top of page

സിനിമ രാഷ്ട്രീയമായി ശരിയാകണമോ? -1

Jun 1, 2025

3 min read

വിനീത് ജോണ്‍

അദ്ധ്യായം 1

കത്രികപൂട്ടിന്‍റെ ഉദയം


അതിജീവനത്തിനായി പ്രകൃതിയുമായി കൊമ്പുകോര്‍ക്കാന്‍ മനുഷ്യന്‍ ശ്രമിച്ചതിന്‍റെ ഫലമാണ് കല. കൂട്ടമായി ജീവിക്കുന്നത് അതിജീവനത്തിന് നല്ലതാണെന്ന് മനസ്സിലാക്കിയ ആദിമ മനുഷ്യന്‍ കൂട്ടമായി ജീവിക്കാന്‍ കലകളെ ആശ്രയിച്ചു. പ്രധാനമായും കഥകളെ. ആ കഥകള്‍ പിന്നീട് മനുഷ്യനൊപ്പം കാലചക്രം പിന്നിട്ടു. പത്തൊന്‍പതാം നൂറ്റാണ്ടോടെ കഥകള്‍ സിനിമകളിലേയ്ക്ക് ചേക്കേറി. വൈകാതെ ഏതാണ്ട് എല്ലാ കലകളും സമ്മേളിക്കുന്ന ഇടമായി സിനിമ മാറി. ആ സിനിമ രാഷ്ട്രീയമായി ശരിയാകണമോ എന്നത് ഒറ്റവാക്കില്‍ ഉത്തരം പറയാവുന്ന ചോദ്യമല്ല.


ആത്മാവിഷ്ക്കാരത്തിന്‍റെ പുത്തന്‍ സാധ്യതകളുമായി സിനിമയലൂടെ ഒരു നവ ലോകം പിറക്കുകയായിരുന്നു. സ്വീകാര്യതയില്‍ ഏതൊരു വിനോദോപാധിയേയും സിനിമ ബഹുദൂരം പിന്നിലാക്കി. ഈ ബഹുജന സ്വീകാര്യതയില്‍ ഒരപകടം ഒളിഞ്ഞിരിക്കുന്നതായി ചിലര്‍ കണ്ടെത്തി. അതിനുശേഷം സിനിമകള്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി. പിന്നീടെപ്പോഴോ ടൈറ്റില്‍ എഴുതികാണിക്കുന്നതിന് മുന്‍പ് നിയമപരമായ മുന്നറിയിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു, രംഗങ്ങളുടെ സൗന്ദര്യത്തെ ഇല്ലാതാക്കികൊണ്ട് സീനിലും അടിക്കുറിപ്പുകള്‍വന്നു, പിന്നീട് സിനിമ രാഷ്ട്രീയമായി ശരിയാകണമെന്ന വാദമുണര്‍ന്നു; ഇന്നത് "വോക്കി"ല്‍ എത്തിനില്‍ക്കുന്നു. സര്‍ഗാത്മകതയുടെ ഏറ്റവും വലിയ ക്യാന്‍വാസായി പരിണമിക്കേണ്ട സിനിമ ഒരുപറ്റം അലിഖിത നിയമങ്ങളുടെ കെട്ടുപാടുകളിലാണിന്ന്.


