരംഭിച്ച അക്കാദമികമായ സ്ത്രീ പക്ഷ കഥാപാത്രങ്ങളുടെ ഇന്ത്യന്‍ പതിപ്പുകളാണ് തുണ്ടുപടം എന്ന പേരില്‍ ആക്ഷേപിക്കപ്പെടുന്നത്. കേവലമായ ദൃശ്യഭാഷയ്ക്കപ്പുറം വളരുന്ന സിനിമകളേയും, അതിലെ കരുത്തുറ്റ കഥാപാത്രങ്ങളേയും, അവരനുഭവിക്കുന്ന സങ്കിര്‍ണ്ണവും, വൈകാരികവുമായ അവസ്ഥകളും കാമോദ്ദീപരംഗങ്ങളായി മാത്രം വ്യഖ്യാനിക്കാനാണ് ആ ആണ്‍കാഴ്ചകള്‍ക്കിഷ്ടം. വിവേകത്തോടെ സിനിമ കാണാന്‍ അഭ്യസിക്കേണ്ടതിനെക്കുറിച്ച് 'സിനിമ രാഷ്ട്രീയമായി ശരിയാകണമോ?' എന്ന ലേഖനപരമ്പരയിലൂടെ അസ്സീസി മാസികയില്‍ ഇതിനുമുന്‍പ് ചര്‍ച്ച ചെയ്തത് ഇത്തരം കാഴ്ചക്കാര്‍ക്കും കൂടിയുള്ളതാണ്.

തന്‍റേതല്ലാത്ത കാരണത്താല്‍ ആക്ടിവിസ്റ്റായതല്ല രാധിക, മറിച്ച് ആലയില്‍ ഉരുക്കിയ പച്ചിരുമ്പിനെ കൃത്യമായ മോള്‍ഡിലേയ്ക്ക് എത്തിക്കുന്ന പണിക്കാരന്‍റെ സൂക്ഷ്മതയോടെ വാര്‍ത്തെടുക്കപ്പെട്ടവളാണവള്‍. ചെറിയ ക്ലാസ്സില്‍ വച്ചുതന്നെ അവളുടെ അച്ഛനമ്മമാര്‍ രാധികയുടെ സ്കൂള്‍ ജീവിതം അവസാനിപ്പിക്കുകയും; വീട്ടില്‍തന്നെ ദിശാബോധമുള്ള ഭൗതിക വിദ്യാഭ്യാസം അവരുടെ കുട്ടിക്ക് നല്‍കുകുയും ചെയ്തു. ക്ലാസ് മുറികളുടെ നിയന്ത്രണങ്ങളില്ലാതെ പഠിക്കാനായത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും, സ്വതന്ത്രമായ ചിന്തകളെ പരുവപ്പെടുത്തുന്നതിനും, അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നത് ശീലമാക്കുന്നതിനും അവളെ സഹായിച്ചു. സാമ്പത്തീക ശാസ്ത്രത്തിലും, ഗണിതത്തിലും ബിരുദമുണ്ടായിരുന്ന രാധികയുടെ സര്‍ഗ്ഗവാസനയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മകളെ മുംബൈക്കും, ശേഷം ഇംഗ്ലണ്ടിലേയ്ക്കും വിദ്യാഭ്യാസത്തിനയച്ചതുമെല്ലാം മേല്‍പറഞ്ഞ ദിശാ ബോധത്തിന്‍റെ ഉദാഹരണമാണ്. അതിജീവനത്തിനായി ആണ്‍മേല്‍ക്കോയ്മയെ തഴുകിതലോടാന്‍ ശീലിക്കപ്പെട്ടവളല്ല രാധിക; മറിച്ച് കരുത്തുള്ള സ്ത്രീ ശബ്ദത്തിനുടമയാകാന്‍ ഇറങ്ങിത്തിരിച്ച തന്‍റേടത്തിന്‍റെ പേരാണ് രാധിക ആപ്തേ.
ലോകം വനിതാ ദിനമായി ആഘോഷിക്കുമ്പോള്‍ ഇന്ത്യയില്‍ ആഘോഷിക്കപ്പെടേണ്ട കലാകാരികളില്‍ മുന്‍പന്തിയില്‍ത്തന്നെ രാധിക എന്ന് പേര് വയ്ക്കാവുന്നതാണ്. അവള്‍ ഫെമിനിച്ചിയല്ല. ഫെമിനിസ്റ്റാണ്. തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടില്‍ ആര്‍ജ്ജവത്തോടെ പങ്കെടുക്കുന്ന അവകാശ ബോധമുള്ള സ്ത്രീ, വളരെ മികച്ചൊരു കലാകാരിയും.
ഫെമിനിച്ചിയല്ല രാധിക
വിനീത് ജോണ്‍
അസ്സീസി മാസിക മാർച്ച് 2026

























