സെന്‍സര്‍ഷിപ്പിന്‍റെ ചരിത്രം


സിനിമയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ക്ക് സിനിമയോളം തന്നെ ഒരു ചരിത്രമുണ്ട്. സിനമ പിറവിയെടുക്കുന്നത് ലോകക്രമത്തില്‍ വിക്ടോറിയന്‍ സദാചാര മൂല്യങ്ങള്‍ കടുത്ത സ്വാധീനം ചെലുത്തിയിരുന്ന കാലത്താണ്. ഇംഗ്ലണ്ടില്‍ വിക്ടോറിയ രാജ്ഞിയുടെ ഭരണകാലത്ത് (1837- 1901) നിലനിന്നിരുന്ന സാമൂഹിക, സാംസ്കാരിക, ധാര്‍മിക മൂല്യങ്ങളെയാണ് വിക്ടോറിയന്‍ മൊറാലിറ്റി എന്നു വിളിക്കുന്നത്. മതാധിഷ്ഠിതമായ ഈ സദാചാരമൂല്യങ്ങള്‍ സിനിമയിലും പിടിമുറുക്കി. അക്കാലത്തെ ഒട്ടുമിക്ക കലകളിലും ഈ സദാചാര മൂല്യങ്ങളുടെ കടുംപിടുത്തങ്ങള്‍ പ്രകടമായിരുന്നു. ഇതിന്‍റെ ഫലമായി ആത്മാവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ ഒരു സാധാരണ സംഭവം ആയിത്തീര്‍ന്നു. സിനിമ പിറവിയെടുത്തപ്പോള്‍ അതിനും ഇതില്‍നിന്നും രക്ഷപെടാന്‍ പറ്റിയില്ല എന്നുമാത്രം. നിശ്ശബ്ദചിത്രങ്ങളെ മാറ്റി നിറുത്തിയാല്‍ ആദ്യകാലം മുതല്‍ അക്രമം, ലൈംഗികത, മയക്കുമരുന്ന് തുടങ്ങിയവ ചിത്രീകരിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ എടുത്തിരുന്നു. പറഞ്ഞുവന്നത് സിനിമക്കുമേലുള്ള കത്രികപൂട്ടിന്‍റെ ചരിത്രത്തിന് സിനിമയോളം തന്നെ പഴക്കമുണ്ടെന്നാണ്.


 കലകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ആത്മാവിഷ്ക്കാരത്തിനപ്പുറം എന്തെങ്കിലും ഒരു ധര്‍മ്മമുണ്ടെങ്കില്‍ അത് അതിജീവനത്തിന്‍റേതാണ്. അത്തരം ഒന്നിലേയ്ക്കാണ് കുറേയധികം അലിഖിത നിയമങ്ങള്‍ കെട്ടിയിറക്കിയത്. സാമൂഹികവും, സാംസ്കാരികവുമായ മൂല്യങ്ങളെ സംരക്ഷിക്കാന്‍ എന്നപേരില്‍ കലകള്‍ക്കുമുകളില്‍ കെട്ടിയിറക്കിയ നിയന്ത്രണങ്ങള്‍ അത്രകണ്ട് നിഷ്കളങ്കമായിരുന്നില്ല. ഭരിക്കുന്നവര്‍ക്കും, മതവിശ്വാസത്തിനും എതിരെയുള്ളവ എത്രകണ്ട് സര്‍ഗ്ഗാത്മകമായാലും പ്രദര്‍ശനാനുമതി നേടിയിരുന്നില്ല. അതായത് മൂല്യസംരക്ഷണത്തിന്‍റെ മറവില്‍ നടക്കുന്നത് ഭരണവര്‍ഗ്ഗത്തിന്‍റെയോ, മതവിഭാഗങ്ങളുടേയോ താത്പര്യസംരക്ഷണമായിരിക്കും. ഇതേ ഭരണവര്‍ഗ്ഗംതന്നെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിനികള്‍ നിര്‍മ്മിച്ച ചരിത്രവുമുണ്ട്. അമേരിക്കയില്‍നിന്നും സിനിമ ഭൂഖണ്ഡാതിര്‍ത്തികള്‍ ഭേദിച്ചപ്പോള്‍ ഒട്ടുമിക്ക രാജ്യങ്ങളിലും മേല്‍പറഞ്ഞതിനോട് സമാനമായി വിവിധപേരില്‍ സെന്‍സര്‍ഷിപ്പുകള്‍ ആരംഭിച്ചു. ഇന്ന് സെന്‍സര്‍ഷിപ്പ് ബോര്‍ഡുകള്‍ സിനിമകള്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ കാഴ്ചക്കാര്‍ക്ക് സിനിമ വേര്‍തിരിച്ചറിയാനുള്ള അവസരം ലഭിക്കുന്നു.


  സിനിമകള്‍ എന്തുകൊണ്ട് സെന്‍സര്‍ ചെയ്യുന്നു?


സാമൂഹികമോ, വിദ്യാഭ്യാസപരമോ, ലിംഗപരമോ ആയ യാതൊരു വേര്‍തിരിവുകളുമില്ലാതെ ഇന്ന് സിനിമ എല്ലാതരം ആളുകള്‍ക്കും ആസ്വദിക്കാന്‍ പാകത്തിനുള്ള കലയാണ്. ഇതുകൊണ്ട് മാത്രമാണോ സിനിമകള്‍ സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നത്. ആദ്യകാലത്ത് സിനിമകള്‍ സെന്‍സര്‍ഷിപ്പിന് വിധേയമായത് മതത്തിന്‍റേയും, ഭരണകൂടത്തിന്‍റെയേയും സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നെങ്കിലും ഇന്ന് ശാസ്ത്രീയമായി ഇതിനൊരുത്തരമുണ്ട്. അതുമനസ്സിലാക്കുന്നതിനുമുന്‍പ് എന്താണ് സിനിമയെന്ന് ലളിതമായിട്ടെങ്കിലും അറിയണം.


ഒരു ക്യാമറയില്‍ ശബ്ദത്തോടുകൂടിയോ, അല്ലാതെയോ ചലിക്കുന്ന വീഡിയോകള്‍ നിര്‍മ്മിച്ച് അത് ഒരു സ്ക്രീനില്‍ പ്രതിഫലിപ്പിക്കുന്ന പ്രക്രിയയെ സിനിമ എന്നു ലളിതമായി പറയാം. ദൃശ്യഭാഷയിലാണ് സിനിമ സംസാരിക്കുന്നത്. അതിലേയ്ക്ക് ശബ്ദവും, വെളിച്ചവും, സംഗീതവും, നിശബ്ദതയും ഒക്കെ കൂടിയാകുമ്പോള്‍ മറ്റൊരു കലയ്ക്കും പകരം വെക്കാന്‍ കഴിയാത്ത വിധത്തില്‍ സിനിമ കാഴ്ചക്കാരില്‍ അനുഭൂതിയുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കും. ആസ്വാദകനെ പരമാവധി സിനിമയില്‍ തളച്ചിടുന്ന വിധമായിരിക്കും സംവിധായകന്‍ രംഗങ്ങള്‍ തയ്യാറാക്കുക. അതിനായി മനുഷ്യ മസ്തിഷ്ക്കത്തിലെ സൗന്ദര്യബോധത്തെ സംവിധായകന്‍ പരമാവധി ചൂഷണം ചെയ്യും.


സിനിമകളുടെ സ്വാധീനശക്തിയെക്കുറിച്ച് വളരെ ശാസ്ത്രീയമായി ഡോ. അരുണ്‍ ഉമ്മന്‍, 2025 ഏപ്രില്‍ മാസത്തില്‍, അസ്സീസി മാസികയില്‍ പ്രസിദ്ധീകരിച്ച "സിനിമയുടെ സ്വാധീനം" എന്ന ലേഖനത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്. വീണ്ടും ഒരിക്കല്‍കൂടി അതെല്ലാം വിശദീകരിക്കേണ്ടതില്ലാത്തതിനാല്‍ എഴുതുന്നില്ല. ആ ലേഖനവും, സയന്‍സും  അടിവരയിട്ടു പറയുന്ന കാര്യങ്ങളെന്തെന്നാല്‍ സിനിമകള്‍ ഒരേ സമയം മസ്തിഷ്കത്തിലെ വിഷ്വല്‍ കോര്‍ട്ടെക്സ് (ദൃശ്യങ്ങള്‍), ഓഡിറ്ററി കോര്‍ട്ടെക്സ് (ശബ്ദം), അമിഗ്ഡല (വികാരങ്ങള്‍), പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സ് (തീരുമാനങ്ങള്‍) എന്നിവയെ ഉത്തേജിപ്പിക്കുന്നു. ഇത് വികാരങ്ങളുടെ വിസ്മയകരമായ ഒരവസ്ഥയില്‍ മനുഷ്യനെ തളച്ചിടും. ഒരു അപസര്‍പ്പക സിനിമ ആസ്വദിക്കുമ്പോള്‍ ഇന്ന ആളായിരിക്കും പ്രസ്തുതകുറ്റം ചെയ്തത് എന്ന് നാം കണക്കുകൂട്ടുന്നത് നമ്മളറിയാതെ നമ്മുടെ മസ്തിഷ്ക്കം പണിയെടുക്കുന്നതിന്‍റെ ഫലമാണ്. ഇതുകൂടാതെ കാണികള്‍ തങ്ങളിലെ മിറര്‍ ന്യൂറോണുകളുടെ സാന്നിദ്ധ്യത്തിനനുസരിച്ച് കഥാപാത്രങ്ങളെ അനുകരണവിഷയമാക്കും. സത്യവും, ധര്‍മ്മവും, നീതിയും പ്രകടപ്പിക്കുന്ന കഥാപാത്രത്തേക്കാള്‍ അവനവന്‍റെ സങ്കല്‍പ്പങ്ങളെ ദൃഡമാക്കുന്ന കഥാപാത്രങ്ങളെയാകും മനുഷ്യ മസ്തിഷ്ക്കം ഇതിനായി തിരഞ്ഞെടുക്കുക. ആധുനിക സമൂഹത്തിനു ചേരാത്ത സാമൂഹിക സങ്കല്‍പ്പങ്ങളുമായി ജീവിക്കുന്നവരെ സംബന്ധിച്ച് തികച്ചും പ്രതിലോമകരമായ ഒരു ഭാവനാലോകത്തില്‍ അവരരറിയാതെ തളച്ചിടപ്പെടുന്നതിന് ഇത് കാരണമായേക്കാം.


ഉദാഹരണമായി സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്ന ഒരു വ്യക്തിയെ എത്ര ശക്തമായ പ്രമേയമുള്ള സ്ത്രീപക്ഷ സിനിമ കാണിച്ചാലും അവരതില്‍നിന്നും ഒന്നും ഉള്‍ക്കൊള്ളില്ല. അവര്‍ വേദനിക്കുക പരാജയപ്പെട്ട പുരുഷ കഥാപാത്രത്തെ കുറിച്ചോര്‍ത്താവും. ഏതാനും വര്‍ഷങ്ങള്‍ക്കുന്‍പ് ഇറങ്ങിയ "ഇഷ്ക്" തിയേറ്ററില്‍ പരാജയപ്പെട്ടത് നമ്മുടെ കണ്‍മുന്നിലുള്ള സംഭവമാണ്. നിര്‍മ്മിതിയില്‍ ഒരു മികച്ച കലാസൃഷ്ടിയായിട്ടും തിയേറ്ററിലെ കാണികളില്‍ ഭൂരിപക്ഷവും പുരുഷന്മാരായിരുന്നതിനാല്‍ അവിടെ അത് പരാജയപ്പെട്ടു. ഇത്തരത്തില്‍ സ്ത്രീയെ സംബന്ധിച്ച്, പാര്‍ശവത്ക്കരിക്കപ്പെട്ടവരെ സംബന്ധിച്ച്, ജീവിതത്തെ സംബന്ധിച്ച് ഒക്കെ വികലമായ കാഴ്ചപ്പാടുള്ളവര്‍ അത്തരത്തില്‍ കഥപറയുന്ന ഒരു സിനിമയില്‍നിന്ന് തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടും.


മേല്‍ പറഞ്ഞതിന്‍റെ കണ്‍മുന്നിലുള്ള തെളിവാണ് മലയാളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ "ജോസഫ്" എന്ന സിനിമ. അവയവ മാറ്റത്തെ സംബന്ധിച്ച് വികൃതവും, അസത്യവുമായ പ്രസ്താവനയുമായി വന്ന സിനിമ ആരോഗ്യ മേഖലയില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. മലയാളികള്‍ വിഷയത്തിന്‍റെ നിജസ്ഥിതി പരിശോധിക്കാതെ സിനിമയില്‍ നിന്നും പഠിച്ചത് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരുപിടി കള്ളങ്ങള്‍ മാത്രം. കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഏജന്‍സി വഴി വളരെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന മേഖലയാണ് അവയവ മാറ്റം. കേരളത്തില്‍ 'മൃതസഞ്ജീവനി' എന്നാണ് പ്രസ്തുത പദ്ധതി അറിയപ്പെടുന്നത്. "ജോസഫ്" സിനിമ റിലീസ് ചെയ്യപ്പെടുന്നത് വരെ വര്‍ഷം തോറും ഏകദേശം എഴുപതോളം അവയവദാനം നടക്കാറുണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ഈ സിനിമ ഇറങ്ങിയശേഷം ആകെ നടന്നത് വെറും മൂന്ന് അവയവദാനം മാത്രം. ആ വര്‍ഷം 200ല്‍ അധികം ആളുകളാണ് അവയവം ലഭിക്കാതെ ഈ ലോകത്തോടു വിട പറഞ്ഞത്. മരണാനന്തര അവയവദാനത്തിനു പിന്നില്‍ വലിയ മാഫിയകള്‍ പ്രവര്‍ത്തിക്കുകയും, അവര്‍ സര്‍ക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതി ദുരുപയോഗം ചെയ്യുന്നതായും സിനിമ ചിത്രീകരിച്ചു. രണ്ടായിരത്തിലധികം ആളുകള്‍ സര്‍ക്കാരിന്‍റെ പ്രസ്തുത പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാരുണ്യത്തിനായി കാത്തിരിക്കുമ്പോഴാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഇത്തരം ക്രൂരതകള്‍ അരങ്ങേറിയത്. അവയവദാനത്തില്‍ ഏറ്റവും മുന്നില്‍ ഉണ്ടായിരുന്ന ഒരു ഇന്ത്യന്‍ സംസ്ഥാനം ഏറ്റവും പിന്നലേയ്ക്ക് പോകാന്‍ "ജോസഫ്" നല്‍കിയ ഇന്ധനം ചെറുതല്ല. ഐ.എം.എ. പോലുള്ള സംഘടനകള്‍ നേരിട്ടു വിഷയത്തിലിടപെട്ടിട്ടും കാതലായ മാറ്റം സമൂഹത്തില്‍ ഇന്നും വന്നിട്ടില്ല.


സ്വയം സെന്‍സര്‍ഷിപ്പിന്‍റെ പ്രസക്തി


കല സത്യത്തോട് നീതി പുലര്‍ത്തുന്നതാവണം. അവിടെയാണ് കലാകാരന്മാരുടെ സ്വയം സെന്‍സര്‍ഷിപ്പിന്‍റെ പ്രസക്തി. ജോസഫിലേതു പോലെ സിനിമയുടെ വിജയത്തിനായി ഭരണകൂടം പരിമിതമായി നല്‍കുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ മറവില്‍ കലകളെ ഇത്തരത്തില്‍ അസത്യ പ്രചരണത്തിന് ഉപയോഗിക്കുന്നത് ക്രൂരതയാണ്. മനുഷ്യന്‍റെ ജീവനും, സ്വത്തിനും നാശം വരുത്തുന്ന കലാവിരുതുമായി ഇറങ്ങിത്തിരിക്കാതിരിക്കാനുള്ള വിവേകം കലാകാരനുണ്ടാവണം. കാരണം ആത്മാവിഷ്ക്കാരത്തിനപ്പുറം കലകള്‍ക്ക് എന്തെങ്കിലും ഒരു ധര്‍മ്മമുണ്ടെങ്കില്‍ അത് മനുഷ്യനെ ഒന്നിപ്പിക്കുക എന്നുള്ളതാണ്. സമൂഹത്തെ ഒരുമിപ്പിക്കാന്‍ മനുഷ്യന്‍ കണ്ടുപിടിച്ച ഏറ്റവും മൂല്യമേറിയ ടൂള്‍ മനുഷ്യനെ ഭിന്നിപ്പിക്കാനും, ഇല്ലാതാക്കാനും ഉപയോഗിക്കാതിരിക്കാനുള്ള വിവേകം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കുണ്ടാവണം.


വിവേകത്തോടെ സിനിമ നിര്‍മ്മിക്കാന്‍ മാത്രം അഭ്യസിച്ചാല്‍ പോരാ മറിച്ച് സിനിമ കാണാനും പഠിക്കണം. യാഥാര്‍ത്ഥ്യവും, ഫിക്ഷനും വിവേചിച്ചറിയാനുള്ള വകതിരിവ് കാണികള്‍ക്കുണ്ടായിരിക്കണം. ഇതിനെക്കുറിച്ചും പൊളിറ്റിക്കല്‍ കറക്ട്നെസ്സിനെക്കുറിച്ചും വരും അദ്ധ്യായങ്ങളില്‍ ചര്‍ച്ചചെയ്യാം.

(തുടരും)




കഥപറയുന്ന അഭ്രപാളി,

സിനിമ രാഷ്ട്രീയമായി ശരിയാകണമോ?

വിനീത് ജോണ്‍,

അസ്സീസി മാസിക ജൂണ്‍ 2025


Recent Posts

bottom of page